- Trending Now:
ഇറിഗേഷൻ ടൂറിസത്തിനായി ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തും
ജലസംരക്ഷണ പ്രവർത്തനങ്ങളും ടൂറിസം പ്രവൃത്തനങ്ങളും ചേർത്ത് ഇറിഗേഷൻ ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തിരുനെല്ലിയിലെ കൂമ്പാരക്കുനിയിൽ നിർമ്മിക്കുന്ന ചെക്ക് ഡാമിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി നിർവഹിച്ചു.
'ഇറിഗേഷൻ ടൂറിസത്തിനായി ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള സ്ഥലങ്ങൾ പ്രയോജനപ്പെടുത്തും. മാനന്തവാടി മണ്ഡലത്തിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പുതിയതായി നിർമ്മിക്കുന്ന കൂമ്പാരക്കുനി ചെക്ക്ഡാമിന് അനുബന്ധമായി കനാൽ നിർമ്മിക്കണമെന്ന ആവശ്യം പരിഗണനയിലാണ്', മന്ത്രി പറഞ്ഞു.
പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കൂമ്പാരക്കുനി പാലത്തിന് സമീപത്ത് കാവേരി റിവർ ബേസിൻ കാളിന്ദി പുഴയ്ക്ക് കുറുകെ 1.50 മീറ്റർ ഉയരവും, 25 മീറ്റർ നീളവുമുള്ള ചെക്ക് ഡാമും, ഇരുകരകളിലായി 158 മീറ്റർ നീളത്തിലുള്ള കോൺക്രീറ്റ് പാർശ്വഭിത്തിയും 90 മീറ്റർ പൈപ്പ് ലൈനുമാണ് നിർമ്മിക്കുന്നത്. 1 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
പതിനൊന്നായിരം ക്യുബിക് മീറ്റർ ജലസംഭരണിയുള്ള ചെക്ക് ഡാം യാഥാർഥ്യമായാൽ പ്രദേശത്തെ 100 കണക്കിന് ജനങ്ങളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. കൂമ്പാരക്കുനി, മാന്താനം പ്രദേശങ്ങളിലെ കൃഷിക്കാർക്കും ചെക്ക്ഡാമിന്റെ ഗുണം ലഭിക്കും.
ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.ഡി അനിത റിപ്പോർട്ട് അവതരിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല, വാർഡ് മെമ്പർ പി.എൻ ഹരീന്ദ്രൻ, കേരള സിറാമിക് ലിമിറ്റഡ് ചെയർമാൻ കെ.ജെ ദേവസ്യ, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ടി.പി വിനോദൻ തുടങ്ങിയവർ സംസാരിച്ചു. രാഷ്ട്രീയ പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ, എസ്.ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.