Sections

ഓഹരിയിലേക്ക് ചാടിയിറങ്ങിയാല്‍ പണം പുറകെ വരുമോ ?

Thursday, Jun 30, 2022
Reported By admin
business

ആദ്യനിക്ഷേപം എന്ന നിലയില്‍ ഏറ്റവും മനസിലാക്കേണ്ട പ്രധാന കാര്യം, ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ്

 

നിക്ഷേപത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഇപ്പോഴത്തെ യുവാക്കള്‍ക്ക് വലിയ ധാരണകളുണ്ട്.എന്നാല്‍ ആദ്യമായി നിക്ഷേപം നടത്തുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം, മികച്ച ശമ്പളമുള്ള കാര്യമായ ബാധ്യതകളൊന്നുമില്ലാ്ത്ത ഒരുപാട് യുവാക്കളുടെ പണം സേവിംഗ്‌സ് അക്കൗണ്ടില്‍ അങ്ങനെ തന്നെ കിടക്കുന്നു.അതിന് ലഭിക്കുന്നതോ നമമാത്ര പലിശ മാത്രം. വിപണിയില്‍ നിക്ഷേപിക്കുക എന്നതാണ് പ്രധാനം. ആദ്യനിക്ഷേപം എന്ന നിലയില്‍ ഏറ്റവും മനസിലാക്കേണ്ട പ്രധാന കാര്യം, ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്നതാണ് നല്ലതെന്നാണ്. കൂടുതല്‍ സമ്പത്തുണ്ടാക്കാനാണ് ലക്ഷ്യമെങ്കില്‍ ദീര്‍ഘകാല നിക്ഷേപമാണ് ഉചിതം.മൂന്നോ നാലോ ആസ്തി വിഭാഗങ്ങളിലായി നിക്ഷേപം വൈവിധ്യവല്‍ക്കരിക്കുകയാണ് വേണ്ടത്. ഓഹരി, ഫിക്സഡ് ഇന്‍കം, ഗ്ലോബല്‍ ഫണ്ട്സ് എന്നിങ്ങനെയെല്ലാം തെരഞ്ഞെടുക്കാം.

റിസ്‌ക്ക് എടുക്കാനുള്ള മനോഭാവവും നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന നേട്ടവും തമ്മില്‍ ബന്ധമുണ്ട്. ഉയര്‍ന്ന റിസ്‌കെടുത്താല്‍ മാത്രമല്ല ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുക. ചെറിയ തോതില്‍ റിസ്‌കെടുക്കാനുള്ള മനസുണ്ടെങ്കിലും അത്യാവശ്യം റിട്ടേണ്‍ ലഭിക്കും. റിസ്‌കെടുക്കാതെ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ലെന്നും തിരിച്ചറിയണം. എന്നാല്‍ കൃത്യമായി കാര്യങ്ങള്‍ പഠിച്ച ശേഷം, വളരെ ആസൂത്രിതമായാകണം ആ റിസ്‌കെടുക്കേണ്ടത്.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ചയുള്ള കമ്പനികളുടെ ഓഹരികളില്‍ വേണം നിക്ഷേപം നടത്താന്‍. പൊടുന്നനെ പൊങ്ങി വരുന്ന കമ്പനികളെ എപ്പോഴും സംശയദൃഷ്ടിയോടെ മാത്രമേ നോക്കിക്കാണാവൂ. ലാഭക്ഷമതയുള്ള, വരുമാനമുണ്ടാക്കുന്ന ബിസിനസുകളെ കണ്ടെത്തി വേണം നിക്ഷേപം നടത്താന്‍. അതാണ് ക്വാളിറ്റി ഇന്‍വെസ്റ്റിങ്.

റിസ്‌കെടുക്കാനുള്ള നിങ്ങളുടെ ശേഷി, നിക്ഷേപ ലക്ഷ്യങ്ങള്‍, കൈയിലുള്ള ഫണ്ട്, വയസ് തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച ശേഷം ആസ്തികളുടെ വിഭജനം വളരെ കൃത്യമായി നടത്തണം. ഇക്വിറ്റിയില്‍ എത്ര നിക്ഷേപിക്കാം, ഡെറ്റില്‍ എത്ര വേണം നിക്ഷേപം, ഹൈബ്രിഡിലേക്ക് എത്ര വകയിരുത്താം, ഭൗതിക ആസ്തികളിലേക്ക് എത്രമാത്രം ഫണ്ട് മാറ്റാം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യം വേണം. ഇത് ബുദ്ധിപരമായി ചെയ്താല്‍ മികച്ച നേട്ടം കൊയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ഹ്രസ്വ, ഇടക്കാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളുണ്ടാകും. നിക്ഷേപം ആസൂത്രണം ചെയ്യുന്നത് ഈ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായിരിക്കണം. അതിന് കൃത്യമായ സമയപരിധിയും നിശ്ചയിക്കണം.

നിക്ഷേപം നടത്തും മുമ്പ് നിങ്ങള്‍ നിക്ഷേപിക്കുന്ന ഉല്‍പ്പന്നങ്ങളെ കുറിച്ച് കൃത്യമായി പഠിച്ചിരിക്കണം. അതില്‍ നിന്നു ലഭിക്കുന്ന നേട്ടം, റിസ്‌ക്കുകള്‍, ലോക്ക് പിന്‍ പിരീഡുകള്‍ എന്നിങ്ങനെ സകല വിവരങ്ങളും അറിയണം. ഇതിനായി ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ഗവേഷണം നടത്തിയാലും തെറ്റില്ല.

നിങ്ങളുടെ കൈയില്‍ മിച്ചം വരുന്ന കാശുകൊണ്ടായിരിക്കണം എപ്പോഴും നിക്ഷേപം നടത്തേണ്ടത്. ഒരിക്കലും നിക്ഷേപിക്കാനായി കടം വാങ്ങരുത്. നിക്ഷേപമെങ്ങാനും നേട്ടം തരാതെ പോയാല്‍ വലിയ കടക്കെണിയിലേക്കായിരിക്കും നിങ്ങള്‍ വീഴുക.

ജോലി കിട്ടിയ ഉടന്‍ തന്നെ നിക്ഷേപം ആരംഭിക്കുകയാണ് വേണ്ടത്. വരുമാനം കൂടുന്നതനുസരിച്ച് നിക്ഷേപവും കൂട്ടണം. വളരെ ചെറിയ തുകയില്‍ നിക്ഷേപം തുടങ്ങിയാല്‍ മതി. എന്നാല്‍ കാലക്രമേണ തുക കൂട്ടി വരണം, ഒപ്പം നിക്ഷേപത്തിന് സ്ഥിരതയുണ്ടെന്ന് ഉറപ്പാക്കുകയും വേണം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.