Sections

പത്തു കോടി നിക്ഷേപം സമാഹരിച്ച് കെഎസ്യുഎം സ്റ്റാർട്ടപ്പ് ഐറോവ്

Sunday, Sep 08, 2024
Reported By Admin
iROV's cutting-edge underwater drone in action, designed for underwater exploration and defense appl

കൊച്ചി: രാജ്യത്തെ വാണിജ്യാവശ്യങ്ങൾക്കായുള്ള ആദ്യ തദ്ദേശീയ അണ്ടർ വാട്ടർ ഡ്രോൺ വികസിപ്പിച്ച ഐറോവ് പത്തു കോടി നിക്ഷേപം സമാഹരിച്ചു. യൂണികോൺ ഇന്ത്യ നടത്തിയ പ്രീസീരീസ് എ റൗണ്ടിലാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ സ്റ്റാർട്ടപ്പായ ഐറോവ് നിക്ഷേപം സമാഹരിച്ചത്. അന്താരാഷ്ട്ര വിപണിയിലേക്ക് ഐറോവിൻറെ സാന്നിദ്ധ്യം വ്യാപിപ്പിക്കാൻ ഈ നിക്ഷേപത്തിലൂടെ നടത്തുന്ന വികസനപ്രവർത്തനങ്ങൾ സഹായിക്കും.

കഴിഞ്ഞ രണ്ട് വർഷമായി പുതിയ ഉത്പന്നങ്ങൾ ഐറോവ് പുറത്തിറക്കിയിട്ടുണ്ട്. ഇതിൻറെ ഫലമായി സുസ്ഥിരമായ വളർച്ചയാണ് കമ്പനിയ്ക്ക് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ജലാന്തർ പര്യവേഷണങ്ങളിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സ്ഥാപനമാണിത്.

ഗൾഫ്, കിഴക്കൻ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിലവിലുള്ള സാന്നിദ്ധ്യം വർധിപ്പിക്കാനൊരുങ്ങുകയാണ് ഐറോവ്. വിപണി സാന്നിദ്ധ്യം ശക്തമാക്കുന്നതിനോടൊപ്പം ഗവേഷണ വികസനപ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോവുകയാണെന്ന് ഐറോവ് സിഇഒ ജോൺസ് ടി മത്തായി ചൂണ്ടിക്കാട്ടി. ഐറോവിൻറെ നൂതനസാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. ഇനി വിദേശവിപണിയാണ് ലക്ഷ്യമെന്നും ജോൺസ് പറഞ്ഞു.

പുതിയ ഉത്പന്നങ്ങളുടെ ഗവേഷണപ്രവർത്തനങ്ങൾക്ക് ഈ നിക്ഷേപം ഊർജ്ജം പകരുമെന്ന് ഐറോവ് ചീഫ് ടെക്നിക്കൽ ഓഫീസർ കണ്ണപ്പ പളനിയപ്പൻ പി പറഞ്ഞു. ഈ വർഷം രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി കമ്പനികളുമായി ഐറോവ് കരാറുണ്ടാക്കി കഴിഞ്ഞു. ഓയിൽ ആൻഡ് ഗ്യാസ്, അടിസ്ഥാനസൗകര്യ പദ്ധതികൾ, ഇന്ത്യൻ പ്രതിരോധ മേഖല എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമുദ്രാന്തർ റോബോട്ടിക് സാങ്കേതികവിദ്യ അതിസങ്കീർണമായ ഒന്നാണെന്ന യൂണികോൺ ഇന്ത്യ വെഞ്ച്വറിൻറെ മാനേജിംഗ് പാർട്ണർ അനിൽ ജോഷി പറഞ്ഞു. അണ്ടർവാട്ടർ ഡ്രോൺ എന്നത് നൂതനമായ ആശയമാണ്. ഡീപ് ടെക് മേഖലയിൽ യൂണികോൺ ഇന്ത്യ എല്ലായ്പോഴും മികച്ച പ്രോത്സാഹനമാണ് നിക്ഷേപങ്ങൾ വഴി നടത്തുന്നത്. ആഗോള നിലവാരത്തിലുള്ള ഐറോവിൻറെ ഉത്പന്നങ്ങൾ ഭാവിയിലെ മുതൽക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

സഹപാഠികളായിരുന്ന ജോൺസ് ടി മത്തായി, കണ്ണപ്പ പളനിയപ്പൻ എന്നിവർ ചേർന്ന് 2016 ലാണ് ഐറോവ് കമ്പനി ആരംഭിച്ചത്. ജലാന്തർ ഭാഗത്തേക്ക് ചെന്ന് വ്യക്തമായ ദൃശ്യങ്ങളും വിവരശേഖരണവും നടത്തുന്ന ഐറോവ് ട്യൂണ എന്ന അണ്ടർവാട്ടർ ഡ്രോൺ ഏറെ ശ്രദ്ധയാകർഷിച്ചു.

ഡിആർഡിഒ(ഡിഫൻസ് റിസർച്ച് ഡെവലപ്ൻറ് ഓർഗനൈസേഷൻ)- എൻഎസ്ടിഎൽ(നേവൽ സയൻസ് ആൻഡ് ടെക്നിക്കൽ ലബോറട്ടറി)യുടെ സാങ്കേതികവിദ്യാ വികസന ഫണ്ടിനുള്ള ധാരണാപത്രം ഐറോവ് ഒപ്പിട്ടു. ഇന്ന് വരെ എത്തിപ്പെടാത്ത ആഴത്തിൽ പ്രവർത്തിക്കുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കൾ ആണ് ഡിആർഡിഒ ഫണ്ട് ഉപയോഗിച്ച് ഐറോവിന് നിർമ്മിക്കേണ്ടത്.
പ്രതിരോധം, ദുരന്തനിവാരണം, അണക്കെട്ടുകൾ, പാലങ്ങൾ, എണ്ണക്കിണറുകൾ, തുറമുഖങ്ങൾ, കപ്പൽ വ്യവസായം എന്നിവയിൽ ഇത് ഉപയോഗിച്ച് വരുന്നു. തീരസംരക്ഷണ സേന, ഡിആർഡിഒ ലാബുകൾ, സിഎസ്ഐആർ-എസ് സിആർസി എന്നീ സ്ഥാപനങ്ങൾ ഐറോവിൻറെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇതിനകം തന്നെ ദേശീയ-അന്തർദേശീയ തലത്തിൽ ഏറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള ഐറോവ് ട്യൂണ ഡിആർഡിഒ, എൻപിഒഎൽ, ബിപിസിഎൽ, സിഎസ്ഐആർ, ഇന്ത്യൻ റെയിൽവേ, അദാനി, ടാറ്റ, എൻഎച്ഡിസി, കെഎൻഎൻഎൽ തുടങ്ങി വിവിധ സ്ഥാപനങ്ങൾക്കായി 100 ലധികം പര്യവേഷണങ്ങൾ നടത്തിക്കഴിഞ്ഞു.

ഇതിനു പുറമെ ഗെയിലിൻറെ സാമ്പത്തികസഹായം വഴി വികസിപ്പിച്ചെടുത്ത ഐറോവ് ഐബോട്ട് ആൽഫ എന്ന ആളില്ലാ ബോട്ട് ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. സമുദ്രോപരിതലത്തിലെ വിവരശേഖരണത്തോടൊപ്പം സമുദ്രാന്തർഭാഗത്തെ ഡാറ്റാ ശേഖരണം, പാരിസ്ഥിതിക വിവരങ്ങൾ തുടങ്ങിയവയ്ക്കും ഉപയോഗിക്കാം. ഡീസൽബോട്ടിനേക്കാൾ മലീനീകരണത്തോത് ഏറെ ഇതിനു കുറവാണ്.

കേരള സ്റ്റാർട്ടപ്പ് മിഷനോടൊപ്പം മേക്കർവില്ലേജിലും കമ്പനി ഇൻകുബേറ്റ് ചെയ്തിട്ടുണ്ട്. ബിപിസിഎൽ, ഗെയിൽ എന്നിവയുടെ സീഡ് ഫണ്ടും ഐറോവിന് ലഭിച്ചു. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷൻ സോണിലാണ് ഐറോവിൻറെ ആസ്ഥാനം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.