Sections

ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

Wednesday, Nov 20, 2024
Reported By Admin
Kerala Industries Minister P. Rajeeve launching the Invest Kerala Global Summit 2024 website

കൊച്ചി: അടുത്ത വർഷം ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന ഇൻവസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ വെബ്സൈറ്റ് വ്യവസായമന്ത്രി പി രാജീവ് പ്രകാശനം ചെയ്തു. പുതിയ വ്യവസായനയത്തിൽ പ്രഖ്യാപിച്ച 22 മുൻഗണനാ മേഖലകളായിരിക്കും നിക്ഷേപ ഉച്ചകോടിയിലെ പ്രധാന ആകർഷണം.

ഫെബ്രുവരി 21, 22 തിയതികളിൽ കൊച്ചി ഗ്രാൻറ് ഹയാത്ത് ലുലു കൺവെൻഷൻ സെൻററിലാണ് നിക്ഷേപ ഉച്ചകോടി നടക്കുന്നത്. രണ്ടായിരത്തിലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ വരുന്ന വാഗ്ദാനങ്ങൾ യാഥാർഥ്യബോധത്തോടെയുള്ളതാകണം. അതിനായി മുൻഗണനാ മേഖലകളുമായി പ്രത്യേകം നടത്തുന്ന ചർച്ചകൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കുകയാണ്.

വ്യവസായവളർച്ചയ്ക്കാവശ്യമായ നിയമഭേദഗതികൾ സർക്കാർ നടത്തി. ബംഗളുരു, ചെന്നൈ എന്നിവിടങ്ങളിലെ റോഡ് ഷോ നടത്തിക്കഴിഞ്ഞു. ഡൽഹിയിലും മുംബൈയിലും റോഡ് ഷോ അടുത്ത മാസത്തോടെ പൂർത്തിയാകും. ഗൾഫിലെ നിക്ഷേപകർക്കായി പ്രത്യേക കോൺക്ലേവും നടത്തുന്നുണ്ട്.

കേരളത്തിൽ നിന്ന് വിജയകരമായി പ്രവർത്തിക്കുന്ന വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും പ്രദർശനം ഉച്ചകോടിയിലുണ്ടാകും. ബിടുബി, ബിടുജി ചർച്ചകൾ, സ്റ്റാർട്ടപ്പ് പിച്ചിംഗ് തുടങ്ങിയവയുമുണ്ടാകും. ഫിക്കി, സിഐഐ, ടൈ-കേരള തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണവും ഉച്ചകോടിയിലുണ്ടാകും. സംസ്ഥാനത്തേക്ക് വരുന്ന നിക്ഷേപങ്ങൾ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏകീകരിക്കാനാണ് ഉച്ചകോടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഹരി കൃഷ്ണൻ ആർ, ജനറൽ മാനേജർ വർഗീസ് മാളക്കാരൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.