- Trending Now:
സാങ്കേതികമായി വളരെ അധികം വികാസം പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത്.ദിവസേനയുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ മുതല്‍ ജീവിതത്തിലെ വലിയ ആഘോഷങ്ങള്‍ വരെ ചിത്രങ്ങളായും വീഡിയോകളായും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകത്തോട് പങ്കുവെയ്ക്കുന്ന ഇന്നത്തെ കാലത്ത് ഫോട്ടോഗ്രഫി ഒരുപാട് ഡിമാന്റുള്ള പ്രൊഫഷന്‍ തന്നെയാണ്.ക്രിയേറ്റിവിറ്റിയ്ക്ക് വളരെ പ്രാധാന്യമുള്ള അതൊടൊപ്പം കഠിനാധ്വാനത്തിലൂടെ മാത്രം മികവു തെളിയിക്കാന്‍ സാധിക്കുന്ന ഈ മേഖലയില്‍ നിന്നൊരാളെ നമുക്ക് ഇന്ന് പരിചയപ്പെടാം.
'ദി ക്യൂരിയസ് സെയിലര്‍' ഫാഷന്‍ ഫോട്ടോഗ്രഫി മേഖലയില്‍ അറിയപ്പെടുന്ന ഒരു പേരാണ്, ഇതിനു പിന്നില്‍ അലന്‍ ജോസ് എന്ന ചെറുപ്പക്കാരനനാണ്.തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ ജോസ് ജോണിന്റെയും സെലീനയുടെയും മകന്‍ കേവലം പെട്ടെന്ന് തോന്നിയ ഒരു ആവേശത്തിന്റെ പുറത്ത് ക്യാമറ കൈയ്യിലെടുത്തതല്ല മറിച്ച് ജീവിതത്തില്‍ മറ്റൊരു ജോലിക്കും സംതൃപ്തിയും സന്തോഷം നല്‍കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ് ഒരുപാട് ട്വിസ്റ്റുകള്‍ക്ക് ഒടുവില്‍ തന്റെ പാഷനും കരിയറും ഒക്കെ തേടിപിടിച്ചതാണ്.ആ കഥ അലന്‍ തന്നെ പറയട്ടെ....
ആരാണ് അലന്‍ ജോസ്, എങ്ങനെ ഫോട്ടോഗ്രഫിയിലേക്ക് എത്തി ? ക്യാമറയുമായി പ്രണയം തുടങ്ങിയത് ?
ക്യാമറയെ സ്‌നേഹിച്ചു തുടങ്ങിയപ്പോഴെ എച്ച്ഡി ക്യാമറ തേടിപ്പോയ ഒരാളല്ല ഞാന്‍.എന്റെ ആദ്യത്തെ ക്യാമറ മൊബൈല്‍ ഫോണിനൊപ്പം വരുന്ന വിജിഎ ക്യാമറ ആയിരുന്നു.പിന്നീട് എന്റെ താല്‍പര്യം തിരിച്ചറിഞ്ഞ അങ്കിള്‍ ആണ് 2013ല്‍ Nikon D7000 എനിക്ക് സമ്മാനിക്കുന്നത്.ഇതാണ് ശരിക്കും എന്റെ ആദ്യ പ്രൊഫഷണല്‍ ക്യാമറ പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ ആ ക്യാമറ 2017ല്‍ എറണാകുളം നോര്‍ത്ത് റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് എന്റെ പക്കല്‍ നിന്ന് മോഷ്ടിക്കപ്പെട്ടു.പിന്നീട് ഞാന്‍ അതിനു പകരം ഉപയോഗിക്കാനായി ഒരു യൂസ്ഡ് Canon 550d വാങ്ങി അതുമായി സ്ട്രീറ്റ് ഫോട്ടോഗ്രഫിക്ക് ഇറങ്ങി.
തുടക്കത്തില്‍ കഥകളി,കൂടിയാട്ടം എന്നിങ്ങനെ നിശാഗന്ധി,വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍,മാര്‍ഗി നാട്യഗ്രഹം തുടങ്ങിയിടങ്ങളിലെ മിക്ക സാംസ്‌കാരിക പരിപാടികളും എടുക്കാന്‍ തുടങ്ങി.അതൊടൊപ്പം തിയേറ്റര്‍ പെര്‍ഫോമന്‍സുകള്‍ ചിത്രങ്ങളാക്കുന്നതും വലിയ ഇഷ്ടമായിരുന്നു.
യഥാര്‍ത്ഥത്തില്‍ ഫാഷന്‍ ഫോട്ടോഗ്രഫി ആയിരുന്നു എന്റെ പാഷന്‍.ഞാന്‍ വളരെ ചെറുപ്പത്തില്‍ ഫാഷന്‍ ടിവി സ്ഥിരമായി കാണുമായിരുന്നു.അന്നൊക്കെ അച്ഛനും അമ്മയും ഒക്ക കുട്ടികളോട് ഫാഷന്‍ ടിവി വെയ്ക്കുന്നത് പാപമാണെന്ന് പഠിപ്പിച്ചിരുന്ന കാലമാണ്.എന്റെ വീട്ടിലും സ്ഥിതി അതൊക്കെ തന്നെയായിരുന്നു.പക്ഷെ അച്ഛനും അമ്മയും അറിയാതെ ഞാന്‍ ഫാഷന്‍ ടിവി കാണുന്നത് തുടര്‍ന്നു.നമ്മുടെ നാട്ടില്‍ കണ്ടിട്ടില്ലാത്ത നമുക്ക് അന്യമായ ഫാഷന്‍ എന്നെ അന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
മറ്റ് ഒരുപാട് പേരെ പോലെ തന്നെ ഞാന്‍ പഠിക്കാന്‍ വളരെ മോശം ആയിരുന്നു.കൂട്ടുകാരുടെയും വീട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ സമ്മര്‍ദ്ദം കാരണം ഞാന്‍ തിരുവനന്തപുരം നാഷണല്‍ കോളേജില്‍ ബി.എസ് സി ഇലക്ട്രോണിക്‌സിന് ചേര്‍ന്നു. ഡിഗ്രി പൂര്‍ത്തിയാക്കിയെങ്കിലും ഒരുതരത്തിലും അതെനിക്ക് ഉപകാരപ്പെട്ടില്ലെന്ന് പറയാം.പഠന ശേഷം നിരവധി കമ്പനികളില്‍ സെയില്‍ പേഴ്‌സണായി ജോലി ചെയ്തു.ഒരിടത്തും എനിക്ക് മൂന്ന് മാസത്തില്‍ കൂടുതല്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം.അങ്ങനെ അപ്രതീക്ഷിതമായി ഞാന്‍ ഒരു പരസ്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു അവിടെ നിന്നാണ് ഞാന്‍ പരസ്യമേഖലയെ കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ ഒക്കെ പഠിക്കുന്നത്.ആ ഫീല്‍ഡും പ്രവര്‍ത്തനങ്ങളുമൊക്കെ എനിക്ക് താല്‍പര്യമുണ്ടാക്കുന്നവയായിരുന്നു.കൂടുതല്‍ ഈ വിഷയത്തില്‍ പഠിക്കണം എന്ന് അതിയായ മോഹം തോന്നിയതോടെ എന്റെ 27-ാം വയസില്‍ എം.എ ചെയ്യാന്‍ തീരുമാനിച്ചു.കോയമ്പത്തൂര്‍ അമൃത കോളേജില്‍ നിന്ന് കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലൈസ്ഡ് ഇന്‍ അഡ്വടൈസിംഗ് എന്ന വിഷയത്തില്‍ എംഎ ചെയ്തു.
അങ്ങനെ കോഴ്‌സ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഒരുപാട് മികച്ച ഏജന്‍സികളില്‍ അക്കൗണ്ട് എക്‌സിക്യൂട്ടീവ് പോസ്റ്റുകളില്‍ ജോലി ചെയ്യാന്‍ സാധിച്ചു.പലപ്പോഴും എന്റെ ആശയവിനിമയം എനിക്ക് വിലങ്ങുതടിയായി മാറിയതു കാരണം നല്ലരീതിയില്‍ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുണ്ട്.പക്ഷെ ഷൂട്ടിംഗ് ദിവസങ്ങളില്‍ വല്ലാത്ത സന്തോഷത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതു കൊണ്ട് തന്നെ എനിക്ക് വല്ലാത്ത ആത്മവിശ്വാസം കൈവന്നിരുന്നു.തരുണ്‍ ഖിവാളിനെ പോലുള്ള പ്രശസ്ത ഫോട്ടോഗ്രഫര്‍മാരെ ഫോളോചെയ്യാന്‍ തുടങ്ങുന്നതൊക്കെ ഈ അവസരത്തിലാണ്.
ഫോട്ടോഗ്രഫി, ഇതാണ് എന്റെ വഴി എന്ന് തോന്നിയ നിമിഷം ഓര്‍മ്മയുണ്ടോ ?
ഒരു ദിവസം നമ്മുടെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഞാന്‍ എടുത്ത ഒരു ചിത്രത്തിന്റെ പ്രിന്റ് എടുത്ത് തരാവോ എന്ന് എന്നോട് ഒരു സുഹൃത്ത് ആവശ്യപ്പെട്ടു.ആ നിമിഷമാണ് ശരിക്കും എന്റെ പാഷന്‍ എന്താണ് അതെന്ത് കൊണ്ട് പ്രൊഫഷന്‍ ആക്കിക്കൂടാ..തുടങ്ങിയ ചിന്തകളൊക്കെ തലയിലൂടെ കടന്നുപോകുന്നത്.പിന്നെ രണ്ടാമത്തെ സംഭവം ഏജന്‍സിക്ക് വേണ്ടി ഞാന്‍ ചെയ്യേണ്ട ഒരു വീഡിയോ, അത് കണ്ടവരൊക്കെ നന്നായിട്ടുണ്ടെന്ന് പറഞ്ഞതും എന്നെ ഫോട്ടോഗ്രഫി മേഖലയിലേക്ക് അല്ലെങ്കില്‍ ക്യാമറയിലേക്ക് കൂടുതല്‍ വലിച്ചടുപ്പിച്ചു.2019ല്‍ ജോലിയും അതുവരെയുള്ളതൊക്കെയും ഉപേക്ഷിച്ച് പുതിയൊരു ക്യാമറ വാങ്ങാനും സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുമുള്ള ആത്മവിശ്വാസം എനിക്കുണ്ടായി.എറണാകുളത്ത് നിന്നുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റായ പ്രിയ മറിയത്തിനൊപ്പം പ്രവര്‍ത്തിച്ചതാണ് എന്റെ കരിയറിലെയും ജീവിത്തിലെയും ഏറ്റവും വലിയ ടേണിംഗ് പോയിന്റ്.ഈ അവസരത്തില്‍ ഞാന്‍ പ്രിയയോട് എന്നെ വിശ്വസിച്ചതിനുള്ള നന്ദി പറയാന്‍ ആഗ്രഹിക്കുന്നു..പിന്നെ നടന്നതൊക്കെ ചിന്തിക്കുമ്പോള്‍ ഒരു മാജിക് പോലെ....
ഫോട്ടോഗ്രി ഇന്ന് വളരെ അധികം പ്രാധാന്യമുള്ള ഒരു തൊഴില്‍ മേഖലയാണ്.ശരിക്കും തൊഴിലായിട്ടാണോ ക്യാമറയെ കണ്ടിരിക്കുന്നത് ?
ഞാന്‍ പറഞ്ഞല്ലോ, എന്റെ പാഷന്‍ തന്നെയാണ് ജോലിയായി ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഒരിക്കലും അതൊരു ജോലിയായോ ബുദ്ധിമുട്ടായോ എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
ഫോട്ടോ-വീഡിയോഗ്രഫി ഇവ തമ്മില്‍ വലിയ അന്തരം ഉണ്ട്.ഏതാണ് പ്രയാസമുള്ള മേഖല ?
ശരിക്കും രണ്ടും തമ്മില്‍ വലിയ അന്തരമൊന്നും എനിക്ക് തോന്നിയിട്ടില്ല കേട്ടോ, രണ്ടും ഒരര്‍ത്ഥത്തില്‍ ഒന്നു തന്നെയാണ്.ഫ്രെയിം സജ്ജീകരിച്ച് കോ്‌മ്പോസിഷന്‍ കറക്ട് ചെയ്ത് ലൈറ്റിംഗ് ഒക്കെ സറ്റാക്കി സബ്ജക്ടിന് ആവശ്യമായ പ്രാധാന്യം നല്‍കി തന്നെയാണ് ഇവ രണ്ടും ചെയ്യുന്നത്.ഫോട്ടോഗ്രഫിയാകുമ്പോള്‍ സെക്കന്റുകളുടെ ശ്രദ്ധ മതിയാകും മുകളില്‍ സൂചിപ്പിച്ചതൊക്കെ പാലിച്ച് സെക്കന്റിന്റെ ഒരു അംശം കൊണ്ട് മികച്ച ഒരു ഇമേജ് സൃഷ്ടിക്കാന്‍ സാധിക്കും.
അതേ സമയം വീഡിയോഗ്രഫിക്ക് ദൈര്‍ഘ്യം വലിയ ഘടകമാണ്.ഫ്രെയിമുകള്‍,വീഡിയോ ദൈര്‍ഘ്യം,ക്യാമറ മൂവ്‌മെന്റ് തുടങ്ങി എല്ലാം നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.പിന്നെ എന്റെ കാര്യത്തില്‍ ഭ്രാന്തമായ ആസക്തിയുള്ള മേഖലയാണ് ക്യാമറ അതുകൊണ്ട് എനിക്ക് തൃപ്തി കിട്ടുന്നത് വരെ ഞാന്‍ ഷൂട്ട് ചെയ്യും ക്ലിക്ക് ചെയ്യും.അതുവരെയുള്ള ബുദ്ധിമുട്ടും ശാരീരിക അസ്വസ്ഥതകളും ക്ഷീണവും ഒക്കെ ഫൈനല്‍ ഔട്ട് കാണുമ്പോള്‍ പമ്പകടക്കും.
സിനിമ ലോകത്തും പുറത്തും ഒരുപാട് സാധ്യതകളുള്ള മേഖലയാണ് ഇത്.ഏത് രീതിയിലാണ് താങ്കള്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ?
നിലവില്‍ പരസ്യമേഖലയില്‍ തന്നെ തുടരാനാണ് താല്‍പര്യം.എന്നാല്‍ അനുയോജ്യമായ സമയം വരുമ്പോള്‍ സിനിമ ചെയ്യണം എന്നുണ്ട്.അതൊക്കെ സമയമാകുമ്പോള്‍ നടക്കും എന്ന് തന്നെയാണ് വിശ്വാസം.
വൈറ്റ് കോളര്‍ ജോലിയെക്കാള്‍ ഇതാണ് തനിക്ക് ചേരുന്നതെന്ന് തോന്നിതുടങ്ങിയ സമയം ?
ഒറ്റ ദിവസത്തെ ഷൂട്ടില്‍ ഒരു മാസത്തെ ശമ്പളവും അതിലുപരി സംതൃപ്തിയും കിട്ടുമ്പോള്‍.ഇത് രണ്ടും ആണല്ലോ ഏതൊരു ജോലിയിലും നമ്മളൊക്കെ ആഗ്രഹിക്കുന്നത്.കൂടുതല്‍ ശമ്പളത്തിനു വേണ്ടി ഒട്ടും സംതൃപ്തിയില്ലാത്ത ഒരു ജോലി എത്രനാള്‍ ചെയ്യാന്‍ സാധിക്കും.എന്റെ അഭിപ്രായത്തില്‍ അങ്ങനെ ജീവിക്കുന്നത് ഒരു തരം തടവുപോലെ തന്നെയാണ്.പിന്നെ ഫോട്ടോഗ്രഫിയടക്കം ക്രിയേറ്റീവ് ഫീല്‍ഡൊക്കെ ഇപ്പോള്‍ വലിയ രീതിയില്‍ അംഗീകരിക്കപ്പെടുന്നുണ്ട്.അതൊക്കെ കാണുമ്പോള്‍ തന്നെ സന്തോഷം.
വീട്ടുകാര്‍ക്ക് ഈ മേഖലയോടുള്ള സമീപനം ? നിങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണുമ്പോഴുള്ള വിലയിരുത്തലുകള്‍ എങ്ങനെയാണ് ?
ഞാന്‍ ജോലി ഉപേക്ഷിച്ചപ്പോള്‍ സാധാരണക്കാരയ എല്ലാ മാതാപിതാക്കളെയും പോലെ തന്നെ അവര്‍ വിഷമിച്ചിട്ടുണ്ടാകണം. പക്ഷേ ക്യാമറ വാങ്ങാന്‍ സാമ്പത്തികമായി എന്നെ സഹായിച്ചതും അവര്‍ തന്നെയാണ്.ഞാന്‍ രെക്ഷപെട്ടു കണ്ടല്‍ മതി അവര്‍ക്ക്.എനിക്ക് തോന്നുന്നത് ഈ ഫീല്‍ഡ് ദീര്‍ഘകാലത്തേക്ക് നല്ലതല്ലെന്ന ആശങ്കമാത്രമാണ് അച്ഛനും അമ്മയ്ക്കും ഒക്കെയുള്ളത് എന്നാണ്.
എന്തൊക്കെ കാര്യങ്ങളാണ് ഈ മേഖലയിലേക്ക് പാഷന്റ പുറത്ത് കടന്നു വരുന്നവര്‍ ശ്രദ്ധിക്കേണ്ടത് ?
നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ അത് ചെയ്യുക, പഠിക്കുന്നത് തുടരുക.അതല്ലാണ്ട് മറ്റ് ഒരു വഴിയിലൂടെയും മികവുള്ള ഒരു ക്യാമറ പേഴ്‌സണ്‍ ആകാന്‍ സാധിക്കില്ല.ഈ ഫീല്‍ഡ് മാത്രമല്ല ഏത് ജോലിയാണെങ്കിലും ആത്മവിശ്വാസവും അതോടൊപ്പം പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസും ഉണ്ടെങ്കില്‍ മാത്രമെ മുന്നേറാന്‍ സാധിക്കൂ.
തുടക്കത്തില്‍ വലിയ രീതിയിലുള്ള വരുമാനം ഒന്നും ലഭിക്കാന്‍ സാധ്യതയില്ലാത്ത മേഖലയാണ്.താങ്കര്‍ കടന്നു പോയ ബുദ്ധിമുട്ടുകളെ കുറിച്ച് ?
തുടക്കത്തില്‍ വരുമാനം ഒക്കെ പ്രതീക്ഷിക്കാന്‍ പോലും സാധിക്കില്ലെന്നത് ശരിയാണ്, പക്ഷേ എന്തുതന്നെയായാലും എന്ത് സംഭവിച്ചാലും നമ്മള്‍ ഇഷ്ടത്തോടെ ഒരുകാര്യത്തിനിറങ്ങി പുറപ്പെടുമ്പോള്‍ അവിടെ സ്ഥിരത പുലര്‍ത്തേണ്ടതുണ്ട്. പട്ടിണി കിടക്കേണ്ടി വന്നേക്കാം.പക്ഷെ എന്നും അങ്ങനെയാകില്ലല്ലോ, നമ്മള്‍ പ്രവര്‍ത്തിച്ചു കൊണ്ടെയിരുന്നു.കഠിനാധ്വാനം ഒപ്പം ക്ഷമ രണ്ടും അത്യാവശ്യമാണ്.
എത്രമാത്രം ശ്രമകരമാണ് ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍.?
ഇക്കാലത്ത് എല്ലാ മേഖലകളിലെന്ന പോലെ ഇവിടെയും ഒരു വലിയ മത്സരമുണ്ട്, എല്ലാവരും നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ വൈറല്‍ ഉള്ളടക്കം ചെയ്യാന്‍ തീവ്രമായി ശ്രമിക്കുന്നതിനേക്കാള്‍ നല്ലത് നിങ്ങളുടെ വൈദഗ്ധ്യവും ആധികാരികതയും ഉപയോഗിച്ച് ജനക്കൂട്ടത്തിനിടയില്‍ നിങ്ങളെത്തന്നെ എടുത്തു കാണിക്കുന്ന വ്യത്യസ്തമായ രീതിയിലുള്ള ഔട്ട് കൊടുക്കുക എന്നത് തന്നെയാണ് പ്രധാനം.
ഫോട്ടോഷൂട്ട് സീരീസ് ചെയ്യുമ്പോള്‍ വ്യത്യസ്തങ്ങളായ ഐഡിയകള്‍ ഒക്കെ കാണേണ്ടി വരുമല്ലോ.എങ്ങനെയാണ് ഒരു വര്‍ക്കിനു മുന്‍പുള്ള പ്രീപ്രൊഡക്ഷന്‍ ജോലികള്‍ ? തയ്യാറെടുപ്പുകള്‍ ?
അതൊരു ടീം വര്‍ക്കാണ്, സ്‌റ്റൈലിസ്റ്റ്, ഡിസൈനര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, അസിസ്റ്റന്റുമാര്‍ എന്നിവരുമായുള്ള ഒരു വലിയ ഗ്രൂപ്പിന്റെ ശ്രമഫലമാണ് ഫോട്ടോഷൂട്ട് സീരീസുകളിലൂടെ പുറത്തുവരുന്നത്.നമ്മളുടെ ചില ആശയങ്ങള്‍ നിര്‍ദ്ദേശിക്കാനും മറ്റുള്ള പല മേഖലകളിലെ ആളുകളുമായി സഹകരിക്കാനും ആശയം വികസിപ്പിക്കാനും പുതിയ ആശയങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ഒക്കെ സഹായിക്കുന്ന മികച്ച അവസരമാണ് ഫോട്ടോഷൂട്ടുകളൊക്കെ.
അലന്‍ ജോസിന്റെ കൂടുതല്‍ വര്‍ക്കുകള്‍ കാണാന്‍ https://www.thelocaleconomy.in/uploads/ckeditor_files/1651558390_1.jpg
ഫാഷന്‍ ഫോട്ടോഗ്രഫി എന്ന ലേബലില്‍ മാത്രം ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് ആഗ്രഹമില്ല.ഫുഡ് ആന്റ് പ്രോഡക്ട് ഫോട്ടോഗ്രഫിയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട് ഇപ്പോള്‍.വൈറല്‍ കണ്ടന്റിനായി ഓടുന്നതില്ല അതിലുപരി ഞാന്‍ ഗുണനിലവാരത്തില്‍ വിശ്വസിക്കുന്നു.ആ വിശ്വാസം കൊണ്ടാകണം എനിക്ക് നല്ല ക്ലയിന്റുകളെ ലഭിക്കുന്നതും.
ഈ മേഖലയില്‍ നിങ്ങളുടെ സ്വന്തം ഭാവി എങ്ങനെ നോക്കി കാണുന്നു ?
സത്യസന്ധമായി പറഞ്ഞാല്‍ നോ...ഐഡിയ, ഞാന്‍ ഇന്നിലാണ് ജീവിക്കുന്നത്. എനിക്ക് കുറച്ച് സേവ് ചെയ്യാനും സുഖകരമായ ഒരു വിരമിക്കല്‍ ജീവിതം നയിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ യഥാര്‍ത്ഥത്തില്‍ റിട്ടയര്‍മെന്റ് എന്ന് പറയാന്‍ കഴിയില്ല, അവസാന ശ്വാസം വരെ ഷൂട്ട് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇപ്പോഴുള്ള പോലെ ക്ലയിന്റുകള്‍ക്ക് വേണ്ടിയുള്ള വര്‍ക്കുകളില്‍ നിന്ന് റിട്ടയര്‍മെന്റ് എടുത്തേക്കാം പക്ഷെ ക്യമറ ഉപേക്ഷിക്കാന്‍ കഴിയില്ല അതുകൊണ്ട് യാത്രകളും ഷൂട്ടും തുടരുക തന്നെ ചെയ്യും.
വ്യക്തമായ നിലപാടുകളും അതുപോലെ തന്റെ കഴിവിലുള്ള ഉറച്ച വിശ്വാസത്തിനും ഒപ്പം അലന്റെ ഏറ്റവും മികച്ച ശക്തി ക്ഷമ തന്നെയാകണം.തന്നിലേക്ക് എല്ലാം കൃത്യസമയത്ത് എത്തിക്കാന്‍ സാധിക്കുന്ന മാജിക് അദ്ദേഹത്തിന്റെ ക്യാമറക്കണ്ണുകളിലും നമുക്ക് കാണാം......
ഇന്‍സ്റ്റഗ്രാം : https://www.instagram.com/the_curious_sailor/?hl=en
ഫെയ്‌സ്ബുക്ക് : https://www.facebook.com/alanthecurious
Story highlights :The Curious Sailor' is a well-known profile in the field of fashion photography, and behind this is a young man named Alan Jose. Let Alan tell the story ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.