Sections

ആരുടെയും സംതൃപ്തിക്ക് വേണ്ടിയല്ല, എനിക്ക് വേണ്ടിയാണ് വീഡിയോകൾ ചെയ്യുന്നത്-കൂട്ടുനിൽക്കാൻ കുടുംബമുണ്ട് ഓരോ നിമിഷവും ആഘോഷിച്ച് അനുപ

Saturday, Apr 02, 2022
Reported By Jeena S Jayan
interview

തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാത്തിനെയും പോസിറ്റീവോടെ മാത്രം നോക്കി കാണുന്ന ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പെണ്‍കുട്ടി.അനുപയുടെ മറ്റുവിശേഷങ്ങള്‍ അറിയാം നമുക്ക്...

 

'എന്റെ പേര് അനുപ ജയകുമാര്‍,പഠിച്ചതും വളര്‍ന്നതുമൊക്കെ എറണാകുളത്താണ്.anupa nikhil എന്ന പേരില്‍ എനിക്കൊരു യൂട്യൂബ് ചാനലുണ്ട് ,ചാനല്‍ പേരിലെ നിഖില്‍ മറ്റാരുമല്ല എന്റെ ഭര്‍ത്താവാണ്' ....അനുപ പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്,ആത്മവിശ്വാസം ഓരോ വാക്കുകളിലും നിറഞ്ഞിരിക്കുന്നു.തന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാത്തിനെയും പോസിറ്റീവോടെ മാത്രം നോക്കി കാണുന്ന ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ പെണ്‍കുട്ടി.അനുപയുടെ മറ്റുവിശേഷങ്ങള്‍ അറിയാം നമുക്ക്...

അനുപ എന്ന വീഡിയോ ക്രിയേറ്ററിന് മുന്‍പ് അനുപ ആരായിരുന്നു ?

യൂട്യൂബ് ചാനലിലേക്ക് എത്താന്‍ ഒരുപാട് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.പക്ഷെ ഞാന്‍ ഒരിക്കലും ഒരു വീഡിയോ ക്രിയേറ്റര്‍ ആകുമെന്ന് കരുതിയിരുന്നില്ല,സാഹചര്യങ്ങള്‍ എന്നെ ശരിക്കും കൃത്യമായി നയിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.ഞാന്‍ പഠിച്ചതും എറണാകുളത്ത് തന്നെയായിരുന്നു.ഫിനാന്‍സില്‍ ആയിരുന്നു എംബിഎ ചെയ്തത് അതിനുശേഷം ക്യാംപസ് പ്ലെയ്സ്മെന്റില്‍ തന്നെ  ജോലി ചെയ്തു.ആദ്യം മാര്‍ക്കറ്റിംഗ് വിഭാഗത്തിലായിരുന്നു.വിവാഹത്തോട് അനുബന്ധിച്ച് ഒരു ഇടവേളയ്ക്കു ശേഷം ആണ് റിനൈ മെഡിസിറ്റിയില്‍ ജോയിന്‍ ചെയ്യുന്നത് അതും ഗസ്റ്റ് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍.കാര്യങ്ങള്‍ മികച്ച രീതിയില്‍ പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് എന്ന ഭീകരന്‍ എത്തുന്നത്.വീട്ടില്‍ അച്ഛനമ്മമാരൊക്കെ പ്രായമായവരാണ് അതും ആശുപത്രി അന്തരീക്ഷവും കൂടി ബുദ്ധിമുട്ടുണ്ടാക്കുമെന്നു ഉറപ്പായപ്പോള്‍ ജോലി വിട്ടു.ലോകം കോവിഡിന്റെ ഭീതിയിലിരുന്ന ആ കാലത്ത് തന്നെയാണ് ഞാന്‍ യൂട്യൂബില്‍ ചാനല്‍ ആരംഭിക്കുന്നതും.

എങ്ങനെയാണ് യൂട്യൂബ് ചാനല്‍ എന്ന ഐഡിയയിലേക്ക് എത്തിയത് ?

ഈ കാര്യത്തില്‍ ഭര്‍ത്താവിന് ആണ് താങ്ക്സ് പറയേണ്ടത്,കാരണം പുള്ളിയാണ് എന്റെ യൂട്യൂബ് ലോകത്തേക്കുള്ള വഴി കാട്ടി.പൊതുവെ പേടിയുള്ള സ്വഭാവമാണ് എന്റേത്.വ്യക്തമായി പറഞ്ഞാല്‍ സ്റ്റേജ് ഫിയര്‍ കാരണം നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്.പഠനകാലത്തൊക്കെ ക്ലാസിലെ സ്വന്തം സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നിന്നൊരു സെമിനാര്‍ പേപ്പര്‍ പോലും അവതരിപ്പിക്കാന്‍ ഞാനൊരുപാട് പ്രയാസപ്പെട്ടിട്ടുണ്ട്.ആ പേടി മാറ്റാനും കൂടിയാണ് ഭര്‍ത്താവ് എന്നോട് ഒരു ചാനല്‍ ആരംഭിക്ക് എന്ന് പറയുന്നത്.പുള്ളി പറഞ്ഞെങ്കിലും കുറയേറെ സംശയങ്ങളും ആശങ്കകളും ഒക്കെ വല്ലാതെ വീര്‍പ്പുമുട്ടിച്ചിരുന്നു.ഇതൊക്കെ എന്നെകൊണ്ട് സാധിക്കോ ? അതുപോലെ ഞാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പ്രേക്ഷകരിലേക്ക് പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുമോ? തുടങ്ങിയ പ്രശ്നങ്ങളൊക്കെ ആകെ വലച്ചിരുന്നു.ഒരു തീരുമാനത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും ഫുള്‍ സപ്പോട്ടുമായി കൂടെ നിന്നു.അവര്‍ക്ക് വലിയ താല്‍പര്യമായിരുന്നു ശരിക്കും എന്നെക്കാള്‍ ഇന്‍ട്രസ്റ്റ് അച്ഛനും അമ്മയ്ക്കും തന്നെയായിരുന്നു.

ആ ദിവസം എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്.അച്ഛന്‍ കലൂര്‍ ഉണ്ണികൃഷ്ണന്‍ അറിയപ്പെടുന്ന എഴുത്തുകാരനാണ്.ഞാന്‍ ചാനല്‍ തുടങ്ങുന്ന കാര്യം പറഞ്ഞപ്പോഴേക്കും അച്ഛന്‍ എനിക്ക് ഒരു കെട്ട് മാഗസിനുകള്‍ കൈയ്യില്‍ തന്നിട്ട് അതിലുള്ള ഹെയര്‍കെയര്‍,സ്‌കിന്‍ കെയര്‍ ടിപ്സ് ഒക്കെ വായിച്ചു നോക്കി വീഡിയോ ചെയ്യാന്‍ പറഞ്ഞു.ഒരുപാട് കാലത്തേക്കുള്ള വീഡിയോ കണ്ടന്റ് അതിനുള്ളിലുണ്ടെന്ന് പ്രത്യേകം പറയുകയും ചെയ്തു.എനിക്ക് വലിയ സന്തോഷമായിരുന്നു.ചാനല്‍ തുടങ്ങുന്ന കാര്യം എന്റെ വീട്ടില്‍ പറഞ്ഞപ്പോഴും മറിച്ചായിരുന്നില്ല പ്രതികരണം; പൊതുവെ എല്ലാരോടും ഒരു അകലത്തില്‍ പെരുമാറുന്ന,സ്റ്റേജ് ഫിയറുള്ള എന്നെകൊണ്ട് യൂട്യൂബ് ചാനല്‍ റണ്‍ ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക മാത്രമാണ് എന്റെ അമ്മയ്ക്കും അച്ഛനും ഉണ്ടായിരുന്നത്.ഒരിക്കലും കുടുംബത്തിനുള്ളില്‍ നിന്ന് എനിക്ക് ഈ കാര്യത്തില്‍ ഒരു 'നോ' കേള്‍ക്കേണ്ടി വന്നിട്ടേയില്ല.വലിയ പ്രോത്സാഹനമാണ് എല്ലാവരും തന്നതും തരുന്നതും.

ചാനല്‍ തുടങ്ങുമ്പോള്‍ അതെന്തായാലും ഒരു സ്പെഷ്യല്‍ ഡേയില്‍ തന്നെയാകണം എന്നുണ്ടായിരുന്നു.അങ്ങനെ എന്റെ ജന്മദിനത്തില്‍ അതായത് 2020 മെയ് 7ന് ചാനല്‍ തുടങ്ങുകയായിരുന്നു.ഇപ്പോള്‍ രണ്ട് കൊല്ലമാകുന്നു.അന്നത്തെ അനുപയില്‍ നിന്ന് ഞാനൊരുപാട് മാറി.ക്യാമറയ്ക്ക് മുന്നില്‍,ആളുകള്‍ക്ക് മുന്നില്‍ പേടിക്കാതെ നില്‍ക്കാനും സംസാരിക്കാനും ഒക്കെ സാധിക്കുന്നു.ഇതൊന്നും ഒരിക്കലും സാധിക്കുമെന്ന് ഞാന്‍ കരുതിയില്ല.

ആദ്യത്തെ ദിവസം ഞാന്‍ എന്റെ ഇന്‍ട്രോ വിഡിയോ എടുക്കാനായി ഒരു സാരിയൊക്കെ ഉടുത്ത് അടിപൊളിയായി വന്ന് ക്യാമറ ഓണ്‍ ചെയ്തു.നിങ്ങള്‍ ആ വീഡിയോ കണ്ടാല്‍ അറിയാം നല്ല വെളിച്ചത്തില്‍ തുടങ്ങിയ വീഡിയോ അവസാനിക്കുന്നത് ഇരുട്ടിലാണ്.ഉച്ചയ്ക്ക് ഒരു മണിക്ക് ആണ് ഷൂട്ട് തുടങ്ങുന്നത് ഒരു മിനുട്ട് പോലുമില്ലാത്ത ആ വീഡിയോയ്ക്ക് വേണ്ടി ഞാന്‍ മണിക്കൂറുകളാണ് ചെലവാക്കിയത്.എന്നെക്കൊണ്ട് സാധിക്കില്ലെന്ന് ഉറപ്പിച്ചതാണ്,പക്ഷെ ഏട്ടന്‍ എത്ര വൈകിയാലും ചെയ്തേ പറ്റൂ എന്ന് പറഞ്ഞ് കൂടെ നിന്നു.അങ്ങനെ ഞാന്‍ വീഡിയോകള്‍ ചെയ്തു തുടങ്ങി..ഇന്ന് അതൊക്കെ അലോചിക്കുമ്പോള്‍ ഇപ്പോള്‍ അത്ഭുതമാണ്.

ആദ്യ നാളുകള്‍ എത്രമാത്രം ശ്രമകരമായിരുന്നു ?

വീഡിയോ ഇടാനേ ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു.വീഡിയോ ഇട്ടു തുടങ്ങും മുന്‍പെ ഏട്ടന്‍ എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു.ഒന്നിനു വേണ്ടിയും ആരെയും ആശ്രയിക്കരുത്.ക്യാമറയാണെങ്കിലും എഡിറ്റിംഗ് ആണെങ്കിലും ഒക്കെ ഒറ്റയ്ക്ക് ചെയ്യണം.ഇതനുസരിച്ച് യൂട്യൂബ് വീഡിയോകളും ട്യൂട്ടോറിയലും ഒക്കെ കണ്ടും പിന്നെ ഏട്ടന്റെ സഹായത്തോടെയും അത്യാവശ്യം എഡിറ്റിംഗ് വിദ്യയൊക്കെ മനസിലാക്കി പ്രീമിയറിലാണ് പഠിച്ചത്.പിന്നെ ക്യാമറയും അതുപോലെ പഠിച്ചു.അപ്പോഴും എനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനോ സംസാരിക്കാനോ ഒക്കെ വലിയ പ്രയാസമായിരുന്നു.ആദ്യത്തെ മൂന്ന് നാല് വീഡിയോ ഇതെപോലെ തന്നെ പോയി.ചാനലിന്റെ തുടക്കത്തില്‍ ഏട്ടന്റെ ബര്‍ത്ത്‌ഡേയ്ക്ക് ഒരു സര്‍പ്രൈസ് വീഡിയോ ചെയ്തിരുന്നു.അത് അത്യാവശ്യം കഷ്ടപ്പെട്ട വീഡിയോ ആയിരുന്നു അത്.ഏട്ടന്റെ സുഹൃത്തുക്കളെ ഒക്കെ സംഘടിപ്പിച്ച് അവരുടെ വീഡിയോ ക്ലിപ്പുകളെടുത്ത് ഞാന്‍ തന്നെ സ്വന്തമായി എഡിറ്റ് ചെയ്ത് പൂര്‍ത്തിയാക്കി.എനിക്ക് ഒരുപാട് ആത്മവിശ്വാസം നല്‍കിയ വീഡിയോ ആയിരുന്നു അത്.അതിനുള്ളില്‍ ഞാന്‍ വിഷ് ചെയ്ത ഭാഗം ഒറ്റടേക്കിലാണ് പൂര്‍ത്തിയാക്കിയത്.പിന്നീട് എന്റെ യൂട്യൂബ് ജേര്‍ണിയിലെ വലിയൊരു വഴിത്തിരിവായിരുന്നു ആ വീഡിയോ.

ഫസ്റ്റ് അപ്ലോഡ് ചെയ്ത വീഡിയോയും ഏറ്റവും ഒടുവിലായി പുറത്തുവിട്ട വീഡിയോയും ഓര്‍ക്കുമ്പോള്‍ എന്താണ് മനസില്‍ തോന്നുന്നത് ?

ഇന്‍ട്രോ വീഡിയോ ആണ് ആദ്യ വീഡിയോ.അതെ കുറിച്ച് മുകളില്‍ പറഞ്ഞല്ലോ ഒരുപാട് ടേക്കൊക്കെ പോയ വീഡിയോ ആിരുന്നു അത്.പിന്നെ രണ്ടാമത് ഞാന്‍ ചെയ്യുന്നത് ഒരു ബ്യൂട്ടി ടിപ്പ് വീഡിയോ ആണ്.ഇത്തരം വീഡിയോകളില്‍ നമുക്ക് റീ ടേക്ക് പോകുക പ്രയാസം ആണ്.ഒരു പ്രോസസ് നടന്നു കൊണ്ടിരിക്കുമ്പോള്‍ അത് ബ്രേക്ക് ചെയ്ത് വീണ്ടും ആവര്‍ത്തിക്കാന്‍ കഴിയില്ലല്ലോ.പ്രോഡക്ട്‌സ് ഉപയോഗിച്ച് ചെയ്ത് തുടങ്ങി കഴിഞ്ഞാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ വെറുതെ പ്രോഡക്ട് പാഴാക്കി കളയുകയും വേണം.അതുകൊണ്ട് ബ്യൂട്ടി ടിപ്‌സ് ചെയ്യേണ്ട എന്ന് പോലും കരുതിയിരുന്നു.പിന്നെ ആലോചിച്ചു 'ഞാന്‍ എന്തായാലും തുടങ്ങി ഇനി എന്തായാലും മുന്നോട്ടു പോകാം' ഒപ്പം എനിക്ക് ആത്മവിശ്വാസം ഉയര്‍ത്തേണ്ടത് ഏറ്റവും വലിയ ആവശ്യവുമായിരുന്നു.ഇപ്പോള്‍ ഞാന്‍ കൂളാണ്,എവിടെയും ആരുടെ മുന്നിലിരുന്നാലും അവരെന്ത് വിചാരിക്കും എന്നൊന്നും ചിന്തിക്കാറില്ല,വീഡിയോ എടുക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല.വേഗത്തില്‍ സംസാരിക്കാനും ഫ്‌ളോ ബ്രേക്ക് ചെയ്യാതെ അവതരിപ്പിക്കാനും ഒക്കെ സാധിക്കുന്നുണ്ട്.ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നുണ്ട്.എഡിറ്റിംഗ് ടെക്‌നിക്കുകളും കണ്ടന്റ് റിസര്‍ച്ചും ഒക്കെയായി വൈവിധ്യങ്ങള്‍ നിറഞ്ഞ പലതും പഠിച്ചെടുക്കാലോ.അതുപോലെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ രേഖപ്പെടുത്തിവെയ്ക്കാന്‍ കഴിയുന്നു.ബര്‍ത്ത്‌ഡേ സെലിബ്രേഷന്‍ ആയാലും ഔട്ടിംഗ് ആയാലും ഒക്കെ ഷൂട്ട് ചെയ്ത് ജീവിതത്തിന്റെ ഭാഗമാക്കാം ഒരു ഡയറി പോലെ യൂട്യൂബ് ചാനല്‍ മാറികഴിഞ്ഞു.


മറ്റുള്ള യൂട്യൂബേഴ്സുമായി ഒരു സന്തോഷകരമായ മത്സരം നിലനില്‍ക്കുന്നുണ്ടോ ?

ഒരിക്കലുമില്ല...ഓരോരുത്തരും വ്യത്യസ്തങ്ങളായ രീതിയില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങള്‍ അണ് അവതരിപ്പിക്കുന്നത്.ഓരോ ചാനലിനും അവരുടേതായ ഒരു യുണീക് ഐഡന്റിറ്റിയുണ്ടെന്ന് പറയുന്നതാകും ശരി.യൂട്യൂബേഴ്‌സായിട്ടുള്ള ഒരുപാട് സുഹൃത്തുക്കളെ സമ്പാദിക്കാന്‍ എനിക്കു സാധിച്ചിട്ടുണ്ട്.ഒരിക്കലും മത്സര ബുദ്ധിയില്‍ സമീപിക്കാന്‍ തോന്നിയിട്ടേയില്ല.നമുക്കൊപ്പം എല്ലാരും വളരുന്നത് കാണാന്‍ തന്നെയാണ് താല്‍പര്യം.കൊളാബ്രേഷന്‍ ഒക്കെ വരുമ്പോള്‍ സുഹൃത്ത് വലയത്തില്‍ മറ്റുള്ളവര്‍ക്ക് കിട്ടിയിട്ടില്ലെങ്കില്‍ കണക്ട് ചെയ്തു കൊടുക്കാനും പരസ്പരം സഹായിക്കാനും ഒക്കെ ശ്രമിക്കാറുണ്ട്.എല്ലാം എനിക്ക് മാത്രം എന്നൊന്നും ചിന്തിക്കാറില്ല, ഞങ്ങള്‍ പലപ്പോഴും ഒരുമിച്ചു കൂടാറുണ്ട് അവിടെ യൂട്യൂബ് കണ്ടന്റുകളൊന്നും അല്ല ചര്‍ച്ച ചെയ്യുക കംപ്ലീറ്റ് സൗഹൃദം മാത്രം.ഇനി ആരെങ്കിലും എന്റെ വീഡിയോ കോപ്പിയടിച്ചോ മോഷ്ടിച്ചോ എന്നൊന്നും ആലോചിച്ച് തലപുകയ്ക്കാറുമില്ല.ഒരുപക്ഷെ ചിലതൊക്കെ ഞാന്‍ ചെയ്യുന്നതിനെക്കാള്‍ രസകരമായി അവതരിപ്പിക്കുന്നവരുണ്ടാകും.എനിക്ക് കഴിയുന്നത് ഞാന്‍ എന്റെ ചാനലില്‍ ചെയ്യുന്നു.അതിനിടയില്‍ മത്സരിക്കേണ്ട ആവശ്യമൊന്നുമില്ല.പിന്നൊരു കാര്യം ഞാന്‍ എല്ലാവരുടെയും വീഡിയോസ് കാണാറുണ്ട്, അഭിപ്രായങ്ങളൊക്കെ അറിയിക്കാറുമുണ്ട്.


എപ്പോഴെങ്കിലും താനൊരു യൂട്യൂബര്‍ ആകുമെന്ന് ചിന്തിച്ചിരുന്നോ ?

ചാനല്‍ തുടങ്ങിയപ്പോള്‍ പോലും വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല.പണ്ടും ഞാന്‍ പല യൂട്യൂബേഴ്‌സിന്റെയും വീഡിയോകള്‍ കാണാറുണ്ടായിരുന്നു അപ്പോഴൊന്നും അവരെ പോലെ ആകണമെന്നോ വീഡിയോ ക്രിയേറ്റ് ചെയ്യണമെന്നോ തോന്നിയിരുന്നില്ല.എനിക്ക് സാധിക്കാത്ത ഫീല്‍ഡ് ആണെന്നായിരുന്നു വിശ്വാസം.വീഡിയോ ചെയ്തു തുടങ്ങിയ ശേഷം ഇതെന്താ നേരത്തെ തോന്നാത്തെ എന്നായി ചിന്തകള്‍.എല്ലാത്തിനും അതിന്റേതായ സമയമുണ്ടാകുമല്ലോ അങ്ങനെയൊരു സമയം വന്നപ്പോഴായിരിക്കും ഞാന്‍ ചാനല്‍ തുടങ്ങിയതെന്നാണ് വിശ്വസിക്കുന്നത്.എന്തായാലും ഒരു ഇന്‍ഫ്‌ളുവന്‍സര്‍,വീഡിയോ ക്രിയേറ്റര്‍ എന്ന രീതിയില്‍ ഞാന്‍ വളരെയധികം ആസ്വദിക്കുന്നു.സബ്‌സ്‌ക്രൈബേഴ്‌സ് ഫാമിലി വളരെ പ്രോത്സാഹനം നല്‍കുന്ന ഒരുകൂട്ടമാണ്.എന്റെ ടിപ്പുകളും ഫാഷനും ശ്രദ്ധിക്കാനും പരീക്ഷിച്ച് അഭിപ്രായം അറിയിക്കാനും ഒക്കെ സമയം കണ്ടെത്തുന്നു.വലിയ രീതിയിലുള്ള സപ്പോട്ടാണ് അവരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

അത്യാവശ്യം ഫാന്‍സൊക്കെയുണ്ടല്ലോ.പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നുണ്ടോ ?

ഇപ്പോള്‍ അത്യാവശ്യം ആളുകള്‍ വന്ന് സംസാരിക്കാറുണ്ട്,ഫോട്ടോയെടുക്കാറുണ്ട് വലിയ സന്തോഷമാണ്.വീഡിയോ ചെയ്ത് തുടങ്ങുമ്പോള്‍ കോവിഡ് ലോക്ക്ഡൗണ്‍ ഒക്കെ ആയിരുന്നല്ലോ.പുറത്തിറങ്ങിയാലും മാസ്‌ക് ഇട്ട് മുഖം മറച്ചല്ലേയാത്ര ആരും തിരിച്ചറിയുന്നുണ്ടായിരുന്നില്ല.അങ്ങനെയിരിക്കെയാണ് ലുലു മാളില്‍ വെച്ച് ഞാന്‍ ഇട്ടിരുന്നൊരു കമ്മല്‍ കണ്ട് അനുപ നിഖില്‍ അല്ലെയെന്ന് ചോദിച്ചൊരാള്‍ എത്തുന്നത്.സത്യത്തില്‍ ഷോക്കായി പോയി.ഞാന്‍ ചെയ്യുന്നതും ധരിക്കുന്നതുമൊക്കെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ത്രില്ലായി.ഇപ്പൊഴൊക്കെ ഒരുപാട് പേര്‍ തിരിച്ചറിയുന്നുണ്ട്.ഫാമിലിയെ കുറിച്ച് പോലും ആളുകള്‍ അന്വേഷിക്കുന്നു.ഇതൊക്കെ കാണുമ്പോള്‍ പ്രത്യേക സന്തോഷമുണ്ട്.പല വീഡിയോയിലും സബ്‌സ്‌ക്രൈബേഴ്‌സിനെ അവരുടെ അനുവാദത്തോടെ ഞാന്‍ കാണിക്കാറുണ്ട്.

ഒരു വീഡിയോയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ എന്തൊക്കെയാണ് നടത്താറ് ?

വലിയ ഒരുക്കങ്ങളൊന്നുമില്ല,ബ്യൂട്ടി ടിപ്പ്‌സ് & റിവ്യു പോലുള്ളവയില്‍ പ്രോഡക്ടുകള്‍ കൈയ്യില്‍ കിട്ടാനുള്ള കാലതാമസം ഒക്കെയുണ്ടാകും.പിന്നെ അത് ഉപയോഗിച്ച് എനിക്ക് ഫീല്‍ ചെയ്യുന്ന കാര്യങ്ങളാണ് ഞാന്‍ റിവ്യൂ വീഡിയോയില്‍ ഇടുന്നത്.അത്യാവശ്യം റിസര്‍ച്ച് വേണ്ടി വരാറുണ്ട്.ഓരോ പ്രോഡക്ടിന്റെയും ഇന്‍ഗ്രീഡിയന്റ് അതിന്റെ പാര്‍ശ്വഫലങ്ങള്‍,സ്‌കിന്‍ ടൈപ്പുകളില്‍ അവ എങ്ങനെ പ്രതികരിക്കുന്നു തുടങ്ങിയ ഒരുപാട് വിശാലമായ പഠനം നടത്തിയൊക്കെയാണ് വീഡിയോയ്ക്കായി തയ്യാറാകുന്നത്.ഇതൊക്കെ ഒറ്റ ദിവസത്തില്‍ നടക്കുന്ന കാര്യങ്ങളല്ല.ഫാഷന്‍ ആണെങ്കിലും വസ്ത്രങ്ങള്‍ സംഘടിപ്പിക്കാനുള്ള പാടും,പിന്നെ എങ്ങനെ സ്റ്റൈല്‍ ചെയ്യാം തുടങ്ങിയ വിഷയങ്ങളും ഒക്കെ പ്ലാന്‍ ചെയ്‌തെടുക്കേണ്ടി വരാറുണ്ട്.വ്‌ളോഗ് ആണ് കൂട്ടത്തില്‍ ഈസി.രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പെട്ടെന്നൊരു വ്‌ളോഗ് ചെയ്യാനും എനിക്ക് സാധിക്കും.അതിന് പ്രത്യേകിച്ച് മുന്നൊരുക്കങ്ങള്‍ ഇല്ല.

കുടുംബത്തിന്റെ പിന്തുണ ?

കംപ്ലീറ്റ് സപ്പോട്ട് മാത്രമാണ് ഇവിടെ, അതുപോലെ തന്നെയാണ് എന്റെ വീട്ടിലും.അച്ഛനും അമ്മയും അനിയത്തിയും അവളുടെ ഭര്‍ത്താവും ഒക്കെ ഫുള്‍ പവര്‍ തരും.വീഡിയോകളില്‍ പങ്കെടുക്കാനും അവരും തയ്യാറാകുന്നു.എന്റെ അമ്മയാണ് ക്യാമറ കാണുമ്പോള്‍ ഇത്തിരിയെങ്കിലും ഒഴിവാകുന്നത്.പക്ഷെ അച്ഛന്‍ ക്യാമറയ്ക്ക് മുന്നില്‍ സംസാരിക്കാനൊക്കെ ഇഷ്ടപ്പെടുന്നയാളാണ്.ഏട്ടന്റെ അച്ഛനും അമ്മയും വലിയ താല്‍പര്യം കാണിക്കാറുണ്ട് അവര് സപ്പോട്ട് ചെയ്തില്ലെങ്കില്‍ ഇത്തരത്തില്‍ വീഡിയോ ചെയ്യാനോ ഇന്നത്തെ ലെവലില്‍ എന്റെ ചാനല്‍ എത്തിക്കാനോ ഒരിക്കലും സാധിക്കുമായിരുന്നില്ല.പക്ഷെ ഏറ്റവും വലിയ ദുഖം കോവിഡ് കാരണം ഞങ്ങളെ വിട്ടു എന്നെ ഒരുപാട് സ്‌നേഹിച്ച ഏട്ടന്റെ അച്ഛന്‍ പോയി എന്നതു തന്നെയാണ്.


യൂട്യൂബ് ശരിക്കും ഇതൊരു വരുമാനമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ കഴിയുന്നുണ്ടോ ?

കഴിയും എന്നാണ് എന്റെ ഉത്തരം.പക്ഷെ ഞാന്‍ എനിക്ക് കിട്ടുന്ന യൂട്യൂബ് വരുമാനം അടുത്ത വീഡിയോയിലേക്ക് വേണ്ടിയാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്.അടുത്ത വീഡിയോയ്ക്ക് വേണ്ടി പ്രോഡക്ടുകള്‍ വാങ്ങിക്കാനും മറ്റുമായി ചെലവാക്കുന്നതാണ് എന്റെ ഒരു രീതി.നമ്മള്‍ ഇഷ്ടമുള്ള കാര്യം ചെയ്യുന്നു അതിന്റെ പ്രതിഫലം എല്ലാ മാസവും കൈയ്യില്‍ കിട്ടുന്നു അതില്‍ വലിയ സന്തോഷമുണ്ട്.എനിക്ക് എല്ലാ പെണ്‍കുട്ടികളോടും പറയാനുള്ളതും ഇതാണ്.സ്വന്തമായി വരുമാനം കണ്ടെത്താന്‍ പെണ്‍കുട്ടികള്‍ തയ്യാറാകാണം അതിപ്പോ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും.എനിക്ക് ഒരിക്കലും ഒരു സാധനം വാങ്ങാന്‍ ഏട്ടനോട് കാശ് ചോദിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല.അതുപോലെ നിങ്ങളുടെ ആവശ്യങ്ങള്‍ക്കുള്ള പണം നിങ്ങള്‍ ജോലി ചെയ്ത് തന്നെ സമ്പാദിക്കേണ്ടതുണ്ട്, എന്തൊക്കെ വന്നാലും സ്വന്തംകാലില്‍ നില്‍ക്കാനും എല്ലാവരും തയ്യാറാകണം.


എന്താണ് ശരിക്കും ഈ മേഖലയില്‍ നില്‍ക്കുമ്പോള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ?

അങ്ങനെ പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ല.ആദ്യകാലത്തൊക്കെ നെഗറ്റീവ് കമന്റുകള്‍ കാണുമ്പോള്‍ ചെറിയ വിഷമം തോന്നിയിരുന്നു.പിന്നെ ആലോചിച്ചപ്പോള്‍ നൂറുപേരിടുന്ന കമന്റില്‍ ഒന്നോ രണ്ടോ പേര്‍ ആണ് നെഗറ്റീവ് കമന്റിടുന്നെ.ബാക്കി തൊണ്ണൂറ്റി എട്ടുപേരും എന്നെ സപ്പോട്ട് ചെയ്യുന്നു.പിന്നെ ഞാന്‍ എന്തിന് രണ്ട് പേരുടെ പിന്നാലെ പോകണം എന്ന് തിരിച്ചറിയാന്‍ തുടങ്ങി.നെഗറ്റീവ് പൂര്‍ണമായി ഒഴിവാക്കുമെന്നല്ല അതില്‍ എനിക്ക് മെച്ചപ്പെടുത്താനുള്ള കാര്യങ്ങളൊക്കെ എടുക്കാറുണ്ട്.എന്നെകൊണ്ട് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകരുത് അതാണ് പ്രധാനം.


റീല്‍സ് പോലുള്ള പുതിയ കാര്യങ്ങളും പരീക്ഷിക്കാറുണ്ടല്ലോ? ഇതൊക്കെ പരിഹസിച്ചു കാണുന്നവരെയും കണ്ടുമുട്ടാറുണ്ടാകുമല്ലോ ?അവരോട് എന്താണ് പറയാനുള്ളത് ?

പണ്ട് ടിക് ടോക് ഉണ്ടായിരുന്ന സമയത്ത് ഞാന്‍ കുറച്ച് വീഡിയോസ് ഒക്കെ ചെയ്തിരുന്നു.ഇന്‍സറ്റഗ്രാമില്‍ എത്തിയപ്പോള്‍ അത്ര ആക്ടീവായിരുന്നില്ല.പക്ഷെ ഇപ്പോള്‍ ദിവസേന ഒരു പോസ്‌റ്റോ റീല്‍സൊ ഒക്കെയിടാറുണ്ട്.മോശം കമന്റ് ചെയ്താലും ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല.വലിയ ശല്യമാണെങ്കില്‍ ബ്ലോക് ചെയ്യും.താല്‍പര്യമുള്ളവര്‍ മാത്രം കണ്ടാല്‍ മതി.വീഡിയോ മുഴുവന്‍ കണ്ട ശേഷം കുറ്റം പറയുന്നത് അത്രയോജിക്കാന്‍ സാധിക്കുന്നില്ല.എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത്.അതില്‍ ഇഷ്ടക്കേടുള്ളവര്‍ എന്റെ വീഡിയോ കാണേണ്ട അല്ലെങ്കില്‍ സ്‌കിപ് ചെയ്ത് പോക്കോളു ഒരു വിഷമവുമില്ല അതിലൊന്നും.പുതിയ ട്രെന്‍ഡുകള്‍ ഫോളോ ചെയ്യാനും പരീക്ഷിക്കാനും ഒക്കെ വലിയ താല്‍പര്യമുള്ള ആളാണ് ഞാന്‍.ആരുടെയും താല്‍പര്യത്തിനു വീഡിയോ ചെയ്യുന്ന ആളുമല്ല.

'യൂട്യൂബേഴ്‌സ് എന്നാല്‍ വലിയ സുഖമുള്ള ഏര്‍പ്പാണല്ലോ,വീഡിയോ ഇട്ട് കുറെ കാശുണ്ടാക്കാലോ എന്നാണ് പലരുടെയും മൈന്‍ഡ്.പക്ഷെ അതെത്രമാത്രം വലിയ പണിയാണെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് പോലും അറിയില്ല.ഒരു വീഡിയോ ചെയ്യ്‌തെടുക്കാനൊക്കെ വലിയ ബുദ്ധിമുട്ടുണ്ട് ഈസി പണിയല്ല അതുകൊണ്ട് എല്ലാ യൂട്യൂബേഴ്‌സിനെയും പ്രോത്സാഹിപ്പിക്കണം' അനുപയുടെ വാക്കുകളില്‍ തന്റെ യൂട്യൂബ് യാത്രയില്‍ നിന്ന് ലഭിച്ച അസാമാന്യമായ ആത്മവിശ്വാസം തെളിഞ്ഞുകാണാം.അനുപ പറയുന്നത് പോലെ ; തന്നെ നാല് പേര് അറിയുന്നുണ്ടെങ്കില്‍, ഒരു ഇന്റര്‍വ്യുവിന് അവസരം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിനൊക്കെ കാരണം തന്റെ ചാനല്‍ ആണ്.സ്വന്തം പാഷന്‍ കണ്ടെത്തി ഇഷ്ടത്തോടെ സഞ്ചരിച്ചാല്‍ എപ്പോഴും വിജയം നിങ്ങള്‍ക്ക് ഒപ്പമായിരിക്കുമെന്ന് അനുപ വീണ്ടും വീണ്ടും പറയുന്നു.....
യൂട്യൂബ്‌https://www.youtube.com/c/AnupaNikhil/videos

ഫെയ്‌സ്ബുക്ക് https://www.facebook.com/anupanikhil/

ഇന്‍സ്റ്റഗ്രാംhttps://www.instagram.com/anupanikhil/?hl=en
 

Story highlights : Anupa Jayakumar is one of the best influencer I know, and also one of the most savvy and successful YouTubers. And she’s been in the game for a long time: she started the channel anupanikhil in 2020 when she was just a girl who making videos about beauty tips and fashion. Since then, she’s grown it to one of the biggest channels on YouTube


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.