Sections

സിനിമാ മേഖല വീണ്ടും തകര്‍ച്ചയിലേക്കോ?

Sunday, Jan 23, 2022
Reported By Admin
film

ഇനിയൊരു അടച്ചു പൂട്ടല്‍ കൂടി സിനിമാ മേഖലയ്ക്ക് താങ്ങാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്


സാമ്പത്തിക മേഖലയെ തകര്‍ത്തു കൊണ്ട് വീണ്ടും കോവിഡിന്റെ താണ്ഡവം. അതിന്റെ പ്രത്യാഘാതം സിനിമാ മേഖലയെയും ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതോടെ സിനിമാ മേഖലയും വീണ്ടും പ്രതിസന്ധിയിലായി.

രണ്ടാം തരംഗത്തിനുശേഷം തുറന്ന തിയേറ്ററുകള്‍ ഉണര്‍വിലേക്കു വരുന്നതിനിടയിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ വന്നിരിക്കുന്നത്. മലയാള ചിത്രം 'കള്ളന്‍ ഡിസൂസ'മുതല്‍ 'ആര്‍.ആര്‍.ആര്‍.'വരെ റിലീസ് മാറ്റിവെച്ചവയില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ സിനിമകള്‍ റിലീസ് മാറ്റുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

വെള്ളിയാഴ്ച 450-ഓളം സ്‌ക്രീനുകളിലായി റിലീസ് ചെയ്ത 'ഹൃദയം' ഇതിനകം രണ്ടരക്കോടിയോളം രൂപ നിര്‍മാതാവിനു ഷെയറായി നേടിക്കൊടുത്തിട്ടുണ്ടെന്നാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ 'ഫിയോക്' പറയുന്നത്. തിയേറ്ററുകളിലേക്ക് ആളുകള്‍ എത്തുന്നതിന്റെ തെളിവാണിതെന്നും അവര്‍ പറയുന്നു.

കോവിഡിന്റെ പേരില്‍ തിയേറ്ററുകള്‍ വീണ്ടും അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചാല്‍ ശക്തമായി പോരാടാനാണ് 'ഫിയോകി'ന്റെ തീരുമാനം. പൊതു ഇടങ്ങളിലും മാളുകളിലും ബസുകളിലും ട്രെയിനുകളിലുമൊക്കെ ആളുകള്‍ കൂടുന്നതിനെപ്പറ്റി ഒന്നും പറയാത്ത സര്‍ക്കാര്‍ സിനിമാ തിയേറ്ററുകളെ മാത്രം അടച്ചിടല്‍ വിഭാഗത്തിലേക്കു കൊണ്ടുവരുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. 

സര്‍ക്കാര്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് കടക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇനിയൊരു അടച്ചു പൂട്ടല്‍ കൂടി സിനിമാ മേഖലയ്ക്ക് താങ്ങാന്‍ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സംഘടനയുടെ ഇത്തരത്തിലുള്ള നീക്കം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.