Sections

ഫാഷന്‍ ലോകത്തെ പ്രണയിച്ചൊരു അധ്യാപികയുടെ കഥ; LAX DESINO ഇന്ന് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഇടം

Wednesday, Apr 20, 2022
Reported By Jeena S Jayan
interview ,lax desino

കണ്ടുശീലമില്ലാത്ത പുതിയ പുതിയ ഡിസൈനുകളും പാറ്റേണുകളും നിറച്ച് ശ്രീലക്ഷ്മി ഫാഷന്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.കൂടുതല്‍ വിശേഷങ്ങളും lax desinoയിലേക്കുള്ള ശ്രീലക്ഷമിയുടെ യാത്രയും അവര്‍തന്നെ പറയട്ടെ.....

 

സമൂഹം വളരെയധികം ആദരവോടെ കാണുന്ന അധ്യാപന രംഗത്ത് നിന്ന് ഒരു ഫാഷന്‍ ഡിസൈനര്‍ പിറവിയെടുക്കുന്നു.ഇന്ന് പ്രൊഫഷണല്‍ കരിയറിനെക്കാള്‍ പാഷന് പ്രാധാന്യം നല്‍കുന്ന വനിത സംരംഭകരുടെ സാന്നിധ്യം നമ്മുടെ നാട്ടില്‍ അപൂര്‍വ്വമല്ലാത്ത കഥയായി മാറുകയാണ്.പക്ഷെ അധ്യാപികയുടെ കുപ്പായത്തില്‍ നിന്നും ഫാഷന്‍ ലോകത്തേക്ക് എത്താനുള്ള ശ്രീലക്ഷ്മിയുടെ തീരുമാനത്തിനു പിന്നില്‍ വെറും പാഷന്‍ മാത്രമാണോ ? 

സെലിബ്രിറ്റി താരങ്ങള്‍ പല ആഘോഷ വേളകളിലും പരിപാടികളിലും തിളങ്ങാന്‍ ഇന്ന് കണ്ണുംപൂട്ടി ആശ്രയിക്കുന്ന ഒരു ഡിസൈനിംഗ് സ്റ്റുഡിയോ ആണ് lax desino. കണ്ടുശീലമില്ലാത്ത പുതിയ പുതിയ ഡിസൈനുകളും പാറ്റേണുകളും നിറച്ച് ശ്രീലക്ഷ്മി ഫാഷന്‍ പ്രേമികളുടെ ഹൃദയം കവര്‍ന്നു കഴിഞ്ഞു.കൂടുതല്‍ വിശേഷങ്ങളും lax desinoയിലേക്കുള്ള ശ്രീലക്ഷമിയുടെ യാത്രയും അവര്‍തന്നെ പറയട്ടെ.....

കേരളത്തിന്റെ വടക്കന്‍ പ്രദേശമായ കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ആണ് ശ്രീലക്ഷ്മിയുടെ നാട്.എംകോം ബിഎഡ് സെറ്റ് ക്വാളിഫൈഡായ ശ്രീലക്ഷ്മിയുടെ അമ്മ റിട്ടയര്‍ഡ് ഹെഡ്മിസ്ട്രസ് ആണ്.അമ്മയുടെ വഴിയിലേക്ക് പോകാതെ ഡിസൈനിംഗ് മേഖലയിലേക്ക് കടന്നതിനു പിന്നില്‍ സ്വന്തം പാഷന്‍ തേടിയുള്ള യാത്ര തന്നെയാണ്.

നിങ്ങളുടെ കൊച്ചു കൊച്ചു സന്തോഷത്തെ നിറങ്ങളാല്‍ പങ്കുവെയ്ക്കാന്‍ ഒരിടം ? എന്താണ് ശരിക്കും lax desino ?

ലാക്‌സ് ഡെസിനോ ഒരു ഓണ്‍ലൈന്‍ ഫാഷന്‍ സ്റ്റോറാണ്.ഡിസൈനിംഗും സ്റ്റിച്ചിഗും ഒക്കെയായി മുന്നോട്ടു പോകുന്ന ഒരു കുഞ്ഞ് സ്ഥാപനം.മറ്റുപലരെയും പോലെ ലോക്ക്ഡൗണ്‍ നാളുകളാണ് എന്നിലേക്ക് തിരിഞ്ഞു നോക്കാനുള്ള അവസരം എനിക്ക് ഒരുക്കി തന്നത്.ആ സമയത്താണ് സ്വന്തം കഴിവുകള്‍ കണ്ടെത്താനും അതിനായി സമയം ചെലവിടാനും ഒക്കെ സാധിച്ചത്.

അധ്യാപികയില്‍ നിന്നും ഒരു പ്രൊഫഷണല്‍ ഡിസൈനറിലേക്കുള്ള വഴി ?

പഠിക്കുന്ന കാലത്തെ എനിക്ക് ഒരുപാട് താല്‍പര്യമുണ്ടായിരുന്ന കോഴ്‌സ് ആയിരുന്നു ഫാഷന്‍ ഡിസൈനിംഗ് പക്ഷെ അന്ന് അതൊന്നും നടന്നില്ല അതില്‍ എനിക്ക് കുറച്ച് വിഷമമൊക്കെ ഉണ്ടായിരുന്നുതാനും.എന്തോ ദൈവനിശ്ചയമായിരിക്കും ലോക്ക്ഡൗണ്‍ കാലത്ത് എന്റെ ഏട്ടത്തിക്കൊരു ഡ്രസ്സ് ഡിസൈന്‍ ചെയ്തുകൊണ്ടാണ് ഞാന്‍ ഈ രംഗത്തേക്കുള്ള യാത്ര ആരംഭിക്കുന്നത്.ഒരുപാട് ആലോചിക്കാനും തലപുകയ്ക്കാനും ഒന്നും നിന്നില്ല, സോഷ്യല്‍മീഡിയയില്‍ ഒരു പേജ് തുടങ്ങി.ചെയ്യുന്ന ചെറിയ ചെറിയ വര്‍ക്കുകള്‍ അതില്‍ പോസ്റ്റ് ചെയ്തു.പതിയെ പതിയെ പലരും കസ്റ്റമൈസ്ഡ് ആയി വര്‍ക്കുകള്‍ തന്നുതുടങ്ങി.അങ്ങനെ അങ്ങനെ തുടങ്ങിയതാണ് എന്റെ ഈ ഫാഷന്‍ ലോകം.

നമ്മുടെ നാട്ടില്‍ ആളുകള്‍ വസ്ത്രങ്ങള്‍ മേടിക്കുന്നത് ജീവിതത്തിലെ ഒരോ ഈവന്റുകളിലേക്കാണ്.അവരുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ മുഹൂര്‍ത്തങ്ങളില്‍ സുന്ദരിമാരും സുന്ദരന്മാരുമായി മാറാന്‍ ഭംഗിയുള്ള വസ്ത്രങ്ങള്‍ തേടിപ്പോകുന്നു.വസ്ത്രം കൂടിയാകുമ്പോള്‍ സന്തോഷം ഇരട്ടിയായി തെളിഞ്ഞുനില്‍ക്കും.ആ സന്തോഷത്തെ പങ്കുവെയ്ക്കാനായി ഒരിടം.അതിനായിട്ടാണ് ഞാന്‍ ലാക്‌സ് ഡെസിനോ രൂപകല്‍പ്പന ചെയ്തത്.

തിരക്കുപിടിച്ച ബിസിനസ് അല്ലാതെ ഓരോ വര്‍ക്ക് ചെയ്യുമ്പോഴും എനിക്ക് അത് തരുന്ന സന്തോഷത്തിനും സമാധാനത്തിനുമായിട്ടാണ് ഒരു ക്ലോത്തിംഗ് ബ്രാന്‍ഡ് എന്ന രീതിയിലേക്ക് lax desinoയെ ഞാന്‍ നയിക്കുന്നത്.മറ്റൊരു ജോലിയിലും ലഭിക്കാത്ത വല്ലാത്ത ഫ്രീഡവും മനസുഖവും എനിക്ക് ഈ മേഖലയില്‍ നിന്ന് ലഭിക്കുന്നുണ്ട്.

കേട്ടു പരിചയമില്ലാത്തൊരു പേര്, എന്തെങ്കിലും പ്രത്യേകതയുണ്ടോ ഈ പേരിന് ?

പേര്...പേരില്‍ ഒളിഞ്ഞിരിക്കുന്നത് ഞാന്‍ തന്നെയാണ്.ലാക്‌സ് ഡെസിനോ എന്നാല്‍ ലക്ഷ്മി ആന്റ്ഡ് ഡിസൈന്‍ എന്നുള്ളതിന്റെ ഒരു മോഡേണ്‍ വേര്‍ഷനാണ്.ആ രണ്ടുവാക്കുകളെ ഒന്ന് സ്റ്റൈലത്തിയാക്കി.ഡിസൈന്‍ എന്നുള്ള വാക്കിന്റെ സ്പാനിഷ് ആണ് ഡെസിനോ.

 എങ്ങനെയാണ് lax desinoയിലേക്കുള്ള യാത്ര ?ഹാന്‍ഡ്‌മെയിഡ് വര്‍ക്കുകള്‍ ആണല്ലോ തുടക്കത്തില്‍ ചെയ്തിരുന്നത് ? ഇപ്പോള്‍ ഇതൊരു സ്ഥാപനമായില്ലേ ?

തുടക്കം ഡ്രസ്സില്‍ വരച്ചുകൊടുത്തും ഉടപ്പുകളാക്കി നല്‍കിയും ഒക്കെ ആയിരുന്നു.പിന്നീട് ആണ് അതൊരു സീരിയസായ സ്‌പെഷ്യലൈസേഷനിലേക്ക് ഒക്കെ മാറുന്നത്.കൂടുതല്‍ പഠിച്ചും ഗവേഷണം നടത്തിയും ഒക്കെ പുതിയ പുതിയ പാറ്റേണുകളും ഡിസൈനുകളും ഒരുക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാന്‍ തുടങ്ങി.അത് ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി.

എവിടെയാണോ സന്തോഷം കിട്ടുന്നത് ആ സ്‌പോട്ട് കണ്ടുപിടിച്ച് അതില്‍ വിശദമായി അന്വേഷണങ്ങള്‍ നടത്തി.അങ്ങനെയാണ് ഹാന്‍ഡ് ബ്ലോക്ക് ഫാബ്രിക്കിലേക്ക് എത്തിച്ചേരുന്നത്.അതിലേക്കുള്ളയാത്രയ്ക്ക് പിന്നിലെ ഇന്‍സ്പിറേഷനും അമ്മ തന്നെയായിരുന്നു.ഖാദി,കലംകാരി ,ടസ്സര്‍ സില്‍ക്ക്,കോട്ടണ്‍ പോലുള്ള വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു വീട്ടിലെ അധ്യാപികയുടെ സാരി ഷെല്‍ഫ്.അമ്മയുടെ ഈ സാരികള്‍ തന്നെയാണ് എന്നെ ഹാന്‍ഡ്‌ബ്ലോക്ക് കോട്ടണിലേക്ക് കൊണ്ടെത്തിച്ചത്.

വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അത് ശരീരത്തെ അസ്വസ്ഥപ്പെടുത്തരുത് അങ്ങനെയുണ്ടായാല്‍ അത് മാനസികമായി അസ്വസ്ഥതകളുണ്ടാക്കും.ഏറ്റവും കംഫര്‍ട്ടബിള്‍ ആയ വസ്ത്രം.ശരിക്കും ഇന്ന് ലാക്‌സ് ഡെസിനോയിലൂടെ ഞങ്ങള്‍ ചെയ്ത് വരുന്നത് അത്രമാത്രമാണ്.നിലവില്‍ ജോലിയില്‍ സഹായിക്കാന്‍ ഹിന്ദിക്കാരായ രണ്ട് പേരുണ്ട്.ഓര്‍ഡറുകളെടുക്കുന്നതും മറ്റു കാര്യങ്ങളുമൊക്കെ അമ്മയാണ് കൈകാര്യം ചെയ്യുന്നത്.ബാക്കി മാനേജ്‌മെന്റൊക്കെ സഹോദരന്‍ ഏറ്റെടുത്തു ചെയ്യുന്നുണ്ട്.ഞാന്‍ എനിക്ക് ഇഷ്ടമുള്ള രീതിയില്‍ കുര്‍ത്തികള്‍ ഡിസൈന്‍ ചെയ്ത് പേജിലൂടെ അവതരിപ്പിക്കുകയാണ് പതിവായി ചെയ്യുന്നത്.

ക്ലോത്തിംഗ് പണ്ടത്തെ പോലെയല്ല ഇപ്പോള്‍ ഒരുപാട് കണ്ടുവരുന്ന ബിസിനസ് ആണ്? പൊതുവെ എല്ലാവരും പറയുന്നത് പോലെ ഈ രംഗത്ത് ഒരു മത്സരം നേരിടേണ്ടി വരുന്നുണ്ടോ ?

ഒരുപാട് മത്സരമുള്ള മേഖലയാണ് എന്നകാര്യത്തില്‍ സംശയമില്ല.പക്ഷെ എനിക്ക് അങ്ങനെ ടെന്‍ഷന്‍ ഒന്നുമില്ല.ഞാന്‍ ഇതിനെ വെറുമൊരു ബിസിനസായി കാണുന്നില്ല എനിക്ക് ഇത് ഹരം നല്‍കുന്ന അല്ലെങ്കില്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ സാധിക്കാത്ത സന്തോഷം നല്‍കുന്ന ഒരു കാര്യമാണ്.മറ്റൊന്നിനെക്കുറിച്ചും ആശങ്കപ്പെടാനുള്ള ഒരു ചെറിയ വഴിപോലും lax desino എനിക്കായി തുറന്നുവെച്ചിട്ടില്ല..

lax desino യ്ക്ക് മാത്രമായി എന്താണ് ഒരു പ്രത്യേകത അവകാശപ്പെടാനുള്ളത് ?

പലതരത്തിലും പല രീതിയിലും വസ്ത്രങ്ങള്‍ വിപണനം ചെയ്യാം.അതില്‍ എന്റേതായ ഒരു കയ്യൊപ്പ് എന്നൊക്കെ പറയാവുന്നത് പോലെ വ്യത്യസ്ത കൂടി ചേര്‍ന്നു വരുന്നു എന്നതാണ് ലാക്‌സ് ഡെസിനോയിലെ ഔട്ട്ഫിറ്റുകളുടെ ഏറ്റവും വലിയ ആകര്‍ഷണവും പ്രത്യേകതയും.മനസിന് സുഖം നല്‍കുന്ന സന്തോഷം പകരുന്നവ ചെയ്യുന്നതാണ് എന്റെ രീതി അത് തന്നെയാണ് ഞാന്‍ ഡിസൈന്‍ ചെയ്യുന്ന വസ്ത്രങ്ങളുടെ മറ്റൊരു പ്രത്യേകതയും.വലിയ സമ്മര്‍ദ്ദവും തിരക്കുകളും തലയിലേക്കെടുക്കാന്‍ വയ്യ.അതുകൊണ്ട് സുഖകരമായി ചെയ്യാന്‍ സാധിക്കുന്ന അളവിലുള്ള വര്‍ക്കുകള്‍ മാത്രമാണ് ഓര്‍ഡറുകളെടുക്കുന്നത്.അതുകൊണ്ട് മാത്രമാണ് മുകളില്‍ പറഞ്ഞതുപോലെ മനോസുഖത്തിന് അനുസരിച്ച് ജോലി ചെയ്യാനും ആ വസ്ത്രത്തില്‍ അത് പ്രതിഫലിപ്പിക്കാനുമൊക്കെ ലാക്‌സ് ഡെസിനയോക്ക് സാധിക്കുന്നത്.

കുടുംബത്തിന്റെ സപ്പോര്‍ട്ട് എങ്ങനെയാണ് ?

ലാക്‌സ് ഡെസിനോ അതിന്റെ ചെറിയ യാത്ര തുടങ്ങിയിട്ടേയുള്ളു.പക്ഷെ ഒന്നുമില്ലാതിരുന്നിടത്ത് നിന്ന് ഇന്ന് സഹായികളൊക്കെയുള്ള ഒരു ചെറിയ വലിയ സ്ഥാപനമായി അത് മാറിയതിനു പിന്നില്‍ കുടുംബത്തിന്റെ സഹായവും സപ്പോര്‍ട്ടും തന്നെയാണ്.എന്റെ അമ്മ നേരത്തെ പറഞ്ഞല്ലോ,ഹെഡ്മിസ്ട്രസ്സായി വിരമിച്ചയാളാണ്,അച്ഛന്‍ പിന്നെ കൃഷിയും പറമ്പുമായി ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു.ഇവരെക്കൂടാതെ ചേട്ടനും ചേട്ടത്തിയും സഹോദരിമാരും വലിയരീതയില്‍ കൂടെ നില്‍ക്കുന്നു.ഭര്‍ത്താവ് യുഎഇയില്‍ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു.അദ്ദേഹവും കുടുംബവും ഒക്കെ എന്റെ പാഷനും സന്തോഷത്തിനും നല്‍കുന്ന പിന്തുണ ഇല്ലാതെ ഞാന്‍ ഒരിക്കലും ലാക്‌സ് ഡെസിനോയിലേക്ക് എത്തില്ലായിരുന്നു.എനിക്ക് ഒരു മോനുണ്ട് വിഹാന്‍.

സോഷ്യല്‍മീഡിയ എങ്ങനെ ഈ സംരഭത്തെ മുന്നോട്ട് നയിക്കുന്നു ?

സോഷ്യല്‍മീഡിയ ഒരുപാട് എന്നെ സഹായിച്ചിട്ടുണ്ട്.ഞാന്‍ ആദ്യം ഈ രംഗത്തേക്ക് വരുന്നത് തന്നെ ഓണ്‍ലൈന്‍ സ്‌റ്റോറായിട്ടാണ്.ഇന്‍സ്റ്റഗ്രാമില്‍ ഒരു അക്കൗണ്ട് തുടങ്ങി അത് വഴിയാണ് വര്‍ക്കുകള്‍ പോസ്റ്റ് ചെയ്ത് തുടങ്ങിയതും റീച്ചാകുന്നതും ഒക്കെ .ആ സമയത്ത് ഞാന്‍ ഫെയ്‌സ്ബുക്കില്‍ അത്ര ആക്ടീവായിരുന്നില്ല.ഫെയ്‌സ്ബുക്ക് എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു.മുന്‍പ് ചെറിയ ചെറിയ എഴുത്തുകളൊക്കെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഒരുപാട് ആളുകള്‍ നെഗറ്റീവ് കമന്റുകളും ആവശ്യമില്ലാത്ത സംസാരങ്ങളും ചര്‍ച്ചകളുമൊക്കെയായി ആ പോസ്റ്റിന്റെ മൂല്യത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയില്‍ ഫെയ്‌സ്ബുക്കില്‍ തളര്‍ത്താന്‍ ശ്രമിച്ചിരുന്നു.അത്തരം കാര്യങ്ങളിലേക്ക് എനിക്ക് ഈ കഴിവിനെ കൂടി വലിച്ചിഴയ്ക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.അതുകൊണ്ട് മനപൂര്‍വ്വം ഫെയ്‌സ്ബുക്ക് ഒഴിവാക്കി ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഒതുങ്ങുകയായിരുന്നു.ഇന്‍സ്റ്റ നമുക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ കുറച്ചുകൂടി സൗകര്യമാണ്.അവിടെ ഫെയ്‌സ്ബുക്കിലേത് പോലെ വളഞ്ഞിട്ട് ആക്രമണവും,തളര്‍ത്താനും പരിഹസിക്കാനുമുള്ള സ്‌പെയ്‌സോ ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.ഇന്‍സ്റ്റ വഴി തന്നെയാണ് ഞാന്‍ ഇപ്പോഴും എന്റെ പ്രൊഡക്ടുകള്‍ അവതരിപ്പിക്കുന്നത്.ഫെയസ്ബുക്കില്‍ ഒരു പേജ് ഉണ്ടെങ്കിലും ആക്ടീവല്ല.പിന്നെ എന്തേലും പോസ്റ്റ് ചെയ്യാന്‍ തോന്നിയാല്‍ എന്റെ പേഴ്‌സണല്‍ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്യും അത്രമാത്രം.

ഇതുവരെയും ഒരു വിധത്തിലമുള്ള പ്രൊമോഷനുകളോ,പരസ്യങ്ങളോ സോഷ്യല്‍മീഡിയ വഴി ചെയ്തിട്ടില്ല.സെലിബ്രിറ്റികളുമായി കൊളാബ്രേഷനുകള്‍ നടക്കുന്നുണ്ട് അത് വഴിയാണ് ഇപ്പോള്‍ ലാക്‌സ് ഡെസിനോ മുന്നോട്ട് പോകുന്നത്.അത്തരത്തിലുള്ള ഒരുപാട് വര്‍ക്കുകള്‍ വരുന്നുണ്ട്.


ഓണം,വിഷു,പോലുള്ള ആഘോഷങ്ങളിലേക്കായി പ്രത്യേക പാറ്റേണുകളും സീരീസുകളും ഇറക്കാറുണ്ടല്ലോ,ഇതിലേക്കായുള്ള തയ്യാറെടുപ്പുകള്‍ എങ്ങനെയാണ് ?

ഓണം,ക്രിസ്മസ്സ്,വിഷു തുടങ്ങിയ എല്ലാവിധ ആഘോഷങ്ങളും നമ്മള്‍ നമ്മുടെതായ രീതിയില്‍ ഒരു സീരീസ് തന്നെ പുറത്തിറക്കാറുണ്ട്.ഏതെങ്കിലും തരത്തിലുള്ള പ്രത്യേകത അതിലൊക്കെ വരുത്താനും ശ്രമിക്കാറുണ്ട്.തുടക്കത്തിലൊക്കെ അത്തരത്തിലൊരു ആഘോഷം അടുത്ത് വരുമ്പോഴാണ് അതുമായി ബന്ധപ്പെട്ട വസ്ത്രങ്ങളുടെ എഡിഷന്‍ അവതരിപ്പിച്ചിരുന്നത്.പിന്നീടാണ് അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്ന് തോന്നി തുടങ്ങിയത്.ആഘോഷങ്ങള്‍ക്കും ഒരു മാസത്തിനു മുന്‍പെങ്കിലും വസ്ത്രങ്ങള്‍ അവതരിപ്പിച്ചാലേ ആളുകള്‍ക്ക് അത് കണ്ട് ഓര്‍ഡര്‍ ചെയ്യാനും,ആഘോഷ വേളയില്‍ അത് വാങ്ങി ഉപയോഗിക്കാനുമുള്ള സമയം കിട്ടുള്ളു പ്രത്യേകിച്ച് ദൂരെയൊക്കെയുള്ളവര്‍ക്ക്.അതുകൊണ്ട് ഇപ്പോള്‍ കുറച്ച് നേരത്തെ ആഘോഷങ്ങള്‍ക്കായി ലാക്‌സ് ഡെസിനോ ഒരുങ്ങുന്നുണ്ട്.ക്രിസ്മസ്സിനും ഇപ്പോഴത്തെ വിഷുവിനുമൊക്കെ അങ്ങനെയാണ് ചെയ്തത്.


ചെറുതല്ലാത്ത പ്രതിസന്ധികളും സംരംഭത്തിലേക്ക് എത്തുമ്പോള്‍ നേരിടേണ്ടി വന്നിട്ടുണ്ടാകുമല്ലോ ,അത്തരത്തിലെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?

ഏറ്റവും കൂടുതല്‍ അനുഭവിച്ച പ്രതിസന്ധി അല്ലെങ്കില്‍ ബുദ്ധിമുട്ട് സാമ്പത്തികമായിട്ടുള്ളത് തന്നെയാണ്.സ്റ്റോക്ക് എടുക്കാനൊക്കെ നല്ല പണചെലവുണ്ട്.പ്രത്യേകിച്ച് ഇത് വിലകൂടിയ മെറ്റീരിയലുകളായതിനാല്‍.ഞാന്‍ ഇതുവരെ ലോണുകളോ മറ്റ് വായ്പ സൗകര്യങ്ങളിലേക്കോ ഒന്നും ആശ്രയിച്ചിട്ടില്ല അതുകൊണ്ട് തന്നെ ഇപ്പോഴും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട്.ഒന്ന് രണ്ട് വര്‍ഷമെടുത്താലേ ഇതൊന്ന് ഒകെയായി വരു.നിലവില്‍ അവിടുന്നും ഇവിടുന്നും ഒക്കെ തിരിച്ചും മറിച്ചുമാണ് ലാക്‌സ് ഡെസിനോ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇതിനു പുറമെ ഞാന്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം,നാളുകളെടുത്ത് ഒരു വസ്ത്രം ഡിസൈന്‍ ചെയ്താലും അത് ആളുകള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കാന്‍ അവരിഷ്ടപ്പെടുന്ന രീതിയില്‍ സ്വീകരിക്കാന്‍ ഭംഗിയുള്ള ഒരു മോഡലിനെ അല്ലെങ്കില്‍ ഫെയര്‍ സ്‌കിന്നുള്ള ഒരാളെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.എന്റെ വിശ്വാസത്തില്‍ വസ്ത്രത്തിന്റെ ഭംഗിക്കൊപ്പം അത് ധരിക്കുന്നയാളിന്റെ ഭംഗിയ്ക്കും പ്രാധാന്യമുണ്ട്, അതൊരിക്കലും ഫെയര്‍ ടൈപ്പിലുള്ള ആളില്‍ മാത്രമാണുള്ളതെന്ന് എനിക്ക് തോന്നുന്നില്ല.പലപ്പോഴും മികച്ച വസ്ത്രങ്ങള്‍ ആണ് ആളിന് ഭംഗി നല്‍കുന്നത് പക്ഷെ ഞാന്‍ ഇതുവരെ പോസ്റ്റ് ചെയ്ത ഫോട്ടോകളുടെ ലൈക്കും കമന്റുകളും ഒക്കെ താരതമ്യപ്പെടുത്തിയപ്പോള്‍ മനസിലായത് ആളുകളുടെ മനസില്‍ ഫെയര്‍ സ്‌കിന്നാണ് മികച്ചതെന്ന രീതിയിലുള്ള വിശ്വാസം ഉറച്ചിട്ടുണ്ട് അതൊക്കെ ഒന്ന് പൊളിച്ചെഴുതണം എന്നുണ്ട്.പക്ഷെ അതിന് എനിക്ക് സാമ്പത്തികമായി ഒന്ന് മെച്ചപെടണം.എന്നാല്‍ ഇപ്പോഴെ ചെറിയ രീതിയില്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.ബ്ലാക്ക് ആന്റ് ബ്യൂട്ടിഫുള്‍ എന്ന പേരില്‍ ജൂലൈ-ആഗസ്റ്റ് ഒക്കെയാകുമ്പോള്‍ ഞാന്‍ ഒരു സീരീസ് ലോഞ്ച് ചെയ്യണുണ്ട്.അതിന്റെ വര്‍ക്കിലാണ് ഞാനിപ്പോള്‍.ബ്ലാക്ക് ആന്റ് ബ്യൂട്ടിഫുള്‍ എന്റെ സ്വപ്‌നമാണ് അതെത്രത്തോളം മികച്ചതാകുമെന്ന് അറിയില്ല.

'ഞങ്ങളുടെ വീടിന്റെ സെക്കന്റ് ഫ്‌ളോറാണ് ലാക്‌സ് ഡെസിനോ.ചുരുക്കി പറഞ്ഞാല്‍ ഒരു കുടുംബാന്തരീക്ഷം എപ്പോഴും അവിടെയുണ്ടാകും.ഇതുവരെയും പുറത്ത് ഒരു സ്റ്റോറായി പ്രചരിപ്പിച്ചിട്ടില്ലെങ്കിലും വീടിനടുത്തുള്ളവരൊക്കെ ധാരാളമായി വന്ന് വസ്ത്രങ്ങള്‍ വാങ്ങിക്കാറുണ്ട്.ഓണ്‍ലൈന്‍ സ്‌റ്റോറായി തന്നെയാണ് അറിയപ്പെടുന്നത്.എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു ചെറിയ കടയാണ് ലാക്‌സ് ഡെസിനോ' വാക്കുകളില്‍ പ്രകടിപ്പിക്കാനാകാത്ത ആനന്ദവും എക്‌സൈറ്റ്‌മെന്റും ലാക്‌സ് ഡെസിനോയെ കുറിച്ച് പറയുമ്പോള്‍ ശ്രീലക്ഷ്മിയുടെ വാക്കുകളില്‍ നിറഞ്ഞു കാണാം.സിംപിളിസിറ്റി കൊണ്ട് ഭാവിയില്‍ ഫാഷന്‍ ലോകത്ത് വലിയൊരു സാമ്രാജ്യം തീര്‍ക്കാനും വൈവിധ്യങ്ങള്‍ നിറയ്ക്കാനും ആളുകളില്‍ സന്തോഷം പകരാനും ഈ ചെറിയ സംരംഭകയ്ക്ക് സാധിക്കട്ടെ.....
 

ഇന്‍സ്റ്റഗ്രാം :  https://www.instagram.com/lax_desino/

ഫെയ്‌സ്ബുക്ക് :  https://www.facebook.com/laxdesino/

 

 

Story highlights: Today,  share with you an interview with Sreelakshmi Who sucussfully run lax desino,a online boutique in Kerala.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.