Sections

മിനിസ്‌ക്രീനിലെ ജനപ്രിയ താരം; ആരോഗ്യപ്രശ്‌നങ്ങളെ നേരിടാന്‍ രോഗികള്‍ക്കൊപ്പം താങ്ങായി തണലായി ഡോ.ദിവ്യ | Interview with actress Dr Divya Nair

Saturday, Jul 16, 2022
Reported By Jeena S Jayan
interview , dr divya nair, homeopathic doctor

അവതാരകയില്‍ നിന്നു അഭിനേത്രിയിലേക്ക്, ഗായികയായും നര്‍ത്തകിയായും ഒക്കെ കണ്ടുള്ള പരിചയമാണ് നമുക്ക് ദിവ്യയെ.അതിനുമപ്പുറം ഒരുപാട് വ്യത്യസ്തതകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷനെ ഒപ്പം കൊണ്ടു പോകുന്ന തിരക്കുള്ള ഒരു അമ്മകൂടിയാണിവര്‍.

 

തലസ്ഥാനനഗരിയില്‍ ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും സാന്ത്വനവുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.ഈ ക്ലിനിക്കിന്റെ പിന്നിലുള്ളത് നമുക്ക് ഒരുപാട് പരിചയമുള്ള മലയാളികളുടെ പ്രിയപ്പെട്ട താരം ഡോ.ദിവ്യ നായരാണ്.ക്ലിനിക്കിനെ കുറിച്ചും ജീവിതത്തെ കുറിച്ചും ദിവ്യയ്ക്ക് എന്താ പറയാനുള്ളത് എന്ന് കേട്ടാലോ....

ജനിച്ചതും വളര്‍ന്നതുമൊക്കെ മസ്‌ക്കറ്റിലാണെങ്കിലും ദിവ്യയുടെ നാട് നമ്മുടെ കൊല്ലം ജില്ലയിലെ കല്ലടയാണ്.അവതാരകയില്‍ നിന്നു അഭിനേത്രിയിലേക്ക്, ഗായികയായും നര്‍ത്തകിയായും ഒക്കെ കണ്ടുള്ള പരിചയമാണ് നമുക്ക് ദിവ്യയെ.അതിനുമപ്പുറം ഒരുപാട് വ്യത്യസ്തതകള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫഷനെ ഒപ്പം കൊണ്ടു പോകുന്ന തിരക്കുള്ള ഒരു അമ്മകൂടിയാണിവര്‍.

ദിവ്യയെ അഭിനേത്രി എന്ന നിലയിലാണ് നമുക്കൊക്കെ പരിചയം.എന്നാല്‍ അടുത്തകാലത്തായി സോഷ്യല്‍മീഡിയയിലും വലിയൊരു പ്രേക്ഷകര്‍ ദിവ്യയ്ക്കുണ്ട്.സോഷ്യല്‍ മീഡിയയില്‍ കണ്ടന്റ് ചെയ്ത് തുടങ്ങാം എന്ന് തോന്നിത്തുടങ്ങിയത് ?

"കുറച്ചുകാലമായി സോഷ്യല്‍മീഡിയയില്‍ ആക്ടീവാണ്. ക്ലിനിക്കിന് വേണ്ടി വീഡിയോസൊക്കെ ഫെയ്സ്ബുക്കില്‍ അപ്ലോഡ് ചെയ്തു തുടങ്ങിയതാണ്. അതില്‍ നിന്ന് കുറേപേര് അവരുടെ യൂട്യൂബിന് വേണ്ടി ഈ വീഡിയോസ് ഒക്കെ എടുത്തിരുന്നു അതൊക്കെ അത്യാവശ്യം റീച്ചായി.ആ സമയത്തൊന്നും എത്രപേര് അത് കാണുന്നു എന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല.പിന്നെയും കുറച്ചുകാലത്തിനു ശേഷമാണ് യൂട്യൂബിലൊക്കെ വീഡിയോ ചെയ്തു തുടങ്ങുന്നത്.ആളുകളുമായി കൂടുതല്‍ സംസാരിക്കാനും ഇടപഴകാനുമൊക്കെ യൂട്യൂബ് പോലുളള നവമാധ്യമങ്ങള്‍ നല്ലതാണെന്ന് തോന്നി തുടങ്ങിയതോടെ മറ്റ് പ്ലാറ്റ്ഫോമുകളിലും പ്രത്യേകിച്ച് യൂട്യൂബില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു തുടങ്ങി."

ഏകദേശം 5 ലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സുള്ള തന്റെ ചാനലിനെ കുറിച്ച് പതിവ് യൂട്യൂബേഴ്‌സിന്റെ ആധിയൊന്നും ദിവ്യയുടെ വാക്കുകളില്ല.ക്ലിനിക്കിനെ സപ്പോര്‍ട്ട്‌  ചെയ്യാന്‍ യൂട്യൂബിനെ തെരഞ്ഞെടുത്തു എന്ന് മാത്രം. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രമിലൂം ദിവ്യ സജീവമാണ്.ആരോഗ്യ വിഷയങ്ങള്‍ മാത്രമല്ല ജീവിതത്തിലെ നല്ല അനുഭവങ്ങളും യാത്രകളും ഒക്കെ ദിവ്യ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്.

Health talks എന്ന സീരിസില്‍ നുറുങ്ങുകളും പൊടിവിദ്യകളും ഒക്കെ ആണല്ലോ വിഷയങ്ങളാക്കുന്നത്.കരിയര്‍ നോക്കുവാണെങ്കില്‍ ഹോമിയോ ഡോക്ടര്‍ ആണ് ഇതെങ്ങനെ ?

"ഹെല്‍ത്ത് ടോക്സ് എന്ന് പറയുമ്പോള്‍ ആരോഗ്യത്തെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഞങ്ങള്‍ പറയാറുണ്ട്. വലിയൊരു പക്ഷം പ്രേക്ഷകര്‍ ബ്യൂട്ടി ടിപ്സും അതുപോലുള്ള കാര്യങ്ങളും വലിയ താല്‍പര്യത്തോടെ കാണുന്നവരാണ്.ഞാന്‍ അഭിനയ രംഗത്തുള്ളതുകൊണ്ട് ചില്ലറ ബ്യൂട്ടി ടിപ്സ് ഒക്കെ പരീക്ഷിച്ചു നോക്കാറുണ്ട്.ആളുകള്‍ക്ക് ഇത്തരം വിഷയങ്ങളിലുള്ള താല്‍പര്യം തിരിച്ചറിഞ്ഞതോടെയാണ് ബ്യൂട്ടി ടിപ്സ് വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയത്."

ദിവ്യയുടെ ചാനലില്‍ വെറും ബ്യൂട്ടി ടിപ്‌സ് മാത്രമല്ല. ദൈനംദിന ജീവിതത്തില്‍ ആളുകളെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും ജീവിതശൈലീ രോഗങ്ങളെ കുറിച്ചുമുള്ള അറിവുകളും ആരോഗ്യമുള്ള ശരീരം കാത്തുസൂക്ഷിക്കാന്‍ പാലിക്കേണ്ട വസ്തുതകളെ കുറിച്ചും വളരെ സീരിസയസ്സായി ദിവ്യ സംസാരിക്കാറുണ്ട്.

ദിവസേനയുള്ള ജീവിതചര്യയ്‌ക്കൊപ്പം ചെയ്യാന്‍ കഴിയുന്ന ടിപ്‌സുകളാണ് ദിവ്യ പകര്‍ന്നു നല്‍കുന്നത്.അപ്പോഴും ഉടനടി ഫലം പോലുള്ള വൈറല്‍ വാഗ്ദാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുമുണ്ട്.ഇത് മനപൂര്‍വ്വം തന്നെ പിന്തുടരുന്ന രീതിയാണോ ?

"പ്രൊഫഷണലി ഡോക്ടര്‍ ആയതുകൊണ്ട് തന്നെ എതെങ്കിലും വിദ്യയിലൂടെ ഉടനടി ഫലം കിട്ടുമെന്ന് പറയാന്‍ പറ്റില്ല.പൊടിക്കൈ എന്നൊരു വസ്തുത തന്നെ ജീവിതത്തില്‍ ഒരു കാര്യത്തിനുമില്ല.അതിപ്പോള്‍ തടി വെയ്ക്കാനോ കുറയ്ക്കാനോ, നിറം വെയ്ക്കാനോ, മുടി വളര്‍ത്താനോ അങ്ങനെ ഏത് വിഷയത്തിനാണെങ്കിലും ഇന്‍സ്റ്റന്റ് റിസല്‍ട്ട് കിട്ടുന്ന ടിപ്സ് ഒന്നും ഇല്ല."  ഉടനടി ഫലം കിട്ടുന്നൊരു വഴിയുണ്ടെങ്കില്‍ അതൊരിക്കലും ശരിയായ മാര്‍ഗ്ഗത്തിലൂടെയായിരിക്കില്ലെന്ന വിശ്വാസമാണ് ഡോ.ദിവ്യയ്ക്ക്.അത്തരം കണ്ടന്റുകള്‍ ചെയ്ത് ക്രെഡിബിളിറ്റി നശിപ്പിക്കാന്‍ അവര്‍ തയ്യാറുമല്ല.മോഹനവാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ പറ്റിക്കാന്‍ ഒരു ഡോക്ടറായ തനിക്ക് സാധിക്കില്ലെന്ന് ഉറപ്പുള്ള ദിവ്യ യൂട്യൂബ് അല്ല ജീവിതം എന്ന് വ്യക്തമായി പറയുന്നുമുണ്ട്.

യോഗ മെഡിറ്റേഷനിലും പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിലും പിജി പൂര്‍ത്തിയാക്കിയിട്ടുണ്ടല്ലോ, യോഗ പരിശീലകയുടെ റോളില്‍ ദിവ്യയെ കാണാന്‍ സാധിക്കുമോ ?

"യോഗ മെഡിറ്റേഷന്‍ ആ്ന്‍ഡ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റില്‍ കോഴ്സ് ചെയ്തിട്ടുണ്ട്. യോഗ പരിശീലന ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി നടത്തുന്നുണ്ട്. പോളിസിസ്റ്റിക് ഓവറി കണ്ടീഷന്‍സ്, വെയിറ്റ് ലോസ് , പ്രായമായവര്‍ക്ക് തുടങ്ങിയ വിവിധ സ്പെഷ്യല്‍ ഏരിയകള്‍ ഫോക്കസ് ചെയ്താണ് ക്ലാസുകളെടുക്കുന്നത്.യോഗ പരിശീലനത്തെ കുറിച്ചൊന്നും സോഷ്യല്‍മീഡിയ വഴി പ്രൊമോട്ട് ചെയ്തിട്ടില്ലെന്നേയുള്ളു."

കണ്ടന്റ് വീഡിയോകള്‍ക്കൊപ്പം ട്രാവല്‍ ഡയറീസും അതുപോലെ ഷോര്‍ട്ട് വീഡിയോകളും ഒക്കെ പങ്കുവെയ്ക്കാറുണ്ടല്ലോ. ഒരു വീഡിയോയ്ക്ക് വേണ്ടി എത്രമാത്രം സമയം ചെലവഴിക്കേണ്ടി വരാറുണ്ട് ?


ദിവ്യയുടെ ചാനലിലും സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലും ഒക്കെ മനസിന് റിലാക്‌സ് നല്‍കുന്ന ഒരുപാട് യാത്രകളുടെ വീഡിയോകളും കാണാം.യാത്രകള്‍ ഇഷ്ടപ്പെടുന്ന ഈ ഡോക്ടര്‍ തിരക്കിട്ട സമയത്തിനുള്ളില്‍ ഇതൊക്കെ എങ്ങനെ ചെയ്യുന്നു എന്ന സംശയം പ്രേക്ഷകര്‍ക്കുണ്ടാകാം. "കണ്ടന്റ് വീഡിയോകള്‍ ചെയ്യുന്നതിനൊപ്പം തന്നെ ട്രാവല്‍ വീഡിയോകളും ഷോര്‍ട്ട് വീഡിയോകളും ഷൂട്ട് ചെയ്തങ്ങ് പോകുന്നു.ശരിയാണ് ഇതിനൊക്കെ അത്യാവശ്യം നല്ല സമയം വേണ്ടതാണ്. യാത്രകള്‍ ചെയ്യുന്നത് പോലെ വെറുതെ കാഴ്ച കണ്ടു പോയാല്‍ പോര വ്‌ളോഗ്‌ ചെയ്യുമ്പോള്‍ വീഡിയോ കാണുന്ന പ്രേക്ഷകന് എങ്ങനെ അനുഭവപ്പെടുന്നു എന്നൊക്കെ ആലോചിച്ച് വേണം ചിത്രീകരിക്കാന്‍.ഇതിനൊക്കെ നല്ല സമയം വേണം.പ്രൊഫഷണല്‍ തിരക്കുകള്‍ക്കിടയില്‍ കിട്ടുന്ന സമയത്ത് ഷൂട്ട് ചെയ്യുന്നു.മുന്‍പൊക്കെ കാഴ്ച കാണാന്‍ പോകുമായിരുന്ന ട്രിപ്പുകളൊക്കെ ഇപ്പോള്‍ വീഡിയോയ്ക്കുള്ള എന്തെങ്കിലും സ്‌കോപ് ഉണ്ടോ എന്ന് അന്വേഷിച്ച ശേഷമാണ് നടത്തുന്നത് എന്ന വ്യത്യാസം മാത്രം."

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്താണല്ലോ ദിവ്യയുടെ ക്ലിനിക്ക്.ക്ലിനിക്ക് തുടങ്ങിയതും അതിന്റെ പ്രവര്‍ത്തനവും ഒക്കെ വിശദീകരിക്കാമോ?

"ക്ലിഫ് ഹൗസിന്റെയും രാജ്ഭവന്റെയും നടുവിലായി തലസ്ഥാനനഗരിയുടെ രാജപാതയ്ക്ക് അരികില്‍ കവടിയാറില്‍ ആണ് ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. 2012ല്‍ ആണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.ആദ്യം ഒരു ഡോക്ടര്‍മാത്രമുള്ള ഒരു ചെറിയ ക്ലിനിക്കായി തുടങ്ങി പിന്നീട് സ്റ്റാഫുകളുടെ എണ്ണം കൂടി സ്പെഷ്യാലിറ്റി ക്ലിനിക്കായി മാറി. കാലം ചെന്ന രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് സ്പെഷ്യലൈസ് ചെയ്യുന്നത്.തൈറോയിഡ്, പോളിസിസ്റ്റിക് ഓവറി, പ്രമേഹം തുടങ്ങിയ രോഗങ്ങളും അതുപോലെ സൗന്ദര്യം പ്രത്യേകിച്ച് ത്വക്കും മുടിയും (മുഖത്തെ കുഴികള്‍, താരന്‍, ഹൈഡ്രോ ഫേഷ്യല്‍ ) ഹോമിയോപതി മരുന്നുകളിലൂടെ പരിചരിക്കുന്ന പ്രത്യേക വിംഗ് തന്നെ ക്ലിനിക്കിന്റെ ഭാഗമായി പ്രവൃത്തിക്കുന്നു."

ഹോമിയോ മെഡിസിനെ കുറിച്ച് പലവിധമായ കാഴ്ചപ്പാടുകളാണല്ലോ പൊതുസമൂഹത്തിന് നിലവില്‍ പേഷ്യന്‍സിന്റെ അപ്രോച്ച് എങ്ങനെയാണ് ?

"പല വിധത്തിലാണ് ആളുകളുടെ കാഴ്ചപ്പാട്. ഉപയോഗിക്കുന്ന ആളുകള്‍ ഹോമിയോ തന്നെ തുടര്‍ന്നു പോകുന്നു. ചികിത്സയില്‍ ഫലമുണ്ടാകുമെന്നുള്ളതു കൊണ്ടാണല്ലോ വര്‍ഷംന്തോറും ഇത്രയധികം ഹോമിയോ ഡോക്ടര്‍മാര്‍ പഠിച്ചിറങ്ങുന്നത്. പണ്ട് ചില തെറ്റിദ്ധാരണകളുണ്ടായിരുന്നു എന്നത് ശരി തന്നെ, പക്ഷെ ഇന്ന് ഒരുപാട് ഡോക്ടര്‍മാരുണ്ട്, ചികിത്സകളുണ്ട്,ക്ലിനിക്കുകള്‍ വരുന്നു ഇതൊക്കെ ഹോമിയോ രംഗത്തിന് ലഭിക്കുന്ന ജനസ്വീകാര്യതയുടെ അടയാളമാണ്.ആളുകള്‍ക്ക് ഇപ്പോള്‍ വ്യക്തമായ
ധാരണയുണ്ട്.അങ്ങനെ തന്നെയാണ് ഹോമിയോ മരുന്നുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ച് അവര്‍ വരുന്നതും."

മെഡിക്കല്‍ ഫീല്‍ഡില്‍ നിന്ന് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ് ?

"പഠിക്കുന്ന സമയത്ത് പാട്ട്,ഡാന്‍സ് തുടങ്ങി എല്ലാ കലായിനങ്ങളിലും സജീവമായിരുന്നു.അഭിനയിക്കുന്നതിനെ പറ്റി കുട്ടിക്കാലത്തൊന്നും ആലോചിച്ചിട്ടില്ല.ടിവിയില്‍ പാട്ട് പാടുന്നത് കണ്ടിട്ടാണ് സീരിയലിന്റെ ഓഫര്‍ വന്നത്.ഒന്ന് അഭിനയിച്ച് നോക്കാം എന്ന് വിചാരിച്ചു തുടങ്ങിയതാണ് പിന്നെ കുറച്ച് സിനിമകളും സീരിയലുകളും ഒക്കെ ആയി..." 

പാദസരത്തിലെ കൃഷ്ണവേണിയും,ബന്ധുവാര് ശത്രുവാരിലെ ലക്ഷ്മിയും ,പ്രണയത്തിലെ ഡോക്ടര്‍ കഥാപാത്രങ്ങളിലൂടെയും ആണ് മലയാളികള്‍ക്ക് ഡോ.ദിവ്യ ഹൃദയത്തോട് ചേര്‍ത്തു നില്‍ക്കുന്ന താരമായി മാറിയത്.സീരിയല്‍ രംഗത്ത് പ്രശസ്തയാകുന്നതിന് മുന്‍പ് മോഹന്‍ലാല്‍ നായകനായെത്തിയ മഹാസമുദ്രം, രസതന്ത്രം എന്നിങ്ങനെ രണ്ട് സിനിമകളുടെ ഭാഗമായിരുന്നു ദിവ്യ.ഒരിക്കലും ഒരു അഭിനേത്രിയാകുമെന്ന് വിചാരിച്ചിട്ടില്ല പാട്ടിലും ഡാന്‍സിലും ഒക്കെ കഴിവുതെളിയിച്ച ദിവ്യ സ്‌കൂള്‍ തലത്തില്‍ ഐഎസ്.സി കലാതിലകമായിട്ടുണ്ട്.

അവതാരക എന്ന നിലയില്‍ മലയാള ചാനലുകളില്‍ അറിയപ്പെടുന്ന ദിവ്യയെ ജീവന്‍ ടിവിയിലെ നാളെയുടെ വാനമ്പാടികള്‍ എന്ന സംഗീത പരിപാടി കണ്ടാണ് 'നോക്കെത്താ ദൂരത്തേക്ക്' എന്ന സീരിയലിലേക്ക് ക്ഷണിക്കുന്നത്.സീരിയലിലും സിനിമയിലും അഭിനയിക്കുമ്പോഴും തിരുവനന്തപുരത്തെ സ്വന്തം ക്ലിനിക്ക് മറക്കാനോ, അവിടെ നിന്ന് മാറി നില്‍ക്കാനോ ഈ ഡോക്ടര്‍ തയ്യാറായിട്ടില്ല.ഇപ്പോഴും ഡോക്ടര്‍ ജോലിയുടെ തിരക്കുകള്‍ കഴിഞ്ഞു മാത്രമേ ദിവ്യയെ നമുക്ക് കാണാന്‍ സാധിക്കു. കന്യാകുമാരിയിലെ ആറ്റൂരിലുള്ള വൈറ്റ് മെമ്മോറിയല്‍ ഹോമിയോ കോളേജില്‍ നിന്നായിരുന്നു ദിവ്യ പഠനം പൂര്‍ത്തിയാക്കിയത്.

ഫാമിലി ആന്‍ഡ് മ്യാരേജ് കൗണ്‍സിലിംഗില്‍ പിജിയുണ്ട് ദിവ്യയ്ക്ക്..ഒരുപാട് പഠിക്കാന്‍ ഇഷ്ടമുള്ള ആളാണോ.പ്രൊഫൈലില്‍ വ്യത്യസ്തങ്ങളായ കോഴ്‌സുകള്‍ ഒരുപാട് കാണുന്നു ?

"പഠിക്കാന്‍ വളരെ ഇഷ്ടമാണ്.എന്ന് കരുതി ബുദ്ധിജീവിയൊന്നുമല്ല വ്യത്യസ്തമായ വിഷയങ്ങളൊക്കെ പഠിക്കാനും അറിയാനുമുള്ള താല്‍പര്യം കൊണ്ടാണ് മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കോഴ്സുകളും ചെയ്തത്"

കുടുംബത്തിന്റെ സപ്പോര്‍ട്ട് ? ഒരുപാട് വ്യത്യസ്ത മേഖലകള്‍ കൈകാര്യം ചെയ്യുന്ന ആളെന്ന നിലയില്‍ തിരക്കുള്ള ജീവിതമാകുമല്ലോ.ഒഴിവുവേളകള്‍ കണ്ടെത്തിയാല്‍ ആദ്യം ചെയ്യുന്നത് എന്തായിരിക്കും ?

"തിരക്കുകള്‍ അത്യാവശ്യമുണ്ട് ക്ലിനിക്ക്,വീട് ,കുക്കിംഗ് അടക്കം പല തിരക്കുകളുണ്ടെങ്കിലും ഒരു യാത്ര പോയാല്‍ ഒന്ന് റിലാക്സ് ആകും എന്നാണ് ഞാന്‍ വിചാരിക്കുന്നത്.ഇഷ്ടപ്പെട്ട മറ്റൊരു കാര്യം ഒന്നും ചെയ്യാതെ ഇരിക്കുക എന്നതാണ്." 

തിരക്കിട്ട പ്രൊഫഷണല്‍ ജീവിതത്തില്‍ കരുത്തായി ഭര്‍ത്താവ് അനുശങ്കറും രണ്ട് മക്കളും ദിവ്യയ്‌ക്കൊപ്പമുണ്ട്.ഏഴാം ക്ലസില്‍ പഠിക്കുന്ന വേദയും രണ്ട് വയസ്സുകാരി മന്ത്രയും.ഒമാന്‍ അറബ് ബാങ്കിലെ ഉദ്യോഗസ്ഥനായ ജി.വി നായരുടെയും വീട്ടമ്മയായ ശശികലയുടെയും മൂന്നു മക്കളില്‍ ഇളയതാണ് ദിവ്യ.


രണ്ട് കുഞ്ഞുങ്ങളുടെ അമ്മകൂടിയാണ് ; ജീവിതത്തിന്റെ ഹാപ്പി സീക്രട്ട് എന്താണ് ? 


"രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് അതൊരു ഈസി ടാസ്‌ക് അല്ല.ഒരാള്‍ക്ക് പന്ത്രണ്ട് വയസ്സും മറ്റെയാള്‍ക്ക് രണ്ട് വയസ്സും രണ്ട് പേരും ലൈഫിന്റെ രണ്ട് ഫേസില്‍ നില്‍ക്കുന്ന പ്രായം.കുറച്ച് മാനേജ് ചെയ്യാന്‍ പാടാണ്.പിന്നെ എന്ത് ചെയ്താലും അത് എന്‍ജോയ് ചെയ്താണ് ചെയ്യുന്നത്.സമയം കണ്ടെത്തി ക്ലിനിക്കും വീട്ടിലെ കാര്യങ്ങളും ഒക്കെ മാനേജ് ചെയ്തു പോകുന്നു.ഇതൊക്കെയാണ് എന്റെ സന്തോഷം അതായിരിക്കും എന്റെ ഹാപ്പി സീക്രട്ടും."


ഇപ്പോഴത്തെ തിരക്കിനിടയില്‍ എവിടെ സമയം എന്ന് പരിതപിക്കുന്നവര്‍ക്കിടയില്‍ ക്ലിനിക്കിലെ തിരക്കുകളില്‍ നിന്ന് യാത്രകളും വായനയും പുതിയ പഠനമേഖലകളും ഒക്കെയായി ജീവിതം തന്നെ ആഘോഷമാക്കി മാറ്റുന്ന, താല്‍പര്യത്തോടെ എല്ലാ വിഷയങ്ങളിലും സജീവമായി നില്‍ക്കാന്‍ ശ്രമിക്കുന്ന ദിവ്യ വ്യത്യസ്തയാകുന്നു...സമയം കണ്ടെത്തി ഇഷ്ടങ്ങള്‍ക്ക് നല്‍കാന്‍ നിങ്ങള്‍ ഇനിയും മടിക്കുന്നത് എന്തിന് ?

 

ഫെയ്‌സ്ബുക്ക് : https://www.facebook.com/drdhsc

യൂട്യൂബ് : https://www.youtube.com/c/DrDivyaNaironline/featured

ഇന്‍സ്റ്റഗ്രാം : https://www.instagram.com/dr.divya_nair/?hl=en
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.