Sections

ഇലക്ട്രോണിക്‌സ് ആൻറ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഓൺലൈൻ ഗെയിമിങ് മേഖലയിലെ നിയമപരമായ അവ്യക്തത അവസാനിപ്പിക്കുന്നു

Wednesday, Apr 12, 2023
Reported By Admin
Online Gaming

ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കാനായി ഐടി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു


കൊച്ചി: ഇന്ത്യയിലെ ഓൺലൈൻ ഗെയിമിങ് മേഖലയെ നിയന്ത്രിക്കാനായി ഇലക്ട്രോണിക്സ്, വിവര സാങ്കേതികവിദ്യാ മന്ത്രാലയം ഐടി ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. ഒരു നോഡൽ മന്ത്രാലയവും ദേശീയ നിയന്ത്രണ ചട്ടക്കൂടും ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ ഗെയിമിങ് വ്യവസായം നേരിട്ടിരുന്ന വെല്ലുവിളികൾ അതിജീവിക്കുന്ന നാഴികക്കല്ലാണിത്. ഈ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതിലൂടെ ഓൺലൈൻ ഗെയിമിങ് കേന്ദ്ര സർക്കാരിൻറെ മാത്രമായ അധികാര പരിധിയിലും നിയന്ത്രണത്തിനു കീഴിലും ആണെന്നു വ്യക്തമായിരിക്കുകയാണ്. ഐടി ചട്ടങ്ങൾക്കു കീഴിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള എല്ലാ ഗെയിമിങ് സംവിധാനങ്ങൾക്കും പുറത്തുള്ള വാതുവെപ്പും ചൂതാട്ടവുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങൾ മാത്രമാവും സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനുണ്ടാവുക.

ഓൺലൈൻ ഗെയിമിങ്ങിനുള്ള ഐടി നിയമങ്ങൾ നോട്ടിഫൈ ചെയ്തതോടു കൂടി സംസ്ഥാന സർക്കാരുകൾ ഓൺലൈൻ ഗെയിമിങ്ങിനെ നിയന്ത്രിക്കേണ്ട ആവശ്യമില്ലാതെയായിരിക്കുകയാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻറ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഈ നിയമങ്ങൾ രാജ്യത്തെ ഓൺലൈൻ ഗെയിമിങ്ങ് വ്യവസായം ഏറെക്കാലമായി കാത്തിരുന്ന നിയമപരമായ അംഗീകാരമാണ് നൽകുന്നതെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗോപാൽ ജെയിൻ പറഞ്ഞു. ഓൺലൈൻ ഗെയിമിംഗും വാതുവയ്പ്പ്, ചൂതാട്ടം, പന്തയം എന്നിവയുടെ സ്വഭാവത്തിലുള്ള ഗെയിമുകളും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടന്നും ഈ നിയമങ്ങൾ ഉറപ്പാക്കുന്നു. ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ മേഖലയുമായി ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകൾക്ക് ശേഷമാണ് ഈ നിയമങ്ങൾ അവതരിപ്പിച്ചത്. കൂടാതെ ഇത് ഈ വ്യവസായം നേരിടുന്ന ജിഎസ്ടിയെക്കുറിച്ചുള്ള നിലവിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ സഹായിക്കുകയും വ്യക്തത നൽകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുന്നതിനു മുൻപായി എല്ലാ സംസ്ഥാനങ്ങളുമായും വിവിധ കേന്ദ്ര മന്ത്രാലയങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു. 2022 മെയ് മാസത്തിൽ ഇൻറർ മിനിസ്റ്റീരിയൽ ടാസ്ക് ഫോഴ്സിൻറെ രൂപീകരണത്തോടെ ഈ പ്രക്രിയ ആരംഭിച്ചു. ടാസ്ക് ഫോഴ്സിൽ നീതി ആയോഗിൻറെ സിഇഒ, ആഭ്യന്തരം, റവന്യൂ, വ്യവസായം, ആഭ്യന്തര വ്യാപാരം, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, സ്പോർട്സ് എന്നീ വകുപ്പുകളുടെ സെക്രട്ടറിമാരും ഉൾപ്പെടുന്നു. ഇതിനെത്തുടർന്ന് 13 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത വിപുലമായ കൂടിയാലോചന നടന്നു. ഈ പ്രതിനിധികളിൽ നിന്നെല്ലാം അഭിപ്രായങ്ങൾ സ്വീകരിച്ച് ഉൾപ്പെടുത്തിയ ശേഷമാണ് ഇൻറർ മിനിസ്റ്റീരിയൽ ടാസ്ക് ഫോഴ്സ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അതിനുശേഷം ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനെ നോഡൽ മന്ത്രാലയമായി നിയമിച്ചു.

ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതു മൂലം നിരവധി വർഷങ്ങളായി കേന്ദ്രത്തിൻറേയും സംസ്ഥാനങ്ങളുടേയും പ്രത്യേകാവകാശങ്ങളുടെ പേരിൽ നിയമ വ്യവഹാരങ്ങൾ ഉയരുകയും ഇന്ത്യയിൽ ബിസിനസ് നടത്തുന്ന ഓൺലൈൻ സ്കിൽ ഗെയിമിങ് സംവിധാനങ്ങളുടെ നിയമ സാധുത പല കോടതികളും അംഗീകരിക്കുകയും ചെയ്തിരുന്നു. തമിഴ്നാട്, തെലുങ്കാന, അസ്സം, ഒറീസ, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ വ്യവസായം നേരത്തെ നിയമപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. വാതുവെപ്പോ ചൂതാട്ടമോ അല്ലാത്ത സ്വഭാവത്തിലുള്ള ഓൺലൈൻ ഗെയിമുകൾക്കുള്ള ഭരണഘടനാപരമായ സംരക്ഷണം പല കോടതികളും തുടർച്ചയായി ശരിവെക്കുകയുംചെയ്തിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.