Sections

ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ ഫ്രീ ഫയറിനെ എന്തിന് പ്രതിക്കൂട്ടിലാക്കണം? ; എന്റെ അഭിപ്രായത്തില്‍ ഗെയിം കളിക്കാം പക്ഷെ....ജിതിന്‍ പറയട്ടെ

Tuesday, May 17, 2022
Reported By Jeena S Jayan
interview ,video gaming

വിദേശത്ത് ഒരുപാട് പോപ്പുലറായ ഗെയിമിംഗ് ചാനലുകളെ പോലൊന്ന് ആരംഭിക്കുമ്പോള്‍ വിലകൂടിയ സാങ്കേതിക സാധ്യതകളുടെ സഹായം ഒഴിവാക്കാനാകാത്തതാണ്.പക്ഷെ കൈയ്യിലുള്ളൊരു ഫോണില്‍ തീര്‍ത്ത മാജിക്കാണ് നൂബ് ഗെയിമിംഗ് എന്ന ചാനലിലൂടെ ജിതിന്‍ നേടിയെടുത്തത്.

 

നേരം കൊല്ലിക്കാന്‍ ഗെയിം കളിക്കുന്നവര്‍ മുതല്‍ ഭ്രാന്തമായി വീഡിയോ ഗെയിമുകളെ സമീപിക്കുന്നവര്‍ വരെ നമ്മുടെ ഈ സമൂഹത്തിലുണ്ട്.പക്ഷെ ഇതെ വീഡിയോ ഗെയിമിംഗിലൂടെ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഗെയിമര്‍ ആയി മാറിയ ആളാണ് ജിതിന്‍.

വിദേശത്ത് ഒരുപാട് പോപ്പുലറായ ഗെയിമിംഗ് ചാനലുകളെ പോലൊന്ന് ആരംഭിക്കുമ്പോള്‍ വിലകൂടിയ സാങ്കേതിക സാധ്യതകളുടെ സഹായം ഒഴിവാക്കാനാകാത്തതാണ്.പക്ഷെ കൈയ്യിലുള്ളൊരു ഫോണില്‍ തീര്‍ത്ത മാജിക്കാണ് നൂബ് ഗെയിമിംഗ് എന്ന ചാനലിലൂടെ ജിതിന്‍ നേടിയെടുത്തത്.

"ജിതിന്‍ ജിത്ത് എന്നാണ് എന്റെ പേര് ഞാനിപ്പോള്‍ ഡിഗ്രി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.തിരുവനന്തപുരത്ത് പാലോട് മൈലമൂട് ആണ് സ്വദേശം.ഗെയിമിംഗാണ് എന്റെ ഏറ്റവും വലിയ ഹോബി, ഇതല്ലാണ്ട് ഫെന്‍സിംഗില്‍ പരിശീലനം നടത്തുന്നുണ്ട്.എനിക്കൊരു ഗെയിമിംഗ് യൂട്യൂബ് ചാനലുണ്ട് നൂബ് ഗെയിമിംഗ് എന്നാണ് അതിന്റെ പേര്". ഫ്രീ ഫയര്‍ ഗെയിമില്‍ തന്റേതായ ഐഡന്റിറ്റിയില്‍ വളര്‍ന്നുവന്ന ജിതിന് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. പലതും നമുക്ക് അത്ര പരിചിതമല്ലാത്ത യാത്രകള്‍.നൂബ് ഗെയിമിംഗ് ഫ്രീ ഫയര്‍ കമ്യൂണിറ്റിയില്‍ താരമായി മാറിയ വിശേഷങ്ങള്‍,സ്വപ്‌നങ്ങള്‍..ആ കഥ ജിതിന്‍ തന്നെ പറയട്ടെ....

ഒരു യൂട്യൂബ് ചാനല്‍ എന്ന ഐഡിയയിലേക്ക് എത്തിയത് എങ്ങനെയാണ് ? 

ചാനലില്‍ തുടങ്ങാമെന്നുള്ള ഐഡിയയൊക്കെ വരുന്നതിന് മുന്‍പ് ഒട്ടുമിക്ക ആണ്‍കുട്ടികളെയും പോലെ ഗെയിം കളിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.പ്രത്യേകിച്ച് എന്തെങ്കിലും ലക്ഷ്യം മുന്നില്‍ കണ്ടൊന്നുമായിരുന്നില്ല വെറുതെ ഇങ്ങനെ കളിച്ചോണ്ടിരിക്കും.പക്ഷെ ആ സമയത്തും യൂട്യൂബേഴ്‌സിന്റെ വീഡിയോസ് ഒക്കെ ശ്രദ്ധിച്ചിരുന്നു.ഞാനിക്കാര്യം ഒരിക്കല്‍ സംസാരിക്കുന്നതിനിടയില്‍ ചേട്ടനോട് പറഞ്ഞപ്പോള്‍ ചാനല്‍ തുടങ്ങിയാല്‍ മെച്ചപ്പെട്ട രീതിയിലെത്തിക്കാമെന്ന ആത്മവിശ്വാസവും സപ്പോട്ടും ഒക്കെ തന്ന് എന്നെ ഇതിലേക്ക് ഉന്തിതള്ളിവിട്ടതും പുള്ളിയാണ്.
 
നേരംപോക്കിന് യൂട്യൂബ് വീഡിയോകള്‍ കാണുമെന്നല്ലാതെ എനിക്ക് യൂട്യൂബിനെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല.എങ്ങനെയാണ് അക്കൗണ്ടിന്റെ ഹാന്‍ഡ്‌ലിംഗെന്നോ,പണം വരുന്ന കാര്യങ്ങളോ,മോണറ്റൈസേഷനെ കുറിച്ചോ ഒന്നും വലിയ ധാരണയുണ്ടായിരുന്നില്ല.എനിക്ക് എല്ലാവിധ സഹായങ്ങളും നല്‍കി ഇപ്പോഴും ചേട്ടന്‍ കൂടെയുണ്ട്.

വ്ളോഗിംഗ്,ട്രാവല്‍ പോലുള്ള യൂഷ്വല്‍ ടോപ്പിക്കുകള്‍ വിട്ട് ഒരു ഗെയിമിംഗ് ചാനല്‍ മതിയെന്ന് തീരുമാനിക്കാന്‍ കാരണം ?

വ്‌ളോഗ് ചെയ്യാന്‍ താല്‍പര്യമുണ്ട്,ആ മേഖല കുറച്ചുകൂടി വിശാലവുമാണ് പക്ഷെ എന്തുകൊണ്ടോ ചാനല്‍ തുടങ്ങുന്ന കാര്യമെത്തിയപ്പോള്‍ ശ്രദ്ധ അങ്ങോട്ടേക്കൊന്നും പോയില്ല.ഒരുപക്ഷെ ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് ഗെയിമിംഗിന് വേണ്ടിയായിരുന്നു അതുകൊണ്ടാകാം ചാനല്‍ കണ്ടന്റും അതുതന്നെ മതിയെന്ന് തീരുമാനിച്ചത്.

ഈ പറഞ്ഞതു കേട്ട് ഞാന്‍ ഫുള്‍ടൈം ഗെയിം കളിച്ചിരിക്കുന്ന ആളാണെന്ന് തെറ്റിദ്ധരിക്കരുതേ, കുറച്ചു കാലം മുന്‍പൊക്കെ ഗെയിമിംഗ് കുറച്ച് കൂടുതലായിരുന്നു.കോവിഡ് ലോക്ക്ഡൗണ്‍ കാലത്തൊക്കെ വെറുതെ വീട്ടിലിരിക്കുമ്പോള്‍ പിന്നെ എന്ത് ചെയ്യാനാ.കൂട്ടുക്കാരൊക്കെ വിളിച്ചാലുടന്‍ കളി തുടങ്ങാന്‍ റെഡിയായിരിക്കുന്ന സമയമുണ്ടായിരുന്നു.ദിവസത്തില്‍ പത്ത് മണിക്കൂറിന് പുറത്തൊക്കെ ഗെയിം കളിച്ചിരുന്നു.ആ അവസരങ്ങളിലൊക്കെ പരമാവധി ലൈവ് പോകാനും ശ്രദ്ധിച്ചിരുന്നു.ഫോണിന്റെ ബാറ്ററി ബാക്ക് അപ്പ് അനുസരിച്ച് ലൈവ് ഗെയിമിംഗ് വീഡിയോകള്‍ സ്ട്രീം ചെയ്തിരുന്നു ഒരുവിധം നല്ല റീച്ചൊക്കെ കിട്ടിയിരുന്നു.ഇപ്പോള്‍ ഗെയിം കളി കുറച്ച് യൂട്യൂബിന്റെ കാര്യങ്ങളും വീഡിയോ അപ്ലോഡ് ചെയ്യുന്നതിന്റെ പ്ലാനിംഗിലും ഒക്കെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി.


എന്താണ് ശരിക്കും ചാനലിലൂടെ അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് ? 

ചാനലില്‍ പ്രധാനമായും കണ്ടന്റ് വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നുണ്ട്.എന്റെ കോളേജ് പഠനവും ക്ലാസും ഒക്കെ കാരണം സമയം വളരെ കുറവാണ് എന്നിരുന്നാലും കിട്ടുന്ന സമയത്ത് കണ്ടന്റ് വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ മടിക്കാറില്ല.കൂടുതലും റീല്‍സ് പോലുള്ള ഷോര്‍ട്ട് വീഡിയോകളിടാറുണ്ടായിരുന്നു.നിലവില്‍ ലൈവ് സ്ട്രീമിംഗിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുള്ളത്.മിനിമം ഒരു രണ്ട് മണിക്കൂറ് ലൈവ് സ്ട്രീം ചെയ്താണ് ചാനല്‍ ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

2019ല്‍ ആണല്ലോ ചാനല്‍ തുടങ്ങിയത് ? കോവിഡ് ലോക്ക്ഡൗണ്‍ തന്നെയാണോ കാരണം ? ചാനലിന് നൂബ് ഗെയിമിംഗ് എഫ് എഫ് കേരള എന്നൊരു പേര് നല്‍കാന്‍ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ?

കോവിഡിന് മുന്‍പെ ചാനലുണ്ടായിരുന്നു ലൈവ് സ്ട്രീമിംഗിലൂടെ തന്നെ നല്ല റീച്ചൊക്കെ കിട്ടിയിരുന്നു.മികച്ച രീതിയില്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡൊക്കെ വരുന്നത് ആ സമയത്ത് ചാനല്‍ കുറച്ചുകൂടി വളരാന്‍ ലോക്ക്ഡൗണ്‍ ഒക്കെ സഹായിച്ചിട്ടുണ്ട്.പിന്നെ ഒരുപാട് ചാനലുകള്‍ അക്കാലത്തു പുതുതായി ആരംഭിച്ചു.കുറച്ചുപേരൊക്കെ പെട്ടെന്ന് കണ്ടന്റ് ക്ലിക്കായി റീച്ച് നേടി വളര്‍ന്നു എന്നെയുള്ളു.

നൂബ് ഗെയിമിംഗ് എഫ് എഫ് കേരള എന്ന പേരിനു പിന്നില്‍ പ്രത്യേകതകളൊന്നുമില്ല.ഗെയിമുമായി ബന്ധപ്പെട്ടൊരു പേര്.തുടക്കക്കാരന്‍ എന്നര്‍ത്ഥത്തിലാണ് ഈ പേര് തന്നെ സെലക്ട് ചെയ്തതും.മറ്റാര്‍ക്കും ഇതോ സാമ്യമുള്ളതോ ആയ പേരില്ലെന്ന പ്രത്യേകതയുണ്ട് കേട്ടോ.


ഫ്രീഫയറില്‍ നൂബ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ് ?

ഗെയിമിംഗ് ലോകത്തെ സര്‍വ്വസാധാരണമായ ഒരു വാക്കാണ് നൂബ്, ഗെയിം കളിക്കാന്‍ അറിയാവുന്നവര്‍ പ്രോ എന്ന് അറിയപ്പെടുമ്പോള്‍ കളിക്കാന്‍ അറിയാത്ത ഒരാള്‍, അല്ലെങ്കില്‍ ഈ രംഗത്തേക്ക് വരുന്ന പുതുമുഖം എന്നൊക്കെ നമുക്ക് നൂബിനെ വിശേഷിപ്പിക്കാം.ആദ്യമൊക്കെ പലരും കളിയാക്കിയിട്ടുണ്ടെങ്കിലും ഇന്ന് ഈ പേര് വെച്ചാണ് ഫ്രീ ഫയര്‍ കമ്യൂണിറ്റിയില്‍ ഞാന്‍ അറിയപ്പെടുന്നത്.


യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ഒക്കെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ഗെയിമിംഗ് ചാനലാണ് ഇത് ?  ജിതിന്‍ എപ്പോഴെങ്കിലും ഇത്തരത്തിലൊരു സ്വപ്നം കണ്ടിരുന്നോ ?

ചാനലിന് പെട്ടെന്നൊരു ഗ്രോത്തോ,വലിയ വളര്‍ച്ചയോ ഒന്നും മുന്നില്‍ കണ്ടല്ല ഞാന്‍ തുടങ്ങിയത്.പക്ഷെ നന്നായി വര്‍ക്ക് ചെയ്തിരുന്നതു കൊണ്ട് തന്നെ അതിനൊരു റിസല്‍ട്ട് പ്രതീക്ഷിച്ചിരുന്നു.

വലിയ കഠിനാധ്വാനം നടത്തി പോസ്റ്റ് ചെയ്ത പല വീഡിയോകള്‍ക്കും വ്യൂ കുറഞ്ഞിട്ടുണ്ട്.പക്ഷെ വലിയ സാഹസമില്ലാതെ സിംപിളായി പോസ്റ്റ് ചെയ്ത വീഡിയോകള്‍ അപ്രതീക്ഷിതമായി കയറിപ്പോയി എന്നതാണ് സത്യം.ചില വീഡിയോകള്‍ ഒന്നും രണ്ടും ദിവസം കുത്തിയിരുന്ന് എഡിറ്റൊക്കെ ചെയ്താകും അപ്ലോഡ് ചെയ്യുന്നത് പക്ഷെ നൂറോ ഇരുന്നൂറോ പേരാകും അതു കണ്ടിട്ടുണ്ടാകുക.പണ്ട് ഒരു മാസമൊക്കെ അധ്വാനിച്ച് പരമാവധി മികച്ചതെന്ന് ഉറപ്പാക്കി ഷോര്‍ട്ട് ഫിലിം ഒക്കെ ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതൊന്നും കാണാന്‍ പോലും ആളുണ്ടായിരുന്നില്ല.ഇപ്പോള്‍ ഈ ചാനല്‍ ഒരു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് എന്ന ലക്ഷ്യത്തിലെത്തിക്കണം എന്നാണ് മനസില്‍.

ഗെയിമിഗിനു വേണ്ടി വിലകൂടിയ കമ്പ്വൂട്ടറുകളും മറ്റ് സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്ന ഗെയിമര്‍മാരെ നമുക്ക് അറിയാം.താങ്കള്‍ ഈ കാറ്റഗറിയില്‍പ്പെടുന്ന ഗെയിമര്‍ ആണെന്ന് പറയാമോ ?

അത്യാവശ്യം കാശുള്ളവരൊക്കെ മികച്ച സാങ്കേതിക വിദ്യകളൊക്കെ ഉപയോഗപ്പെടുത്തി നല്ല ഗെയിമിംഗ് സെറ്റുകളൊരുക്കി വീഡിയോകള്‍ ചെയ്യുന്നുണ്ട്.പക്ഷെ ഞാനിപ്പോഴും പിസിയിലേക്ക് കടന്നിട്ടില്ല, മൊബൈലില്‍ തന്നെയാണ്.എനിക്ക് മൊബൈല്‍ ഗെയിമിംഗാണ് കുറച്ചു കൂടി കംഫര്‍ട്ടബിള്‍.പിന്നെ ലൈവ് സ്ട്രീം ചെയ്യാന്‍ പിസി തന്നെയാണ് നല്ലതെന്നാണ് പറഞ്ഞു കേള്‍ക്കുന്നത് ഭാവിയില്‍ എങ്ങാനും അതിലേക്ക് പോയിക്കൂടായെന്നില്ല.

പബ്ജി,ഫ്രീ ഫയര്‍ പോലുള്ള ഗെയിമുകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു.വയലന്‍സിലേക്ക് നയിക്കുന്നു  തുടങ്ങി ഒരുപാട് ആരോപണങ്ങളുണ്ടല്ലോ.ജിതിന് എന്ത് തോന്നുന്നു ?

ഫ്രീ ഫയറും പബ്ജിയും പോലുള്ള ബാറ്റില്‍ റോയല്‍ വീഡിയോ ഗെയിമുകള്‍ കുട്ടികളില്‍ ലഹരി വളര്‍ത്തുന്നു അവരെ അടിമകളാക്കുന്നു ആത്മഹത്യയിലേക്ക് നയിക്കുന്നു എന്നു തുടങ്ങി ഒരുപാട് ആരോപണങ്ങളും വാര്‍ത്തകളും ഒക്കെ കേള്‍ക്കാറുണ്ട്.പക്ഷെ, യഥാര്‍ത്ഥത്തില്‍ ഇതിനുപിന്നിലെ കാരണങ്ങള്‍ തിരിച്ചറിയാതെയാണ് വാര്‍ത്തകള്‍ പോലും പുറത്തുവരുന്നത്.പലതും മാധ്യമങ്ങള്‍ റീച്ചിനു വേണ്ടി പൊലിപ്പിച്ചുണ്ടാക്കുന്ന കഥകളാണ്.ചുരുക്കം നടക്കുന്ന വിരലിലെണ്ണാവുന്ന സംഭവങ്ങളില്‍ തൂങ്ങി കുറച്ചുനാള്‍ ഊതിവീര്‍പ്പിച്ച് പൊതുജനത്തെ ഭയപ്പെടുത്തും അപ്പോഴും സത്യാവസ്ഥ എന്തെന്ന് അന്വേഷിക്കില്ല.

പിന്നെ പൂര്‍ണമായും ഇത്തരം ഗെയിമുകള്‍ അടിപൊളിയാണ് പ്രശ്‌നക്കാരല്ല എന്നും ഞാന്‍ പറയുന്നില്ല.അപൂര്‍വ്വമായി ഗെയിമുകളുടെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാം.എത്രയോ ചെറിയ കുട്ടികള്‍ പബ്ജിയും ഫ്രീ ഫയറുമൊക്കെ കളിക്കുന്നു എന്നുകരുതി ഇതുകാരണം അക്രമാസക്തരാകുന്നുണ്ടോ? ചിലര്‍ ജീവിക്കുന്ന ചുറ്റുപാട്,അനുഭവങ്ങള്‍,രക്ഷകര്‍ത്താക്കളില്‍ നിന്നുണ്ടാകുന്ന പെരുമാറ്റങ്ങളൊക്കെ കാരണം വയലന്‍സിലേക്ക് പോകാം അതിനു വിരളമായി ഗെയിമുകള്‍ ഒരു പങ്ക് വഹിച്ചേക്കാം.ഈ ഒന്നോ രണ്ടോ സംഭവങ്ങള്‍ കാരണം ഒരു ഗെയിമിനെ പൂര്‍ണമായി ആരോപണവിധേയനാക്കുന്നത് ശരിയാണോ ? ഈ ഗെയിമുകള്‍ വിലക്കിയതു കൊണ്ട് കുട്ടികളില്‍ ഇത്തരം സ്വഭാവവൈകല്യങ്ങള്‍ വരാതിക്കുമോ ?

ഗാംബ്ലിഗ് അല്ലെങ്കില്‍ പണം ചെലഴിക്കാനുള്ള സൗകര്യമുള്ള ഫ്രീഫയറില്‍ ഇതെകാരണം കൊണ്ട് പലരും ആത്മഹത്യ ചെയ്തായി പൊലീസ് അടക്കം പറയുന്നു.നമുക്ക് പണം ഉപയോഗിക്കാതെ തന്നെ മികച്ച രീതിയില്‍ ഫ്രീഫയര്‍ പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ സാധിക്കില്ലെ ? എപ്പോഴാണ് പണത്തെ കുറിച്ച് ഗെയിമില്‍ ചിന്തിക്കേണ്ടി വരുന്നത് ?

ഫ്രീ ഫയറില്‍ പണം ചെലവഴിച്ചോ അല്ലാതെയോ കളിക്കാം.അത് കളിക്കുന്നയാളുടെ സൗകര്യമാണ്.ഇത് പ്രശ്‌നമായി മാറുന്നത് ചെറിയ കുട്ടികള്‍ അച്ഛനമ്മമാരുടെ ഫോണുകളില്‍ ഫ്രീ ഫയര്‍ കളിക്കുമ്പോഴാണ്.മിക്കവരുടെയും ഫോണുകളില്‍ നെറ്റ് ബാങ്കിംഗുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.എടിഎം കാര്‍ഡ് നമ്പറും വിവരങ്ങളും സേവ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടാകും.ഈ ഫോണുകളിലാകും കുട്ടികള്‍ ഗെയിം കളിക്കുക.ഒറ്റ ക്ലിക്കിലൂടെ തന്നെ പണം പിന്‍വലിക്കാന്‍ കഴിയുന്ന ഇത്തരം ഫോണുകളിലൂടെയാകണം പലപ്പോഴും പണം നഷ്ടപ്പെട്ടിട്ടുണ്ടാകുക. 

എന്റെ ഒരു അഭിപ്രായത്തില്‍ കുട്ടികള്‍ ഗെയിം കളിക്കാന്‍ ഫോണ്‍ ആവശ്യപ്പെടുമ്പോള്‍ ബാങ്കുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണുകളൊന്നും അവര്‍ക്ക് കൈമാറാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ ഈസിയായി ഒഴിവാക്കാം.അതിനു സാധിച്ചില്ലെങ്കില്‍ പോലും തങ്ങളുടെ കുട്ടികള്‍ ഫോണില്‍ ന്താണ് ചെയ്യുന്നത് എന്ന ബോധം മാതാപിതാക്കള്‍ക്കുണ്ടായിരിക്കണം.

ഗെയിം ഡിസൈന്‍ ചെയ്തിരിക്കുന്നതും അവതരിപ്പിച്ചിരിക്കുന്നതും ഒക്കെ അവര്‍ക്കു കൂടി ലാഭം നേടുന്നതിന് വേണ്ടിയാണല്ലോ.അപ്പോള്‍ ഡയമണ്ടും,പലതരം കോസ്റ്റിയൂമുകളും,ആയുധങ്ങളും ഒക്കെ സ്വന്തമാക്കി ഗെയിം കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ കുറച്ച് പണം ചെലവഴിക്കേണ്ടി വരും.എന്നു കരുതി പണം ചെലവാക്കിയാലേ ഗെയിം കളിക്കാന്‍ പറ്റൂ എന്നൊന്നുമില്ല.താല്‍പര്യമുള്ളവര്‍ക്ക് പണം മുടക്കാം.പതിനഞ്ച് വയസിനു താഴെയുള്ള കുട്ടികളാണ് പലപ്പോഴും ഇതുപോലുള്ള കെണികളിലൊക്കെ ചാടുക.അതിനൊരു പ്രതിവിധി ഒന്നുകില്‍ നെറ്റ് ലിങ്ക് ചെയ്യാത്ത ഫോണ്‍ നല്‍കുക,അല്ലെങ്കില്‍ കുട്ടിയുടെ നീക്കങ്ങള്‍ പൂര്‍ണമായും നിരീക്ഷിക്കുക.


എങ്ങനെയാണ് ജിതിന്‍ ഒരു വീഡിയോ ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ വേണ്ടിയുള്ള/റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത് ?

ഗെയിം പ്ലെ വീഡിയോകള്‍,വോയിസ് ഓവര്‍ വീഡിയോകള്‍ പിന്നെ ലൈവ് സ്ട്രീം ഇതൊക്കെയാണ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നത്.ഇതിനൊക്കെ മുന്‍കൂറായി വലിയ തയ്യാറെടുപ്പുകളൊന്നുമില്ല.ഗെയിം പ്ലോ എന്റെ ഫോണില്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്.തുടക്കക്കാലത്ത് എന്റെ കൈയ്യില്‍ 4 ജിബിയുടെ ചെറിയ ഫോണായിരുന്നു ഉണ്ടായിരുന്നു അതില്‍ റെക്കോര്‍ഡ് ചെയ്യുക എന്നത് തന്നെ ശോകമായിരുന്നു.പക്ഷെ ആ ഫോണ്‍വെച്ചു പോലും ഞാന്‍ സ്ട്രീം ചെയ്തിട്ടുണ്ടായിരുന്നു എന്നത് ഇന്നോര്‍ക്കുമ്പോള്‍ അതിശയിപ്പിക്കുന്നു.

പിന്നീടാണ് ഫോണൊക്കെ മാറ്റുന്നത്,അതില്‍പ്പിന്നെ റെക്കോര്‍ഡിംഗൊക്കെ നന്നായി നടക്കുന്നുണ്ട്.ആദ്യം റെക്കോര്‍ഡ് ചെയ്ത് വോയിസ് ഓവര്‍ ചേര്‍ത്ത്,എഡിറ്റ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്.ആദ്യമൊക്കെ മുഖചിത്രം അഥവ തമ്പ്‌നെയില്‍ ഞാന്‍ തന്നെയായിരുന്നു ചെയ്തിരുന്നത്.പിന്നീട് അത് വേണ്ടത്ര നിലവാരമില്ലെന്ന് തോന്നിതുടങ്ങിയതോടെ പുറത്തുനിന്നൊരാള്‍ തമ്പ്‌നെയിലുകള്‍ ചെയ്യാന്‍ സഹായിക്കുന്നുണ്ട്.

ഈ ഒരു കണ്ടന്റുമായി മുന്നോട്ടു പോകുന്നതില്‍ എത്രമാത്രം ആത്മവിശ്വാസമുണ്ട്.വീഡിയോ റീച്ച് ഉയരുന്നതും കമ്യൂണിറ്റിയില്‍ ശ്രദ്ധിക്കപ്പെടുന്നതും ഒക്കെ കാണുമ്പോള്‍ എന്ത് ഫീല്‍ ചെയ്യുന്നു ?

ഗെയിമിംഗ് കണ്ടന്റുകളിലുള്ള ആത്മവിശ്വാസം എനിക്ക് ഇപ്പോഴുമുണ്ട്.പിന്നെ ഇപ്പോള്‍ ഗെയിമേഴ്‌സിന്റെ എണ്ണത്തില്‍ വലിയ തോതിലുള്ള കുറവ് നമുക്ക് കാണാന്‍ സാധിക്കുന്നുണ്ട്.കോവിഡൊക്കെ മാറി ആളുകള്‍ ജീവിതതിരക്കുകളിലേക്ക് കടന്നതോടെ ഗെയിമിംഗ് മേഖലയിലുള്ള തള്ളൊക്കെ കുറഞ്ഞു.ചാനല്‍ ഇനിയും മുന്നിലേക്ക് കയറിവരാനും റീച്ച് കൂടാനും ഒക്കെ വലിയ സാധ്യതകള്‍ അപ്പോഴും തുറന്നു കിടക്കുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ.

ഈ ചാനലിന് വേണ്ടി എന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള അധ്വാനമുണ്ട്.അതിനനുസരിച്ചുള്ള വളര്‍ച്ചയുണ്ടായിട്ടുമുണ്ട്.കമ്യൂണിറ്റിയിലും അത്യാവശ്യം ആളുകളൊക്കെ തിരിച്ചറിയുന്നുണ്ട്.പ്രത്യേകിച്ച് ഗെയിമിംഗ് രംഗത്തെ പ്രമുഖര്‍ക്കൊക്കെ നമ്മളെ അറിയാമെന്നത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.പലരും നൂബ് ഗെയിമിംഗ് അല്ലെ,ഫാന്‍സ് ആണെന്നൊക്കെ പറഞ്ഞ് വരുമ്പോള്‍ ത്രില്ലടിക്കാറുണ്ട്.വന്നവഴി ഞാന്‍ മറന്നിട്ടില്ല,അതുകൊണ്ട് തന്നെ ഇപ്പോഴും വരുന്ന മെസേജുകള്‍ക്കൊക്കെ കൃത്യമായി മറുപടി നല്‍കാറുണ്ട് ആരെയും നിരാശപ്പെടുത്താറില്ല ഇതൊക്കെ കൊണ്ടാകണം ചാനല്‍ ഇത്രയും നന്നായി മുന്നോട്ട് പോകുന്നത് എന്നാണ് എന്റെ വിശ്വാസം.

ജസ്റ്റ് ഗെയിം കളിക്കുക എന്നതു കൂടാതെ ഗെയിം പ്രൊഡക്ഷന്‍,ക്യാരക്ടര്‍ സ്‌കെച്ചിംഗ്,അനിമേഷന്‍ പോലുള്ള ഫീല്‍ഡുകളിലേക്ക് താല്‍പര്യം ഉണ്ടായിട്ടുണ്ടോ ?

ഗെയിമിംഗ് അല്ലാതെ ഞാനിപ്പോള്‍ എഡിറ്റിംഗ് ചെയ്യുന്നുണ്ട്.അത്യാവശ്യം അതെനിക്ക് പറ്റുന്ന മേഖലയാണെന്ന് തോന്നാറുണ്ട്.അനിമേഷനും സ്‌കെച്ചിംഗും പോലുള്ള കാര്യങ്ങളോട് താല്‍പര്യമുണ്ടെങ്കിലും അതിനപ്പുറത്തേക്ക് പഠിച്ചെടുക്കാനോ ആ മേഖലയിലേക്ക് കരിയര്‍ വഴിതിരിച്ചു വിടാനോ തോന്നിയിട്ടില്ല.പ്രത്യേകിച്ച് മെനക്കെട്ടിരുന്നു ക്ഷമയോടെ ഒരു കാര്യം ചെയ്യാന്‍ എനിക്ക് സാധിക്കില്ലാത്തതുകൊണ്ട് തന്നെ അനിമേഷന്‍ പോലുള്ള മേഖലകളിലേക്ക് തലവെച്ചിട്ടില്ല.

വീട്ടില്‍ ശരിക്കും ആര്‍ക്കെങ്കിലും ഈ ചാനല്‍ പരിപാടിയെ കുറിച്ച് അറിയാമോ ? ആരാണ് ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് ?

വീട്ടുകാര്‍ക്കൊക്കെ ചാനലിന്റെ കാര്യം അറിയാം.അവരൊക്കെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല,പക്ഷെ എതിര്‍ക്കുന്നുമില്ല.ഞാന്‍ വീഡിയോ ചെയ്യുന്നതില്‍ കുഴപ്പമില്ല അത്രെയുള്ളു.പഠിക്കാനുള്ള സമയത്ത് പഠിക്കുന്നു,കൂടെ എനിക്കിഷ്ടമുള്ള കാര്യം ചെയ്യുന്നു ഗെയിമിനു വേണ്ടി പഠനത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതുകൊണ്ട് വീട്ടുകാര്‍ക്ക്് ചാനല്‍ ഒരു പ്രശ്‌നമായി തോന്നിയിട്ടില്ല.ഫാമിലിയില്‍ ചേട്ടന്‍ ആണ് ഫുള്‍ സപ്പോര്‍ട്ട് അതിപ്പോള്‍ ചാനലുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ പോലും പുള്ളി കൂടെ നിക്കും.

ഗെയിംമിംഗ് ചാനല്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റെന്തെങ്കിലും ഇന്‍ട്രസ്റ്റ് ? ഫ്രീ ഫയര്‍ അല്ലാതെ ജിതിന്‍ ഫോളോ ചെയ്യുന്ന മറ്റൊരു ഗെയിം ഏതാണെന്ന് ചോദിച്ചാല്‍ ?

ഫ്രീഫയര്‍ അല്ലാതെ ഫെന്‍സിംഗാണ് എന്റെ മറ്റൊരു ഇന്‍ട്രസ്റ്റ്,ഞാന്‍ ഈ കൊല്ലം യൂണിവേഴ്‌സിറ്റിയില്‍ നാഷണല്‍സ് കളിച്ചിട്ടുണ്ടായിരുന്നു.ഏകദേശം നാല് വര്‍ഷമായി ഫെന്‍സിംഗ് ചെയ്യുന്നുണ്ട്.അതിന്റെ കൂടെയാണ് ഗെയിമും. 

പിന്നെ എന്റെ ആഗ്രഹം ഭാവിയില്‍ ഒരു പൊലീസ് ഓഫീസര്‍ ആയിതീരണം എന്നാണ്.അതിനുവേണ്ടി പി.എസ്.സി നോക്കണം,ഫെന്‍സിംഗ് ഒപ്പം കൊണ്ടു പോകണം,സ്‌പോര്‍ട്‌സില്‍ ബിഎഡ് എടുക്കുക തുടങ്ങി അത്യാവശ്യം ഭാവി പദ്ധതികളൊക്കെയുണ്ട്.അതിനുവേണ്ടിയുള്ള പരിശ്രമങ്ങളിലാണ്.

ഗെയിമിംഗ് ചാനല്‍ കഴിഞ്ഞാല്‍ പിന്നെ അത്യാവശ്യം മാര്‍ക്കറ്റിംഗ് പരിപാടികളൊക്കെ എനിക്കുണ്ട്.യൂട്യൂബ് ചാനല്‍,ഫെയ്‌സ്ബുക്ക് പേജ്,ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എന്നിവയുടെയൊക്കെ ഓണ്‍ലൈന്‍ സെയില്‍ ആണ് പ്രധാനമായുമുള്ളത്.ആദ്യം ഫ്രീ ഫയര്‍ അക്കൗണ്ടുകള്‍ വില്‍പ്പന നടത്തിയിരുന്നു.പിന്നീട് അതത്ര സേഫ് ആയി തോന്നിയില്ല.കൂടുതലും ചെറിയ കുട്ടികളൊക്കെ വീട്ടില്‍ നിന്നൊക്കെ പണം സംഘടിപ്പിച്ച് വന്ന് അക്കൗണ്ട് ചോദിക്കാന്‍ തുടങ്ങിയതോടെ എനിക്ക് ഗെയിമിംഗ് അക്കൗണ്ടുകളുടെ ഇടപാട് ശരിയാകില്ലെന്ന് തോന്നിതുടങ്ങി പിന്നെ പൂര്‍ണമായി അത്തരം ഇടപാടുകളില്‍ നിന്നൊഴിവായി യൂട്യൂബ്,ഇന്‍സ്റ്റ,മൊജോ ആപ്പ്,ഫെയ്‌സ്ബുക്ക് പോലുള്ള അക്കൗണ്ടുകളിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങി.അത്യാവശ്യം മാര്‍ക്കറ്റിംഗിലൂടെ വരുമാനം വരുന്നുണ്ട്.രണ്ട് വര്‍ഷമായി ഈ രംഗത്ത് ഞാന്‍ സജീവമാണ്.

ഏതെങ്കിലും അവസരത്തില്‍ വിമര്‍ശനം അല്ലെങ്കില്‍ പ്രതിസന്ധിയിലായതു പോലെ തോന്നിയിട്ടുണ്ടോ ?

വിമര്‍ശനങ്ങളും പ്രതിസന്ധികളും ഒക്കെ നേരിട്ടിട്ടുണ്ട്.പലതും അതിജീവിച്ചു തന്നെയാണ് ഇവിടം വരെയെത്തിയത്.ആദ്യകാലത്തൊക്കെ വീട്ടില്‍ നിന്ന് ചെറിയ തോതിലുള്ള സമ്മര്‍ദ്ദങ്ങള്‍ നേരിട്ടിരുന്നു.പ്രധാനമായും ലൈവ് സ്ട്രീം ചെയ്യുന്ന അവസരങ്ങളിലുള്ള എന്റെ ശബ്ദം സഹിക്കാന്‍ പറ്റില്ലെന്ന പരാതികളായിരുന്നു അധികവും.കമ്യൂണിറ്റിയിലും ഒരുപാട് പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്.അറിയാതെ പ്രശ്‌നങ്ങളില്‍ ചെന്ന് തലവെച്ച് അവസാനം പരിഹരിക്കാന്‍ പോയ ഞാന്‍ പ്രതിയായിട്ടുണ്ട്.പക്ഷെ ഒന്നിലും തളര്‍ന്നുപോയില്ല ഒക്കെ മറികടന്നാണ് ഇന്ന് ഈ കാണുന്ന ലെവലിലേക്ക് എത്തിയത്.

എന്താണ് ഭാവി പദ്ധതി ? ഈ ഗെയിമിംഗ് ചാനലിന്റെ ഫ്യൂച്ചര്‍ എന്തായിരിക്കും ?

ഡിഗ്രി കഴിഞ്ഞു ഇനി ബി.പിഎഡ് ചെയ്യണം, പൊലീസുകാരനാകണം അതിനു വേണ്ടി വര്‍ക്കൗട്ട് ചെയ്യണം.ചാനലിന്റെ ഭാവി കുറച്ചു നാള്‍ കൂടി ഗെയിമിംഗില്‍ തന്നെ ശ്രദ്ധിക്കും.അതില്‍ നിന്നു തന്നെ വളരാന്‍ ശ്രമിക്കും.സാധിച്ചില്ലെങ്കില്‍ പതിയെ വ്‌ളോഗിലേക്ക് മാറണം,എനിക്ക് ഗെയിമിംഗില്‍ തന്നെ തുടരാനാണ് താല്‍പര്യം ഇതുവരെ ചാനല്‍ ഡൗണ്‍ ആകാന്‍ ഞാന്‍ അനുവദിച്ചിട്ടില്ല.അതുകൊണ്ട് പരമാവധി ഇതില്‍ തന്നെ തുടരാന്‍ ശ്രമിക്കും.

ഏത് സമയം നോക്കിയാലും ഫോണില്‍ ഫുള്‍ടൈം ഗെയിമിലാണ് എന്നൊക്കെ പരിഭവിക്കുന്ന മാതാപിതാക്കളോട് എന്താണ് പറയാനുള്ളത് ?  ഗെയിം കളിക്കാന്‍ പ്രത്യേക ടൈം ടേബിള്‍ ഒക്കെ വിദഗ്ധര്‍ നിര്‍ദ്ദേശിക്കാറുണ്ട് ഇതൊക്കെ കുട്ടികളോട് പറഞ്ഞാല്‍ പ്രാക്ടിക്കല്‍ ആണോ ?

അങ്ങനെ 24 മണിക്കൂറൊന്നും ആര്‍ക്കും ഗെയിം കളിച്ച് ഇരിക്കാന്‍ പറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.പ്രത്യേകിച്ച് കുട്ടികളൊന്നും അങ്ങനെയിരിക്കില്ല.ഒരു 18 വയസിന് മുകളിലുള്ള ആളുകളാണ് മണിക്കൂറുകളോളം ഫോണിനൊപ്പം ചെലവഴിക്കുന്നുണ്ട്.കുട്ടികളൊക്കെ അഡിക്ഷന്‍ കാണിക്കുമെങ്കിലും ഒരുപാട് സമയം ഫോണില്‍ കുത്തിയിരിക്കാനൊന്നും അവര്‍ക്ക് സാധിക്കില്ല.

എന്റെ അഭിപ്രായത്തില്‍ ഒരു ഗെയിമിന് വേണ്ടി ലൈഫ് തുലയ്ക്കരുത്.അതിനു വേണ്ടി നമ്മുടെ ജീവിതം നശിപ്പിക്കരുത്.ഒരു എന്റര്‍ടെയ്ന്‍മെന്റായി മാത്രം ഗെയിമിംഗ് കാണുക.ഞാനിപ്പോള്‍ ഗെയിം കളിക്കുന്നത് വളരെ കുറവാണ്.വല്ലപ്പോഴും ഒന്നോ രണ്ടോ മാച്ചോ ഒക്കെയാണ് കളിക്കുന്നത്.സമയമില്ലെന്നതാണ് സത്യം.

ഒരുപാട് സമയം ഗെയിം കളിക്കുന്നവരൊക്കെ കുറച്ചു കഴിയുമ്പോള്‍ സാധാരണ പോലെയായി മാറിക്കോളും.ഒരു ദിവസം മുഴുവന്‍ ഗെയിം കളിക്കാനൊന്നും ആര്‍ക്കും സാധിക്കില്ല.അടുത്തിടെ വായിച്ചൊരു റിപ്പോര്‍ട്ടില്‍ വീഡിയോ ഗെയിമുകള്‍ മനുഷ്യന്റെ മാനസിക വളര്‍ച്ചയെ സ്വാധീനിക്കും എന്നുണ്ടായിരുന്നു പക്ഷെ അതിലൊരിടത്തും തലച്ചോറിന്റെ വളര്‍ച്ചെ മുരടിപ്പിക്കും എന്നൊന്നും പറയുന്നില്ല.

ജോലി ഒന്നും ചെയ്യാനില്ലാതെ ചുമ്മാതിരിക്കുന്നവര്‍ക്കല്ലെ ഫുള്‍ടൈം ഫോണുമായി ഇരിക്കാന്‍ കഴിയുള്ളു.വെറുതെ ഫോണില്‍ സ്‌ക്രോള്‍ ചെയ്തിരിക്കുന്നത് കണ്ടാലും വീട്ടുകാര്‍ പറയും ഫുള്‍ടൈം ഗെയിം കളിയാണെന്ന് ഇത്തരം തെറ്റിദ്ധാരണകളാണ് പലപ്പോഴും വീഡിയോ ഗെയിമുകളെ പ്രതിക്കൂട്ടിലാക്കുന്നത്.മാതാപിതാക്കള്‍ക്ക് മക്കളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളുമുണ്ടാകുമല്ലോ.


''ഗെയിമിംഗ് ചാനലില്‍ നിന്നും മികച്ച വരുമാനം നേടാന്‍ സാധിക്കും' ഈ സ്‌റ്റേറ്റ്‌മെന്റിനോട് എങ്ങനെ പ്രതികരിക്കുന്നു ?

യൂട്യൂബില്‍ നിന്ന് എനിക്ക് ഇതുവരെ വരുമാനം കിട്ടിയിട്ടില്ല.സൂപ്പര്‍ ചാറ്റ് വഴിയൊക്കെ വരുമാനം ഉയരുന്നുണ്ട്.പക്ഷെ പണം പിന്‍വലിക്കാനുള്ള സ്റ്റേജിലേക്കെത്തി വരുന്നതെയുള്ളു.ഇതെന്റെ ചാനലിന്റെ കാര്യം, ഗെയിമിംഗ് ചാനലിലൂടെ മികച്ച വരുമാനം ഉണ്ടാക്കുന്ന ഒരുപാട് പേരുണ്ട്.പുറമെ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ യൂട്യൂബ് -ഫെയ്‌സ്ബുക്ക് ചാനലുകളുടെ വില്‍പ്പന വഴിയും മികച്ച വരുമാനം നമുക്ക് നേടാന്‍ സാധിക്കും.

വീഡിയോ ഗെയിമിംഗ് എന്ന ഹോബിയെ അങ്ങനെ തന്നെ കണ്ട് തന്റെ ജീവിത ലക്ഷ്യങ്ങളിലേക്ക് കൃത്യമായ പ്ലാനുകളുമായി മുന്നേറുന്ന ജിതിന്‍ സമൂഹത്തിലെ ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരുടെ പ്രതിനിധിയാണ്.ഭാവിയെ പറ്റി ചെറിയൊരു ആശങ്കയ്ക്ക് പോലും ഇടനല്‍കാതെ സ്വന്തം വഴികളില്‍ ആത്മവിശ്വാസമുള്ള ജിതിന്റെ നൂബ്‌ ഗെയിമിംഗ് ഭാവിയില്‍ Lokesh Gamer,Desi Gamers,Total Gaming പോലെ പ്രശസ്തിയിലേക്ക് വളരട്ടെ....

യൂട്യൂബ് : https://www.youtube.com/channel/UC00v-SpIc1OTD8ncEilSgLA/about
ഇന്‍സ്റ്റഗ്രാം : https://www.instagram.com/noob_gaming_ff_kerala/
ഫെയ്‌സ്ബുക്ക്‌ : https://www.facebook.com/jithin.jitht.7

 

Story Highlights: Who Is Jithin Jith ? The Owner of NOOB GAMING FF KERALA.Noob Gaming FF Kerala is the top gaming channel in Kerala and in this channel creating content videos and Free Fire live stream


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.