Sections

വലിയ ബാധ്യതകള്‍ക്കിടയിലും പുഞ്ചിരി മാത്രം നല്‍കി നന്ദൂസ് ഫാമിലി; സമൂഹത്തിന് പകരുന്നത് കലയും,അല്പം നന്മയുള്ള ചിന്തയും കൂടെ നര്‍മ്മവും

Friday, May 27, 2022
Reported By Jeena S Jayan
interview

മുന്നോട്ട് ഇനി എന്ത് എന്ന ചോദ്യം നിസഹായതയോടെ തൂങ്ങിയാടുമ്പോള്‍ വൈശാഖ് ഓടിയൊളിച്ചില്ല...ചിരിയോടെ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് കുതിച്ചു...പൂര്‍ണമായി കരകയറിയിട്ടില്ലെങ്കിലും വിഷമങ്ങള്‍ പോലും നിറഞ്ഞ ചിരിയോടെ പങ്കുവെയ്ക്കുന്ന വൈശാഖ് വലിയൊരു അത്ഭുതമാണ്..വൈശാഖിന്റെയും നന്ദൂസ് ഫാമിലിയുടെയും കഥ അയാള്‍ തന്നെ പറയട്ടെ...

 

പ്രവാസലോകത്ത് നിന്നും നാട്ടിലേക്കെത്തി ജീവിതം പച്ചപിടിപ്പിക്കാന്‍ പെടാപാടു പെടുന്ന ഒരുപാട് മലയാളികള്‍ നമുക്ക് ചുറ്റിലുമുണ്ട്.ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് മുന്നില്‍ എന്ത് ചെയ്യണമെന്നറിയാതെ വിലപിച്ചു നില്‍ക്കുന്നവര്‍ അതിലൊരുപാടുണ്ട്.പരീക്ഷണങ്ങള്‍ ഓരോന്നോരോന്നായി മുന്നിലെത്തുമ്പോഴും ആത്മവിശ്വാസം കൈവിടാതെ അതിജീവിച്ച കഥയാണ് നന്ദൂസ് ഫാമിലിയിലെ വൈശാഖിന് പറയാനുള്ളത്...

സ്വപ്‌നം കണ്ട ജീവിതം തുന്നിച്ചേര്‍ക്കാന്‍ വര്‍ഷങ്ങളോളം മറ്റൊരു നാട്ടില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവുമായി ഈ ചെറുപ്പക്കാരന്‍ നാട്ടിലേക്ക് വരുന്നു.ഇവിടെ തന്റേതായ ഒരു ചെറു സംരംഭം തുടങ്ങുന്നു.സന്തോഷം മാത്രം കടന്നു വന്നിരുന്ന അയാളുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വിധി കൈകടത്തുന്നു.അജ്ഞാതരായ ഒരുകൂട്ടം മനുഷ്യരുടെ പ്രവര്‍ത്തി കാരണം ഒരു ദിവസം കൊണ്ട് ഒന്നുമല്ലാതായിപോയ ചെറുപ്പക്കാരന്‍.മുന്നോട്ട് ഇനി എന്ത് എന്ന ചോദ്യം നിസഹായതയോടെ തൂങ്ങിയാടുമ്പോള്‍ വൈശാഖ് ഓടിയൊളിച്ചില്ല...ചിരിയോടെ പ്രതിസന്ധികളില്‍ നിന്ന് മുന്നോട്ട് കുതിച്ചു...പൂര്‍ണമായി കരകയറിയിട്ടില്ലെങ്കിലും വിഷമങ്ങള്‍ പോലും നിറഞ്ഞ ചിരിയോടെ പങ്കുവെയ്ക്കുന്ന വൈശാഖ് വലിയൊരു അത്ഭുതമാണ്..വൈശാഖിന്റെയും നന്ദൂസ് ഫാമിലിയുടെയും കഥ അയാള്‍ തന്നെ പറയട്ടെ...

ആരാണ് ഈ നന്ദൂസ് ഫാമിലി ?

എന്റെ പേര് വൈശാഖ്,ഞങ്ങളുടെ ചാനലിന്റെ പേര് നന്ദൂസ് ഫാമിലി എന്നാണ്.എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരാണ് സ്വദേശം.ഞാന്‍ മുന്‍പ് പ്രവാസിയായിരുന്നു അവിടെ പെട്രോള്‍ പമ്പില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു.നാട്ടിലെത്തിയ ശേഷം ഇപ്പോള്‍ ഉണക്കചെമ്മീന് ബിസിനസാണ്.നാടന്‍ ചെമ്മീന്‍ ഡ്രൈ ചെയ്ത്  ഓള്‍ഇന്ത്യ കൊറിയര്‍ സര്‍വ്വീസ് ചെയ്യുന്നുണ്ട്.നാട്ടിലും മാര്‍ക്കറ്റുകളിലേക്ക് ഒക്കെ വില്‍പ്പന നടത്തുന്നുണ്ട്.ഈ ബിസിനസിനു മുന്‍പ് എനിക്കൊരു സൂപ്പര്‍മാര്‍ക്കറ്റ് ഉണ്ടായിരുന്നു.അതിന് പക്ഷെ രണ്ട് മാസത്തെ ആയുസേ ഉണ്ടായിരുന്നുള്ളു.2018ലെ പ്രളയകാലത്ത് കവര്‍ച്ചയെ തുടര്‍ന്ന് അത് പൂട്ടി..ഇപ്പോഴെന്താ ! അത്യാവശ്യം ബാങ്ക്‌ലോണും കടവും ബാധ്യതകളുമായി ഇങ്ങനെ ജീവിക്കുന്നു... 

 

അമ്മയും ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ചേര്‍ന്നതാണ് എന്റെ കുഞ്ഞ് കുടുംബം.മൂത്തയാളാണ് ചാനല്‍ പേരിലെ നന്ദൂസ്.ആളുടെ യഥാര്‍ത്ഥ പേര് ഗൗരി നന്ദ എന്നാണ് ഞങ്ങളുടെയെല്ലാം കുഞ്ഞ് നന്ദൂസ്.രണ്ടാമത്തെയാള് ഗൗതം കൃഷ്ണ കിച്ചുമോനെന്ന് വിളിക്കും.ഇവരെ കൂടാതെ അമ്മയുടെ ഒരു സഹോദരനും സഹോദരിയും ഞങ്ങളുടെ കൂടെയാണ്.

നന്ദൂസ് ഫാമിലി കുറച്ച് സീരിയസ്സായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചാനല്‍ ആണ് ? എന്താണ് ഇത്തരത്തിലൊരു ആശയത്തിലേക്ക് എത്തിച്ചേരാന്‍ കാരണം ?

ഞങ്ങള്‍ വീഡിയോ ചെയ്ത് തുടങ്ങുമ്പോള്‍ അതിനുള്ളില്‍ ആഴത്തിലുള്ള,കഴമ്പുള്ള എന്തെങ്കിലും വിഷയം ഉണ്ടാകണം എന്ന്‌  ശ്രദ്ധിക്കാറുണ്ട്.ഞങ്ങളുടെ വീഡിയോ കാണുന്നവര്‍ക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.ചെറുതോ വലുതോ ആകട്ടെ ഒരു മെസേജ് കിട്ടുന്നതാണെങ്കില്‍ അത് വലിയ കാര്യം തന്നെയല്ലെ.അതുകൊണ്ട് തന്നെയാണ് നമുക്ക് അറിയാവുന്ന അല്ലെങ്കില്‍ ചുറ്റുപാടിലുമുള്ള ജീവിതങ്ങളിലുണ്ടാകുന്ന നമ്മള്‍ കണ്ടിട്ടും കേട്ടിട്ടുമുള്ള അനുഭവങ്ങള്‍ തന്നെയാണ് വീഡിയോകളുടെ ആശയങ്ങളായി രൂപപ്പെടുത്തിയെടുക്കാറ്.

ചെറിയ ചെറിയ സംഭവങ്ങളാകാം അതിനെ കുഞ്ഞു കഥയായി തന്നെ അവതരിപ്പിക്കാനാണ് നന്ദൂസ് ഫാമിലി ശ്രമിക്കാറ്.വെറുതെ പറഞ്ഞ് പോകുന്നതിനെക്കാള്‍ അത് കഥയാകുമ്പോള്‍ കാണുന്നവരുടെ മനസില് പെട്ടെന്ന് അത് പതിയും.അതുകൊണ്ടാണ് ഇത്തരത്തിലുള്ള വീഡിയോ കണ്ടന്റുകള്‍ തന്നെ ചെയ്യുന്നത്.നമ്മുക്ക് ഇത്തരം കാര്യങ്ങളൊക്കെയല്ലേ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ സാധിക്കൂ...


പേര് പോലെ കുടുംബത്തെ മുഴുവന്‍ നമുക്ക് വീഡിയോകളില്‍ കാണാം.ആരൊക്കെയാണ് നന്ദൂസ് ഫാമിലിയിലെ താരങ്ങള്‍ ?

നന്ദൂസ് ഫാമിലിയിലെ ഒന്നാമത്തെ താരം അത് അമ്മ തന്നെയാണ്. വാസന്തിയെന്നാണ് അമ്മയുടെ പേര് ഞങ്ങള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പേരാണ് വാച്ചമ്മ. പിന്നെ നന്ദൂസ്...ഇവര് രണ്ട് പേരുമാണ് ഞങ്ങളുടെ താരങ്ങള്‍


വീഡിയോകള്‍ കൃത്യമായ കഥയോടെ അവതരിപ്പിക്കുന്നതാണ് അതും കഥാപാത്രങ്ങളുടെ സ്വന്തം ശബ്ദത്തില്‍ .പൂര്‍ണമായും കുട്ടിസിനിമയൊക്കെ കാണുന്ന ഫീലാണ് പ്രേക്ഷകര്‍ക്ക്. കുടുംബത്തെ ഓരോ വീഡിയോയ്ക്ക് മുന്‍പും പരിശീലിപ്പിച്ചെടുക്കുന്നത് വലിയ കടമ്പയല്ലെ ?പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ?

സാധാരണ ഒരു ഫോണിലാണ് ചിത്രീകരിക്കുന്നതെങ്കിലും അതിനെ പരമാവധി മികവോടെ പുറത്തിറക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്.സ്വന്തം ശബ്ദം നല്‍കി തന്നെയാണ് ഞങ്ങള്‍ വീഡിയോകളെല്ലാം ചെയ്തിരിക്കുന്നത്.നാളെ എന്തെങ്കിലും ഒരു രീതിയില്‍ മക്കള്‍ക്കോ ഫാമിലിയില്‍ ആര്‍‌ക്കെങ്കിലുമോ അവസരങ്ങള്‍ വന്നു ചേര്‍ന്നാല്‍ ഇപ്പോഴെ ഈ രീതിയില്‍ പോകുന്നത് ഗുണം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു.സ്വന്തം ശബ്ദം നല്‍കാനും മോഡുലേഷന്‍ ഒക്കെ ശ്രദ്ധിക്കാനും പരിശീലിക്കാന്‍ പറ്റിയ അവസരം കൂടിയാണ് ഈ വീഡിയോകള്‍.അത് ഭാവിയില്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടേക്കാം.

ആദ്യകാലത്തൊക്കെ വീഡിയോ എടുക്കലൊക്കെ വലിയ കടമ്പ തന്നെയായിരുന്നു.അമ്മയൊക്കെ ആണെങ്കിലും ഇതൊക്കെ പഠിച്ചെടുക്കല്‍ വലിയ പ്രയാസമായിരുന്നു ഒരുപാട് തവണ തെറ്റുകളൊക്കെ സംഭവിക്കാറുണ്ടായിരുന്നു ഇപ്പോഴും എന്റെ ഭാഗത്ത് നിന്നാണെങ്കില്‍ പോലും തെറ്റുകുറ്റങ്ങളൊക്കെ വരാറുണ്ട് പക്ഷെ തുടക്കത്തിലുള്ളതുപോലെയല്ല ഒരുപാട് കുറഞ്ഞു.

നന്ദൂസ് ആണെങ്കില്‍ ഡയലോഗ് പറയാനും അഭിനയിക്കാനും ഒക്കെ പറഞ്ഞാലുടന്‍ ചെയ്തു തരും, പക്ഷെ ആളെ പിടിച്ച് ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തുന്നത് വലിയ ചടങ്ങാണ്.ഒരു സീനെടുത്ത് കഴിഞ്ഞാല്‍ അടുത്ത സീനെടുക്കുമ്പോള്‍ നന്ദൂസിനെ നിന്നിടത്ത് കാണില്ല അടുത്ത വീട്ടില്‍ കളിക്കാനൊക്കെ നിന്ന നിപ്പില്‍ ഓടിക്കളയും.അതാണ് വീഡിയോ ഷൂട്ടിങ്ങിലെ പ്രധാന പ്രശ്‌നം.മാളുവും അമ്മയും ഒക്കെ ഇപ്പോള്‍ നന്നായി തന്നെ ചെയ്യുന്നുണ്ട്.ഇളയ കുഞ്ഞായ കിച്ചുമോന് പോലും പറയുന്നത് കേട്ട് അതുപോലെ ചെയ്തു തരും.അതൊക്കെ എല്ലാം ദൈവാനുഗ്രഹം തന്നെയെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

എങ്ങനെയാണ് വീഡിയോയ്ക്ക് വേണ്ട ആശയങ്ങള്‍ കണ്ടെത്തുന്നത് ? അതും കുടുംബമായി ഇരുന്ന് ആലോചിച്ച് കണ്ടെത്തുന്നതാണോ ?

നേരത്തെ പറഞ്ഞതുപോലെ തന്നെ നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങളാണ് പ്രധാനമായും വീഡിയോകളിലെത്താറ്.പിന്നെ കുറയൊക്കെ ഞങ്ങളുടെ വീഡിയോ കണ്ട് വിളിക്കുന്ന ആളുകള്‍ പങ്കുവെയ്ക്കുന്ന അവരുടെ അനുഭവകഥകളുണ്ടാകും.മാളുവും ആശയങ്ങള്‍ക്കായി തലപുകയ്ക്കാറുണ്ട്.ഞങ്ങള്‍ രണ്ടാളും പരസ്പരം കിട്ടുന്ന ഐഡിയകള്‍ പങ്കുവെയ്ക്കാറുണ്ട്.പിന്നെ ഇരുന്ന് അതിനെ ഒരു കഥയാക്കി മാറ്റും.ഞങ്ങളുടേതായ രീതിയില്‍ കുഞ്ഞ് സ്‌ക്രിപ്റ്റാക്കി മാറ്റുകയാണ് പതിവ്.ഡയലോഗ് എഴുതുമ്പോള്‍ അമ്മയോടും അഭിപ്രായം ചോദിക്കാറുണ്ട്.അമ്മയ്ക്കും അമ്മയുടെ ജീവിതപരിചയം വെച്ച് ഞങ്ങളെ സഹായിക്കാന്‍ കഴിയാറുണ്ട്.ഇതൊക്കെയാണ് ഒരു വീഡിയോയ്ക്ക് വേണ്ട ആശയങ്ങളും അതില്‍ നിന്ന് കഥയും സ്‌ക്രിപ്റ്റും ഒക്കെ ഉണ്ടാകുന്ന പ്രോസസ്.

 


2018ല്‍ പ്രവാസ ലോകത്ത് നിന്ന് മടങ്ങിയെത്തിയ ആളാണ് വൈശാഖ്.നാട്ടില്‍ ഇപ്പോള്‍ വീഡിയോ ക്രിയേറ്റര്‍ എന്നതിനു ഉപരി ആളൊരു ബിസിനസ്‌കാരന്‍ കൂടിയാണ്.നിങ്ങളുടെ ബിസിനസിനെ കുറിച്ച് ?

ഹ്..മ്..2018ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നത്.കൈയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം സ്വരൂക്കൂട്ടി തുടങ്ങിയ ബിസിനസാണ് തുടക്കത്തില്‍ പറഞ്ഞ സൂപ്പര്‍ മാര്‍ക്കറ്റ്..അത് ഒരു ദിവസം കൊണ്ട് ഒന്നുമില്ലാണ്ട് വട്ടപൂജ്യമായി മാറിയ സമയത്ത് ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകും എന്ന ആശങ്കയുണ്ടായിരുന്നു.ബാങ്ക് ലോണും ബാധ്യതകളും ഒക്കെ കൂടി മലപോലെ കിടക്കുവാ എല്ലാം കൂടി എന്നെ തളര്‍ത്തിയിരുന്നു.കൈയ്യില്‍ ആകെയുള്ളത് ഒരു രണ്ടായിരം രൂപ അതുകൊണ്ട് എന്ത് തുടങ്ങും എന്ന സംശയം ഉണ്ടായിരുന്നു.

മാളുവാണ് നമുക്ക് ചെമ്മീന്‍ ബിസിനസ് തുടങ്ങാം എന്ന ഐഡിയ ആദ്യം പങ്കുവെയ്ക്കുന്നത്.അങ്ങനെയാണ് ഞങ്ങള്‍ ഈ ഉണക്ക ചെമ്മീന്‍ ,ഉണക്കമീന്‍ ബിസിനസിലേക്ക് കടന്നുവന്നത്.ഈ ബിസിനസിലാണെങ്കിലും വീഡിയോയുടെ കാര്യം പറഞ്ഞ പോലെ തന്നെ ഏറ്റവും മികച്ച ക്വാളിറ്റിയില്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഉണക്കമീനും ചെമ്മീനുമൊക്കെ ഇത്തരത്തില്‍ പ്രോസസ് ചെയ്ത് വില്‍ക്കാന്‍ എന്തൊക്കെയാണ് തയ്യാറെടുപ്പുകള്‍ ? ലൈസന്‍സ് ഒക്കെ വേണ്ടിവരുന്ന ബിസിനസ് ആണോ വൈശാഖിന്റേത് ? ഏതെങ്കിലും വിധത്തിലുള്ള സര്‍ക്കാര്‍ സ്‌കീമുകളോ,പദ്ധതികളോ സഹായം നല്‍കിയിട്ടുണ്ടോ ?


ഉണക്കമീന്‍ ബിസിനസ് തല്‍ക്കാലം ഞങ്ങളിപ്പോള്‍ ചെയ്യുന്നില്ല.അതിനു വേണ്ടി ധാരാളം സമയം ചെലവിടേണ്ടി വരും.മീനെടുക്കാനും അതിനെ ഡ്രൈ ചെയ്ത് പ്രോസസ് ചെയ്യാനും വലിയ കഠിനാധ്വാനം ആവശ്യമാണ്.വീഡിയോ ചെയ്യാനും ബാക്കി കാര്യങ്ങള്‍ക്കും കൂടി സമയം കിട്ടാതെ വന്നതോടെ തല്‍ക്കാലം ഉണക്കമീന് പരിപാടി നിര്‍ത്തിവെച്ചിരിക്കുകയാണ്.ഉണക്ക ചെമ്മീന് ഇപ്പോഴും ചെയ്യുന്നുണ്ട്.സീസണുകളില്‍ ആയതു കൊണ്ട് തന്നെ ഇടവളേകള്‍ ലഭിക്കുന്നതു കൊണ്ട് നാടന്‍ ഉണക്ക ചെമ്മീന്‍ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍, അതും ഉയര്‍ന്ന ഗുണമേന്മയിലെത്തിക്കാന്‍ സാധിക്കുന്നുണ്ട്.മാര്‍ക്കറ്റില്‍ ഞങ്ങളുടെ ചെമ്മീനിന് ആവശ്യക്കാരുമുണ്ട്.

ഡ്രൈ ഫിഷ് ബിസിനസ് ചെയ്യാന്‍ നമുക്ക് ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസന്‍സ് ആവശ്യമാണ്.അതു കൂടാതെ പായ്ക്കിംഗ് ലൈസന്‍സും വേണം.സര്‍ക്കാരിന്റെ സഹായങ്ങളും മറ്റ് പരിശീലനങ്ങളോ,സബ്‌സിഡിയോ ഒന്നും ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

ജീവിതത്തില്‍ നടുക്കത്തോടെ ഓര്‍ക്കുന്ന 2018ലെ പ്രളയം; ജീവിതത്തിന്റെ ഒഴുക്ക് തന്നെ നിലച്ച ആ സംഭവം എന്താണ് ?

പലരും ചോദിക്കാറുണ്ട് വീഡിയോ കാണുമ്പോഴൊക്കെ നിങ്ങള്‍ മുന്‍പ് എന്താണ് ചെയ്തിരുന്നത് എന്ന കാര്യം...2018ല്‍ പ്രവാസിയായിരുന്ന കുറച്ചു കാലം കൊണ്ട് ഞാനുണ്ടാക്കിയ സമ്പാദ്യമെല്ലാം വെച്ച് കെട്ടിപ്പടുത്ത കുഞ്ഞ് സ്വപനമായിരുന്നു ആ സൂപ്പര്‍മാര്‍ക്കറ്റ്.'നന്ദൂസ് മിനി സൂപ്പര്‍മാര്‍ക്കറ്റ്' വലിയ സന്തോഷത്തിലായിരുന്നു.പക്ഷെ കേവലം രണ്ട് മാസം മാത്രമെ ആ സന്തോഷം നീണ്ടുനിന്നോളു.

മികച്ച കച്ചവടമൊക്കെ ഉണ്ടായിരുന്നു ഹോം ഡെലിവറിയും സംവിധാനങ്ങളും ഒക്കെ ഒരുക്കി നന്നായി മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കെയായിരുന്നു.ഞങ്ങളുടെ നാട്ടില്‍ ഹോം ഡെലിവറി ആശയം ആദ്യം നടപ്പാക്കിയത് നന്ദൂസ് സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു അതുകൊണ്ട് തന്നെ അത്യാവശ്യം വലിയ കച്ചവടം നടക്കുന്ന സമയത്താണ് 2018ലെ പ്രളയം ദുരന്തമായി കടന്നുവന്നത്.അതിലൂടെയാണ് നല്ല സന്തോഷത്തിലായിരുന്ന ഞങ്ങളുടെ ജീവിതം ഒറ്റ ദിവസം കൊണ്ട് മാറിമറിയുന്നത്.ഒരു കവര്‍ച്ച എന്നെ ഞാനതിനെ പറ്റി പറയുള്ളു...പ്രളയകാലത്ത് കടയൊക്കെ കുത്തിപ്പൊളിച്ച് സാധനങ്ങളൊക്കെ കവര്‍ച്ച ചെയ്തു കൊണ്ടു പോയി.കടയിലുണ്ടായിരുന്ന എലിവിഷം വരെ കൊണ്ടു പോയി എന്ന് പറഞ്ഞാല്‍ ഊഹിക്കാലോ...ഓണത്തിന് ഇറക്കിയിരുന്ന ഓണം സ്‌റ്റോക്ക്,ഓണക്കിറ്റുകളിലെ സാധനങ്ങള്‍, ലോണെടുത്ത് ഇറക്കിയിരുന്ന സാധനങ്ങളാണ് എല്ലാം എടുത്തുകൊണ്ട് പോയി...എനിക്ക് എല്ലാം നോക്കി നിക്കാനെ സാധിച്ചുള്ളു. വലിയ കടബാധ്യതയിലേക്കാണ് എന്നെ അതുതള്ളിവിട്ടത്.ഇപ്പോഴും ആ ആഘാതം വിട്ടുമാറിയിട്ടില്ല.ബാങ്കില്‍ നിന്നിപ്പോഴും ലോണ്‍ റീപെയ്‌മെന്റ് ഡേറ്റ് അറിയിച്ചുള്ള മെസേജ് വന്നിട്ടുണ്ട്.

എല്ലാവരും പുറമെ കാണുന്നത് പോലെയായിരിക്കില്ല.ഒരുപാട് വിഷമങ്ങളും ബാധ്യതകള്‍ക്കും മുകളിലാണ് പലരും സ്വപ്‌നങ്ങള്‍ കെട്ടിയുയര്‍ത്തുന്നത്.എന്നോട് ചെയ്തത് പോലൊന്നും ആരും ആരോടും ചെയ്യരുത്.എന്റെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടേണ്ടി വന്നു, ഇന്നും അതില്‍ നിന്ന് കരകയറിയിട്ടില്ലെന്നോര്‍ക്കണം.എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും അതെപ്പോഴും എല്ലാരും പ്രകടിപ്പിക്കണമെന്നില്ല, ആരെയും ഉപദ്രവിക്കരുത് എന്ന റിക്വസ്റ്റ് മാത്രമാണ് പറയാനുള്ളത്.

എങ്ങനെയാണ് സോഷ്യല്‍മീഡിയ ബിസിനസിനെ സഹായിച്ചിട്ടുണ്ടോ ?

ഒരുപാട്, ഞങ്ങള്‍ ഉണക്കമീനിന്റെയും ഉണക്കചെമ്മീനിന്റെയും കൊറിയര്‍ സര്‍വ്വീസ് ഒക്കെ ചെയ്യുമ്പോഴേ സോഷ്യല്‍മീഡിയ വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ട്.നമ്മളുടെ കൈയ്യില്‍ നിന്ന് ആദ്യമായി വാങ്ങിയ കസ്റ്റമര്‍ ഇപ്പോഴും ഞങ്ങളില്‍ നിന്ന് തന്നെയാണ് വാങ്ങുന്നത്.മികച്ച ഗുണമേന്മയില്‍ നാടന്‍ ചെമ്മീന്‍ തന്നെയാണ് ഞങ്ങള്‍ ഉണക്കി കൊടുക്കുന്നത്.നൂറ് ശതമാനം ഈര്‍പ്പമില്ലാതെ ഉണക്കി കേടാകാതെ മികച്ച രീതിയിലെത്തിക്കുന്നതു കൊണ്ട് ഞങ്ങളുടെ കസ്റ്റമേഴ്‌സ് ഇപ്പോഴും ഞങ്ങളെ വിട്ടുപോകാതെ ഒപ്പമുണ്ട്.

എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യാന്‍ ഞങ്ങള്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്.അതിപ്പോള്‍ ബിസിനസിലാണെങ്കിലും വീഡിയോയുടെ കാര്യത്തിലാണെങ്കിലും.ഉണക്കമീനിനെ കൂടാതെ റെഡി ടു കുക്ക് ഫിഷ് ഐറ്റംസ് ഞങ്ങള്‍ വില്‍പ്പന നടത്താറുണ്ടായിരുന്നു.ക്ലീന്‍ ചെയ്ത് കുക്ക് ചെയ്യാന്‍ പാകത്തില്‍ ചെമ്മീനും മത്സ്യങ്ങളും ഡല്‍ഹി മിലിറ്ററി ക്യാംപിലേക്ക് പോലും ഞങ്ങളെത്തിച്ചിരുന്നു.ഇ്‌പ്പോള്‍ ആ പരിപാടി തല്‍ക്കാലം നിര്‍ത്തിയിരിക്കുകയാണ്.ചെമ്മീന്‍ ഉണക്കി പായ്ക്ക് ചെയ്യുമ്പോഴും ഒരുപാട് നാള് കേടാകാതെ നിലനില്‍ക്കാന്‍ നൂറ് ശതമാനം ഈര്‍പ്പം കളഞ്ഞ് ഡ്രൈ ചെയ്‌തെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.സത്യസന്ധമായി ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ ബിസിനസില്‍ ഒരിക്കലും വലിയ താളപ്പിഴകള്‍ സംഭവിക്കില്ല.

യൂട്യൂബ് ചാനലിലും ആദ്യത്തെ വീഡിയോകളൊക്കെ ബിസിനസുമായി ബന്ധപ്പെട്ടതായിരുന്നു പിന്നീട് അത് കണ്ടന്റ് വീഡിയോകളിലേക്ക് പോയി ആ സാഹചര്യത്തെ കുറിച്ച് ?

യൂട്യൂബ് ചാനലും ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയതും ശരിക്കും ഉണക്കമീനിന്റെ ബിസിനസ് പ്രൊമോട്ട് ചെയ്യാന്‍ വേണ്ടിയാണ്.പിന്നെ ഞാനൊരു ചെറിയ കലാകാരന്‍ കൂടിയാണ് ചെണ്ടമേളം,പഞ്ചവാദ്യം ആ മേഖലയില്‍ പ്രവര്‍ത്തിക്കാറുണ്ട്.അതിനു മുന്‍പ് ഡാന്‍സ് അടക്കം എല്ലാം ചെയ്തിരുന്നു.അഭിനയം എനിക്ക് വലിയൊരു ആഗ്രഹമായിരുന്നു.പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോ,അതായത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശനില്‍ രണ്ട് ദിവസത്തെ ടിവി പ്രോഗ്രാം അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു.അന്ന് ദൂരദര്‍ശന്‍ മാത്രമാണ് പോപ്പുലര്‍.അതറിഞ്ഞ എല്ലാവരും എനിക്ക് ഈ മേഖലയില്‍ ശോഭിക്കാന്‍ കഴിയുമെന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു.അന്ന് തൊട്ട് എനിക്ക് വലിയ ആഗ്രഹമായിരുന്നു അഭിനയിക്കാന്‍ ഒക്കെ..അതിനായി ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്,പലരും അവസരങ്ങളുണ്ടെന്ന് പറഞ്ഞ് പറ്റിച്ചിട്ടൊക്കെയുണ്ട്.പിന്നെ പിന്നെ ഈ ആഗ്രഹം തന്നെ വലിയ സങ്കടമായി മാറിയെന്ന് പറയാം.

എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് മാളു ആണ്.അവളാണ് നമുക്ക് ഒരു ചാനല്‍ തുടങ്ങി അതിലേക്ക് വീഡിയോ ഇട്ടാലോ എന്ന് പറയുന്നത്.അങ്ങനെ ഞങ്ങള്‍ ആദ്യ വീഡിയോ ചെയ്താലോ എന്ന് തീരുമാനിച്ചു.അമ്മയോട് പറഞ്ഞപ്പോള്‍ ഫുള്‍ സപ്പോര്‍ട്ട്.അങ്ങനെയാണ് പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഞങ്ങളൊരു വീഡിയോ പുറത്തിറക്കുന്നത്.അതാണ് ഞങ്ങളുടെ ആദ്യത്തെ വീഡിയോ...പിന്നെ എങ്ങനെയൊക്കെയോ ഞങ്ങള്‍ ഈ ട്രാക്കിലേക്ക് വന്നു ചേര്‍ന്നു എന്ന് വേണം പറയാന്‍.കുറെ ദൈവാനുഗ്രഹം, പിന്നെ ഞങ്ങളുടെ വീഡിയോ കാണുന്ന പ്രേക്ഷകരുടെ പ്രോത്സാഹനം അതൊക്കെ കൊണ്ട് ഇതുവരെയെത്തി.

ആദ്യത്തെ വീഡിയോ പുറത്തുവന്നപ്പോള്‍ സൂഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പ്രതികരണം എന്തായിരുന്നു ?

ആദ്യ വീഡിയോ പുറത്തുവന്നപ്പോള്‍ എല്ലാവര്‍ക്കും അതിശയമായിരുന്നു.മാളുവും അമ്മയും ഒക്കെ ഇങ്ങനെ ചെയ്യും എന്ന് ആരും കരുതിയിരുന്നില്ല..എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു.ഈ അഭിപ്രായങ്ങളും അവരുടെ പ്രോത്സാഹനവും ഒക്കെയാണ് വീണ്ടും വീഡിയോ ചെയ്യാന്‍ ഞങ്ങള്‍ പ്രചോദനമായി മാറിയത്.അമ്മ പുറത്തിറങ്ങുമ്പോഴൊക്കെ പരിചയക്കാര്‍ വീഡിയോ കണ്ട് നന്നായിട്ടുണ്ടെന്ന് പറയാന്‍ തുടങ്ങിയതോടെ അമ്മയ്ക്കും വലിയ സന്തോഷമായി.പിന്നെ ഓരോ ഓരോ കണ്ടന്റുകള്‍ ചെയ്താലോ എന്ന് ചോദിക്കുമ്പോള്‍ തന്നെ എപ്പോള്‍ ചെയ്യാനാണെങ്കിലും അമ്മ റെഡിയാണ്..

നാട്ടുകാരും കൂട്ടുക്കാരും ഒക്കെ വലിയ സപ്പോര്‍ട്ടാണ് അവരുടെ പിന്തുണ തന്നെയാണ് ഞങ്ങളെ വീഡിയോ ക്രിയേഷന്‍ എന്ന ലോകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും.

ഭാവിയില്‍ എന്താണ് നന്ദൂസ് ഫാമിലിയുടെ പ്ലാന്‍ ? ബിസിനസില്‍ എന്തെങ്കിലും പദ്ധതികള്‍ ഒരുക്കിയിട്ടുണ്ടോ ? 

ഇപ്പോള്‍ വീഡിയോ കാണുന്നവര്‍ക്കിടയില്‍ നല്ല അഭിപ്രായമുണ്ട്.നന്ദൂസ് ഫാമിലിയുടെ വീഡിയോ കണ്ടാല്‍ അത് വെറുതെയാകില്ലെന്ന അഭിപ്രായം അതെ പടി നിലനിര്‍ത്തണം എന്നുണ്ട്.മികച്ച കണ്ടന്റുള്ള വീഡിയോകള്‍ തന്നെ ചെയ്യാന്‍ കൂടുതല്‍ പരിശ്രമിക്കണം.സമൂഹത്തിന് നമ്മളെ കൊണ്ട് ചെയ്യാന്‍ കഴിയുന്ന മെസേജുകളൊക്കെ പകര്‍ന്നു നല്‍കണം ഇതാണ് ആഗ്രഹം.പിന്നെ ബാധ്യതകളൊക്കെ കഴിഞ്ഞാല്‍ നന്ദൂസ് ഫാമിലിയ്ക്ക് സമൂഹത്തിന് എന്തൊക്കെ ചെയ്യാന്‍ പറ്റുവോ അതൊക്കെ ചെറിയ രീതിയിലെങ്കിലും ചെയ്തു കൊടുക്കണം എന്നുണ്ട്.ഇപ്പോള്‍ അത്യാവശ്യം നല്ല കടം ഉണ്ട്.

ഞങ്ങള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന ഉണക്കചെമ്മീനിന്റെ ബിസിനസ് അതിനി നന്ദൂസ് ഫാമിലിയില്‍ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ട് വരണം.അതെന്നും നിലനിര്‍ത്തി കൊണ്ടുപോകണം.മികച്ച ഗുണമേന്മയിലുള്ള ഡ്രൈ ഫിഷ് നന്ദൂസ് ഫാമിലിയുടെ പ്രേക്ഷകുടുംബങ്ങളിലേക്ക് എത്തിക്കണം.പേജിലൂടെ ഉടന്‍ തന്നെ ബിസിനസ് മേഖലയില്‍ കുറച്ചുകൂടി കാലുറപ്പിക്കാനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ എത്തിക്കാനുമുള്ള ലക്ഷ്യമാണ് നന്ദൂസ് ഫാമിലിയ്ക്കുള്ളത്.

 എന്താണ് വൈശാഖിനും ഫാമിലിയ്ക്കും പ്രേക്ഷകരോട് പറയാനുള്ളത് ?

ഒന്നുമല്ലാത്തിടത്തു നിന്ന് ഇപ്പോഴത്തെ ഈ നിലവാരത്തിലേക്ക് ഞങ്ങളെ എത്തിച്ചത് വീഡിയോസ് കാണുന്ന നിങ്ങള്‍ ഓരോരുത്തരും തന്നെയാണ്.ആ സപ്പോര്‍ട്ടും സ്‌നേഹവും എന്നും ഞങ്ങള്‍ക്കൊപ്പം വേണം,അതിന്റെ ബലത്തിലാണ് ഞങ്ങളുടെ മുന്നോട്ടുള്ള യാത്ര.കട്ടയ്ക്ക് നിങ്ങള്‍ ഒപ്പമുണ്ടാകണം എന്ന് മാത്രമാണ് പറയാനുള്ളത്.

വലിയ വലിയ പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും ശുഭപ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണുന്ന വൈശാഖിന് തണലേകാനും കരുത്ത് പകരാനും നന്ദൂസ് ഫാമിലിയും അവരുടെ ലക്ഷക്കണക്കിന് പ്രേക്ഷകരുമുള്ളപ്പോള്‍ ....ഈ പ്രവാസിയുടെ ചുണ്ടില്‍ പുഞ്ചിരി മായാതെ തന്നെയുണ്ടാകും

 

ഫെയ്‌സ്ബുക്ക് : https://www.facebook.com/Nandhusdryfishandprawns/photos/?ref=page_internal

യൂട്യൂബ്‌ : https://www.youtube.com/channel/UCFU_tb6EPhorA_jKVytzUxA/featured

 

 

Story highlights: Vaishak, creator of Nandhoos family channel and in this interview he explain his journey


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.