Sections

157 രൂപയുടെ പ്രെഷറിന്റെ മരുന്ന് വെറും 33 രൂപയ്ക്ക്, 50 രൂപയുടെ പ്രമേഹത്തിന്റെ മരുന്നിന് വെറും 5 രൂപ മാത്രം. ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ക്ക് ഇത്ര വിലക്കുറവ് എങ്ങനെ വരുന്നു? എന്തിന് ജന്‍ ഔഷധി സ്റ്റോറുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു?

Wednesday, May 04, 2022
Reported By Ambu Senan

സര്‍ക്കാര്‍ നല്‍കുന്നത് കൊണ്ട് ഈ മരുന്നുകള്‍ക്ക് ഗുണനിലവാരം ഉണ്ടോ? ഇത് എവിടെയാണ് നിര്‍മിക്കുന്നത് എന്നൊക്കെ?
 

മരുന്നുവിലയില്‍ കുതിപ്പുണ്ടായിരിക്കേ ആശ്വാസമാകുകയാണ് ജന്‍ ഔഷധി ഷോപ്പുകള്‍. ഇവിടെ അവശ്യ മരുന്നുകള്‍ക്ക് വിലവര്‍ധനയുണ്ടാകില്ല. പക്ഷെ മരുന്നുകള്‍ക്ക് നിലവാരമില്ലെന്നും ബ്രാന്‍ഡഡ് മരുന്ന് കമ്പനികളാണ് നല്ലതെന്നും കിംവദന്തി പരത്തി ജന്‍ ഔഷധി സ്റ്റോറുകള്‍ തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണം. ഗുണനിലവാരമുള്ള മരുന്നുകള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രത്യേക താല്പര്യമെടുത്ത് തുടങ്ങിയതാണ് ജന്‍ ഔഷധി മെഡിക്കല്‍ ഷോപ്പുകള്‍. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ കേരളത്തില്‍ 977 മരുന്നുഷോപ്പുകളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 143 കടകളുള്ള തൃശ്ശൂര്‍ ജില്ലയാണ് ഇതില്‍ മുന്നില്‍. എറണാകുളത്തും മലപ്പുറത്തും നൂറിലധികം കടകളുണ്ട്. 1451 ഇനം ജനറിക് മരുന്നുകളും 240 സര്‍ജിക്കല്‍ ഉപകരണങ്ങളും ഇവയിലൂടെ ലഭിക്കുകയും ചെയ്യും. 

എന്താണ് ജനറിക് മരുന്നുകള്‍?

പനി വന്നാല്‍ നമ്മള്‍ കഴിക്കുന്ന പാരസെറ്റമോള്‍ എന്ന മരുന്ന് പല പേരില്‍ വിപണിയിലുണ്ട്. ഡോളോ, വെല്‍പാര്‍ 500, അസറ്റാച്ച്, തുടങ്ങിയ പേരുകളില്‍ കമ്പനികള്‍ പുറത്തിറക്കുന്നു. ഒരു മരുന്ന് പല പേര്, ഫലം ഒന്ന്. എന്നാല്‍ പാരസെറ്റമോള്‍ എന്നതാണ് അതിന്റെ ജനറിക് നാമം. മരുന്ന് കമ്പനി ഒരു ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് മരുന്ന് നിര്‍മിക്കുമ്പോള്‍ അവയ്ക്ക് ഇഷ്ട്ടമുള്ള പേരും വിലയും നിശ്ചയിക്കാം. 20 വര്‍ഷം വരെ കമ്പനിക്ക് അതിനുള്ള അവകാശവുമുണ്ട്. ചില കമ്പനികള്‍ ജനറിക് മരുന്നുകളില്‍ ചില പദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് പ്രത്യേക ഫലസിദ്ധിയുണ്ടെന്ന് അവകാശപ്പെടും. ഇതാണ് ജനറിക് മരുന്നുകളും ബ്രാന്‍ഡഡ് മരുന്നുകളും തമ്മിലുള്ള വ്യത്യാസം.  

ജന്‍ ഔഷധി വഴി വിതരണം ചെയ്യുന്ന 400 ഇനം ഔഷധങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ വില വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. സാധാരണ ഉപയോഗത്തിലുള്ള ഔഷധങ്ങളാണ് ഇതില്‍ നൂറിലധികവുമുള്ളത്.പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിയ്ക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്‌റോസോള്‍, റാനിട്രിസോള്‍, കൊളസ്‌ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്‌റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭിക്കുന്നതാണ്. ഇവിടെ ഈ മരുന്നുകള്‍ക്കൊക്കെയും അമ്പത് ശതമാനത്തിലധികം വിലക്കുറവുണ്ട്.

സാധാരണക്കാരുടെ മനസ്സില്‍ ചില ചോദ്യങ്ങള്‍ ഉണ്ടായേക്കാം. സര്‍ക്കാര്‍ നല്‍കുന്നത് കൊണ്ട് ഈ മരുന്നുകള്‍ക്ക് ഗുണനിലവാരം ഉണ്ടോ? ഇത് എവിടെയാണ് നിര്‍മിക്കുന്നത് എന്നൊക്കെ?

ജന്‍ ഔഷധിക്ക് മരുന്ന് നിര്‍മ്മാണ കമ്പനി ഇല്ല. അതായത് സര്‍ക്കാര്‍ ഈ മരുന്നുകള്‍ നിര്‍മിക്കുന്നില്ല. ജന്‍ ഔഷധി എല്ലാ കമ്പനികളില്‍ നിന്നും മരുന്ന് മേടിച്ചിട്ട് വിപണിയില്‍ എത്തിക്കുകയാണ്. കമ്പനികളില്‍ നിന്ന് മരുന്നുകള്‍ മേടിക്കുന്നത് ടെണ്ടര്‍ ക്ഷണിച്ചിട്ടാണ്. ഈ ടെണ്ടര്‍ അയയ്ക്കാന്‍ കമ്പനികള്‍ ചില ക്വാളിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ പാലിക്കണം. അങ്ങനെയുള്ള കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങി കുറഞ്ഞ വിലയ്ക്ക് ജന്‍ ഔഷധി വില്‍ക്കുമ്പോള്‍ അതേ മരുന്ന് കൂടിയ വിലയ്ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ഈ കമ്പനികളില്‍ നിന്ന് വാങ്ങുന്ന മരുന്ന് ഡബിള്‍ ക്വാളിറ്റി പരിശോധന നടത്തിയാണ് ജന്‍ ഔഷധി വാങ്ങുന്നത്. ഇങ്ങനെ പരിശോധനയില്‍ ഗുണനിലവാരത്തിന് എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ സര്‍ക്കാര്‍ ആ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഡബിള്‍ ക്വാളിറ്റി പരിശോധന ഉള്ളത്‌കൊണ്ട് തന്നെ പല ബ്രാന്‍ഡഡ് മരുന്നുകളെക്കാള്‍ ഗുണനിലവാരം ജന്‍ ഔഷധിയിലെ മരുന്നുകള്‍ക്കുണ്ട്.  

ഏതാനും ചില മരുന്നുകളുടെ വില വ്യത്യാസങ്ങള്‍ നോക്കാം 

എന്നാല്‍ കുപ്രചരണങ്ങള്‍ കൂടാതെ രോഗികള്‍ ഒരിക്കലും ഈ മരുന്നുകള്‍ തേടിവരാത്ത വിധത്തിലുള്ള വലിയ രീതിയിലുള്ള പറ്റിക്കലുകള്‍ പലപ്പോഴും നടക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പടിയെഴുത്തിലാണ് ആ തട്ടിപ്പ്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ മരുന്നുകള്‍ വില്‍പനക്കെത്തുന്നത് ജനറിക് മരുന്നുകളായാണ് . അതായത്,  രസതന്ത്രനാമത്തില്‍ തന്നെയുള്ള മരുന്നുകളാണ് ഇവിടെയെത്തുന്നത്. ബ്രാന്‍ഡഡ് ആയ മരുന്നുകള്‍ക്ക് രീതിയിലും ഗുണത്തിലും ഫലത്തിലും ഉപയോഗത്തിലും വ്യത്യാസമില്ലാത്ത  ജനറിക് മരുന്നുകള്‍ മരുന്നു കമ്പനികളുടെ വ്യാവസായിക ഉല്‍പാദനത്തില്‍ പുറത്തു വരുമ്പോഴാണ് അവക്ക് കമ്പനി തിരിച്ചുള്ള പേരുകള്‍ നല്‍കുന്നത്. അപ്പോള്‍ മാത്രമായിരിക്കും അവ പരസ്യങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തുന്നതും.

ബ്രാന്‍ഡഡ് ആയല്ലാതെ ജനറിക് രൂപത്തില്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍  ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ തങ്ങള്‍ നിര്‍ദേശിക്കുന്ന മരുന്നുകളുടെ ജനറിക് നാമം കൂടി എഴുതണം. മരുന്നുകള്‍ കുറിക്കുമ്പോള്‍ ജനറിക് പേരുകള്‍ കൂടി അവയുടെ ലഭ്യതയനുസരിച്ച് എഴുതണമെന്നാണ് നിലവില്‍ നിബന്ധനയുള്ളത്. എന്നാല്‍ ഡോക്ടര്‍മാര്‍ ഈ നിബന്ധനക്ക് ഒരു വിലയും കല്‍പിക്കാറില്ല എന്നതാണ് വാസ്തവം. മിക്ക ഡോക്ടര്‍മാരും എഴുതുന്നത് മരുന്നിന്റെ ബ്രാന്‍ഡ് നെയിം മാത്രമാണ്.

ജനറിക് പേരുകളാണെങ്കില്‍ രോഗികള്‍ക്ക് ഒരേ മരുന്നിന്റെ വിവിധ ഉല്പാദകരില്‍ നിന്ന് വില നിലവാരം നോക്കി കുറഞ്ഞ വിലയിലുള്ളത് തിരഞ്ഞെടുക്കാന്‍ സാധിക്കും. അതു ചെയ്യാതെ സ്വന്തം ഇഷ്ടത്തിലുള്ള മരുന്നു കമ്പനികളുടെ ഉല്‍പന്നത്തിലേക്ക് രോഗിയെ നിര്‍ബന്ധപൂര്‍വം കൊണ്ടെത്തിക്കുകയാകും മിക്ക ഡോക്ടര്‍മാരും  ചെയ്യുന്നത്. ഏറെക്കുറെ എല്ലാ അസുഖങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ ഇവിടെയിപ്പോള്‍ ലഭ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കൊല്ലം, മലപ്പുറം, കണ്ണൂര്‍,കോട്ടയം ജില്ലകളിലാണ് ജന്‍ ഔഷധിയുടെ മെഡിക്കല്‍ സ്റ്റോറുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്.

2024 മാര്‍ച്ച് മാസത്തോടെ ജന്‍ ഔഷധി പരിയോജന കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 26 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 406 ജില്ലകളിലെ 3575 ബ്ലോക്കുകളില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫര്‍മസ്യൂട്ടിക്കല്‍സ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ രാജ്യത്തെ 739 ജില്ലകളിലായി 8,710 വിപണന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.