- Trending Now:
കുന്നോളം പഠിക്കാനുള്ളതിനെ കുറിച്ച് ആവലാതിപ്പെടാത്തവരായി ആരാണുള്ളത്.പുസ്തകങ്ങളെ പേടിച്ച് പഠനഭാരം കുറവുള്ള സബ്ജക്ട് നോക്കി കോഴ്സ് തെരഞ്ഞെടുക്കുന്ന ഒരുപാട് പേരുണ്ട്.അങ്ങനെ ഒരു കോഴ്സുണ്ടാകോ...ഇല്ല പക്ഷെ ആതിരയുടെ ആ യാത്ര അവളെ ക്യാമറയ്ക്ക് പിന്നില്‍ എത്തിച്ചു. ഇന്ന് മലയാളികള്‍ അറിയപ്പെടുന്നൊരു ഫോട്ടോഗ്രഫറാക്കിമാറ്റി.പഠിക്കാന്‍ മടിച്ചിയായ പെണ്‍കുട്ടി തന്റെ കഴിവ് തിരിച്ചറിഞ്ഞത് വലിയ കഥതന്നെയാണ്..നമുക്ക് ആ കഥ കേട്ടാലോ ?
ആതിര സിദ്ധാര്‍ത്ഥ് കൊച്ചിക്കാരിയാണ്.എപ്പോഴും പൊട്ടിച്ചിരിക്കുന്ന ഒരു സാധാരണ പെണ്‍കുട്ടി.പലരും കടന്നുവരാന്‍ മടിക്കുന്ന ഒരു മേഖലയിലേക്ക് ധൈര്യത്തോടെ കടന്നുവന്ന ആതിര സ്വയം താനൊരു റിബല്‍ ആണെന്ന് തെളിയിക്കുന്നു.വെഡ്ഡിംഗ് ഫോട്ടോഗ്രഫി മേഖലയില്‍ ആണ് ആതിര ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ആതിരസിദ്ധാര്‍ത്ഥ് ആര്‍ട്ടിസ്റ്റിക് എക്സപ്രഷന്‍ എന്ന പേരില്‍ കൊച്ചിയില്‍ തന്നെ ഒരു ചെറിയ വെഡ്ഡിംഗ് കമ്പനിയുണ്ട്.
എന്താണ് ഫോട്ടോഗ്രാഫി മേഖല തിരഞ്ഞെടുക്കാന്‍ ഉണ്ടായ കാരണം ?
ഫോട്ടോഗ്രഫി മേഖലയിലേക്ക് കടന്നു വരാനുള്ള കാരണം മറ്റു പലരെയും പോലെ അതിയായ പാഷനൊന്നുമല്ല അതെനിക്ക് ഈസിയാണ്.സംസാരിച്ചു തുടങ്ങിയാല്‍ കലപില നോണ്‍ സ്റ്റോപ്പായി തന്നെ സംസാരിച്ചുകൊണ്ടെയിരിക്കുന്ന പ്രകൃതമാണ് എന്റേത്.പക്ഷെ ഉദ്ദേശിക്കുന്ന കാര്യം വാതോരാതെ സംസാരിച്ചാലും കേട്ടിരിക്കുന്നയാളിലേക്ക് എത്തില്ലെന്ന ഒരു കുഴപ്പമുണ്ട്.പക്ഷെ ഫോട്ടോഗ്രഫിയിലൂടെ എനിക്ക് എളുപ്പത്തിലും ഈസിയായും കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നുണ്ട്.വല്ലാത്തൊരു സിങ്ക് ഫീല്‍ ചെയ്യാറുണ്ട്.എന്റെ ക്ലയിന്റ്സിനോടായാലും അല്ലെങ്കില്‍ ഫ്രണ്ട്സിനോടായാലും ഒരു ഫോട്ടോഗ്രാഫിലൂടെ വ്യക്തമായി ഞാന്‍ ഉദ്ദേശിച്ച കാര്യം കമ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കുന്നു.
പൊതുവെ പെണ്‍കുട്ടികള്‍ കടന്നു വരാന്‍ മടിക്കുന്ന ഏരിയ ആണെല്ലോ? അതുകൊണ്ട് തന്നെ എതിര്‍പ്പുകള്‍, ആവലാതി ഒക്കെ പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ ?
ആശയം കൈമാറാന്‍ മാത്രമല്ല, പൊതുവെ ഞാനൊരു നാണംകുണുങ്ങി ആയിരുന്നു എന്ന് പറയാം.അധികം ആള്‍ക്കാരോട് ഇടപഴകാനോ,പുറത്ത് യാത്ര ചെയ്യാനോ കഴിയുന്ന അടിപൊളി ടൈപ്പായിരുന്നില്ല ഞാന്‍.പക്ഷെ ഫോട്ടോഗ്രഫി എന്നെ യാത്ര ചെയ്യാനും പുറംലോകത്തെ അറിയാനും ആളുകളുമായി അടുത്ത് ഇടപഴകാനും ഒക്കെ സഹായിച്ചു.ചുരുക്കി പറഞ്ഞാല്‍ ആവറേജ് ആതിരയായിരുന്ന എന്നെ ഇത്രയധികം മാറ്റിയത് ഫോട്ടോഗ്രഫിയാണ്.പതിയെ ഇതൊക്കെ മനസിലാക്കിയപ്പോഴാണ് ക്യാമറയാണ് എന്റെ വഴിയെന്ന സ്വയം ഉറപ്പിച്ചത്.ഇന്ന് എന്റെ ജോലിയും ആത്മാവും ഒക്കെ ഫോട്ടോഗ്രഫി തന്നെയാണ്.
പെണ്‍കുട്ടികള്‍ വരാന്‍ ഒരുകാലത്ത് മടിച്ചിരുന്ന ഫീല്‍ഡ് ആണ് ഇതെന്ന് പറയുന്നതാകും ശരി.ഇന്നിപ്പോ ഒരുപാട് പെണ്‍കുട്ടികള്‍ ക്യമാറയുമായി മുന്‍ധാരയിലേക്ക് എത്തുന്നുണ്ട്.എന്നെക്കാള്‍ കഴിവുള്ള, അത് തെളിയിച്ച എത്രയോ പെണ്‍കുട്ടികള്‍ ഈ കൊച്ചി നഗരത്തില്‍ തന്നെയുണ്ട്.അതില്‍ ശരിക്കും ഞാന്‍ സന്തോഷിക്കുന്നു.മാറ്റം ആവശ്യമാണ് അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം തന്നെയാണ്.
ഫോട്ടോഗ്രഫി ക്ലാസുകളിലൂടെ പഠിച്ചെടുക്കാന്‍ കഴിയുന്നതിന് പരിധികളുണ്ടല്ലോ.ചെയ്ത് പരിശീലിക്കേണ്ട ഒന്നാണ് ?ആദ്യമായി ക്യാമറയുമായി പുറത്തേക്ക് ഇറങ്ങിയപ്പോഴുള്ള ഓര്‍മ്മകള്‍ ?
കോളേജില്‍ പഠിക്കുമ്പോഴും ഫോട്ടോഗ്രഫിയിലാണ് കമ്പം എങ്കിലും ഞാന്‍ എത്തപ്പെട്ടത് ജേണലിസത്തിലേക്കായിരുന്നു.ഒരു മാസത്തിനുള്ളില്‍ തന്നെ ഇതെന്റെ ഏരിയ അല്ലെന്ന് സ്വയം തിരിച്ചറിഞ്ഞു.സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാനോ പ്രവര്‍ത്തിക്കാനോ സാധിക്കാത്തത് മനസിനെ അസ്വസ്ഥമാക്കി.ഒരു വര്‍ഷത്തോളം ഒരു സ്വകാര്യ കമ്പനിയില്‍ ഞാന്‍ ജോലി ചെയ്തിരുന്നു.അവിടെ നിന്നാണ് ഞാന്‍ എക്സ്പ്ളോര്‍ ചെയ്ത് തുടങ്ങുന്നത്.പിന്നെ ഫ്രീലാന്‍സ് ചെയ്തു ശേഷം സ്വന്തമായി ഒരു കുഞ്ഞ് വെഡ്ഡിംഗ് കമ്പനി തുടങ്ങി.
ഫോട്ടോഗ്രഫി നമുക്ക് പ്രത്യേകിച്ച് എനിക്ക് തരുന്ന ഫ്രീഡം ഒരുപാടാണ്.ഞാന്‍ എന്താണ് ?എന്റെയുള്ളിലെ പാഷന്‍ എന്താണ് എന്നൊക്കെ എളുപ്പത്തിലും സ്വാതന്ത്ര്യത്തോടെയും എക്സ്പ്രസ് ചെയ്യാന്‍ കഴിയുന്ന മേഖലയാണ് ഇത്.പിന്നെ ഫോട്ടോഗ്രഫിയില്‍ പ്രത്യേകിച്ച് റൂള്‍സും നിയന്ത്രണങ്ങളൊന്നുമില്ല.അത് മനസില്‍ നിന്ന് ഉണ്ടാകേണ്ടതാണ്.മഹേഷിന്റെ പ്രതികാരത്തില്‍ പറയുന്നപോലെ ഫോട്ടോഗ്രഫി ആര്‍ക്കും പഠിപ്പിക്കാന്‍ കഴിയില്ല അത് സ്വയം പഠിച്ചെടുക്കേണ്ടതാണ്.എനിക്ക് നാല് പേരോട് എന്തെങ്കിലും പറയാന്‍ സാധിക്കുന്നതും അവര്‍ക്ക് ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസുണ്ടായതും ഒക്കെ ഫോട്ടോഗ്രഫിയിലൂടെയാണ്.ഫോട്ടോഗ്രഫര്‍ എന്ന വിളിപോലും ഞാന്‍ ശരിക്കും ആസ്വദിക്കുന്നുണ്ട്.
ആദ്യത്തെ വര്‍ക്ക് ? മറ്റാരുടെയും കീഴില്‍ നില്‍ക്കാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാനാണോ സ്വന്തം സ്റ്റുഡിയോ ?
കോളേജ് കാലം തൊട്ടെ ക്യാമറ ഉപയോഗിക്കുന്നുണ്ടായിരുന്നു.പക്ഷെ അപ്പോഴൊക്കെ ആള് കൂടുന്നിടത്ത് ക്യാമറ കൈയ്യിലെടുക്കാനോ,ഫോട്ടോ എടുക്കാനോ ഒരു ആശങ്ക അല്ലെങ്കില്‍ ഭയം ഉണ്ടായിരുന്നു എന്നതാണ്.എന്റെ ഓര്‍മ്മയില്‍ ഞാന്‍ ആദ്യമായി ഒരു ഇവന്റില്‍ പങ്കെടുക്കുന്നത് വര്‍ക്ക് ചെയ്യുന്ന സമയത്ത് കൊച്ചിയില്‍ നടന്ന കേരള ഫാഷന്‍ വിന്‍ എന്നൊരു പരിപാടിയിലാണ്.അവിടെത്തിയപ്പോള്‍ ഗ്ലാമര്‍ വേള്‍ഡും സെലിബ്രിറ്റീസും പിന്നെ ഒരുപാട് ക്യാമറമാന്മാരും ഒക്കെയായി വലിയൊരു അന്തരീക്ഷമായിരുന്നു.അവിടെ ഞാന്‍ എന്ത് പൊട്ടത്തരം ചെയ്യുന്നു എന്നൊന്നും ചിന്തിക്കാനോ നോക്കി നിക്കാനോ ആര്‍ക്കും സമയമുണ്ടായിരുന്നില്ല എല്ലാവരും മികച്ച ചിത്രങ്ങളെടുക്കാനും അതിനായി പോസ് ചെയ്യാനുമുള്ള തിരക്കിലായിരുന്നു.അവിടെ നിന്ന് ഞാന്‍ മാറി നിന്നാല്‍ എന്നും മാറി നില്‍ക്കും എന്ന ചിന്തയുണ്ടായപ്പോഴാണ് മറ്റാരെയും ശ്രദ്ധിക്കാതെ മുന്നോട്ട് വന്ന് ഫോട്ടോ എടുക്കാന്‍ എനിക്ക് ധൈര്യം കിട്ടിയത്.ഈ ചിത്രങ്ങള്‍ പിന്നീട് പബ്ലിഷ് ചെയ്തപ്പോള്‍ പലരും ആ പെണ്‍കുട്ടിയെടുത്ത ചിത്രമല്ലേ എന്ന് പോലും ഓര്‍ത്തെടുത്തത് വലിയ അനുഭവമായിരുന്നു.പിന്നെ അന്ന് ഫെമിന മിസ് ഇന്ത്യയുടെ പേജില്‍ ഞാനെടുത്ത ഒരു ചിത്രം അവര്‍ ഷെയര്‍ ചെയ്തിരുന്നു.അങ്ങനെ ആ ഈവന്റ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഓര്‍മ്മകളിലൊന്നായി മാറി.
എന്‍ടിടിവിയിലായിരുന്നു ഞാന്‍ ആദ്യം ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്നത്.അവിടുത്തെ വര്‍ക്കിംഗ് സ്റ്റൈല്‍ എനിക്കെന്തോ പൊരുത്തപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ വിട്ടു.പിന്നെ പരസ്യമേഖലയിലേക്ക് വന്നു സൂക്കിലാണ് ഒരു വര്‍ഷത്തോളം ജോലി ചെയ്തത്.അവിടെ നിന്ന് സീനിയര്‍ ഫോട്ടോഗ്രാഫര്‍ എന്ന പോസ്റ്റില്‍ ആണ് ഞാന്‍ ഇറങ്ങുന്നത്.വളരെ മികച്ച അവസരവും ജോലിയും ആയിരുന്നെങ്കിലും സൂക്കിലെ ജോലി ഉപേക്ഷിച്ചതിനു പിന്നില്‍ എന്റേതായ ചില കാര്യങ്ങളുണ്ടായിരുന്നു.ഒന്നാമതായി ആരുടെയും കീഴില്‍ ജോലി ചെയ്യാന്‍ കഴിയുന്നൊരു ആളല്ല ഞാന്‍.എന്റേതായ സമയത്ത്,ഞാനുണ്ടാക്കുന്ന നിയമങ്ങളില്‍ ,ഇഷ്ടത്തില്‍ ഒക്കെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മനസായിരുന്നു എന്റേത്.ശേഷം മറ്റൊന്നും ആലോചിച്ചില്ല ഞാന്‍ ചെറിയൊരു വെഡ്ഡിംഗ് കമ്പനി തുടങ്ങി.ഒരു സ്റ്റുഡിയോ എന്ന് പറയുന്നതിനെക്കാള്‍ ഒരു ടീമിനെ തയ്യാറാക്കാനാണ് ഞാന്‍ ശ്രദ്ധിച്ചത്.മൂന്ന് നാല് വര്‍ഷമായി ഈ ടീം തന്നെയാണ് എന്റെയൊപ്പമുള്ളത്.ആതിര സിദ്ധാര്‍ദ്ധ് ആര്‍ട്ടിസ്റ്റിക് എക്‌സ്പ്രക്ഷന്‍ എന്ന പേരിലാണ് കമ്പനി അറിയപ്പെടുന്നത്.വെഡ്ഡിംഗ് വര്‍ക്കാണ് കൂടുതലും ചെയ്യുന്നതെങ്കിലും എല്ലാതരം പരിപാടികളും കവര്‍ ചെയ്യാറുണ്ട്.
കുടുംബത്തിന്റെ പിന്തുണ എത്രമാത്രം കരിയറില്‍ സഹായിച്ചിട്ടുണ്ട് ?
എന്റെ കുടുംബത്തില്‍ എതിര്‍പ്പുകളൊന്നുമല്ല ആശങ്കയായിരുന്നു ഉണ്ടായിരുന്നത്.ഒന്നാമത്തേത് സമയം,ഓരോ വര്‍ക്കും കഴിഞ്ഞ് ഒരു ഓഫീസില്‍ നിന്നിറങ്ങും പോലെ കൃത്യസമയത്ത് ഇറങ്ങാന്‍ സാധിക്കില്ലല്ലോ,പിന്നെ കൂടെ ജോലിചെയ്യുന്നവരൊക്കെ പുരുഷന്മാരാണ്.അപരിചിതരായ ക്ലയിന്റ്സ് പുതിയ സ്ഥലം അങ്ങനെ അങ്ങനെ ഒരു സാധാരണ കുടുംബത്തിന് ആശങ്കപ്പെടാന്‍ ആവശ്യമായ ഒരുപാട് പ്രശ്നങ്ങള്‍ പ്രശ്നങ്ങള്‍.സുരക്ഷയുണ്ടോ,രാത്രി ഒക്കെ ജോലിക്ക് പോകണോ,ഇത്രയധികം കഷ്ടപ്പെടണോ,വരുമാനമാക്കി ജീവിത്തതില്‍ ഇത് മാറുമോ തുടങ്ങിയ ചോദ്യങ്ങളൊക്കെ ഞാന്‍ നേരിട്ടിട്ടുണ്ട്.ഏകദേശം രണ്ട് വര്‍ഷം എടുത്തു ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം പ്രവര്‍ത്തിയിലൂടെ നല്‍കാന്‍.ഇപ്പോഴും ഇടയ്ക്കൊക്കെ എന്റെ കരിയര്‍ ഗ്രാഫ് താഴേക്ക് പോയാല്‍ വീണ്ടും ഈ ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട് എന്ന് പറയുന്നതാകും ശരി.
ഞാന്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ ആണ് പഠിച്ചതെങ്കിലും അതിലൂടെയല്ല ഫോട്ടോഗ്രഫി പഠിക്കുന്നത്.കോഴ്സ് ചെയ്യുന്ന സമയത്ത് അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് പഠിക്കാന്‍ ശരിക്കും സാധിക്കുന്നത്.ക്യാമറ എങ്ങനെ ഉപയോഗിക്കാം,സെറ്റിംഗ്സ് എങ്ങനെ ചെയ്യണം തുടങ്ങി ഒരു ഫോട്ടോ എടുക്കാന്‍ പറ്റും അല്ലാതെ അതില്‍ കൂടുതലായി എന്തെങ്കിലും സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.ഫോട്ടോഗ്രഫി ഒരു ആര്‍ട്ടാണ് അത് ഉള്ളില്‍ തന്നെ ക്രിയേറ്റീവായി വികസിക്കേണ്ടതാണ്.പഠിച്ചെടുക്കാന്‍ പറ്റില്ല,പക്ഷെ ഉള്ളിലുള്ള കഴിവ് പോഷിപ്പിച്ചെടുക്കാന്‍ സാങ്കേതിക സഹായവും അധ്യാപകരുടെ സാന്നിധ്യവും സഹായിക്കും.പിന്നെ നല്ല ഫോട്ടോഗ്രഫര്‍മാരുടെ വര്‍ക്കുകള്‍ കണ്ട് ഇന്‍സ്പയര്‍ ആകാനും അതിലേക്ക് ആഴത്തില്‍ സഞ്ചരിക്കാനും ഒക്കെ ഫോട്ടോഗ്രഫി കലയായി സ്വീകരിച്ചവര്‍ക്ക് സാധിക്കും.ഇന്നിപ്പോ കൈയ്യിലൊരു മൊബൈല്‍ ഉണ്ടെങ്കില്‍ എല്ലാരും ഫോട്ടോഗ്രഫേഴ്സ് ആണ്.പക്ഷെ എന്റെ വിശ്വാസം അനുസരിച്ച് നമ്മളെടുക്കുന്ന ഓരോ ചിത്രത്തിനും വേണം എന്തെങ്കിലും ഒരു അര്‍ത്ഥം,അല്ലെങ്കില്‍ ആശയം.അപ്പോഴേ അതിനൊരു പൂര്‍ണതയുണ്ടാകു.
കേരളത്തിലുടനീളം വര്‍ക്ക് ചെയ്യുന്നുണ്ടല്ലോ ? എങ്ങനെയാണ് വര്‍ക്ക് കോഡിനേറ്റ് ചെയ്യുന്നത് ?മറ്റാരെങ്കിലും സഹായിക്കുന്നുണ്ടോ ?
കേരളത്തിലെല്ലായിടത്തും ചെയ്യാറുണ്ട് എങ്കിലും കൂടുതലും കൊച്ചി,തിരുവനന്തപുരം,കോട്ടയം,തൃശൂര്‍,പാലക്കാട് തുടങ്ങിയ ജില്ലകളിലാണ്.ഞാന്‍ തന്നെയാണ് വര്‍ക്ക് കോഡിനേറ്റ് ചെയ്യുന്നതും അത് തന്നെ വലിയൊരു ജോലിയാണ്.ഒരു ദിവസം തന്നെ ഒന്നിലേറെ വര്‍ക്ക് വരുമ്പോഴാണ് ശരിക്കും പെട്ടുപോകുന്നത് ഞാന്‍ തന്നെ എല്ലാം നോക്കി ചെയ്തില്ലെങ്കില്‍ ശരിയാകില്ലെന്ന ആശങ്ക കൊണ്ടാണ് കോഡിനേറ്റ് ചെയ്യാന്‍ മറ്റൊരാളെ ആശ്രയിക്കാത്തത്.പക്ഷെ ഇനി ആ ജോലി ഒരാളെ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്.
മൂന്ന് നാല് വര്‍ഷമായി എന്റെ കൂടെയുള്ളത് ഒരെ ആള്‍ക്കാരാണ്.അവര്‍ തന്നെയാണണ് കമ്പനിയുടെ ആത്മാവും.ഒന്നിലേറെ വര്‍ക്കു വന്നാലും ഈ ടീമിനെ തന്നെ ഞാന്‍ സ്പ്ലിറ്റ് ചെയ്ത് വിടുകയാണ് പതിവ്.മിക്കവാറും വര്‍ക്കുകള്‍ക്കും ഞാന്‍ പോകാറുണ്ട് അഥവാ പോകാന്‍ സാധിച്ചില്ലെങ്കിലും കൂടെയുള്ളവര്‍ നോക്കി കണ്ട് എനിക്ക് വേണ്ട ഔട്ട്പുട്ട് ചെയ്‌തോളും.അതുകൊണ്ട് തന്നെ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നതെന്ന് ഒരിക്കലും ഞാന്‍ അവകാശപ്പെടില്ല.
കുടുംബത്തില്‍ നിന്ന് നേരത്തെ പറഞ്ഞതു പോലെ ചെറിയൊരു ആശങ്ക ഉണ്ടായി എന്നതൊഴിച്ചാല്‍ അമ്മയും ചേട്ടനും ചേട്ടന്റെ ഭാര്യയും ഒക്കെ വളരെ ഇഷ്ടത്തോടെയാണ് എന്റെ ജോലിയെ നോക്കി കാണുന്നത്.ഓരോ വര്‍ക്കിനു പോകുമ്പോഴുള്ള കാര്യങ്ങളും പിന്നിലെ കഥകളും അവര്‍ക്ക് കേട്ടിരിക്കാന്‍ വലിയ താല്‍പര്യമാണ്.ഞാന്‍ ഇടയ്ക്ക് വീക്ക് ആയി പോയാലും ഫാമിലി ധൈര്യം തരാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കാറുണ്ട്.
ആതിരയുടെ സംരംഭത്തിന്റെ ഇപ്പോഴത്തെ സാഹചര്യം ? സോഷ്യല്‍മീഡിയ എത്രമാത്രം സഹായിക്കുന്നുണ്ട് ?
വലിയ രീതിയില്‍ അല്ലെങ്കില്‍ പോലും അത്യാവശ്യം നാല് പേര് അറിയുന്ന രീതിയില്‍ തന്നെ കമ്പനി എസ്റ്റാബ്ലിഷ് ചെയ്യാന്‍ എനിക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.ഒരുപാട് Wedding അടക്കം ഈവന്റ് ഞാന്‍ കവര്‍ ചെയ്തിട്ടുണ്ട് പലയിടത്തും ഒന്നിലേറെ തവണ തന്നെ പോയി വരാറുണ്ട് അതുകൊണ്ട് നിരവധി പേര്‍ക്ക് ആതിര സിദ്ധാര്‍ത്ഥ് ആര്‍ട്ടിസ്റ്റിക് എക്‌സ്പ്രഷന്‍ അറിയാം.സോഷ്യല്‍മീഡിയയില്‍ ആക്ടീവാണെങ്കിലും വര്‍ക്കുകള്‍ ഒക്കെ വരുന്നത് റഫന്‍സ് വഴി ആണ്.ചെയ്ത വര്‍ക്കുകള്‍ ഇഷ്ടപ്പെട്ട് മറ്റുള്ളവര്‍ തേടി പിടിച്ചെത്തുന്നതാണ് പതിവ്.സോഷ്യല്‍മീഡിയ വഴി മാര്‍ക്കറ്റ് ചെയ്യുന്നതിനെ കുറിച്ച് കോവിഡ് കാലത്താണ് ആലോചിച്ചു തുടങ്ങുന്നത് ഇനി വേണം അതിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍.
സിംപിളാണ് എപ്പോഴും ഞാന്‍ ചെയ്യുന്ന വര്‍ക്കുകള്‍.നാച്ചുറല്‍ ആയി നാടകീയതയില്ലാത്ത ചിത്രങ്ങളെടുക്കാന്‍ ശ്രമിക്കാറില്ല.അതുകൊണ്ട് തന്നെ അത്തരക്കാരാണ് പ്രധാനമായും ക്ലയിന്റ്‌സൊക്കെ.ജോലി കഴിഞ്ഞാലും അവരൊക്കെ ഫ്രണ്ട്‌സായി മാറാറുണ്ട്.ശരിക്കും പറഞ്ഞാല്‍ ഒരു തൊഴിലിനപ്പുറം ബിസിനസിന് അപ്പുറം എനിക്ക് ഫോട്ടോഗ്രഫി പാഷന്‍ തന്നെയാണ്.
കോവിഡ് ബുദ്ധിമുട്ടിച്ചോ ?
കോവിഡ് കാലം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.ബുക്ക് ചെയ്ത പല വര്‍ക്കുകളും നടക്കാതെ പോയി.എനിക്ക് പല ഡേറ്റുകളിലും എത്താന്‍കഴിയാതെ പോയി.കോവിഡ് ബാധിച്ച് എനിക്കും കൂടെയുള്ളവര്‍ക്കും ഒക്കെ അവധിയെടുക്കേണ്ടി വന്നു.പിന്നെ കൊച്ചിയില്‍ മാത്രം ഒതുങ്ങേണ്ടി വന്നിരുന്നു.പക്ഷെ ഇപ്പോള്‍ സ്ഥിതി പഴയതു പോലെ മാറി വരുന്നു.
ഈ മേഖലയിലേക്ക് കടന്നുവരാന്‍ പഠിക്കേണ്ടത് എന്താണ് ? അങ്ങനെ ഇഷ്ടപ്പെട്ടു ഫോട്ടോഗ്രഫര്‍മാരായി മാറാന്‍ ആഗ്രഹിക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
ഈ മേഖലയിലേക്ക് കടന്നു വരാന്‍ കുത്തിയിരുന്നു പഠിക്കണം എന്ന് ഞാന്‍ പറയില്ല.പെണ്‍കുട്ടികള്‍ മറ്റ് പല മേഖലകളെയും പോലെ ഫോട്ടോഗ്രഫിയിലേക്കും ധാരാളമായി എത്തുന്നുണ്ട്.പിന്നെ ഏത് ജോലി ചെയ്‌നാണെങ്കിലും ആ മേഖലയെ കുറിച്ച് പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണ്.വൈദഗ്ധ്യമുള്ള അനുഭവസമ്പത്തുള്ളവരുടെ കീഴില്‍ പഠിച്ചു വേണം തുടങ്ങാന്‍.ഞാനിപ്പോഴും എന്റെ സംശയങ്ങള്‍ ചോദിക്കാനോ പരിഹരിക്കാനോ മറ്റുള്ളവരെ ആശ്രയിക്കാറുണ്ട്.പിന്നെ പുതിയത് പഠിക്കാനും അപ്‌ഡേറ്റായിരിക്കാനും ശ്രദ്ധിക്കുക.ഇതിപ്പോള്‍ ഫോട്ടോഗ്രഫിയിലേക്ക് മാത്രമല്ല ഏത് തൊഴിലാണെങ്കിലും ഇതൊക്കെ ആവശ്യമാണ്.
ആര്‍ക്കും ഫോട്ടോഗ്രഫറാകാം, മനസില്‍ ശക്തമായ സ്വപ്‌നവും പാഷനും ഉണ്ടെങ്കില്‍ ഈ മേഖലയില്‍ നമുക്ക് ശോഭിക്കാം.മറ്റെന്ത് വലിയ പ്രശ്‌നങ്ങളെയും നേരിടാനും പാഷനില്‍ തന്നെ തുടരാനുമുള്ള മനസ് സ്വയം അത്തരം ആളുകളിലുണ്ടാകും.ഇതൊക്കെ ഞാന്‍ എന്റെ ജീവിതത്തില്‍ നിന്ന് മനസിലാക്കിയ സംഭവങ്ങളാണ്.
ചെറിയ പ്രായം കൊണ്ട് വലിയ അനുഭവ സമ്പത്തു നേടിയ ആതിര തന്റെ ജീവിതത്തില്‍ മധുരം മാത്രം ആസ്വദിച്ച വ്യക്തിയല്ല.പല പ്രതിസന്ധികളിലും പ്രയാസങ്ങളിലൂടെയും കടന്നു പോയപ്പോഴും തന്റെ പാഷനും കരിയറും കൈവിടാതെ എല്ലാം അതിജീവിച്ച് മുന്നേറിയവളാണ്.ആ ധൈര്യവും ഇന്ന് കാണുന്ന പുഞ്ചിരിയും ഒക്കെ ആതിരയ്ക്ക് സമ്മാനിച്ചത് ഫോട്ടോഗ്രഫി തന്നെയാണ്.കൊച്ചിയില്‍ അറിയപ്പെടുന്ന ഒരു സംരംഭമായി ആതിരസിദ്ധാര്‍ത്ഥ് ആര്‍ട്ടിസ്റ്റിക് എക്‌സ്പ്രക്ഷന്റെ യാത്ര തുടര്‍ന്നുകൊണ്ടെയിരിക്കുന്നു.
ഫെയ്‌സ്ബുക്ക് : https://www.facebook.com/AthiraSidharthsArtisticExpression
യൂട്യൂബ് : https://www.youtube.com/channel/UCNcR7QtqD-gt2jYOw4Hzi4w/videos
Story highlights : Entering the arena of photography as a determined and talented photographer, Athira Sidharth punctured the patriarchal bubble of stereotypes. Starting as a wedding photographer, today she owns her own company called 'Athira Sidharth's Artistic Expression'. Having wielded the camera for several celebrities, Athira Sidharth is en route to success.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.