Sections

അടിച്ച് കസറുകയും എറിഞ്ഞ് വീഴ്ത്തുകയും ചെയ്യുന്ന റോക്ക് ക്യാപ്റ്റന്‍ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയതിന്റെ അനുഭവം പങ്കുവച്ച് വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സജന സജീവന്‍

Tuesday, Mar 22, 2022
Reported By Aswathi Nurichan
sajana sajeevan

ഇന്ത്യയിലെ വളരെ മികച്ച ടീമാണ് കേരള ടീം. പെര്‍ഫോമന്‍സ് കൊണ്ട് മികച്ചതായത് കൊണ്ട് എലൈറ്റ് ഗ്രൂപ്പിലാണ് ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്.


ഓടിയും ചാടിയും കളിച്ച ഒരു ബാല്യം നമുക്കുണ്ടാകും. പക്ഷെ, പന്തിന്റെ പുറകിലോടിയും, ആണ്‍കുട്ടികള്‍ക്ക് മാത്രം കുത്തകയെന്ന് പറഞ്ഞിരുന്ന ക്രിക്കറ്റ് അവരെക്കാളും വെല്ലുന്ന രീതിയില്‍ കളിച്ച് ജയിച്ച ഒരു മിടുക്കി ഉണ്ടായിരുന്നു വയനാട് മാനന്തവാടിയില്‍. തിളയ്ക്കുന്ന രക്തത്തോടെ ഗ്രീസില്‍ ഇറങ്ങി താണ്ഡവമാടുകയും, എതിര്‍ ടീമിന്റെ സ്റ്റമ്പ് പിഴുതെറിഞ്ഞ് വിറപ്പിക്കുകയും ചെയ്യുന്ന കേരള വനിതാ ക്രിക്കറ്റ് ക്യാപ്റ്റനും ഇന്ത്യന്‍ ചലഞ്ചര്‍ ടീമില്‍ അംഗവുമായ സജന സജീവന്‍ ആണത്. തകര്‍ക്കാനാകാത്ത മനകരുത്തും ക്രിക്കറ്റ് കളിയുടെ തന്ത്രങ്ങളും കൊണ്ട് കേരള ക്രിക്കറ്റില്‍ തന്റേതായ ഇടം കണ്ടെത്തിയ സജന സജീവനോട് ദി ലോക്കല്‍ എക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തുന്ന അഭിമുഖം.

വനിതാ ക്രിക്കറ്റിനെ ആളുകള്‍ക്ക് പരിചയമില്ലാത്ത കാലഘട്ടത്തില്‍ എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നു വരുന്നത്?

എന്റെ ചെറുപ്പം മുതലേ അനിയനും കസിന്‍സുമായിരുന്നു എന്റെ കളിക്കൂട്ടുകാര്‍. അവര്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞാനും കൂടെ കൂടുകയും കളിയുടെ ശൈലി മനസ്സിലാക്കുകയും ചെയ്തിരുന്നു. അഞ്ചാം ക്ലാസ്സ് മുതല്‍ ഹോസ്റ്റലില്‍ നിന്ന് ആയിരുന്നു പഠിച്ചത്. പിന്നീടുള്ള പഠന കാലത്ത് ക്രിക്കറ്റ് കളിക്കാനൊന്നും അവസരം കിട്ടിയിരുന്നില്ല. അവിടെ ബാഡ്മിന്റണ്‍, ഖോ ഖോ, അത്‌ലറ്റിക്‌സ്, ഹൈ ജമ്പ് തുടങ്ങിയവയായിരുന്നു ഉണ്ടായിരുന്നത്. അതില്‍ സജീവമായി കളിച്ചു. അതിലൂടെ എന്റെ സ്റ്റാമിന നില നിര്‍ത്താന്‍ സാധിച്ചു. പ്ലസ് വണ്‍, പ്ലസ് ടു മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പഠിച്ചത്. ആ കാലയളവില്‍ ജാവലിന്‍ ത്രോയ്ക്കും ഡിസ്ട്രിക്ട് ത്രോയ്ക്കും ഫസ്റ്റ് ലഭിച്ചിരുന്നു. നിനക്ക് ക്രിക്കറ്റ് നോക്കിക്കൂടെ എന്ന ഫിസിക്കല്‍ ട്രെയ്‌നര്‍ എല്‍സമ്മ ടീച്ചറിന്റെ ചോദ്യമാണ് എന്റെ മനസിലെ ആഗ്രഹങ്ങളോടൊപ്പം സഞ്ചരിക്കാന്‍ എനിക്ക് പ്രചോദനമായത്. അപ്പോളൊന്നും പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് ടീം ഉണ്ടായിരുന്നില്ല. കൂട്ടുകാരികളെ കൂട്ടുപിടിച്ച് ഞങ്ങള്‍ ടീമുണ്ടാക്കി. 

കേരള ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിയ വഴി എങ്ങനെ ആണ്?
  
എല്‍സമ്മ ടീച്ചറിന്റെ പ്രോത്സാഹനം കൊണ്ട് ഞാന്‍ KCA നടത്തുന്ന സെലെക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ ആദ്യത്തെ തവണ പരിചയക്കുറവ് കാരണം സെലക്ഷനില്‍ പരാജയപെട്ടു. എന്നാല്‍ പോരായ്മകള്‍ എകദേശം നികത്തി, അടുത്ത തവണയും പരിശ്രമിച്ച് കേരള ക്രിക്കറ്റര്‍ എന്ന ആ ലക്ഷ്യം സാധ്യമാക്കുകയും ചെയ്തു. ചെന്നൈയില്‍ ആയിരുന്നു കേരള ടീമിലെ അരങ്ങേറ്റം. അവിടെ ഒരു സൈഡ് ബെഞ്ചര്‍ ആയിരുന്നു. അന്ന് ഹൈദരാബാദിനെതിരെ ഒരു സീനിയര്‍ താരത്തിന്റെ അഭാവത്തില്‍ എനിക്ക് നറുക്ക് വീണു. അന്നത്തെ മത്സരത്തില്‍ ഒരു ബൗളില്‍ നാല് റണ്‍സ് വിജയ ലക്ഷ്യം, ഞാനാണ് ഗ്രീസില്‍.... ഹൃദയമിടിപ്പിലും ബൗളിങിനെ നിരീക്ഷിച്ച് അടിച്ചു. നേടിയത് സ്വപ്‌ന തുല്യമായ കേരള ടീം. 

നമ്മുടെ നാട്ടില്‍ ക്രിക്കറ്റ് പരിശീലനത്തിന് സൗകര്യങ്ങളൊക്കെ പരിമിതമല്ലേ? എങ്ങനെയാണ് അവയെ മറികടന്നത്?

ഞാന്‍ പരിശീലനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സ്‌റ്റേഡിയങ്ങള്‍ ഒന്നും ഇല്ലായിരുന്നു. വയനാടില്‍ തന്നെ കൃഷ്ണഗിരി സ്റ്റേഡിയം വന്നത് പിന്നീടാണ്. അതിനാല്‍ തിരുവനന്തപുരത്താണ് പരിശീലനത്തിനൊക്കെ പോയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം നിരവധി സ്‌റ്റേഡിയങ്ങള്‍ ഉണ്ട്. കൂടാതെ ആളുകളൊക്കെ കൂറേയധികം മാറി. ക്രിക്കറ്റ് പരിശീലനത്തിനെ കുറിച്ചൊക്കെ അത്യാവശ്യ ധാരണങ്ങളൊക്കെ പലര്‍ക്കും ഉണ്ട്. അതിനാല്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ട്.

വീട്ടിലെ സാഹചര്യം എങ്ങനെയാണ്? വീട്ടുകാര്‍ കട്ട സപ്പോര്‍ട്ട് ആയിരിക്കുമല്ലേ?

അതെ വീട്ടുകാര്‍ നല്ല സപ്പോര്‍ട്ട് ആണ്. സജീവന്‍ എന്നാണ് അച്ഛന്റെ പേര്. ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുന്നു. അമ്മ ശാരദ, വാര്‍ഡ് കൗണ്‍സിലര്‍ ആണ്. അനുജന്‍ സച്ചിന്‍ ജോലി ചെയ്യുകയാണ്. ചെറുപ്പത്തില്‍ തന്നെ എനിക്ക് ക്രിക്കറ്റിനോടുള്ള ആഗ്രഹം മനസിലാക്കി അവര്‍ മികച്ച സപ്പോര്‍ട്ട് നല്‍കിയിരുന്നു. കൂടാതെ അഞ്ചാം ക്ലാസ് മുതല്‍ തന്നെ ഹോസ്റ്റലില്‍ പഠിച്ചതിനാല്‍ സ്വന്തം കാര്യങ്ങളില്‍ തീരുമാനമെടുക്കാനും അവ പ്രാവര്‍ത്തികമാക്കാനും ഞാന്‍ പ്രാപ്തയായിരുന്നു.

ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നത് ഏത് മേഖലയിലാണ്?

ഞാന്‍ ബാറ്റിംഗും ബൗളിംഗും ഏറെക്കുറേ ഒരുപോലെ കൈകാര്യം ചെയ്യാറുണ്ട്. എന്നാല്‍ പ്രധാനമായും ബാറ്റിംഗിലാണ് ശ്രദ്ധ പുലര്‍ത്തുന്നത്. മത്സരം ജയിക്കുക, ഞങ്ങളുടെ ടീം ഉയര്‍ന്നു വരിക എന്ന ചിന്ത മാത്രമേ ഉണ്ടാകാറുള്ളൂ. അതിനാല്‍ തന്നെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഓള്‍റൗണ്ടറായി പ്രവര്‍ത്തിക്കുന്നത്.

മത്സരങ്ങളില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം എങ്ങനെയാണ് അതിജീവിക്കുന്നത്?

എക്‌സ്പീരിയന്‍സ് തന്നെയാണ് അതില്‍ പ്രധാനം. തുടക്കത്തില്‍ എനിക്ക് അതിനെ കുറിച്ചൊന്നും ധാരണ ഉണ്ടായിരുന്നില്ല. പിന്നീട് മത്സരങ്ങളില്‍ പങ്കെടുക്കുതോറും പുതിയ പുതിയ അറിവുകള്‍ ലഭിച്ചു തുടങ്ങി. അവയൊക്കെ ഉപയോഗിച്ച് സ്വയം കണ്ടെത്തുകയും പരിചയമുള്ളവരോട് സംശയങ്ങള്‍ ചോദിച്ചുമാണ് സമ്മര്‍ദ്ദം അതിജീവിക്കുന്നതിനെ കുറിച്ചുള്ള മാര്‍ഗങ്ങള്‍ മനസിലാക്കിയത്. രാഹുല്‍ ദ്രാവിഡ് സാറിനെ നേരിട്ട് കണ്ടപ്പോള്‍ ഈക്കാര്യത്തെ കുറിച്ച് സംശയം ചോദിച്ചിരുന്നു. കളി ജയിക്കണം എന്നു മാത്രം ചിന്തിക്കാതെ ജയിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യം മനസിലാക്കി അതിനു വേണ്ട തന്ത്രങ്ങള്‍ ഉപയോഗിച്ച് മുന്നോട്ട് പോകാനും സാര്‍ ഉപദേശിച്ചു. 

ക്രിക്കറ്റ് മേഖലയിലെ റോള്‍ മോഡല്‍ ആരാണ്?

ഇന്ത്യന്‍ ടീമിലെ ഹര്‍മ്മന്‍ പ്രീത് കൗര്‍, മിത്താലി രാജ് എന്നിവരെയാക്കെ വളരെ ഇഷ്ടമാണ്. ഹര്‍മ്മന്‍ പ്രീത് കൗര്‍ ഹിറ്ററായത് കൊണ്ട് അവരെ കുറിച്ചധികം ഇഷ്ടമുണ്ട്. കാരണം എനിക്കും അത്തരത്തില്‍ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം.

ഒരു സിനിമ ചെയ്തിരുന്നില്ലേ? അതിനെ കുറിച്ച് ഒന്നു പറയാമോ? 

അതെ. കന എന്നൊരു തമിഴ് സിനിമ ചെയ്തിരുന്നു. ക്രിക്കറ്റുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ശിവകാര്‍ത്തികേയന്‍, ഐശ്വര്യ രാജേഷ്, സത്യരാജ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. 2018 ലാണ് സിനിമ റിലീസ് ചെയ്‌യത്. സിനിമ പിന്നീട് വിവിധ ഭാഷകളില്‍ റീമേക്ക് ചെയ്തിട്ടുണ്ട്. 2020 ല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിത്താലി രാജിന്റെ കൂടെ ഒരു സിനിമ ചെയ്യാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ കാരണം എത്തിച്ചേരാന്‍ സാധിക്കാത്തത് കൊണ്ട് ആ അവസരം നഷ്ടമാകുകയായിരുന്നു.

നിലവിലെ വിമണ്‍ ക്രിക്കറ്റ് ടീമിന്റെയും, ടൂര്‍ണമെന്റിന്റെയും സാഹചര്യം എങ്ങനെയാണ്?

ഇന്ത്യയിലെ വളരെ മികച്ച ടീമാണ് കേരള ടീം. പെര്‍ഫോമന്‍സ് കൊണ്ട് മികച്ചതായത് കൊണ്ട് എലൈറ്റ് ഗ്രൂപ്പിലാണ് ഞങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കൂടാതെ ഞങ്ങളുടെ ടീമിന്റെ ഐക്യത്തെ കുറിച്ച് മറ്റ് ടീമംഗങ്ങള്‍ വരെ വളരെ മികച്ച അഭിപ്രായം പറയാറുണ്ട്. പിന്നെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന പരിഗണന ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന് ലഭിക്കുന്നിലല്ലോ. അതുപോലെയുള്ള കുറേ കാര്യങ്ങളുണ്ട്. എന്നാല്‍ ഞങ്ങളുടെ കഴിവും അധികൃതരുടെ പ്രോല്‍സാഹനവും കൊണ്ട് അതിനെയൊക്കെ മറികടക്കാനും ഇതിലും വലിയ നേട്ടങ്ങള്‍ക്കുമായി ഞങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുണ്ട്. കോവിഡിന് ശേഷം മത്സങ്ങളൊന്നും നടന്നിട്ടില്ല. അടുത്ത ടി20 ടൂര്‍ണമെന്റ് അടുത്ത മാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.  

ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുതലമുറയോട് ഇടപെടാറുണ്ടോ? എന്താണ് അവരോട് പറയാനുള്ളത്?

നിലവില്‍ നിരവധി കുട്ടികള്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. കേരള ക്രിക്കറ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ ചില പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോള്‍ മികച്ച കുറേയധികം കുട്ടികളുമായി ഇടപെടാന്‍ സാധിച്ചിട്ടുണ്ട്. അവരുടെ ചില സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചില കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാനും അതിലൂടെ സാധിച്ചു. അക്കാദമിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ വീട്ടുകാര്‍ക്ക് ചിലവൊന്നും ഇല്ലാതെ തന്നെ മികച്ച പരിശീലനം നേടാന്‍ സാധിക്കുമെന്നും എല്ലാ കാര്യങ്ങളും കേരള ക്രിക്കറ്റ് അസോസിയേഷന്‍ നോക്കുമെന്നും അവരോട് പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.  

കേരള ക്രിക്കറ്റിന് മികച്ച സംഭാവന നല്‍കുന്ന സജന സജീവന്‍ തന്റെ നേട്ടങ്ങളില്‍ സന്തുഷ്ടയാണ്. കഴിവും, കഠിനാധ്വാനവും തന്നെയാണ് സജനയെ ഈ തലത്തിലേക്ക് എത്തിച്ചതെന്ന് നിസംശയം പറയാം. പല നിര്‍ണ്ണായക മത്സരങ്ങളിലും ടീമംഗം എന്ന നിലയിലും ക്യാപ്റ്റര്‍ എന്ന നിലയിലും തന്നിലെ മികച്ചതിനെ പുറത്തെടുത്ത് കേരള ടീമിനെ വിജയ കിരീടം ചൂടിച്ചിട്ടുണ്ട് സജന. എന്നാല്‍ ഇതൊക്കെ ടീമിന്റെ ഐക്യത്തിന്റെയും പരിശീലകരുടെയും കഴിവാണെന്ന് വിനയത്തോടെ സജന പറയുന്നു. ചുറുചുറുക്കും കഴിവും ഒത്തുചേര്‍ന്ന സജനയ്ക്ക് ഇനിയും നേടാന്‍ ഒത്തിരിയുണ്ട്. കേരളത്തിന്റെയും ഇന്ത്യയുടെയും അഭിമാനം വാനോളം ഉയര്‍ത്തുന്നതില്‍ അഭിവാജ്യ ഘടകങ്ങളായ കായിക താരങ്ങളെ പ്രോല്‍സാഹിപ്പിക്കേണ്ടതും അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്. അതിനായി നമ്മുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.