Sections

സന്തോഷങ്ങളിലേക്ക് മെഴുകുതിരികളുമായി ഈ പെണ്‍കുട്ടികള്‍; കരിയറിലെ സമ്മര്‍ദ്ദങ്ങള്‍ അവസാനിപ്പിച്ച് സ്വന്തം ബിസിനസിലേക്ക്

Friday, Jul 01, 2022
Reported By Jeena S Jayan
candle business, interview

സ്റ്റെഫിയും ഫര്‍സാനയും ആലപ്പുഴ സ്വദേശികളാണ്.ഈ രണ്ട് പെണ്‍കുട്ടികളും കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി കാന്‍ഡിലുകളുടെ പുതുമയുമായി മലയാളികളുടെ ആഘോഷങ്ങള്‍ക്കൊപ്പമുണ്ട്.2020ലെ ഒരു കോവിഡ് കാലത്ത് തുടങ്ങിയ ഇവരുടെ ദി കാന്‍ഡില്‍ കണക്ഷന്‍ എന്ന ഓണ്‍ലൈന്‍ ഹാന്‍ഡ്‌മെയ്ഡ് കാന്‍ഡിലുകളുടെ ലോകത്തെ കുറിച്ച് സ്റ്റെഫിയിലൂടെ നമുക്ക് അറിയാം

 

നമുക്ക് എല്ലാവര്‍ക്കും വീടുകള്‍ നല്ല മണവും സുഖകരവുമായിരിക്കാന്‍ ഇഷ്ടമാണ്.അതുകൊണ്ട് തന്നെ മെഴുകുതിരികള്‍ ഇതിനായി മാത്രം ഇപ്പോള്‍ വാങ്ങുന്നവരുണ്ട്.പഴയതു പോലെ പ്രകാശം മാത്രം തരുന്ന വെളുത്ത കോലന്‍ കാന്‍ഡിലുകളല്ല വിവിധങ്ങളായ നിറത്തിലും സുഗന്ധത്തിലും ലഭിക്കുന്ന കാന്‍ഡിലുകള്‍ ഇന്ന് ആഘോഷങ്ങളില്‍ ഒഴിവാക്കാനാകാത്തതാണ്.പലപ്പോഴും സമ്മാനങ്ങളാക്കാന്‍ കാന്‍ഡിലുകള്‍ തെരഞ്ഞെടുക്കുന്നത് പതിവാണ് ഇപ്പോള്‍.

സ്റ്റെഫിയും ഫര്‍സാനയും ആലപ്പുഴ സ്വദേശികളാണ്.ഈ രണ്ട് പെണ്‍കുട്ടികളും കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായി കാന്‍ഡിലുകളുടെ പുതുമയുമായി മലയാളികളുടെ ആഘോഷങ്ങള്‍ക്കൊപ്പമുണ്ട്.2020ലെ ഒരു കോവിഡ് കാലത്ത് തുടങ്ങിയ ഇവരുടെ ദി കാന്‍ഡില്‍ കണക്ഷന്‍ എന്ന ഓണ്‍ലൈന്‍ ഹാന്‍ഡ്‌മെയ്ഡ് കാന്‍ഡിലുകളുടെ ലോകത്തെ കുറിച്ച് സ്റ്റെഫിയിലൂടെ നമുക്ക് അറിയാം.

"സ്റ്റെഫി ചെറിയാന്‍ ജിജോ, ഫര്‍സാന ഞങ്ങള്‍ രണ്ടാളുകളാണ് ദി കാന്‍ഡില്‍ കണക്ഷന്റെ പിന്നില്‍ എന്റെ ഭര്‍ത്താവിന് ബിസിനസാണ്. ഫര്‍സാനയും വിവാഹിതയാണ് ഒരു മകളുണ്ട്.ഒരു കോര്‍പ്പറേറ്റ് കമ്പനിയില്‍ ജോലി ചെയ്യുമ്പോഴുള്ള പരിചയമയാണ് ഫര്‍സാനയുമായി അവിടെ നിന്ന് രാജിവെച്ചാണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യാനുള്ള പ്ലാനൊക്കെയിടുന്നത് " സ്റ്റെഫി പറഞ്ഞു തുടങ്ങി...

 

ദി കാന്‍ഡില്‍ കണക്ഷന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് ഹാന്‍ഡ് മെയ്ഡ് കാന്‍ഡിലുകളുടെ ലോകമാണ്. എന്താണ് നിങ്ങളുടെ ഈ കാന്‍ഡില്‍ സ്‌റ്റോറിന്റെ പ്രത്യേകത ?

ഹാന്‍ഡ് പോര്‍ഡ് കാന്‍ഡില്‍സാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത.കാന്‍ഡിലിന്റെ നിര്‍മ്മാണം മുതല്‍ അവസാനം പായ്ക്കിംഗ് വരെ ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. പിന്നെ കസ്റ്റമൈസേഷന്‍, അതായത് വിവാഹം, അല്ലെങ്കില്‍ ബര്‍ത്ത്‌ഡേ ഫംങ്ഷനുകളിലൊക്കെ റിട്ടേണ്‍ ഗിഫ്റ്റ് കൊടുക്കുന്ന പതിവുണ്ടല്ലോ.ഉദാഹരണത്തിന് ഒരു വിവാഹമാണെങ്കില്‍ ദമ്പതികളുടെ പേരൊക്കെ വെച്ച് ഒരു താങ്ക്യൂ നോട്ട് ഒക്കെ കൂടി കസ്റ്റമൈസ്ഡ് കാന്‍ഡില്‍സ് ചെയ്തു കൊടുക്കാറുണ്ട്.അവര് പറയുന്ന നിറത്തില്‍,മണത്തില്‍ തന്നെ പൂര്‍ത്തിയാക്കി നല്‍കും. ഇതൊക്കെയാണ് ദി കാന്‍ഡില്‍ കണക്ഷന്‍ എന്ന ഞങ്ങളുടെ കൊച്ചു സ്റ്റോറിന്റെ പ്രത്യേകതകള്‍.


വിദേശികളുടെ മാത്രം പ്രിയപ്പെട്ട കാന്‍ഡിലുകള്‍ ഇന്ന് നമ്മുടെ നാട്ടിലും ജനപ്രിയമായികൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊതുവെ ജനങ്ങളുടെ പ്രതികരണം ?

ശരിയാണ്, പക്ഷെ ഇവിടെയും ഇപ്പോള്‍ കാന്‍ഡിലുകള്‍ക്ക് വലിയ സ്വീകാര്യതയുണ്ട്.ഏത് ഫംങ്ഷനുകളിലും കാന്‍ഡിലുകള്‍ ഒഴിവാക്കാന്‍ സാധിക്കാത്ത സ്ഥിതി വന്നിട്ടുണ്ട്.ഇപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് നല്ല റെസ്‌പോണ്‍സാണ് ലഭിക്കുന്നത്.കസ്റ്റമേഴ്‌സിന് അവര് പറയുന്ന ഡിസൈനിലും നിറത്തിലുമൊക്കെ ചെയ്തു കൊടുക്കുന്നതു കൊണ്ട് നല്ല അഭിപ്രായമാണ് കിട്ടുന്നത്.നമുക്ക് ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ വരുന്നത് തന്നെ ക്‌സറ്റമൈസ്ഡ് കാന്‍ഡിലുകള്‍ക്കാണ്. വിവാഹ പാര്‍ട്ടിയൊക്കെ ആണെങ്കില്‍ അവരുടെ ഫംങ്ഷന്റെ ഡെക്കറേഷന്‍ തീം പറയും അതനുസരിച്ചാണ് ചെയ്തു കൊടുക്കുന്നത്.

കസ്റ്റമൈസ്ഡ് കാന്‍ഡില്‍സ് ഒക്കെ കുറച്ചു കൂടി വിദേശ രാജ്യങ്ങളിലാണ് പോപ്പുലറായിട്ടുള്ളത്.അതുകൊണ്ട് തന്നെ പലതരം ഓപ്ഷനുകളും അവിടെ ലഭിക്കും.നമ്മുടെ ഇവിടെ കസ്റ്റമൈസ്ഡ് കാന്‍ഡിലുകളുടെ സ്റ്റോറുകള്‍ വളരെ കുറവാണ്.പ്രത്യേകിച്ച് ആളുകള്‍ പറയുന്ന കളറിലൊക്കെ കാന്‍ഡില്‍സ് ചെയ്തു കൊടുക്കുന്ന മൂന്നോ നാലോ പേരൊക്കെയുണ്ടാകു.ഡിസൈനേഴ്‌സ് ഒരുപാട് പേരുണ്ടാകും പക്ഷെ കാന്‍ഡില്‍സ് നിര്‍മ്മിക്കുന്നവര്‍ കുറവാണ്.അതേസമയം കാന്‍ഡിലുകള്‍ക്ക് ആവശ്യക്കാരുണ്ടാകുന്നതുകൊണ്ട് നമുക്ക് അത്യാവശ്യം കസ്റ്റമേഴ്‌സിനെ കിട്ടാറുണ്ട്.

എങ്ങനെയാണ് ഇത്തരത്തിലൊരു ഐഡിയയിലേക്ക് എത്തിയത് ?

ജോലി ഒക്കെ വിട്ട് നില്‍ക്കുന്ന സമയത്ത് സ്വന്തമായി എന്തെങ്കിലും ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യണം എന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു.പലതരം ബിസിനസിനെ കുറിച്ചും ചിന്തിച്ചിരുന്നു.ആ അവസരത്തിലാണ് എന്റെ ഭര്‍ത്താവ് ഈ ആശയം പങ്കുവെയ്ക്കുന്നത്.പുള്ളി ഈവന്റ് മാനേജ്‌മെന്റൊക്കെ ചെയ്യുന്നയാളാണ്.ഈവന്റുകളില്‍ റിട്ടേണ്‍ ഗിഫ്റ്റായി കസ്റ്റമേഴ്‌സ് പലപ്പോഴും ആവശ്യപ്പെടുന്നത് കാന്‍ഡിലുകളാണ്.അതറിയാവുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് കസ്റ്റമേസ്ഡ് കാന്‍ഡിലുകള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന ഒരു ചെറിയ പ്ലാന്‍ ഉണ്ടായിരുന്നു.പിന്നെ ഞങ്ങള്‍ ഒരു ബിസിനസ് സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കസ്റ്റമൈസ്ഡ് കാന്‍ഡില്‍ എന്ന പഴയ പ്ലാനൊന്ന് കൂടി സ്‌ട്രോങ്ങായി.ആവശ്യക്കാരുണ്ടെന്ന് അറിയാമായിരുന്നതു കൊണ്ട് കാന്‍ഡില്‍ മതിയെന്ന് തീരുമാനിച്ചു.

The Candle Connectionന്റെ തുടക്കം എങ്ങനെയായിരുന്നു ?  എന്തൊക്കെ പ്രതിസന്ധികളാണ് നിങ്ങള്‍ക്ക് നേരിടേണ്ടി വന്നത് ?

ശരിക്കും കോവിഡ് ഏറ്റവും ശക്തമായിരുന്ന സമയത്താണ് ഞങ്ങള്‍ ദി കാന്‍ഡില്‍ കണക്ഷന്‍ എന്ന സ്‌റ്റോര്‍ തുടങ്ങുന്നത്.ആ സമയത്ത് തുടങ്ങിയ മറ്റെല്ലാ ബിസിനസുകളെയും പോലെ ഓണ്‍ലൈനിലായിരുന്നു ഞങ്ങളും ശ്രദ്ധിച്ചത്.ഒരു ഫിസിക്കല്‍ സ്റ്റോര്‍ തുടങ്ങാനുള്ള സാഹചര്യമല്ലല്ലോ അന്നുണ്ടായിരുന്നത്.കസ്റ്റമറിന് ആകര്‍ഷിക്കുക എന്നതു തന്നെയാണ് ആദ്യം ഞങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ കടമ്പ.ഒരു പേജ് തുടങ്ങി കാന്‍ഡിലുകള്‍ കുറച്ചുണ്ടാക്കി നോക്കി.സുഹൃത്തുക്കളും കുടുംബക്കാരുമൊക്കെ തന്നെയാണ് തുടക്കത്തില്‍ ഒരു രണ്ട്മാസത്തോളം കാന്‍ഡിലുകളൊക്കെ വാങ്ങിയിരുന്നത്.പിന്നീട് ക്രിസ്മസ്സിന്റെ സമയത്താണ് പുറത്തു നിന്ന് ആദ്യത്തെ ഓര്‍ഡര്‍ വരുന്നത്.അതൊരു ബേക്കറിന്റെത് ആയിരുന്നു.അവരുടെ ഒരു ഹാംപറില്‍ വെയ്ക്കാനായിട്ട് ഒരു ഇരുപത് കാന്‍ഡിലിന്റെ ഓര്‍ഡര്‍ കിട്ടി.ശരിക്കും പറഞ്ഞാല്‍ ഞങ്ങള്‍ ദി കാന്‍ഡില്‍ കണക്ഷന്‍ തുടങ്ങി ഒന്ന് സ്റ്റേബിള്‍ ആയിട്ട് ഏകദേശം മൂന്ന് മാസത്തോളം കഴിഞ്ഞാണ് പുറത്തുനിന്ന് ആവശ്യക്കാരെത്തി തുടങ്ങിയത്.അതോടെ പേജും വലിയ രീതിയില്‍ റീച്ചാകാന്‍ തുടങ്ങി.

കോവിഡ് സമയമായതുകൊണ്ട് റോ മെറ്റീരിയലുകള്‍ വാങ്ങാനും യാത്ര ചെയ്യാനും ഒക്കെ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു.അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ ഒക്കെ വന്നതോടെ ബള്‍ക്ക് ഓര്‍ഡറുകള്‍ പോലും കൃത്യമായി അയയ്ക്കാന്‍ സാധിക്കാതെ വന്നിട്ടുണ്ട്.പലപ്പോഴും ഒരുപാട് സമയമെടുത്താണ് ഓര്‍ഡറുകളെത്തിക്കാന്‍ അപ്പോഴൊക്കെ കഴിഞ്ഞിരുന്നത്.ഇതൊക്കെയാണ് ഞങ്ങള്‍ നേരിട്ട പ്രധാന ബുദ്ധിമുട്ടുകള്‍. 

നിലവില്‍ എന്തൊക്കെ തരം കാന്‍ഡിലുകളാണ് ചെയ്തു കൊടുക്കുന്നത് ? ഇവയുടെ നിര്‍മ്മാണം ഒക്കെ എങ്ങനെയാണ് ? ആവശ്യമായ മെഴുക് ഒക്കെ ശേഖരിക്കുന്നത് ?

കൂടുതലായിട്ട് റിട്ടേണ്‍സ് ഗിഫ്റ്റിനു വരുന്ന കാന്‍ഡില്‍സാണ് ചെയ്തു കൊടുക്കുന്നത്.അതില്‍ തന്നെ ജാര്‍ കാന്‍ഡിലുകളാണ് കൂടുതലായി ചെയ്തുകൊണ്ടിരിക്കുന്നത്.സ്‌ക്വയര്‍ പോലുള്ള പല ഷേയ്പ്പിലുള്ള കാന്‍ഡിലുകളുണ്ട്.ബാപ്തിസം, ബ്രൈഡല്‍ ഷവറിനുള്ള കാന്‍ഡിലുകള്‍ തുടങ്ങി എല്ലാ ഫംങ്ഷന്‍സിനു വേണ്ടിയും തയ്യാറാക്കി കൊടുക്കാറുണ്ട്.പില്ലര്‍,ഗ്ലാസ്, ടീ ലൈറ്റ്‌സ്, ബബിള്‍ കാന്‍ഡില്‍സ് തുടങ്ങിയവയാണ് ഞങ്ങള്‍ കൂടുതലായും ചെയ്യുന്നത്.

വാക്‌സ് ഒക്കെ തമിഴ്‌നാട്ടില്‍ നിന്നാണ് വരുത്തുന്നത്.സര്‍ക്കാരില്‍ നിന്ന് ഒരു പ്രൊജക്ടിന്റെ ഭാഗമായിട്ട് വാക്‌സ് ലഭിക്കുന്നുണ്ട്.

വളരെ ക്രിയേറ്റീവായ കാന്‍ഡിലുകളാണ് നിങ്ങളുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ ഏറ്റവും വലിയ ആകര്‍ഷണം.ഓരോന്നും ചെയ്യുമ്പോള്‍ എന്തൊക്കെയാണ് പ്രധാനമായും ശ്രദ്ധിക്കുന്നത് ? പ്രത്യേകിച്ച് ഡിസൈനിംഗ് കാര്യങ്ങളൊക്കെ ?

എല്ലാം ഞങ്ങള്‍ തന്നെയാണ് ചെയ്യുന്നത് അതുകൊണ്ട് പ്രൊഡക്ഷന്‍ മുതല്‍ ഡെലിവറി വരെ എല്ലാ മേഖലയിലും ഞങ്ങളുടെ ശ്രദ്ധ പതിയാറുണ്ട്.കസ്റ്റമേഴ്‌സിന്റെ ആവശ്യം അതെപടി പാലിച്ചാണ് കാന്‍ഡില്‍ നിര്‍മ്മിക്കുന്നത്. ഓര്‍ഡര്‍ നല്‍കുമ്പോള്‍ തന്നെ അവരുദ്ദേശിക്കുന്ന കളറിന്റെ കോപ്പിയോ,ഫോട്ടോയോ ചോദിച്ച് വാങ്ങാറുണ്ട്.എപ്പോഴും സാംപിള്‍ ഒരെണ്ണം ചെയ്ത് കാണിച്ചിട്ടേ ഞങ്ങള്‍ ബള്‍ക്ക് പ്രൊഡക്ഷനിലേക്ക് കടക്കാറുള്ളു.അതിപ്പോള്‍ പത്ത് കാന്‍ഡില്‍ ആണെങ്കിലും നൂറ് കാന്‍ഡില്‍ ആണെങ്കിലും ഈ രീതി തന്നെയാണ് പിന്തുടരുന്നത്.എല്ലാ കസ്റ്റമേഴ്‌സിനും സാംപിള്‍ ഉറപ്പായും കാണിക്കും.എഴുന്നൂറ്, എണ്ണൂറ് ഓര്‍ഡര്‍ ഒക്കെ തരുന്ന കസ്റ്റമേഴ്‌സിന് സാംപിള്‍ അയച്ചു കൊടുത്ത് ചെയ്ഞ്ചസ് ഉണ്ടെങ്കില്‍ മാറ്റിയേ പ്രൊഡക്ഷന്‍ തുടങ്ങു.

ഡിസൈനിന്റെ കാര്യത്തിലും കസ്റ്റമറിന്റെ അഭിപ്രായം ചോദിക്കാറുണ്ട്.പലരും ഡിസൈന്‍ വരെ പറഞ്ഞും ചെയ്തും തരും.അതിനൊന്നും സമയമില്ലാത്തവര്‍ക്ക് ഞങ്ങള്‍ ഡിസൈന്‍ ചെയ്ത് അപ്രൂവലിനായി കസ്റ്റമറിന് അയച്ചുകൊടുക്കും.നൂറ് ശതമാനം കസ്റ്റമറിന്റെ താ്ല്‍പര്യത്തിന് അനുസരിച്ചാണ് ഞങ്ങളുടെ ബിസിനസ്.

പിന്നെ മെഷീനില്‍ നിന്ന് തയ്യാറാക്കി വരുന്ന കാന്‍ഡിലുകളുടെ പെര്‍ഫെക്ഷന്‍ ഒരിക്കലും ഹാന്‍ഡ് പോര്‍ഡ് കാന്‍ഡിലുകള്‍ക്ക് കിട്ടില്ലെന്ന ചെറിയൊരു പോരായ്മ മാത്രമാണുള്ളത്.എനിക്ക് തോന്നുന്നത് ആ ഇംപെര്‍ഫെക്ഷന്‍ തന്നെയാണ് കാന്‍ഡിലിന്റെ ഭംഗി. 

എന്തുകൊണ്ടാണ് നേരിട്ട് കട തുടങ്ങാതെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ തുടങ്ങാം എന്ന് തോന്നിയത് ? ഒരു ഡയറക്ട് പര്‍ച്ചേഴ്‌സ് സ്റ്റോര്‍ ഭാവി പദ്ധതിയിലുണ്ടോ?

കോവിഡ് ടോപ് ലെവലില്‍ ആയിരുന്ന സമയത്താണല്ലോ ഞങ്ങള്‍ ദി കാന്‍ഡില്‍ കണക്ഷന്‍ തുടങ്ങുന്നത്.ഒരു സ്‌റ്റോര്‍ തുടങ്ങാനുള്ള സാഹചര്യം അന്നുണ്ടായില്ല.പിന്നെ ഈ ഫീല്‍ഡിലേക്ക് ഞങ്ങള്‍ തികച്ചും പുതിയ ആളുകളായിരുന്നല്ലോ.ഇന്‍സ്റ്റഗ്രാം വഴി ഒരു സ്റ്റോര്‍ അതായിരുന്നു മികച്ച ഓപ്ഷനായി തോന്നിയത്.പക്ഷെ ഒരു ഫിസിക്കല്‍ സ്റ്റോറിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഹാന്‍ഡ് മെയ്ഡ് കാന്‍ഡില്‍സ് മാത്രമല്ല ഗിഫ്റ്റിംഗ് സ്റ്റുഡിയോ ആയിട്ടാണ് ഞങ്ങളുടെ ബിസിനസ്, ഹാംപറുകളൊക്കെ ചെയ്യുന്നുണ്ട്.കോര്‍പ്പറേറ്റ് ഓര്‍ഡറുകളെടുക്കുന്നുണ്ട്.ഇനിയിപ്പോ ഓണ്‍ലൈനില്‍ മാത്രം ഒതുങ്ങി നിന്നാല്‍ പോരായെന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട് പതിയെ ഒരു ഫിസിക്കല്‍ സ്റ്റോറിലേക്ക് കടക്കാനുള്ള നീക്കത്തിലാണ്.

എത്രമാത്രം സമയം ഇതിലേക്കായി ഇന്‍വെസ്റ്റ് ചെയ്യേണ്ടതായി വരുന്നുണ്ട് ? കുടുംബത്തിന്റെ സപ്പോര്‍ട്ട് ?

ഓര്‍ഡറുകള്‍ അനുസരിച്ചാണ് ചെയ്യാറ്, ഞങ്ങള്‍ രണ്ടാളും മാത്രമാണ് കാന്‍ഡിലുകള്‍ തയ്യാറാക്കുന്നത്.എന്റെ വീട്ടിലാണ് ഇപ്പോള്‍ ചെയ്യുന്നത്. കംഫര്‍ട്ടായ സ്ഥലമായതുകൊണ്ട് അങ്ങനെ പ്രത്യേകിച്ച് ടൈം ഒന്നുമില്ല.ഓര്‍ഡറുകള്‍ കിട്ടുന്നത് അനുസരിച്ച് ചെയ്യുന്നു.എങ്ങനെ പോയാലും ഒരു പത്ത് പന്ത്രണ് മണിക്കൂര്‍ ഇതിലേക്കായി ഞങ്ങള്‍ ചെലവഴിക്കുന്നുണ്ട്.കുടുംബത്തിന്റെ സപ്പോര്‍ട്ട് അത്ര വലുതാണ്,അതുകൊണ്ടാണ് ഞങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുന്നത്. വളരെ ചെറിയ രീതിയിലാണ് ഞങ്ങള്‍ തുടങ്ങിയത് ഇപ്പോള്‍ അത്യാവശ്യം കസ്റ്റമേഴ്‌സ് ഒക്കെയുണ്ട് എല്ലാത്തിനും കുടുംബങ്ങളുടെ പിന്തുണ മറക്കാന്‍ സാധിക്കില്ല.

പ്രത്യേകിച്ച് ഭര്‍ത്താവിന്റെ വീട്ടുകാരുടെ സഹകരണം ഇല്ലാതെ ഇതൊന്നും നടക്കില്ലായിരുന്നു.അവിടുത്തെ ഔട്ട്ഹൗസില്‍ ഇരുന്നാണ് ഞങ്ങള്‍ ദി കാന്‍ഡില്‍ കണക്ഷന്റെ എല്ലാ ഓര്‍ഡറുകളും ചെയ്യുന്നത്.പ്രൊഡക്ഷന്‍ സമയത്ത് ബള്‍ക്ക് ഓര്‍ഡറുകളാണെങ്കില്‍ അവരും പ്രായമൊക്കെ മറന്ന് ഞങ്ങള്‍ക്കൊപ്പം കൂടാറുണ്ട്.ഫര്‍സാനയുടെ ആറ് വയസ്സുകാരി മകള്‍ വരെ സ്റ്റിക്കറൊട്ടിക്കാനും മറ്റും അവളെ കൊണ്ട് സാധിക്കുന്നത് പോലെ ഞങ്ങളെ ഹെല്‍പ്പ് ചെയ്യാറുണ്ട്.ബിസിനസില്‍ ഞങ്ങളുടെ പില്ലര്‍ എന്ന് പറയുന്നത് എന്റെ ഭര്‍ത്താവാണ്.പുള്ളിയുടെ തിരക്കുകളൊക്കെ മാറ്റിവെച്ചിട്ട് പര്‍ച്ചേഴ്‌സിനും കാര്യങ്ങള്‍ക്കും ഒക്കെ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാറുണ്ട്.പിന്നെ സുഹൃത്തുക്കളുടെ വലിയ സപ്പോര്‍ട്ടും മറക്കാനാകില്ല.

കോവിഡ് കാലത്ത് ഒരുപാട് പുതിയ പുതിയ ബിസിനസുകള്‍ നമ്മുടെ നാട്ടില്‍ മൊട്ടിട്ടു തുടങ്ങി.കൂട്ടത്തില്‍ കേട്ടത്ര പരിചിതമല്ലാത്ത സെന്റഡ്കാന്‍ഡില്‍ മേക്കിംഗും.സ്വപ്‌നങ്ങളില്‍ സന്തോഷങ്ങളില്‍ സുഗന്ധം നിറയ്ക്കാന്‍ സ്ത്രീ സംരംഭക മേഖലിയില്‍ വലിയ ഉണര്‍വേകാന്‍ ദി കാന്‍ഡില്‍ കണക്ഷനിലൂടെ സ്റ്റെഫിയ്ക്കും ഫര്‍സാനയ്ക്കും കഴിയട്ടെ....

 

ഇന്‍സ്റ്റഗ്രാം : https://www.instagram.com/the_candle_connection/?hl=en

ലിങ്ക്ഡ് ഇന്‍ : https://www.linkedin.com/in/the-candle-connection-2904bb225/?originalSubdomain=in
 

We all like our homes to smell nice and to feel cozy. What better way to make this happen than by lighting some candles. Not only are they an affordable indulgence, but they also make great gifts and literally brighten any room.Follow the best hand made candle makers The candle connection. To know more about them please read this interview 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.