Sections

പേടിഎം ഐപിഒയിലൂടെ വമ്പന്‍ നേട്ടം കൊയ്യാനൊരുങ്ങി ജാക് മായും വാറന്‍ ബഫറ്റും

Saturday, Jul 31, 2021
Reported By GOPIKA G.S.
warren buffet jack ma

ജാക് മായും വാറന്‍ ബഫറ്റും അടുത്ത നേട്ടത്തിന് തയ്യാര്‍


പേടിഎം ഐപിഒയിലൂടെ വമ്പന്‍ നേട്ടം കൊയ്യാനൊരുങ്ങി ചൈനീസ് ശതകോടീശ്വരന്‍ ജാക് മായും ആഗോള നിക്ഷേപക മാന്ത്രികന്‍ വാറന്‍ ബഫറ്റും. 16,600 കോടി രൂപയുടെ വമ്പന്‍ ഐപിഒയ്ക്കാണ് പേടിഎമ്മിന്റെ മാതൃ കമ്പനി വണ്‍97 കമ്യൂണിക്കേഷന്‍സ് സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഐപിഒ വിജയകരമായാല്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പനയാകും പേടിഎമ്മിന്റേത്. 2010ല്‍ നടന്ന കോള്‍ ഇന്ത്യ ഐപിഒയാണ് ഇതുവരെ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഓഹരി വില്‍പ്പന. 15475 കോടി രൂപയുടേതായിരുന്നു കോള്‍ ഇന്ത്യയുടെ ഐപിഒ.


 8,300 കോടി രൂപയുടെ പുതിയ ഓഹരികള്‍ പേടിഎം ഇഷ്യു ചെയ്യും. ഒരു രൂപയാണ് ഓഹരിയുടെ മുഖവില. നിലവിലെ നിക്ഷേപകര്‍ 8,300 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്യും. ജാക് മാ, വാറന്‍ ബഫറ്റ് എന്നിവരുടെ നിക്ഷേപ സ്ഥാപനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികള്‍ വില്‍ക്കപ്പെടും. അതിനോടൊപ്പം സയിഫ്, എസ് വി എഫ് പാന്തര്‍, അന്‍ഫിന്‍, ഇലവേഷന്‍ കാപ്പിറ്റല്‍, വിജയ് ശേഖര്‍ ശര്‍മ തുടങ്ങിയവര്‍ കൈവശം വെച്ചിരിക്കുന്ന ഓഹരികളും വില്‍ക്കും. വിജയ് ശേഖര്‍ ശര്‍മയാണ് പേടിഎം സ്ഥാപകന്‍. ഐപിഒയ്ക്ക് മുന്നോടിയായി അനൗപചാരിക വിപണിയില്‍ പേടിഎമ്മിന്റെ ലിസ്റ്റ്‌ചെയ്യാത്ത പ്രതിഓഹരിക്ക് ഇപ്പോള്‍ 2400 രൂപയാണ് വില. ഇത് വെച്ച് കണക്കുകൂട്ടിയാല്‍ കമ്പനിയുടെ വിപണി മൂല്യം 145423 കോടി രൂപയായി ഉയരും.

ഐപിഒയിലൂടെ കമ്പനി പദ്ധതിയിടുന്ന മൂല്യം 25-30 ബില്യണ്‍ ഡോളറാണ്. ഐപിഒയ്ക്ക് മുമ്പ് പേടിഎമ്മില്‍ നിക്ഷേപിച്ചവര്‍ക്ക് ചാകരയാണ് ലഭിക്കാന്‍ പോകുന്നത്. പ്രധാന നിക്ഷേപകനായ ജാക് മായ്ക്ക് തന്റെ നിക്ഷേപത്തിന്റെ ഏഴ് മടങ്ങ് അധികം നേട്ടം കൊയ്യാനുള്ള അവസരമാണ് ലഭിക്കുക. വാറന്‍ ബഫറ്റിന്റെ കമ്പനിക്കാകട്ടെ മൂന്ന് മടങ്ങ് നേട്ടവും ലഭിക്കും.
  

അതുപോലെ തന്നെ സയിഫിന് ലഭിക്കുക 250 മടങ്ങ് നേട്ടമായിരിക്കും. ഇതെല്ലാം വിപണിയിലെ ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ്. ഒരു പക്ഷേ യാഥാര്‍ത്ഥ്യമായിക്കൊള്ളണം എന്നുമില്ല. ജാക് മാ സ്ഥാപിച്ച ആലിബാബയുടെ ഓഹരികള്‍ വിറ്റഴിയുന്നതോടെ ചൈനീസ് പിന്തുണയുള്ള കമ്പനിയെന്ന ചീത്തപ്പേര് പേടിഎമ്മിന് മാറിക്കിട്ടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരുന്നു പേടിഎം. എന്നാല്‍ ഈ നേട്ടമെല്ലാം കൊയ്യുന്നത് ചൈനയ്ക്ക് പ്രധാന പങ്കാളിത്തമുള്ള കമ്പനിയാണെന്ന ആക്ഷേപം വ്യാപകമായി ഉയര്‍ന്നിരുന്നു. തങ്ങള്‍ ചൈനീസ് കമ്പനിയല്ലെന്ന് പ്രഖ്യാപിക്കേണ്ട അവസ്ഥ വരെ പേടിഎം സ്ഥാപകനായ വിജയ് ശേഖര്‍ ശര്‍മയ്ക്ക് വന്നു.

അതേസമയം 2021 സാമ്പത്തിക വര്‍ഷത്തില്‍ പേടിഎമ്മിന്റെ മൊത്തത്തിലുള്ള നഷ്ടം 1701 കോടി രൂപയായിരുന്നു. 2020 സാമ്പത്തികവര്‍ഷത്തിലെ നഷ്ടം 2942.4 കോടി രൂപയും. ഈ വര്‍ഷങ്ങളിലെ വരുമാനം യഥാക്രമം 2802.4 കോടി രൂപയും 3280.8 കോടി രൂപയും ആയിരുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.