Sections

ചിരിക്കാനാണല്ലോ ഇഷ്ടം അതുകൊണ്ട് ട്രാക്ക് മാറ്റി; ചിരിപ്പിച്ചു കൊല്ലാന്‍ റെഡിയാണ് ഈ ഡോക്ടറും കുടുംബവും

Wednesday, Apr 06, 2022
Reported By Jeena S Jayan
interview

കോവിഡ് കാലത്ത് ഒരു നേരംപോക്കായി തന്നെയാണ് ചാനല്‍ തുടങ്ങിയത്.കുട്ടി,ജോലി തുടങ്ങി അതുവരെയുണ്ടായിരുന്ന തിരക്കു പിടിച്ച ജീവിതത്തിന് ഒരു ബ്രേക്ക് കിട്ടുന്നത് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്.കുറച്ച് നാള് വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായി അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.പക്ഷെ.....

 


കേരളത്തിന്റെ അങ്ങ് വടക്കേ അറ്റത്തു നിന്നൊരു ഡോക്ടര്‍ പെണ്‍കൊച്ച് കേരളക്കരയാകെ ചിരിപ്പിക്കുന്നു.വള്ളുവനാടന്‍ സ്റ്റൈലില്‍ കുടുംബാംഗങ്ങളും ഒപ്പം ചേരുമ്പോള്‍ ഇതൊരു കുടുംബ കോമഡി തന്നെ.ഗൗരവമേറിയ വൈദ്യ മേഖലയില്‍ നിന്നൊരാള്‍ക്ക് ഇത്രയധികം നര്‍മ്മം നിറഞ്ഞ മനസുണ്ടോ എന്ന് പോലും കാണുന്നവര്‍ ചിന്തിച്ചു പോകും.സോഷ്യല്‍മീഡിയയില്‍ അടിക്കടി വൈറലാകുന്ന വീഡിയോകളൊക്കെ വീണ കണ്ണന്‍ എന്ന ചാനലിലൂടെ കണ്ടുവരാറുണ്ട്.ആ കോമഡി ട്രാക്കിലേക്ക് വീണ എങ്ങനെ എത്തിയെന്ന് നമുക്ക് അന്വേഷിച്ചാലോ ?


എന്റെ ശരിക്കുള്ള നാട് കാസര്‍ഗോഡ് പിലിക്കോട് എന്ന സ്ഥലത്താണ്. വീട്ടില്‍ അച്ഛനും അമ്മയും ചേച്ചിയും.ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞുണ്ട്.ഞാന്‍ കോട്ടയം ഏറ്റുമാനൂരിലേക്കെത്തുന്നത് കല്യാണം കഴിഞ്ഞാണ്,ഇവിടെ ഭര്‍ത്താവ്,കുഞ്ഞ് പിന്നെ അച്ഛന്‍,അമ്മ,ചേച്ചി,അവരുടെ രണ്ട് കുട്ടികള്‍ ഒക്കെയുണ്ട്.


കോവിഡ് കാലത്ത് തോന്നിയ ഒരു നേരംപോക്ക് തന്നെയായിരുന്നോ വീണയ്ക്ക് ഈ ചാനല്‍ ?

വീണ കണ്ണന്‍ എന്ന പേരില്‍ തന്നെയാണ് ചാനല്‍.കോവിഡ് കാലത്ത് ഒരു നേരംപോക്കായി തന്നെയാണ് ചാനല്‍ തുടങ്ങിയത്.കുട്ടി,ജോലി തുടങ്ങി അതുവരെയുണ്ടായിരുന്ന തിരക്കു പിടിച്ച ജീവിതത്തിന് ഒരു ബ്രേക്ക് കിട്ടുന്നത് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്.കുറച്ച് നാള് വീട്ടിലിരിക്കേണ്ട അവസ്ഥയുണ്ടായി അങ്ങനെയാണ് യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.പക്ഷെ ആദ്യം ഇപ്പോള്‍ കാണുന്ന പോലുള്ള വീഡിയോകളൊന്നുമായിരുന്നില്ല ചെയ്തിരുന്നത്.ഭര്‍ത്താവ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആണ്.പുള്ളിക്കാരന് ഇന്നൊവേറ്റീവ് ആയ കാര്യങ്ങളോട് വലിയ താല്‍പര്യമാണ് അത്തരം ചില വിഷയങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു വീഡിയോകള്‍ എടുത്തതിരുന്നത്.പക്ഷെ അതൊരിക്കലും എന്റെയൊരു മേഖലയായിരുന്നില്ല.പിന്നീട് ട്രാക്ക് മാറ്റിയാലോ എന്നുള്ള ചിന്തയൊക്കെ വന്നു.എന്ത് ചെയ്യുമെന്ന ആലോചനകളിലാണ് കണ്ടന്റ് വീഡിയകള്‍ നന്നായിരിക്കും എന്നു തോന്നിയത്.കോട്ടയം-കാസര്‍ഗോഡ് സ്ലാംഗ് വളരെ വ്യത്യാസമുണ്ട് ഇത് വെച്ചൊരു വീഡിയോ നന്നായിരിക്കുമെന്ന് തോന്നി.ഞാന്‍ കാസര്‍ഗോഡ് സ്ലാഗില്‍ സംസാരിക്കുന്നയാളാണ്,ഇവിടെ എല്ലാരും കോട്ടയം സ്ലാംഗ് ആണല്ലോ ഈ വിഷയം കോമഡി രീതിയിലെടുത്താല്‍ കൊള്ളാമെന്ന് തോന്നിയതോടെ അത്തരത്തിലൊരു വീഡിയോ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തു.അതിന്റെ തന്നെ ചെറിയൊരു ഭാഗം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.ഷെയര്‍ ചെയ്ത ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ സംഗതി കയറി അങ്ങ് ക്ലിക്കായി.അങ്ങനെ ആദ്യത്തെ വീഡിയോ തന്നെ വൈറലായി.


സ്വന്തം വീഡിയോകള്‍ കാണുമ്പോള്‍ ശരിക്കും എന്താണ് തോന്നാറ് ?

സ്വന്തം വീഡിയോ കണ്ട് ഞാന്‍ നല്ലോണം ചിരിക്കാറുണ്ട്.പക്ഷെ അതൊരിക്കലും ഭാവസിദ്ധമായ അഭിനയം കണ്ടോ, കോമഡി കേട്ടിട്ടോ ഒന്നുമല്ല, ഞാന്‍ ഇതെന്തൊക്കെയാ കാട്ടിക്കൂട്ടുന്നെ എന്ന് ആലോചിച്ചാണ്.സത്യത്തില്‍ ഇപ്പോഴും അത്ഭുതമാണ് എനിക്ക് ഇങ്ങനെയും ഒരു മുഖമുണ്ടോ.ചില അവസരങ്ങളിലുള്ള എക്സ്പ്രക്ഷന്‍സൊക്കെ ചിരിപ്പിച്ചു കൊല്ലും.

 

ഏതൊക്കെ രീതിയിലാണ് വീഡിയോക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തുക? സ്‌ക്രിപ്റ്റ് അടക്കം നേരത്തെ തയ്യാറാക്കേണ്ടി വരില്ലെ ?

എപ്പോഴാണ് സമയം കിട്ടുന്നത് അപ്പോഴാണ് ഞാന്‍ വീഡിയോ ചെയ്യുന്നത്.എനിക്ക് പ്രത്യേകിച്ച് അതിനായി മുന്നൊരുക്കങ്ങളൊന്നുമില്ല.ജോലിയ്ക്ക് പോകണം,വൈകിട്ട് തിരിച്ചെത്തിയ ശേഷം വീട്ടിലെ കാര്യങ്ങളൊക്കെയുണ്ട്.കുഞ്ഞുണ്ട് അവന്റെ കാര്യം നോക്കണം,പിന്നെ ഷൂട്ട് ചെയ്യാന്‍ അവനൊട്ടു സമ്മതിക്കാറുമില്ല, അവനെപ്പോഴും സംസാരിച്ചു കൊണ്ടിരിക്കണം.ചുരുക്കി പറഞ്ഞാല്‍ അവനൊന്നു ഉറങ്ങി കഴിഞ്ഞാണ് ഞാന്‍ എന്റെ വീഡിയോ ഷൂട്ട് ചെയ്യുന്നത്.അതുകൊണ്ട് തന്നെ കൃത്യമായി ഒരു ടൈമില്‍ വീഡിയോ അപ്ലോഡ് ചെയ്യാനൊന്നും സാധിക്കാറില്ല.പിന്നെ പ്രത്യേകിച്ച് സ്‌ക്രിപ്റ്റൊന്നും തയ്യാറാക്കി വെയ്ക്കാറില്ല.പക്ഷെ ത്രെഡ് അല്ലെങ്കില്‍ എന്താ പറയാ..ചെയ്യേണ്ട കണ്ടന്റ് മനസില്‍ ഉണ്ടാകും. അതുവെച്ച് എന്താ ചെയ്യേണ്ടെ എന്നുള്ള പോയിന്റുകള്‍ നോട്ട് ചെയ്തെടുക്കാറുണ്ട്.ഷൂട്ട് ചെയ്യുന്ന അവസരത്തിലാണ് ഡയലോഗ് ഒക്കെ വരുന്നത്.ഇതുവരെയും സ്‌ക്രിപ്റ്റഡ് വീഡിയോ ചെയ്തിട്ടേയില്ല.

വീഡിയോയ്ക്ക് വേണ്ടി വീട്ടുകാരുടെ സഹകരണം എത്രത്തോളമുണ്ട് ?

വീഡിയോയ്ക്ക് വേണ്ടിയുള്ള വീട്ടുകാരുടെ സഹകരണം ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ, അച്ഛനും അമ്മയും ഒക്കെ വീഡിയോയില്‍ അഭിനയിക്കുന്നുണ്ട്.അവര്‍ക്ക് ഇത് വളരെ വൈകികിട്ടിയ ഒരു ചാന്‍സ് പോലെയാണ്.ഇത്രത്തോളം കഴിവുകളുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത് പോലും.വീഡിയോ ചെയ്യാനുള്ള ദിവസങ്ങളിലൊക്കെ ബാക്കി കാര്യങ്ങളൊക്കെ സെറ്റ് ചെയ്ത് റെഡിയാക്കുന്നത് അച്ഛനും അമ്മയുമാണ്.അതുപോലെ പറഞ്ഞു കൊടുക്കുന്നത് അതുപോലെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനും ഇരുവര്‍ക്കും പ്രത്യേക കഴിവുണ്ട്.ഭര്‍ത്താവ് ആണ് വീഡിയോ ഷൂട്ട് ചെയ്ത് തരുന്നത്.ക്യാമറയ്ക്ക് മുന്നിലെത്താറില്ലെങ്കിലും അദ്ദേഹം വോയിസ് ഒക്കെ തന്ന് വീഡിയോയില്‍ സാന്നിധ്യം അറിയിക്കാറുണ്ട്.ഇവിടെ എല്ലാവര്‍ക്കും വലിയ ഇന്‍ട്രസ്റ്റാണ് ഞാന്‍ കലാമേഖലയില്‍ താല്‍പര്യമുള്ള ആളായിരുന്നു പിന്നെ പഠനവുമായി ബന്ധപ്പെട്ട് അതിലേക്ക് ശ്രദ്ധ പോയതോടെ ബാക്കി ഒക്കെ പതിയെ അവസാനിപ്പിക്കുകയായിരുന്നു.എന്റെ വീട്ടിലും അച്ഛനും അമ്മയ്ക്കും ഒക്കെ വലിയ സന്തോഷമാണ്.പ്രത്യേകിച്ച് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നുള്ള സപ്പോര്‍ട്ട് കാണുമ്പോള്‍.


മലയാളി യൂട്യൂബര്‍മാര്‍ക്കിടയില്‍ പല മേഖലയിലുള്ള പ്രൊഫഷണല്‍സിനെയും കാണാറുണ്ടെങ്കിലും ഒരല്‍പ്പം സീരിയസായി സമൂഹം കരുതുന്ന ഡോക്ടര്‍മാര്‍ ചുരുക്കമാണ് പ്രത്യേകിച്ച് കോമഡി വീഡിയോകളാകുമ്പോള്‍ ? ഡോക്ടര്‍ ആണ് അതുകൊണ്ട് ഇത്രയ്ക്ക് വേണോ എന്ന് ഉപദേശിച്ചവരുണ്ടോ ?

ഡോക്ടര്‍ ആയോണ്ട് ഇത്രയ്ക്ക് അങ്ങട് വേണോ എന്നൊന്നും എന്നെ അറിയാവുന്നവര്‍ ചോദിക്കില്ല.സ്‌കൂള്‍ തലത്തിലെ കലാതിലകമൊക്കെയായിരുന്നു.കോമഡി ചെയ്യുന്നത് പക്ഷെ വലിയ അതിശയമായിരുന്നു എല്ലാവര്‍ക്കും.എന്നോട് ഇതുവരെ മോശം കമന്റൊ,ഉപദേശമോ ആയി ആരും വന്നിട്ടേയില്ല,ഇനി എന്റെ മുന്നില്‍ വെച്ച് പറയാത്തതാണോ എന്നും അറിയില്ല.എന്റെ ജോലി സ്ഥലത്താണെങ്കിലും വീട്ടിലാണെങ്കിലും മോശമായൊരു അനുഭവം ഉണ്ടായിട്ടില്ല.ഡോക്ടര്‍ എന്ന നിലയിലുള്ള ബഹുമാനം നേരത്തെ കിട്ടുന്നതാണ് അതിപ്പോള്‍ ജോലി സ്ഥലത്ത് കൂടിയിട്ടേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്.വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയ ശേഷം ആണ് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ എല്ലാരും ഇടപഴകുന്നത്.

ആയൂര്‍വേദ ഡോക്ടര്‍ ആണ് ഞാന്‍. 2014 മുതല്‍ പ്രാക്ടീസ് ചെയ്യുന്നു.ഈ ഡോക്ടര്‍ എന്നു പറഞ്ഞാല്‍ ശരിക്കും സീരിയസ് മേഖലയാണോ...ഹ..ഹാ. അങ്ങനെയാണെങ്കിലും അത്രത്തോളം ഗൗരവ പ്രകൃതമുള്ള സ്വഭാവമല്ല എന്റേത്. ഏത് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റൊരു സ്വതസിദ്ധമായ കഴിവുണ്ടാകും.ഞാന്‍ എന്റെ കലാപരമായ കഴിവ് ഒന്ന് മോള്‍ഡ് ചെയ്തെടുത്തു.അതില്‍ സന്തോഷിക്കുന്നു എന്ന് മാത്രം.

കരയാനും ചിന്തിച്ച് തലപുകയ്ക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടോ എന്ന് സംശയമാണ്.കോമഡി കേള്‍ക്കാനും അതുകേട്ട് പൊട്ടിച്ചിരിക്കാനും എല്ലാരും ഇഷ്ടപ്പെടുന്നു അതുകൊണ്ടാണ് ആ ട്രാക്ക് അങ്ങ് പിടിച്ചത്.എന്ന് കരുതി എല്ലാം കോമഡിമാത്രമല്ല കേട്ടോ.സീരിയസായ സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങളും,ചിന്തിക്കാനുള്ള വിഷയങ്ങളും ഒക്കെ ഞാന്‍ വീഡിയോ ചെയ്തിട്ടുണ്ട്.


ആദ്യ നാളുകളില്‍ ആരോഗ്യമേഖലയില്‍ തന്നെയല്ലെ വീഡിയോകള്‍ ചെയ്തു തുടങ്ങിയത് പെട്ടെന്ന് ട്രാക്ക് മാറ്റാനുള്ള കാരണം ?

ആരോഗ്യ മേഖലയിലും ഇലക്ട്രിക്കല്‍ സംബന്ധമായ വീഡിയോകളും ഒക്കെയാണ് ആദ്യം ചെയ്തിരുന്നത്. ഇലക്ട്രിക്കല്‍ വീഡിയോകള്‍ക്ക് മുന്‍പ് ഒരു ഇന്‍ട്രോ വീഡിയോ ചെയ്യുമായിരുന്നു.പക്ഷെ അതിനായിരുന്നു കൂടുതലും കമന്റുകളൊക്കെ വരുന്നത്.അതോടെയാണ് ഇത്തരം വീഡിയോകളാണ് ആളുകള്‍ക്കിഷ്ടം എന്ന് തോന്നിതുടങ്ങുന്നതും ട്രാക്ക് മാറ്റിപിടിക്കുന്നതും.


എല്ലാ യൂട്യൂബേഴ്സിനോടും ചോദിക്കുന്നത് പോലെ തന്നെ ഇതൊരു വരുമാനം എന്ന രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് തോന്നിയിട്ടുണ്ടോ ?

വരുമാനം എന്ന രീതിയില്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് തന്നെ പറയാം.ആദ്യമൊക്കെ വെറുതെ ചെയ്തതാണ്.പാഷന്‍ എന്നൊക്കെ പറയാം.പിന്നീട് വരുമാനം കിട്ടാന്‍ തുടങ്ങിയപ്പോള്‍ ആണ് വരുമാന സാധ്യതയെ കുറിച്ചൊക്കെ ചിന്തിക്കുന്നത്.അധ്വാനിക്കുന്നതിന് ഒരു പ്രതിഫലം കിട്ടുക എന്നത് വലിയൊരു കാര്യമാണ്.ഒരുപാട് സന്തോഷം തോന്നാറുണ്ട്.

നെഗറ്റീവ് കമന്റുകളുമായി നിരുത്സാഹപ്പെടുത്താന്‍ എത്തുന്നവരെ എങ്ങനെ ഡീല്‍ ചെയ്യുന്നു ?

നെഗറ്റീവ് കമന്റുകളുടെ ആക്രമണം ഒന്നും എനിക്ക് നേരെ ഭീകരമായ തോതിലുണ്ടായിട്ടില്ല.പക്ഷെ ബോഡി ഷെയിമിംഗ് കമന്റുകളൊക്കെ കാണാം.ഞാന്‍ കുറച്ച് തടിച്ച ശരീര പ്രകൃതമുള്ളയാളാണ്.രണ്ട് മൂന്ന് കമന്റുകള്‍ അത്തരല്‍ കണ്ടിരുന്നു ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല.തുടക്കത്തില്‍ ചിലതൊക്കെ കണ്ട് വേദന തോന്നിയിരുന്നു അതിപ്പോ എല്ലാവര്‍ക്കും തോന്നുമല്ലോ ഇപ്പോ അങ്ങനെയൊന്നുമില്ലെന്ന് പറയാം.ചിലരൊക്കെ മനപൂര്‍വ്വം നിരുത്സാഹപ്പെടുത്താനായി കച്ചക്കെട്ടി ഇറങ്ങും.അത്തരത്തിലൊരാള്‍ കമന്റിട്ടാല്‍ തീരുന്നതല്ലല്ലോ നമ്മളുടെ ആത്മവിശ്വാസം.എന്തുകൊണ്ട് എന്റെ ശരീരം വണ്ണം വെയ്ക്കുന്നു എന്ന് ഡോക്ടര്‍ കൂടിയായതുകൊണ്ട് നന്നായി അറിയാം.എനിക്ക് ആരെയും ബോധ്യപ്പെടുത്തേണ്ടത് ഇല്ലല്ലോ അതുകൊണ്ട് തന്നെ ബോഡി ഷെയിമിങ്ങും നെഗറ്റീവ് കമന്റുകള്‍ക്കും ചെവികൊടുക്കാറില്ല.

മാനസികമായി തളര്‍ത്തുന്ന രീതിയുള്ള പ്രശ്നങ്ങളൊന്നും അഭിമുഖീകരിച്ചിട്ടില്ല.ഞാന്‍ അത്രയ്ക്കൊന്നും വലിയ ആളായിട്ടില്ല,ഇനി എന്നേലും വലിയൊരു നിലയിലെത്തുമ്പോള്‍ ഉണ്ടായിക്കൂടായെന്നുമില്ല.


യൂട്യൂബിനെ പോലെ ഇന്‍സ്റ്റഗ്രാം,ഫെയ്സ്ബുക്ക് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു ?

ഫെയ്സ്ബുക്ക് ,ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.ആകെക്കൂടി ഒരു വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടായിരുന്നു.വീഡിയോ ചെയ്യാനായിട്ടാണ് യൂട്യൂബില്‍ അക്കൗണ്ട് തുടങ്ങുന്നത്.പിന്നെ ഈ വീഡിയോകള്‍ പ്രൊമോട്ട് ചെയ്യാനെന്നുള്ള രീതിയിലാണ് ഫെയ്സ്ബുക്ക് ,ഇന്‍സ്റ്റഗ്രാം പേജുകളൊക്കെ ആരംഭിക്കുന്നത്.ഫെയ്സ്ബുക്ക് പേജ് പോലുള്ള പല കാര്യങ്ങളും പിന്നീടാണ് പഠിക്കുന്നത്.ഇപ്പോഴും ഇവയിലൊന്നും കാര്യമായ ജ്ഞാനം എനിക്കില്ലാത്തതിനാല്‍ ഭര്‍ത്താവാണ് സഹായിക്കുന്നത്.


എന്താണ് കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ സ്വയം കാണുന്ന ഭാവി? മറ്റെന്തെങ്കിലും സ്വപ്നമുണ്ടോ ?

കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍ ജോലിക്കൊപ്പം കൊണ്ടു പോകാന്‍ തന്നെയാണ് തീരുമാനം.മുഴുവന്‍ സമയം യൂട്യൂബര്‍ എന്നൊന്നും ചിന്തിക്കാന്‍ എനിക്ക് സാധിക്കില്ല.ജോലിയും അതിനൊപ്പം വീഡിയോകളും ചെയ്യാന്‍ കഴിഞ്ഞാല്‍ സന്തോഷം.ഒന്നിനു വേണ്ടിയും മറ്റൊന്നു ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നില്ല.ഒന്ന് എന്റെ പ്രൊഫഷനും മറ്റേത് എന്റെ പാഷനുമാണ്.പെട്ടെന്ന് വലിയൊരു ആളാകാണം എന്നൊന്നും ആഗ്രഹമില്ല.പതിയെ ആണെങ്കിലും ആളുകള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ആരെയും ബുദ്ധിമുട്ടിക്കാതെ വളരാനാണ് എനിക്കിഷ്ടം.അതിനായി സമയമെടുക്കാനും ഞാന്‍ റെഡിയാണ്.

വാക്കുകളില്‍ വളരെ ഗൗരവമുള്ള കാര്യങ്ങള്‍ നിറച്ച് നമ്മളോട് സംസാരിച്ച വീണ തന്റെ പുതിയ വീഡിയോയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാന്‍ ഈ ഡോക്ടര്‍ എത്തുന്നത് ജോലിയും,വീട്ടുകാര്യവും,കുഞ്ഞിന്റെ കാര്യങ്ങളും ഒക്കെ തീര്‍ത്തുകൊണ്ടാണ്.തിരക്കിട്ട ജീവിതത്തില്‍ ചിരിയോടെ സഞ്ചരിക്കാന്‍ വീണ നമുക്കെല്ലാം വലിയ പ്രചോദനം തന്നെയാണ്.

 

യൂട്യൂബ് : https://www.youtube.com/channel/UCn41q3Ls9Ub4dmGraBd4Y_g

ഫെയ്‌സ്ബുക്ക് : https://www.facebook.com/veenakannan.YouTube

ഇന്‍സ്റ്റഗ്രാം : https://www.instagram.com/veenakannan.k/?hl=en
 

 

Story highlights: Veena Kannan Working as an ayurvedic doctor by profession and Acting,dancing, singing all are her all time Passion. in her youtube channel she like to share good entertaining videos 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.