- Trending Now:
വേറിട്ട് ചിന്തിക്കുകയും വ്യത്യസ്തങ്ങളായ സംരംഭങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട് നമുക്ക് ഇടയില്‍.ചില സംരംഭങ്ങള്‍ വലിയ വിജയമാകുമ്പോള്‍ മറ്റ് ചിലത് പരാജയം രുചിക്കും.അധികം ആളുകള്‍ പരീക്ഷിക്കാത്ത മേഖലകളില്‍ ഇറങ്ങി വിജയം കൊയ്യുന്നവര്‍ സംരംഭകത്വമോഹങ്ങളുള്ളവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് പകരുന്നത്.അത്തരത്തില്‍ ഒരല്‍പ്പം വ്യത്യസ്തമായ പരീക്ഷണം നടത്തി സംരംഭ വിജയം നേടിയ കാര്‍ത്തികേയന്റെ കഥ കേട്ടാലോ...
പുതിയ ജീവിതശൈലി മലയാളികളെ പുതിയ രോഗങ്ങളിലേക്ക് നയിച്ചു കൊണ്ടിരിക്കുന്നു കൂടാതെ കോവിഡ് പോലുള്ള മഹാമാരികളും.മാറിയ ഭക്ഷണവും കാലാവസ്ഥ മാറ്റങ്ങളും ഒക്കെ പലതരത്തിലുള്ള രോഗങ്ങളിലേക്ക് നയിക്കുന്നു.രോഗങ്ങളെ പോലെ തന്നെ മരുന്നിനും വില പക്ഷെ റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. കുറഞ്ഞ വിലയില്‍ മരുന്നുകള്‍ പൊതുജനത്തിന് ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് ജന്‍ ഔഷധി സ്റ്റോറുകള്‍ക്ക് രാജ്യത്ത് തുടക്കമിടുന്നത്.ഇന്ന് പലര്‍ക്കും ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളെ പരിചയമുണ്ടെങ്കിലും കുറഞ്ഞ വിലയില്‍ ഇത്തരം സ്റ്റോറുകള്‍ മരുന്നുകളെത്തിക്കുന്ന മാജിക് ജനത്തെ അത്ഭുതപ്പെടുത്തുന്നു.പത്ത് പന്ത്രണ്ട് വര്‍ഷക്കാലം മാര്‍ക്കറ്റിംഗ് ലോകത്തെ ഓട്ടം അവസാനിപ്പിച്ച് തിരുവനന്തപുരം വെള്ളറട സ്വദേശിയായ കാര്‍ത്തികേയന്‍ തന്റെ സ്വപ്‌ന സംരംഭത്തിന് തുടക്കം കുറിച്ചപ്പോള്‍ ജന്‍ഔഷധി സ്‌റ്റോറുകള്‍ ഇത്രകണ്ട് സുപരിചിതമായിരുന്നില്ല നമ്മുടെ നാട്ടില്‍. അഞ്ച് വര്‍ഷത്തിലേറെയായി ജന്‍ഔഷധി സ്റ്റോര്‍ നടത്തുന്ന കാര്‍ത്തികേയന്റെ വിശേഷങ്ങള്‍ അദ്ദേഹം തന്നെ പറയട്ടെ....
ആദ്യമായി കേട്ടത് മന്‍ കി ബാത്തിലൂടെ...
പ്രധാനമന്ത്രിയുടെ മന്‍കി ബാത്ത് പ്രസംഗത്തിലൂടെയാണ് ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളിലുള്ള മരുന്നിന്റെ വലിയ വില വ്യത്യാസം ഞാന്‍ മനസിലാക്കിയത്. പിന്നെ അതെ കുറിച്ച് ഒരുപാട് പഠിച്ചു.ഒടുവിലാണ് ജന്‍ ഔഷധി സ്റ്റോര്‍ തുടങ്ങുന്നത്.
മാര്‍ക്കറ്റിംഗ് ഫീല്‍ഡില്‍ ഒരു പന്ത്രണ്ട് വര്‍ഷത്തെ പരിചയം എനിക്കുണ്ട്.മാര്‍ക്കറ്റിംഗ് എന്നു പറയുമ്പോള്‍ അറിയാല്ലോ, ഓട്ടമാണ്.എനിക്ക് ഓള്‍ കേരള ചാര്‍ജ്ജുണ്ടായിരുന്നു ജോലിയുടെ സമ്മര്‍ദ്ദമൊക്കെ വല്ലാതെ ബാധിച്ചിരുന്നു.അങ്ങനെയിരിക്കെയാണ് സ്വന്തമായിട്ടുള്ള ഒരു ബിസിനസ് തുടങ്ങിയാലോ എന്ന ചിന്ത വരുന്നത്.കുറച്ചു പേരെ അതിലൂടെ സഹായിക്കാനാകും എന്നതും ബിസിനസ് തുടങ്ങാനുള്ള കാരണമാണ്.ജന്‍ഔഷധി സ്റ്റോര്‍ വളരെ വിജയകരമായിട്ടാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്.സ്റ്റോറിന്റെ പ്രയോജനം പരമാവധി ജനങ്ങള്‍ക്കുറപ്പക്കാനും സാധിക്കുന്നുണ്ട്.
എന്താണ് ജന്‍ഔഷധിക്ക് മറ്റ് മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്നുള്ള പ്രധാന വ്യത്യാസം ?
പ്രധാനമായും ജന്‍ഔഷധി സ്റ്റോറുകള്‍ വില്‍ക്കുന്നത് ജനറിക് മെഡിസിന്‍സ് ആണ്.ഒരു മരുന്നിന്റെ രാസഘടനമാത്രമെ അവയ്ക്കുണ്ടാകു.ഉദാഹരണത്തിന് പാരസെറ്റമോള്‍ ഈ മരുന്നിന്റെ ഘടകം എന്ന് പറയുന്നത് പാരസെറ്റമോള്‍ ആണ്. പനിയൊക്കെ ഉണ്ടാകുമ്പോള്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി ഡോളോ,കാല്‍പോള്‍ എന്നൊക്കെ പേരു പറഞ്ഞ് മരുന്ന് മേടിക്കാറുണ്ട്.ഇതൊക്കെ ബ്രാന്‍ഡിന്റെ പേരുകളാണ്.പക്ഷെ ജന്‍ഔഷധി സ്റ്റോറില്‍ പാരസെറ്റമോള്‍ എന്ന പേരില്‍ തന്നെയാകും മരുന്നു കിട്ടുന്നത്.വ്യക്തമായി പറഞ്ഞാല്‍ പാരസെറ്റമോളിന്റെ കാല്‍പോള്‍ ബ്രാന്‍ഡിന് മാര്‍ക്കറ്റില്‍ 20 രൂപ വിലയുണ്ട്.ജന്‍ഔഷധിയില്‍ പാരസെറ്റമോള്‍ 7 രൂപയ്ക്ക് കിട്ടും.അതുപോലെ തന്നെ ബിപിയ്ക്ക് കഴിയ്ക്കുന്ന സില്ലിഡിപ്പിന്‍.സിലാകാര്‍ എന്നാണ് അതിന്റെ ബ്രാന്‍ഡ് നെയിം.ഈ ബ്രാന്‍ഡിന്റെ മരുന്ന് 10 മില്ലി വരുന്ന 10 ഗുളികയ്ക്ക് 100 രൂപയോളം വിലവരും. ജന്‍ഔഷധിയില്‍ അതിന് 12 രൂപയെ വിലവരുന്നുള്ളു.
ഹാര്‍ട്ട് അറ്റാക്കിന് ജീവിതകാലം മുഴുവന്‍ മരുന്നുകഴിക്കേണ്ടവരുണ്ട്. രക്തം കട്ടപിടിക്കാതിരിക്കാന്‍, ബിപി, അതുപോലെ കൊളസ്‌ട്രോള്‍, ഗ്യാസ്ട്രിക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍, നീര് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കൊക്കെ ഹൃദ്‌രോഗികള്‍ മരുന്നെടുക്കേണ്ടതായി വരും.പുറത്ത് ഒരു മെഡിക്കല്‍ സ്‌റ്റോറിലേക്ക് പോയാല്‍ ഇതൊക്കെ കൂടി 1500 രൂപയ്ക്ക് മുകളില്‍ ഒരുമാസത്തേക്ക് ചെലവുവരും.പക്ഷെ അതേസമയം ഈ മരുന്നുകള്‍ ജന്‍ ഔഷധി സ്റ്റോറില്‍ നിന്ന് വാങ്ങുകയാണെങ്കില്‍ 500 രൂപ ചെലവാക്കിയാല്‍ മതി.സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് മാത്രമല്ല നീതി പോലുള്ള കിഴിവുകള്‍ ധാരാളമായി വാഗ്ദാനം ചെയ്യുന്ന മെഡിക്കല്‍ സ്റ്റോറുകളില്‍ ആയിരത്തിനും രണ്ടായിരത്തിനും വാങ്ങുന്ന മരുന്നുകള്‍ ജന്‍ ഔഷധിയില്‍ നാനൂറോ അഞ്ഞൂറോ രൂപയ്ക്ക് കിട്ടും.
ചുരുക്കി പറഞ്ഞാല്‍ ഒരു മരുന്നിന്റെ വിപണി വിലയെക്കാള്‍ പത്തിലൊന്ന് വില കുറച്ചാണ് നമ്മള്‍ ജന്‍ഔഷധി സ്റ്റോര്‍ വഴി വില്‍ക്കുന്നത്.ഇത് തന്നെയാണ് ജന്‍ഔഷധി സ്റ്റോറുകളെ മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന കാര്യം. ഇതിപ്പോള്‍ മനസിലാക്കാനായി ഒന്ന് രണ്ട് മരുന്നുകളുടെ കാര്യം ഇവിടെ പറഞ്ഞു എന്നെയുള്ളു.
ആദ്യമേ ഞാന്‍ പറഞ്ഞതു പോലെ ബ്രാന്‍ഡഡ് പേരുകളിലായിരിക്കില്ല ജന്‍ ഔഷധിയില്‍ മരുന്നുകള്‍ വില്‍ക്കുന്നത്. എന്ന് കരുതി മരുന്നുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ക്കോ, ഗുണമേന്മയ്‌ക്കോ ഒന്നും ഒരുവിധ കുറവും ഉണ്ടായിരിക്കില്ല.ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയ്ക്ക് കീഴിലാണ് ജന്‍ഔഷധി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. അവര് നാല് തരത്തിലുള്ള ക്വാളിറ്റി ടെസ്റ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു മരുന്ന് മാര്‍ക്കറ്റിലേക്ക് ഇറക്കുന്നത്. ഉത്തരവാദിത്തമുള്ള ഈ സര്‍ക്കാര്‍ ഏജന്‍സി അനുവാദം നല്‍കിയിട്ടുള്ള മരുന്നുകള്‍ ഒരു ഭയവുമില്ലാതെ വാങ്ങി കഴിക്കാം.ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായും ബന്ധപ്പെട്ട് അവരുടെ കൂടി സഹകരണത്തോടെയാണ് ജന്‍ഔഷധി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നത്.ഒരു ഡോക്ടര്‍ പോലും ജന്‍ഔഷധി മരുന്നുകള്‍ ഉപയോഗിക്കരുതെന്ന് പറയില്ല.
മരുന്നുവാങ്ങി ആരും ദരിദ്രരാകരുത് എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ജന്‍ ഔഷധി സ്റ്റോറുകള്‍ക്ക് തുടക്കം കുറിക്കുന്നത്. മരുന്നുകളും അവയുടെ വിലയും എത്രമാത്രം ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ സഹായിക്കുന്നുണ്ട് ?
പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ ആപ്തവാക്യം ആയിരുന്നു ' മരുന്ന് കിട്ടാതെ ആരും മരിക്കുന്ന ഒരു സാഹചര്യത്തിലോട്ട് പോകരുത് !' ഒരാള്‍ക്ക് പോലും മരുന്നു കിട്ടാതിരിക്കുന്ന അവസ്ഥയുണ്ടാകരുത്.മരുന്നിന് വേണ്ടി അമിത വില നല്‍കേണ്ട സാഹചര്യവുമുണ്ടാകരുത് .ഈ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് പ്രധാനമന്ത്രി ജന്‍ ഔഷധി സ്റ്റോറുകള്‍ ഭാരതമൊട്ടാകെ പ്രവര്‍ത്തിച്ചു പോരുന്നത്.നിലവില്‍ 9000ത്തോളം സ്‌റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു കേരളത്തില്‍ തന്നെ ആയിരത്തോളം സ്‌റ്റോറുകള്‍ തുറന്നു കഴിഞ്ഞു.പൊതുജനത്തിന്റെ ആരോഗ്യ സംരക്ഷണകാര്യത്തില്‍ വലിയ സഹായമാകുന്ന സ്ഥാപനം തന്നെയാണ് ജന്‍ ഔഷധി എന്ന് നിസംശയം പറയാം.
ഗുണമേന്മയുള്ള വന്‍കിട ബ്രാന്‍ഡുകളുടെ മരുന്നുകളാണല്ലോ ജന്‍ഔഷധിയിലൂടെ വില്‍ക്കുന്നത്.ഇത്രയും വിലയേറിയ മരുന്നുകള്‍ വിലക്കുറച്ച് വില്‍ക്കാന്‍ കഴിയുന്നത് എങ്ങനെയാണ് ?
ഗുണമേന്മയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ജന്‍ഔഷധി സ്‌റ്റോറുകളില്‍ നടക്കില്ല. വന്‍കിട മരുന്നു കമ്പനികള്‍ ഉദാഹരണത്തിന് കാഡില,സിപ്ല,ബയോകോണ്‍ ,സണ്‍ഫാര്‍മ തുടങ്ങിവരൊക്കെ തന്നെയാണ് ജന്‍ഔഷധിക്കും മരുന്നുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.ഇതിനു പുറമെ ഐഎസ്ഒ 9000 സര്‍ട്ടിഫൈഡ് ആയിട്ടുള്ള വേറെയും പല അംഗീകൃത കമ്പനികളും മരുന്നു സപ്ലെ ചെയ്യുന്നുണ്ട്. ഇവര്‍ നമുക്ക് മാത്രം അതായത് ജന്‍ഔഷധിക്ക് എങ്ങനെ ഇത്രത്തോളം വിലകുറച്ചു തരുന്നു എന്ന സംശയം ഉണ്ടാകാം.
ഒരു ബ്രാന്‍ഡ് മരുന്ന് ഉദാഹരണത്തിന് ഡോളോ അത് വിപണിയിലേക്ക് എത്തുമ്പോള്‍ അത് പ്രൊമോട്ട് ചെയ്യാന്‍ ഒരു വിംഗുണ്ടാകും ഡോക്ടര്‍മാര്‍ക്കു മുന്നില്‍ സയന്റിഫിക് ടീമും സ്റ്റോക്ക് കാര്യങ്ങള്‍ നോക്കാന്‍ മറ്റൊരു വിംഗും ഒക്കെയായി ഒരു സപ്ലെ ചെയിന്‍ തന്നെ ഒരു ബ്രാന്‍ഡ് മാര്‍ക്കറ്റിലെത്തുമ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകും.ഇത് എത്തിക്കല്‍ ബിസിനസ് എന്ന് നമുക്ക് ഇത് പേരിട്ടു വിളിക്കാം.അതേസമയം ജന്‍ഔഷധി പോലുള്ള ജനറിക് ബിസിനസില്‍ ഇടയ്ക്കുള്ള ഘടകങ്ങളൊന്നും വരുന്നില്ല.നിര്‍മ്മാതാക്കളുമായി നേരിട്ട് ആണ് ബന്ധം.ഒരു പ്രൊമോഷനും ഇല്ലാതെ തന്നെ വളരെ വിലകുറച്ച് ജനറിക് മെഡിസിന്‍സ് നല്‍കാന്‍ കഴിയുന്നു.ഇതാണ് വിലകുറവിനുള്ള ഒരുകാരണം. ഇതുകൂടാതെ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒരുവിഹിതം ജന്‍ഔഷധി സ്റ്റോറുകള്‍ക്കായി നീക്കിവെക്കുന്നുണ്ട്.മരുന്നു വിലകുറയ്ക്കാനും സബ്‌സിഡി നല്‍കാനും കേന്ദ്രം സഹായിക്കുന്നതും വിലക്കുറവിന് കാരണമാണ്.
നിങ്ങളുടെ ജന്‍ഔഷധി സ്‌റ്റോറുകളില്‍ അധികൃതരുടെ സന്ദര്‍ശനമോ പരിശോധനകളോ ഉണ്ടാകാറുണ്ടോ ? ആരാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത് ?
ജന്‍ഔഷധി സ്‌റ്റോറുകള്‍ക്ക് പ്രധാനമായിട്ടും കേരളത്തിലാകുമ്പോള്‍ ഡ്രഗ് കണ്‍ട്രോളറുടെ കാര്യാലയത്തില്‍ നിന്നും പെര്‍മിഷന്‍ അഥവാ ഡ്രഗ് ലൈസന്‍സ് വാങ്ങിയിട്ടാണ് പ്രവര്‍ത്തിക്കുന്നത്.കൃത്യമായ ഇടവേളകളില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ വിസിറ്റ് ജന്‍ഔഷധി കേന്ദ്രങ്ങളിലുണ്ടാകും.അവര് മരുന്നുകളുടെ ഗുണമേന്മ പരിശോധനയ്ക്കായി സാംപിളുകള്‍ ശേഖരിച്ചു കൊണ്ടുപോകാറുണ്ട്.പരിശോധിച്ച് റിസല്‍ട്ട് അറിയിക്കാറുമുണ്ട്. ഇതുവരെയും ജന്‍ഔഷധി സ്‌റ്റോറുകളില്‍ ഗുണമേന്മയുടെ കാര്യത്തില്‍ ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല.
ഈ അടുത്തകാലത്തായി ജന്‍ഔഷധിയുടെ ഒരു മീറ്റിംഗ് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.ഈ മീറ്റില്‍ കേരള ഡ്രഗ് കണ്‍ട്രോളര്‍ പങ്കെടുത്തിരുന്നു. ആളുകള്‍ ജന്‍ഔഷധിയിലെ വിലക്കുറവിനെ സംശയത്തോടെ വീക്ഷിക്കുന്ന കാര്യം ഞങ്ങള്‍ അദ്ദേഹത്തോട് പങ്കുവെച്ചപ്പോള്‍ ഇത്തരത്തിലൊരു സംഭവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സമാനരീതിയിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പറയുകയുണ്ടായി.പിന്നെ ജനറിക് മെഡിസിന്‍സോ,ബ്രാന്‍ഡഡ് മെഡിസിന്‍സോ ഏതുമാകട്ടെ പരിശോധനകളില്‍ രണ്ട് ശതമാനം നോട്ട് സ്റ്റാന്‍ഡേഡ് ക്വാളിറ്റി(എന്‍എസ്‌ക്യു) എന്ന് വരാറുണ്ട്.ഇത് സാധാരണമാണ് ഇത്രമാത്രമെ ജന്‍ഔഷധിയുടെ പരിശോധനകളിലും കണ്ടിട്ടുള്ളു എന്നാണ് ഡ്രഗ് കണ്‍ട്രോളര്‍ അന്ന് പറഞ്ഞത്.
ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ബ്യൂറോ ഓഫ് ഇന്ത്യയാണ് ജന്‍ഔഷധി സ്റ്റോറുകളുടെ നടത്തിപ്പുകാരെന്ന് പറഞ്ഞല്ലോ.അവിടെ നിന്നും നോഡല്‍ ഓഫീസര്‍മാര്‍ സ്റ്റോറുകളില്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ട്.മരുന്നുകളുടെ സ്‌പ്ലെ ചെയിനും, സുരക്ഷിതമായി നിയമാനുസൃതമായിട്ടാണോ സൂക്ഷിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ നിരീക്ഷിച്ചാണ് മടങ്ങുന്നത്.നോഡല്‍ ഓഫീസര്‍ മാത്രമല്ല ചില അവസരങ്ങളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥാപനത്തിലെത്താറുണ്ട്.
നിങ്ങള്‍ ഈ ബിസിനസിലേക്ക് വന്നതിലൂടെയുണ്ടായിട്ടുള്ള മാറ്റം , ലാഭകരമാണോ സംരംഭം ?
എന്റെ ഭാര്യ ടീച്ചറാണ്, രണ്ട് കുഞ്ഞുങ്ങളുണ്ട്.ഒരു സംരംഭം എന്ന നിലയില്‍ എനിക്കും എന്റെ കുടുംബത്തിനും ജീവിക്കാനുള്ള വരുമാനം ഇതിലൂടെ കിട്ടുന്നുണ്ട്.എന്റെ മാത്രം കാര്യമല്ല ജന്‍ഔഷധി സ്റ്റോറുകള്‍ നടത്തുന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കും ഇതെ അഭിപ്രായമാണ്.വരുമാനത്തിനു പുറമെ ഒരുപാട് പേരെ സഹായിക്കാനും കഴിയുന്നുണ്ട്.അതു മനസിനു നല്‍കുന്ന സംതൃപ്തി വളരെ വലുതാണ്.
ജന്‍ഔഷധി സ്‌റ്റോര്‍ ആരംഭിക്കുമ്പോള്‍ നേരിടേണ്ടി വന്ന പ്രധാന പ്രയാസം ?
ജന്‍ഔഷധിയുടെ തുടക്കകാലത്ത് സ്‌റ്റോര്‍ ആരംഭിച്ച വ്യക്തിയെന്ന നിലയില്‍ എനിക്ക് ആരംഭകാലത്ത് ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.പ്രധാനമായും മരുന്നുകളുടെ ലഭ്യത വളരെ പ്രശ്‌നമായിരുന്നു.പിന്നെ മറ്റുചിലരുടെ ദുര്‍പ്രചാരണങ്ങളൊക്കെ അന്നുണ്ടായിരുന്നു.ഇത്ര കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് ക്വാളിറ്റിയില്ലെന്ന പ്രചാരം ശക്തമായിരുന്നു. ആദ്യകാലത്ത് പൊതുജനങ്ങളിലേക്ക് വലിയ തോതിലുള്ള ബോധവത്കരണം നടത്തേണ്ടി വന്നു.ജന്‍ഔഷധി സ്റ്റോറുകളും സര്‍ക്കാരും ഒപ്പത്തിനൊപ്പം നിന്ന് പ്രവര്‍ത്തിച്ചു അതിന്റെ ഫലമായി പതിയെ ആണ് ശുഭകരമായ രീതിയിലേക്ക് ജന്‍ഔഷധി വളര്‍ന്നത്. പിന്നെ ആദ്യകാലത്ത് പല ഡോക്ടര്‍മാരും ജന്‍ഔഷധി സ്‌റ്റോറുകളിലെ മരുന്നുകള്‍ കഴിക്കുന്നതില്‍ നിന്ന് രോഗികളെ പിന്തിരിപ്പിച്ചിരുന്നു.ക്വാളിറ്റിയെ കുറിച്ചും സപ്ലെ ചെയിന്‍ കാര്യങ്ങളും ഡോക്ടര്‍മാരെ പറഞ്ഞ് ബോധ്യപ്പെടുത്തി. ഞങ്ങളുടെ കഠിനമായ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ സ്ഥിതിയ്ക്കും ശമനംഉണ്ടായത്.
ആളുകള്‍ക്ക് ഇപ്പോഴും ഒരു ഭീതി ജന്‍ഔഷധിയിലേക്ക് വരാന്‍ നിലനില്‍ക്കുന്നുണ്ട് എന്ന തോന്നലുണ്ടോ? എന്താകാം ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് ?
വളരെ കുറച്ച് ശതമാനം ആളുകള്‍ക്ക് ഇപ്പോഴും ജന്‍ഔഷധി സ്്‌റ്റോറുകളോട് ഒരു വിമുഖതയുണ്ട്. വില കുറഞ്ഞ മരുന്നു വില്‍ക്കുമ്പോള്‍ അതിന് ഗുണമുണ്ടാകില്ലെന്ന മിഥ്യാധാരണകളുടെ പുറത്താകാം പലരും ജന്‍ഔഷധിയില്‍ നിന്ന് മരുന്നുകള്‍ വാങ്ങാന്‍ താല്‍പര്യക്കുറവ് കാണിക്കുന്നത്. പക്ഷെ സാധാരണക്കാരും അത്യാവശ്യം ജന്‍ഔഷധിയുടെ പ്രവര്‍ത്തത്തെ കുറിച്ച് മനസിലാക്കിയവരും ഞങ്ങളുടെ സ്റ്റോറുകളെ വലിയ ഭാഗ്യമായി കണ്ട്, ഇതിന്റെ സേവനങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
പലരും മരുന്നുകള്‍ വാങ്ങി ഗുണമേന്മ ഡോക്ടറെ സമീപിച്ച് ബോധ്യപ്പെട്ട് അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്.പത്രങ്ങളിലൂടെയും മറ്റും സര്‍ക്കാര്‍ ജന്‍ഔഷധിയുടെ മരുന്നുകളുടെ നിലവാരത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും പൊതുജനത്തിന് അറിവ് പകര്‍ന്നു നല്‍കുന്നുണ്ട്.ജന്‍ഔഷധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ച അടുത്തകാലത്തായി കാണാന്‍ സാധിക്കുന്നു.
ജന്‍ഔഷധി മെഡിക്കല്‍ സ്‌റ്റോര്‍ ആരംഭിക്കാന്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണോ ?
കേരള സര്‍ക്കാരിന്റെ ഡ്രഗ് ലൈസന്‍സ് ആവശ്യമുണ്ട്. അതോടൊപ്പം തന്നെ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് മെഡിക്കല്‍ ഡിവൈസസ് ഓഫ് ഇന്ത്യ(പിഎംബിഐ) തരുന്ന ഒരു അപ്രൂവല്‍ ലെറ്റര്‍ ആവശ്യമുണ്ട്.ജന്‍ഔഷധി സ്റ്റോര്‍ ആരംഭിക്കാനുള്ള അപേക്ഷയും മറ്റ് രേഖകളും നല്‍കി കഴിയുമ്പോള്‍ അധികൃതര്‍ പരിശോധിച്ച ശേഷമാണ് ഇനിഷ്യല്‍ അപ്രൂവല്‍ ലൈറ്റര്‍ തരുന്നത്. ഇതു കിട്ടിയാലുടന്‍ നമുക്ക് ഷോപ്പ് തുടങ്ങാം.ഇതിനുശേഷം ഡ്രഗ് ലൈസന്‍സും ബാക്കി കാര്യങ്ങളും കിട്ടുന്ന മുറയ്ക്ക് സ്റ്റോറിന്റെ മിനുക്ക് പണികളൊക്കെ പൂര്‍ത്തിയാക്കി ഫൈനല്‍ അപ്രൂവല്‍ ഡല്‍ഹിയില്‍ നിന്ന് കിട്ടികഴിഞ്ഞാല്‍ നമുക്ക് സ്റ്റോക്കെടുത്തു സ്‌റ്റോര്‍ തുറക്കാന്‍ സാധിക്കും.
സ്റ്റോറിലേക്ക് മരുന്നുകളെത്തുന്നത് എങ്ങനെയാണ് ? പുതിയ ബ്രാന്‍ഡുകളിലെ മരുന്നുകള്‍ സ്വന്തം ഇഷ്ടത്തിന് സ്റ്റോറിലൂടെ വിറ്റഴിക്കാന്‍ അനുവാദമുണ്ടോ ?
പ്രധാനമായും മരുന്നുകളെത്തുന്നത് റീജണല്‍ വെയര്‍ ഹൗസുകളുണ്ട്.പിഎംബിഐ നേരിട്ട് നടത്തുന്ന വെയര്‍ഹൗസുകള്‍ ഉദാഹരണത്തിന് സൗത്ത് ഇന്ത്യയില്‍ ചെന്നൈയിലാണുള്ളത്.പിന്നെ ഡിസ്ട്രിബ്യൂട്ടേഴ്‌സ്, എറണാകുളം പശ്ചാത്തലമാക്കി ജന്‍ഔഷധിക്കൊരു വിതരണക്കാരനുണ്ട്, അതുപോലെ കോഴിക്കോട് ഒരാള്‍ കേരളത്തില്‍ ഇവര്‍ രണ്ടുപേരാണുള്ളത്.ഇവരില്‍ നിന്നും മരുന്നുകള്‍ വാങ്ങാം.അതുപോലെ നേരിട്ട് ഡല്‍ഹിയിലെ സെന്‍ട്രല്‍ വെയര്‍ഹൗസില്‍ നിന്നും മരുന്നുകളെത്തിക്കാം.ജന്‍ ഔഷധിക്ക് മാത്രമുള്ള ചില യുണീക്ക് പ്രൊഡക്ടുകളുണ്ട്.ഉദാഹരണത്തിന് ഒരു രൂപ നിരക്കില്‍ സാനിറ്ററി നാപ്കിന്‍ (ബേഠി ബഡാവോ...ബേഠി..പഠാവോ പദ്ധതിയുടെ ഭാഗമായി) 66 രൂപയ്ക്ക് ഇന്‍സുലിന്‍ കൊടുക്കുന്നത്.അതുപോലെ പല മരുന്നുകളും ജന്‍ഔഷധി വഴിമാത്രം വില്‍പ്പന നടത്തുന്നുണ്ട്.
ഭാരതത്തില്‍ സര്‍ക്കാരിന്റെ ജന്‍ഔഷധി സ്റ്റോറുകളുടെ പ്രചാരണത്തിനും ബോധവത്കരണ പരിപാടികളിലും സജീവ സാന്നിധ്യവുമാണ് കാര്‍ത്തികേയന്‍.ഒരു ജന്‍ഔഷധി സ്‌റ്റോര്‍ ഉടമയെന്ന നിലയില്‍ സാധാരണക്കാരന് ജീവന്‍രക്ഷാ മരുന്നുകളെത്തിക്കാന്‍ സാധിക്കുന്നു എന്ന സംത്യപ്തിയില്‍ തന്റെ സ്റ്റോറുകളുടെ തിരക്കിലാണ് അദ്ദേഹം....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.