Sections

തൊഴിലില്ലായ്മ: കോവിഡ് ഒന്നാം തരംഗത്തേക്കാള്‍ രൂക്ഷമോ രണ്ടാം തരംഗത്തില്‍?

Thursday, Jul 08, 2021
Reported By Ambu Senan
unemployment

തൊഴിലില്ലായ്മ: തകരുമോ രാജ്യം?

 

സമസ്ത മേഖലയെയും തച്ചു തകര്‍ത്ത് കോവിഡ് ഇന്ത്യയില്‍ ആഞ്ഞടിക്കുമ്പോള്‍ തൊഴിലില്ലായ്മ രാജ്യത്ത് പിടിമുറുക്കുകയാണ്. സാമ്പത്തിക രംഗം പാടേ തകര്‍ന്നത് ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷമാക്കി. കോവിഡ് ഒന്നാം തരംഗത്തില്‍ നിന്ന് പതിയെ കരകയറാം എന്ന് ഇടയ്ക്ക് തോന്നിയെങ്കിലും അപ്പോഴേക്കും രണ്ടാം തരംഗം ആഞ്ഞടിച്ചു എല്ലാം തകര്‍ത്തു. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയപ്പോള്‍ തൊഴില്‍രഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു. അതില്‍ നിന്ന് ഒരടി പോലും മുന്നോട്ട് ചലിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം നില്‍ക്കുമ്പോഴായിരുന്നു കൊറോണയുടെ വരവ്. 

കഴിഞ്ഞ വര്‍ഷം 2020ല്‍ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റ് മാസത്തില്‍ 8.4 ശതമാനമായി വര്‍ധിച്ചിരുന്നുവെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണിയുടെ റിപ്പോര്‍ട്ട് വന്നിരുന്നു. ഗ്രാമങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞതാണ് കാരണമെന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള തൊഴിലവസരങ്ങള്‍ പോലും അക്കാലത്ത് ഗ്രാമങ്ങളിലില്ലാതായി.2020ല്‍ ലോക്ഡൗണ്‍ കാലത്ത് 23% വരെ എത്തിയ തൊഴിലില്ലായ്മ നിരക്ക് ജൂലൈയില്‍ 7.4% ആയിരുന്നു.നഗരങ്ങളില്‍ 29% ആയിരുന്നു തൊഴിലില്ലായ്മ നിരക്ക്. 2020 ഓഗസ്റ്റില്‍ മാത്രം 2 ലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞു. ഏകദേശം 17 കോടി ആളുകള്‍ക്ക് 2020ല്‍ കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടിരുന്നു. 

2021 ആയപ്പോഴേക്കും കോവിഡ് തൊഴില്‍ മേഖലയിലുണ്ടാക്കിയതും സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മാത്രം രാജ്യത്ത് ഒന്നര കോടി ആളുകള്‍ക്ക് തൊഴിലില്ലാതായിട്ടുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.

സെന്റര്‍ ഫോര്‍ മോണിറ്ററിംങ്ങ് ഇന്ത്യന്‍ ഇക്കോണമി തന്നെയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയതും കണക്കുകള്‍ പുറത്ത് വിട്ടതും. നിലവിലെ സാഹചര്യം രാജ്യത്തെ സാമ്പത്തിക പുനരുജ്ജീവന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപന ശേഷം മാത്രം ഇത് വരെ 23 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നഗരമേഖലകളില്‍ തൊഴില്‍ നഷ്ടമായവരുടെ ശതമാനം 18 ആയി.

കോവിഡ്-19 വ്യാപനം കാരണം രണ്ടാംലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോകം നേരിടുന്നതെന്നും ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നും അന്താരാഷ്ട്ര തൊഴില്‍സംഘടനയുടെ (ഐ.എല്‍.ഒ.) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ 90 ശതമാനവും ജോലിചെയ്യുന്ന അസംഘടിതമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. അടച്ചിടലിനെത്തുടര്‍ന്ന് തൊഴിലില്ലായ്മ മൂന്നിരട്ടിയായതായി 'സെന്റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി'യുടെ കണക്കുകളും ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 22 ശതമാനം പേര്‍ മാത്രമാണ് സ്ഥിരം ശമ്പളമുള്ള ജോലികള്‍ ചെയ്യുന്നത്. ബാക്കി 78 ശതമാനവും അസ്ഥിരവരുമാനക്കാരാണ്. മാത്രവുമല്ല, രാജ്യത്തെ 76 ശതമാനംപേരും എപ്പോള്‍ വേണമെങ്കില്‍ നഷ്ടപ്പെടാവുന്ന തൊഴിലുകള്‍ ചെയ്യുന്നവരാണെന്നും ഐ.എല്‍.ഒ.യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, നൈജീരിയ, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പ്രതിസന്ധി ബാധിക്കാന്‍ പോകുന്നത്.

കോവിഡിന്റെ ഒന്നാം തരംഗത്തേക്കാള്‍ എല്ലാ രീതിയിലും മാരകമായിരുന്നു രണ്ടാം തരംഗം. ആരോഗ്യത്തെയും സാമ്പത്തിക ശേഷിയെയും ഒരുപോലെ തകര്‍ത്ത ഈ മഹാമാരിയില്‍ നിന്ന് കര കയറാന്‍ സര്‍ക്കാര്‍ ഉദാരമായ രീതിയില്‍ നയങ്ങള്‍ രൂപീകരിക്കേണ്ടതുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.