- Trending Now:
ഫാഷന് ലോകം പരീക്ഷണങ്ങളുടെ വലിയൊരു ലോകം തന്നെയാണ്.ദിവസേന മാറി മറിയുന്ന വസ്ത്രധാരണ മേഖലയിലെ ട്രെന്‍ഡുകളും പുതിയ എന്‍ട്രികളും ഒക്കെ നമ്മളോരുരുത്തരും കൗതുകപൂര്‍വ്വം വീക്ഷിക്കുന്നു.സെലിബ്രിറ്റികള്‍ മാത്രമല്ല സാധാരണക്കാര്‍ പോലും ഫാഷന് പിന്നാലെ ഓടുന്ന ഈ കാലത്ത് എണ്ണം പറഞ്ഞ ഡിസൈനര്‍മാരും മലയാളക്കരയിലുണ്ട്.അക്കൂട്ടത്തില്‍ പ്രശസ്തയായ ഡിസൈനറാണ് പാര്‍വ്വതി.സെലിബ്രിറ്റികളെ ആഘോഷ വേളകളില്‍ അഴകുള്ളവരാക്കാന്‍ പാര്‍വ്വതിയും അവരുടെ പാറോസ് ക്യൂട്ട്യൂറും കൊച്ചിയില്‍ തലയയുര്‍ത്തി നില്‍ക്കുന്നു.
കുട്ടികള്‍ സാധാരണ പഠന മേഖലകളില്‍ നിന്ന് വ്യത്യസ്തയിടങ്ങളിലേക്ക് ചേക്കേറുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് വലിയ ആകുലതകളാണ്.കമ്യൂണിക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയ പാര്‍വ്വതി ജോലി ചെയ്തു തുടങ്ങിയതിനു ശേഷമാണ് തന്റെ മേഖല മറ്റൊന്നാണെന്ന് സ്വയം തിരിച്ചറിയുന്നത്.ഇന്ന് മലയാളത്തിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനര്‍മാരില്‍ ഒരാളി തിളങ്ങുന്ന പാര്‍വ്വതിയുടെ വിശേഷങ്ങള്‍ നമുക്ക് അറിയാം.
പാര്‍വ്വതി പാറോസ് ക്യൂട്ട്യൂര്‍ എന്ന ലേബലില്‍ ആണ് വസ്ത്രങ്ങളൊരുക്കുന്നത്. ബ്രൈഡല്‍ വസ്ത്രങ്ങളും കസ്റ്റം മെയ്ഡ് വസ്ത്രങ്ങളുമാണ് പാറോസ് ക്യൂട്ട്യൂറിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഒറ്റയ്ക്ക് ഒരു ബിസിനസ് തുടങ്ങി വിജയിപ്പിച്ച വനിത സംരംഭക ? എത്രമാത്രം ശ്രമകരമായിരുന്നു സംരംഭം തുടങ്ങാനുള്ള വഴികള്‍ ?
'മാസ് കമ്യൂണിക്കേഷന്‍ ആണ് പിജി ചെയ്തത്.അതുകഴിഞ്ഞ് അമൃത ടിവിയിലും കൈരളിയിലും ഒക്കെ ജോലി ചെയ്തു തുടങ്ങുമ്പോള്‍ ആണ് ഇതല്ല ശരിക്കും എന്റെ വഴി എന്ന് തിരിച്ചറിയുന്നത്.ആ സമയത്ത് എനിക്ക് താല്‍പര്യമുള്ള മേഖല വസ്ത്രങ്ങളുടെ ഫാഷന്‍ ലോകം തന്നെയായിരുന്നു. പതിയെ അത് തിരിച്ചറിഞ്ഞതോടെ പതിയ സ്വന്തമായൊരു ലേബല്‍ ചെയ്യണം എന്ന മോഹം പൂവിട്ടു തുടങ്ങി.വീട്ടില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് ആണ് ഓണ്‍ലൈന്‍ വഴി ആദ്യം തുടങ്ങാം.തുടക്കത്തിലേ ബുട്ടീക്ക് എന്ന രീതിയിലേക്ക് പോകേണ്ട എന്ന അഡൈ്വസ് തന്നത്.അതനുസരിച്ച് ഞാന്‍ ഓണ്‍ലൈന്‍ രീതിയിലാണ് എന്റെ സംരംഭം തുടങ്ങുന്നത്'.
പാറോസ് ക്യൂട്ട്യൂര്‍ എന്ന പേര് കണ്ടെത്തിയതിനു പിന്നിലും പാര്‍വ്വതിയ്ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്.'പാര്‍വ്വതി എസ.് എന്നാണ് എന്റെ മുഴുവന്‍ പേര്,പാര്‍വ്വതി എന്ന പേരിലൊരുപാട് ലേബല്‍ നിലവിലുള്ളതു കൊണ്ട് മറ്റൊരു പേരിലേക്ക് ചിന്തിക്കേണ്ടി വന്നു.എന്നെ എല്ലാവരും പാറോ എന്നാണ് വിളിക്കുന്നത് അതിനെ പാറോസ് ആക്കി.ക്യൂട്ട്യൂര്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മള്‍ സ്വതന്ത്ര്യമായി സൃഷ്ടിച്ചെടുക്കുന്ന ഒരു യുണീക്ക് ഫാഷനെന്ന അര്‍ത്ഥത്തിലാണ്.മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ ലേബലും സ്ഥാപനവും ആയിരിക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ പാറോസ് ക്യുട്ട്യൂര്‍ യോജിച്ച പേരാണെന്ന് തോന്നി '
താരങ്ങളുമായി ഫാഷന്‍ ഷൂട്ടുകളും ഷോകളും കരിയറിലും ബിസിനസിലും വലിയ മാറ്റങ്ങളുണ്ടാക്കി.മനോരമ കലണ്ടര്‍, ഗൃഹലക്ഷ്മി, വനിത മാഗസിന്‍ ഷൂട്ടുകളൊക്കെ പാറോസ് ക്യൂട്ട്യൂറിനെ പോപ്പുലറാക്കാന്‍ സഹായിച്ചു.ഇതിനു പുറമെ മൂവി പ്രൊമോഷനുകളും നന്നായി സഹായിച്ചിട്ടുണ്ട്.ഉദാഹരണം പറയാനാണെങ്കില്‍ ടൊവിനോ നായകനായ കല്‍ക്കി എന്ന സിനിമയിലെ സംയുക്തയുടെ കോസ്റ്റ്യൂം ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ബ്ലാക് പ്ലെയിന്‍ സാരി വിത്ത് ജാക്കറ്റ് ഒപ്പം സബ്യാസാച്ചി ബെല്‍റ്റ് വെച്ച് ഒരു ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നു അതൊരുപാട് വൈറലായി, ജൂഹി, ഷംന പോലുള്ള താരങ്ങളുടെ സഹായവും അവര്‍ക്ക് പാറോസ് ക്യൂട്ട്യൂറിലുള്ള വിശ്വാസവും ലേബലിനെ ജനപ്രിയമാക്കി.
പാറോസ് ക്യൂട്ട്യൂര്‍ വില്‍പ്പനയ്ക്ക് പുറമെ വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നുണ്ടല്ലോ ?ഡിസൈനിംഗിലുള്ള താല്‍പര്യം ത്‌ന്നെയാണോ ഈ മേഖലയിലേക്ക് പാര്‍വ്വതിയെ എത്തിച്ചത് ?
ശരിക്കും ഞങ്ങള്‍ക്ക് വില്‍പ്പനയില്ല എന്ന് പറയാം.കസ്റ്റമൈസേഷന്‍ ആണ്.ഒരു കസ്റ്റമര്‍ എന്നെ വിളിച്ച് ഒരു ഫംങ്ഷനുണ്ട് ഏത് തരത്തിലുള്ള വസ്ത്രം ആണ് ഉപയോഗിക്കേണ്ടത് എന്ന ചോദിക്കുമ്പോള്‍ ഞാന്‍ അവര്‍ക്ക് അനുയോജ്യമായ ഫാഷനിലുള്ള വസ്ത്രം,ഉചിതമായ ഷേഡ്സ്,പാറ്റേണ്‍ ഒക്കെ കണ്ടെത്തി കസ്റ്റം ഡിസൈന്‍ ചെയ്തു കൊടുക്കുന്നു.ഇവിടെ സ്റ്റോറില്‍ എത്തി പര്‍ച്ചേസ് ചെയ്ത് ഹാന്‍ഡ് പിക്ക് ചെയ്തു പോകാവുന്ന വളരെ കുറച്ച് വസ്ത്രങ്ങളാണുള്ളത്.പാറോസ് ക്യൂട്ട്യൂര്‍ അറിയപ്പെടുന്നതും കസ്റ്റമൈസ്ഡ് ഫാഷന്റെ പേരിലാണ്. ലിനന്‍,ജോര്‍ജ്ജറ്റ്,കോട്ടണ്‍ തുടങ്ങി വിവിധ തരം മെറ്റീരിയലുകളിലുള്ള ഫാബ്രിക്സ് ഷോപ്പില്‍ ശേഖരിച്ചിട്ടുണ്ട്. ഓരോ കസ്റ്റമറിനും അവരുടെ ഒക്കേഷന് അനുസരിച്ച് ഫാബ്രിക് സെലക്ട് ചെയ്ത് ഡിസൈന്‍ കസ്റ്റമൈസ് ചെയ്തു സ്റ്റിച്ച് ചെയ്തു കൊടുക്കുകയാണ് എന്റെ ജോലി.
എനിക്ക് മോളുണ്ടായപ്പോള്‍ അവള്‍ക്ക് വേണ്ടിയൊരുക്കിയ വസ്ത്രങ്ങളിലാണ് ഞാന്‍ ആദ്യം എന്റെ ഡിസൈനിംഗ് കഴിവുകളൊക്കെ പരീക്ഷിച്ചത്.അവളുടെ എല്ലാ ഡ്രസ്സുകളും ഡിസൈന്‍ ചെയ്തു തുടങ്ങിയതോടെ ലഭിച്ച ആത്മവിശ്വാസവും താല്‍പര്യവുമാണ് ബിസിനസ് എന്ന രീതിയില്‍ ഈ മേഖലയിലേക്ക് കടന്നുവരാനുള്ള വഴിയൊരുക്കി തന്നത്.
രണ്ട് കുട്ടികളുടെ അമ്മ; ബിസിനസിലെ തിരക്കുകള്‍ കുടുംബത്തെ ബാധിക്കാതെ മാനേജ് ചെയ്യാന്‍ ശ്രദ്ധിക്കാറുണ്ടോ ? കുടുംബത്തിന്റെ പിന്തുണ ?
ഒരുപാട് യാത്രകള്‍ ചെയ്ത് പഠിച്ച് ആളുകളുമായി സംവദിച്ചൊക്കൊയാണ് ഫാഷന്‍ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത്.കഠിനാധ്വാനവും പുതിയ കാര്യങ്ങളും ട്രെന്‍ഡുകളും ഒക്കെ അനുനിമിഷം അപ്ഡേറ്റഡ് ആകാനും ശ്രദ്ധിച്ചാല്‍ മാത്രമെ ഈ മേഖലയില്‍ നിലനില്‍പ്പുള്ളു. ആദ്യത്തെ മോളുണ്ടായി ഒരു അഞ്ച് വയസ്സുള്ളപ്പോഴാണ് ഞാന്‍ ബിസിനസ് തുടങ്ങുന്നത്.ആ സമയത്ത് അവള്‍ക്ക് സ്വയം കാര്യങ്ങളൊക്കെ ഒരുവിധം ചെയ്യാന്‍ കഴിയുമായിരുന്നു കൂട്ടിന് എന്റെ അമ്മ ഒപ്പം നിന്നു.അത് കഴിഞ്ഞ് ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞപ്പോഴാണ് മോനുണ്ടായത്.ഈ അഞ്ചുവര്‍ഷക്കാലത്തിനിടയ്ക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നിട്ടില്ല.മോനെ ഡെലിവറിക്ക് പോകുന്നതിന് തലേദിവസം വരെ ഞാന്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.വീടിനോട് ചേര്‍ന്നു തന്നെയാണ് ഷോപ്പും സ്ഥിതിചെയ്യുന്നത്. ഡെലിവറി കഴിഞ്ഞ് നാല് ദിവസം പോലും ഞാന്‍ റസ്റ്റെടുത്തിട്ടില്ല.ഒരുപാട് വര്‍ക്കുകള്‍ ഉണ്ടായിരുന്നു പോരാത്തതിന് ബ്രൈഡല്‍ സീസണ്‍ കൂടിയായതു കൊണ്ട് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ഒക്കെ പിന്തുണ തന്നെയാണ് കരിയര്‍ ബില്‍ഡ് ചെയ്യാനും ബിസിനസ് മേഖലയില്‍ പിടിച്ചു നില്‍ക്കാനും ഒക്കെ കഴിയുന്നതിന് പിന്നില്‍.
സോഷ്യല്‍മീഡിയ കോവിഡ് കാലത്തൊക്കെ ബിസിനസിനെ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടോ ?
കോവിഡ് സമയത്തും ജോലി ചെയ്യാതെ മാറിനിന്നിട്ടില്ല.ആ അവസരത്തിലാണ് സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തി ഒരു സീരീസ് ചെയ്യുന്നത്. ലോക്ക് ഡൗണ്‍ സമയത്തായിരുന്നു ചര്‍ച്ചകളും ഷൂട്ടും പരിപാടികളും ഒക്കെ നടന്നത്.ആ സമയത്ത് നല്ല രീതിയില്‍ വര്‍ക്ക് ചെയ്തു.നാലഞ്ചു താരങ്ങളെ വെച്ച് സീരീസൊരുക്കി, സീ കേരളയില്‍ സീരിയലുകളുടെ പ്രൊമോഷന്‍ ചെയ്തു ഇതൊക്കെ കോവിഡ് കാലത്താണ് നടന്നത്.വീട്ടിലടഞ്ഞു കൂടിയിരിക്കാനൊന്നും എനിക്ക് സാധിക്കില്ല.
എന്താണ് ശരിക്കും ഈ മേഖലയില്‍ പാര്‍വ്വതി നേരിടുന്ന പ്രധാന വെല്ലുവിളി ?
മത്സരം തന്നെയാണ് ഫാഷന്‍ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ലേബലുകള്‍ അവതരിപ്പിക്കാനും മുന്നോട്ട് വരാനും എസ്റ്റാബ്ലിഷ് ചെയ്യാനും വലിയ മത്സരം നടക്കുമ്പോള്‍ അതിനിടയില്‍ നമ്മള്‍ നമ്മളുടെ ഒരു ലേബല്‍ അവതരിപ്പിക്കുകയും ആളുകളെ ആകര്‍ഷിക്കുകയും പിടിച്ചു നില്‍ക്കുകയും ചെയ്യാന്‍ ഒരുപാട് അധ്വാനിക്കേണ്ടിവരും. തലപുകച്ച് പണിയെടുക്കണം അതുപോലെ ഗുണമേന്മയില്‍ വീഴ്ച വരാനും പാടില്ലല്ലോ. പാറോസ് ക്യൂട്ട്യൂറിന്റെ വസ്ത്രങ്ങളൊക്കെ വ്യത്യസ്തമാണ്.ഓരോന്നും ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രത്യേകത കൊണ്ടുവരാന്‍ ശ്രദ്ധിക്കാറുണ്ട്.അതുകൊണ്ട് ഫാഷന്‍ ഡിസൈനര്‍ ആയിരിക്കുന്നിടത്തോളം കാലം മത്സരം നേരിടേണ്ടി വരും.അതോടൊപ്പം കഠിനാധ്വാനം നടത്തേണ്ടിയും വരും.
ഡിസൈന്‍ ചെയ്തു നല്‍കുമ്പോള്‍ അത്രത്തോളം കഠിനാധ്വാനം വേണ്ടി വരാറില്ലെ ? വെറും വില്‍പ്പന പോലയല്ലല്ലോ ?
റെഡിമെയിഡ് വസ്ത്രം വാങ്ങുന്നത് പോലെയല്ല കസ്റ്റമൈസ്ഡ് വസ്ത്രങ്ങളുടെ നിര്‍മ്മാണവും വിപണനവും.പ്രധാനമായും ഒരാള്‍ക്ക് ഇഷ്ടമാകുന്നത് മറ്റെയാള്‍ക്ക് ഇഷ്ടമാകണമെന്നില്ല.ഓരോ ആളുകളുടെയും ടേസ്റ്റ് വളരെ വ്യത്യസ്തമാണ്.കസ്റ്റമേഴ്സിന്റെ ഈ വൈവിധ്യം കണ്ടെത്തി അവര്‍ക്ക് ഡിസൈന്‍ ചെയ്്തു കൊടുക്കണം.ഒരു പക്ഷെ ചിലപ്പോള്‍ അത് അവര്‍ക്ക് ഇഷ്ടമാകണമെന്നില്ല.വീണ്ടും ക്ഷമയോടെ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തി അവര്‍ക്ക് ഇഷ്ടമാകുന്ന തരത്തിലേക്ക് എത്തിക്കുന്നതിന് നേരത്തെ പറഞ്ഞതു പോലെ കഠിനാധ്വാനം കൂടിയേ തീരു. പിന്നെ കസ്റ്റമേഴ്സുമായി പിന്തുടരുന്ന വിശ്വാസവും ബന്ധവും ഒക്കെ വലിയ ഘടകങ്ങളാണ്.സ്റ്റോറില്‍ ഡിസൈനേഴ്സുണ്ടെങ്കിലും ഞാനുണ്ടെങ്കില്‍ മാത്രം വരുന്ന കസ്റ്റമേഴ്സുണ്ട്.
സെലിബ്രിറ്റി കൊളാബ്രേഷനുകള്‍ ബിസിനസ് രംഗത്ത് പാര്‍വ്വതിക്ക് നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ ?
അഞ്ച് വര്‍ഷം മുന്‍പ് മുതലെ കൊളാബ്രേഷന്‍സ് ചെയ്തു തുടങ്ങിയതാണ്.ഒട്ടുമിക്ക താരങ്ങളുമായും ഷൂട്ടുകള്‍ ചെയ്തിട്ടുണ്ട്.ചുരുക്കം ചില താരങ്ങളാണ് ഇതുവരെയും എന്റെ ഫാഷനില്‍ ക്യാമറയ്ക്ക് മുന്നിലെത്താതായിട്ടുള്ളത്.അതും അടുത്ത് തന്നെ സാധ്യമാകും എന്ന വിശ്വാസമുണ്ട് എനിക്ക്.ഷൂട്ടിന് വേണ്ടി മാത്രമല്ല സെലിബ്രിറ്റി സ്‌റ്റൈലിംഗും ചെയ്തു കൊടുക്കാറുണ്ട്.അറിയപ്പെടുന്ന ഒരു താരത്തിന് അവര്‍ക്കിഷ്ടപ്പെടുന്ന ഒരു വസ്ത്രം ഡിസൈന്‍ ചെയ്തു കൊടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.ഏറ്റവും ബെസ്റ്റ് കൊടുക്കാനാകും അപ്പോഴും ശ്രദ്ധിക്കുക.ഇത്തരം ബന്ധങ്ങളും കൊളാബ്രേഷനുകളിലൂടെയുമാണ് പാറോസ് ക്യൂട്ട്യൂര്‍ ഈ നിലയിലേക്ക് എത്തിയത്.
സിനിമയിലെ വസ്ത്ര ഡിസൈനിംഗിലേക്ക് കടക്കാനുള്ള പദ്ധതികളെന്തെങ്കിലും ?
നിലവില്‍ അത്തരം പദ്ധതികളിലേക്കൊന്നും എത്തിയിട്ടില്ല. സിനിമയില്‍ ഇല്ലെങ്കില്‍ സീരിയലുകള്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്.സിനിമ വന്നാല്‍ ചെയ്യുമെന്നല്ലാതെ അതില്‍ ശ്രദ്ധിക്കാന്‍ തല്‍ക്കാലം ഇല്ല.മറ്റൊന്നും കൊണ്ടുമല്ല എന്റെ ലേബലില്‍ തന്നെ നില്‍ക്കാനാണ് ഇഷ്ടം. പിന്നെ ജോലിയുടെ ഭാഗമായി സ്റ്റൈലിംഗ് ഒക്കെ ചെയ്യുന്നു എന്നെയുള്ളു.
എപ്പോഴെങ്കിലും 'പാറോസ് ക്യൂട്ട്യൂര്‍' ഇത്തരത്തില്‍ പോപ്പുലറായി മാറുമെന്നും താന്‍ അറിയപ്പെടുന്ന ഒരു സംരംഭകയായി തീരുമെന്നും കരുതിയിരുന്നോ ?
സ്വപ്നങ്ങളില്‍ കണ്ടിരുന്നത് യാഥാര്‍ത്ഥ്യമാകുമ്പോഴുള്ള സന്തോഷം പറയണോ,ശരിക്കും അതാണ് എനിക്ക് പാറോസ് ക്യൂട്ട്യൂറിന്റെ വളര്‍ച്ച സമ്മാനിച്ചത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.അതിന് ഭര്‍ത്താവും കുടുംബവും മക്കളും സുഹൃത്തുക്കളും സപ്പോര്‍ട്ട് ചെയ്യുന്നു.കുടുംബം എന്ന് പറയുമ്പോള്‍ ഭര്‍ത്താവ് വിനീഷ് കുമാര്‍.രണ്ട് കുട്ടികളുണ്ട്. മൂത്തയാള്‍ വൈഗ, രണ്ടാമത്തെയാള്‍ വര്‍ദ്ധാന്‍.അച്ഛനും അമ്മയും സഹോദരിയും ഒക്കെ അടങ്ങുന്ന ചെറിയ കുടുംബം.തുടക്കകാലത്ത് ആളുകളിലേക്ക് എന്റെ ലേബലെത്തിക്കാന്‍ മേളകളിലും എക്സിബിഷനുകളിലും ഒക്കെ പങ്കെടുത്തു.സുഹൃത്തുക്കളെ ഒപ്പം കൂട്ടി കേരളത്തിലുടനീളം സഞ്ചരിച്ചു.
ഒന്നും ഇല്ലാതെ ഒരു ചെറിയ രീതിയില്‍ തുടങ്ങി ഒരുപാട് കടമ്പകള്‍ കടക്കേണ്ടി വന്നു, കഷ്ടപ്പെട്ടിട്ടുണ്ട്.ഇന്ന് അതൊരു ബ്രാന്‍ഡ് ആയി മാറി.അത്യാവശ്യയം ആളുകള്‍ക്ക് അറിയാവുന്ന നിലയിലേക്കെത്തി.ആളുകളുടെ റിവ്യൂസ് അറിയുമ്പോഴും ബ്രാന്‍ഡ് വളരുമ്പോഴും ഒക്കെ വ്യക്തിപരമായി എനിക്ക് വലിയ സന്തോഷം തന്നെയാണ്.
റെഡി ടു വെയര്‍ ഉണ്ട്, വെറൈറ്റി ഫാബ്രിക്ക്സിന്റെ വലിയ ശേഖരം, ഓണ്‍ലൈന്‍ സെയില്‍ തുടങ്ങി എല്ലാ അത്യാധുനിക സൗകര്യങ്ങളും ഒരുക്കി പാറോസ് ക്യൂട്ട്യൂര്‍ റീലോഞ്ച് ചെയ്തിട്ടുണ്ട്.പുതിയ ഷോപ്പില്‍ കസ്റ്റമേഴ്സിന് സഹായകമാകുന്ന രീതിയില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ലേബലിനെ ഫാഷന്‍ ലോകത്ത് അറിയപ്പെടുന്ന രീതിയിലേക്ക് വളര്‍ത്തണമെന്ന സ്വപ്നവുമായി പാര്‍വ്വതി തന്റെ യാത്ര തുടരുന്നു....
ഫെയ്‌സ്ബുക്ക് : https://www.facebook.com/profile.php?id=100063869023194
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.