- Trending Now:
ഒരു ചാനല്‍ തുടങ്ങി അതിലൂടെ വിവിധങ്ങളായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ഒരുപാട് പേരുടെ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടാകും.ഇതും അതുപോലൊരു കഥയാണ്.ഒരു കൂട്ടം കസിന്‍സിന്റെ സന്തോഷത്തില്‍ പിറന്ന വ്യത്യസ്തങ്ങളായ കാഴ്ചകള്‍ സമ്മാനിക്കുന്ന നല്ല പച്ച മണമുള്ള ഗ്രീന്‍ മാംഗോയുടെ കഥ.
പാലക്കാട് ഒരു കുടുംബത്തിലെ എട്ട് ഒമ്പത് കസിന്‍സ് ചേര്‍ന്നൊരു ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി.അത് ഹിറ്റായതോടെ യൂട്യൂബിലും ചാനല്‍ ഓണ്‍ ആയി.കുടുംബ കഥകളും ആക്ടിവിറ്റീസും പറഞ്ഞിരിക്കാന്‍ കിട്ടുന്ന സമയം അവര്‍ ഒരല്‍പം വ്യത്യസ്തതയോടെ ചിന്തിക്കാന്‍ തുടങ്ങി അങ്ങനെയാണ് ഗ്രീന്‍ മാഗോ ഉണ്ടാകുന്നത്.കൂടുതല്‍ വിശേഷങ്ങള്‍ സനൂപ് പറയും നമുക്ക് കേട്ടാലോ..
പതിവായി കാണുന്ന വ്ളോഗിംഗ് രീതികളില്‍ നിന്ന് മാറി അല്‍പ്പം വ്യത്യസ്തമായ രീതിയിലാണല്ലോ അവതരണം പ്രത്യേകിച്ച് കസിന്‍സ് വ്ളോഗ് എന്ന ആശയം ?
ക്രിയേറ്റീവായി മറ്റുള്ളവരില്‍ നിന്ന് വ്യത്യാസമുള്ളത് ചെയ്യുക എന്നാഗ്രഹത്തില്‍ നിന്ന് പറ്റുന്ന പോലെ എന്തെങ്കിലും ചെയ്യാം ഭാവിയില്‍ നമ്മളുദ്ദേശിക്കുന്ന കാര്യത്തിലേക്കെത്തിക്കാം എന്ന് ചിന്തിച്ചു തുടങ്ങിയതോടെയാണ് ധൈര്യമായി വീഡിയോകള്‍ എടുത്തു തുടങ്ങുന്നത്.ഞങ്ങള്‍ക്ക് തീരെ വശമില്ലാതിരുന്ന കുക്കിംഗ് ചെയ്യുന്നതും അങ്ങനെയാണ്.ഞങ്ങള്‍ ചെയ്യുന്ന യാത്രകളും അതുപോലുള്ള സ്പെഷ്യല്‍ സ്റ്റോറീസുകളും അപ്ലോഡ് ചെയ്തു തുടങ്ങിയപ്പോള്‍ കിട്ടിയ വലിയ പ്രതികരണങ്ങള്‍ കണ്ടാണ് സ്പെഷ്യല്‍ സ്റ്റോറീസിലേക്ക് കടക്കുന്നത്.നല്ല രീതിയിലുള്ള റെസ്പോണ്‍സ് ഇത്തരം വീഡിയോകള്‍ക്ക് ലഭിക്കുന്നത് തിരിച്ചറിഞ്ഞതോടെ കുക്കിംഗ് ഒക്കെ നിര്‍ത്തുകയായിരുന്നു.കുത്തിയിരുന്നു വെറെറ്റി കണ്ടന്റുകള്‍ കണ്ടെത്തുകയായി പിന്നീടുള്ള വലിയ ജോലി.പലപ്പോഴും നമുക്ക് കണ്‍മുനിലുള്ള പലതിന്റെയും പിന്നാമ്പുറ കാഴ്ചകള്‍ ആര്‍ക്കും അറിയില്ലെന്ന തിരിച്ചറിവില്‍ അത്തരം വീഡിയോകള്‍ ചെയ്തു.
ആരൊക്കെയാണ് ഈ കസിന്‍സ് ?
ഞങ്ങള്‍ കസിന്‍സ് ഒമ്പതു പേര് പല വീഡിയോസിലായി വന്നു പോയിട്ടുണ്ട്.നാല് പേരാണ് ഫുള്‍ടൈം ഈ ചാനലിനു പിന്നിലുള്ളത്.എല്ലാവരും പല മേഖലയില്‍ ജോലികള്‍ ഒക്കെ ചെയ്യുന്നവരാണ് .ഈ പറയുന്ന ഞാന്‍ മാതൃഭൂമിയില്‍ കണ്ടന്റ് പ്രൊഡ്യൂസര്‍ ആണ് പാലക്കാട് കിണാശ്ശേരിയാണ് സ്വദേശം.കൂട്ടത്തില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ട് അങ്ങനെ കസിന്‍സ് എന്നു പറയുമ്പോള്‍ വെറൈറ്റി ആള്‍ക്കാരുടെ കൂട്ടം തന്നെയാണ്.അവരവര്‍ തങ്ങളെക്കൊണ്ടാകുന്ന രീതിയില്‍ സഹായിക്കുന്നു.എനിക്കാണെങ്കില്‍ തമ്പ്നെയില്‍ ചെയ്യാനും വീഡിയോയ്ക്ക് വേണ്ട ആശയങ്ങള്‍ പറഞ്ഞു കൊടുക്കാനും എഡിറ്റിംഗും ഒക്കെ സഹായിക്കാന്‍ സാധിക്കുന്നു.ഈ കൂട്ടത്തിലുള്ള അനൂപ് കൃഷ്ണ,എന്റെ സഹോദരന്‍ ആണ്.ആള് ചെന്നൈയില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ക്യാമറമാന്‍ ആയിരുന്നു.ജയലളിത,കരുണാനിധി എന്നിവരുടെ മരണവാര്‍ത്ത ഒക്കെ ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തയാളാണ് പക്ഷെ ഗ്രീന്‍ മാങ്കോയ്ക്ക് വേണ്ടി ആള് കഴിഞ്ഞ കൊല്ലം ജോലി വരെ ഉപേക്ഷിച്ച് വരുകയായിരുന്നു.പിന്നെ എഞ്ചിനീയര്‍മാരില്‍ ഒരാള്‍ അജേഷ് ചിറ്റൂര് സ്വദേശിയാണ്,കൊച്ചിയില്‍ ഒരു പ്രശസ്ത ഐടി കമ്പനിയില്‍ ആയിരുന്നു പുള്ളിയും ചാനല്‍ ആക്ടീവായതോടെ ജോലി വിട്ടു.ഇനിയൊരാള്‍ രാഹുല്‍ നാട്ടില്‍ കൊടുമ്പിലാണ് താമസം.ഞങ്ങള്‍ നാലു പേരാണ് മുഴുവന്‍ സമയവും ഗ്രീന്‍ മാങ്കോയുമായി പ്രവര്‍ത്തിക്കുന്നത്.ബാക്കിയുള്ള കസിന്‍സ് ഒക്കെ വീഡിയോകള്‍ക്കായി എത്താറുണ്ട്.യാത്രകളൊക്കെ പ്ലാന്‍ ചെയ്യുമ്പോള്‍ വരാന്‍ കഴിയുന്ന കസിന്‍സ് ഒക്കെ ജോയിന്‍ ചെയ്യും.
സോഷ്യല്‍മീഡിയ വ്ലോഗ് ആരംഭിക്കാന്‍ ഇടയായ സാഹചര്യം ?
സത്യത്തില്‍ വ്ളോഗ് ചെയ്യണം എന്നുള്ള ആഗ്രഹം ഒന്നും ഉണ്ടായിരുന്നില്ല.കസിന്‍സ് എല്ലാ ഞായറാഴ്ചയും കൂടാറുണ്ട്.പല തരത്തിലുള്ള ആശയങ്ങളും അത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍ച്ച ചെയ്യാറുണ്ട്.എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യണം എന്നുണ്ടായിരുന്നു.ഷോര്‍ട്ട്ഫിലിംസ് ചെയ്യാം എന്നായിരുന്നു പ്ലാന്‍ അതെ കുറിച്ച് പിന്നീട് കുറെയേറെ ചര്‍ച്ചകള്‍ നടന്നെങ്കിലും അതൊക്കെ വെറും പ്ലാനിംഗുകള്‍ മാത്രമായി തന്നെ നീണ്ടു പോയി.കാര്യമായി ഒന്നും നടന്നില്ല.പിന്നെ കുക്കിംഗ് വീഡിയോസ് ചെയ്യാം എന്നായി.അങ്ങനെയാണ് കസിന്‍സ് കുക്കിംഗ് വീഡിയോ ആദ്യം അപ്ലോഡ് ചെയ്യുന്നത്.ഏകദേശം പത്ത് പന്ത്രണ്ട് എപ്പിസോഡ് അത് തന്നെ ചെയ്തു.പിന്നീടാണ് വിഷയം മാറ്റിപിടിക്കുന്നത്.ശരിക്കും കുക്കിംഗ് ഒന്നും വശമില്ലാത്തവരാണ് എല്ലാ കസിന്‍സും അതുകൊണ്ട് നമുക്ക് ഇത് എത്രമാത്രം പെര്‍ഫെക്ടാക്കി കൊണ്ടുപോകാം എന്ന ആശങ്കയുണ്ടായിരുന്നു.അങ്ങനെയുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് യാത്രയും സ്റ്റോറീസും ഒക്കെ പശ്ചാത്തലമാക്കി വീഡിയോസ് ചെയ്ത് തുടങ്ങുന്നത്.
എന്താണ് ഒരു വീഡിയോയ്ക്ക് വേണ്ടി നിങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ ?
പത്രം,യൂട്യുബ് അടക്കം പുതിയതും പഴയതുമായ എല്ലാ വഴികളിലൂടെയും വിഷയങ്ങള്‍ കണ്ടെത്താനുള്ള പ്രയത്നം നടത്താറുണ്ട്.അതുതന്നെയാണ് വീഡിയോയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ പ്രധാന തയ്യാറെടുപ്പ്.കോണ്ടാക്ട് ചെയ്യേണ്ടവരുമായി ബന്ധപ്പെട്ട് വിളിച്ച് അവര്‍ക്ക് അനുയോജ്യമായ സമയത്ത് പോയി ഷൂട്ട് ചെയ്യുന്നു.അല്ലാണ്ട് വേറെ പ്രത്യേകിച്ച് പ്ലാനിംഗൊന്നുമില്ല.പെട്ടെന്ന് ആണെങ്കില്‍ അത്രെയും ഉഷാറ്.
കണ്ടന്റുകള്‍ അല്ലെങ്കില്‍ ടോപ്പിക് തെരഞ്ഞെടുക്കുന്നതിന് പിന്നിലുള്ള പ്രയത്നം ?
ഞങ്ങളുടെ ഇത്രയും നാളത്തെ പരിചയം വെച്ച് യൂട്യൂബില്‍ പ്രേക്ഷകര്‍ ഒരെതരം കണ്ടന്റുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയുണ്ട്.ഉദാഹരണത്തിന് കുക്കിംഗ് ചെയ്യുന്ന ചാനല്‍ ആണെങ്കില്‍ കുക്കിംഗ് വീഡിയോകള്‍ മാത്രമായിരിക്കും അപ്ലോഡ് ചെയ്യുക.ഇത്തരം ചാനലുകളുടെ പ്രേക്ഷകര്‍ എന്നുപറയുന്നത് കുക്കിംഗ് ഇഷ്ടപ്പെടുന്നവര്‍മാത്രമായിരിക്കും.ആ ടാര്‍ഗറ്റിലേക്ക് യൂട്യൂബിന് വളരെ വേഗം വീഡിയോകളെത്തിക്കാന്‍ സാധിക്കും.പക്ഷെ ഗ്രീന്‍ മാങ്കോയുടെ കാര്യത്തില്‍ മിക്സഡ് വിഷയങ്ങളുള്ള വീഡിയോകളാണ് ഉള്ളത്.അതുകൊണ്ട് തന്നെ ചില വീഡിയോകള്‍ ഓടാതിരിക്കും ചിലപ്പോള്‍ മികച്ച രീതിയില്‍ പ്രേക്ഷകരേറ്റെടുക്കും.ചിലത് യൂട്യൂബില്‍ ഹിറ്റാകും മറ്റുചിലത് ഫെയ്സ്ബുക്കില്‍ മാത്രം കയറിപ്പോകും.ഈ മിക്സഡ് കണ്ടന്റുകള്‍ കാരണം ആയിരക്കണം നമുക്ക് യൂട്യൂബില്‍ വലിയ റീച്ച് കിട്ടാത്തതിനു കാരണം എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്.അതുകൊണ്ടാണ് ഇപ്പോള്‍ ചില പ്രത്യേകതരം പശ്ചാത്തലമുള്ള വീഡിയോകള്‍ നിര്‍മ്മിക്കാം എന്ന് തീരുമാനിച്ചതും മേക്കിംഗ് വീഡിയോകളിലേക്ക് കൂടുതല്‍ ചാനല്‍ ശ്രദ്ധിക്കുന്നതും.
യൂട്യൂബ് പോലുള്ള പ്ലാറ്റഫോമുകളെക്കാള്‍ ഫെയ്സ്ബുക്കിലാണല്ലോ ഗ്രീന്‍ മാങ്കോ ഹിറ്റാകുന്നത്.ഫെയ്സ് ബുക്ക് ആണോ പ്രത്യേകം ശ്രദ്ധിക്കുന്നത് ?
ഫെയ്സ്ബുക്ക് 2014ല്‍ ആരംഭിച്ച പേജാണ്.ആദ്യമൊക്കെ വാട്സ്ആപ്പില്‍ വരുന്ന വൈറല്‍ വീഡിയോസ് ഒക്കെയാണ് അപ്ലോഡ് ചെയ്തിരുന്നത് അതുവഴി തന്നെ പേജ് ഒന്ന് ആക്ടീവാക്കി എടുത്തു.പിന്നീട് വ്ളോഗ് സ്റ്റാര്‍ട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പത്ത് എണ്‍പതിനായിരം ഫോളേവേഴ്സുള്ള ഫെയ്സ്ബുക്ക് പേജുള്ളതുകൊണ്ട് സ്വന്തം പ്രൊഡക്ഷനില്‍ തന്നെ വീഡിയോകള്‍ ചെയ്യാമെന്നത് എല്ലാ കസിന്‍സും കൂടി തീരുമാനിക്കുകയായിരുന്നു.ഫെയ്സ്ബുക്ക് ആദ്യമെ എസ്റ്റാബ്ളിഷ് ആയിരുന്നതുകൊണ്ടാകണം മറ്റിടങ്ങളെക്കാള്‍ ഫെയ്സ്ബുക്ക് റീച്ചാകുന്നത്.പിന്നെ ചില ടോപ്പിക്കുകള്‍ പെട്ടെന്ന് അപ്രതീക്ഷിതമായ രീതിയില്‍ അങ്ങ് റീച്ചാകും അതു ഫെയ്സ്ബുക്കിലാകാം അല്ലെങ്കില്‍ യൂട്യൂബിലാകാം.
ഗ്രീന്‍ മാങ്കോ എന്ന പേരിന് പിന്നില്‍ ?
ഗ്രീന്‍ മാംഗോ എന്ന പേരിനു പിന്നില്‍ വലിയ കഥകളൊന്നുമില്ല.റേഡിയോ മാംഗോ എന്നൊക്കെ പോലെ കേള്‍ക്കാന്‍ പഞ്ചുള്ള ഒരു പേര് അത്രമാത്രം.പിന്നെ ഞങ്ങളുടെ വീടിനു മുന്നിലൊരു മാവുണ്ട്.അതെപ്പോഴും കാണുന്ന ഒന്നാണ്.അങ്ങനെയാണ് ഗ്രീന്‍ മാംഗോ എന്ന് പേരിട്ടാലോ എന്ന് ചിന്തിക്കുന്നത്.ആ പേരില്‍ തന്നെ ആദ്യം ഫെയ്സ്ബുക്ക് പേജ് തുടങ്ങി
ഗ്രീന്‍ മാങ്കോയുടേതായി കസിന്‍സ് ചെയ്ത ആദ്യ വീഡിയോ പുറത്തു വന്നപ്പോള്‍ തോന്നിയത് ?
ആദ്യ വീഡിയോ പുറത്തിറങ്ങിയപ്പോള്‍ സന്തോഷത്തെക്കാള്‍ രസകരമായിരുന്നു.കസിന്‍സ് എല്ലാരും കൂടുമ്പോഴൊക്കെ പ്രത്യേക വൈബാണ്.വ്ളോഗുകളൊക്കെ ചെയ്ത് തുടങ്ങിയപ്പോള്‍ ശരിക്കും കസിന്‍സിന്റെ റിയല്‍ ജീവിതം തന്നെയായി.ഞങ്ങള്‍ക്ക് ഒരു വാട്സ് ആപ് ഗ്രൂപ്പുണ്ട്.ഷൂട്ടിലെ രസകരമായ സംഗതികളൊക്കെ അവിടെ ട്രോളുകളും ചര്‍ച്ച ചെയ്യുകയും ചെയ്യാറുണ്ട്.പഴനിയാത്ര പോലുള്ള വ്ളോഗുകളൊക്കെ കസിന്‍സ് നടത്തുന്ന ട്രിപ്പായി തന്നെ തീരാറാണ് പതിവ്.അല്ലാണ്ട് ഒരിക്കലും വീഡിയോ ചെയ്യാനായി യാത്ര നടത്തിയെന്ന ഫീല് ഞങ്ങള്‍ക്കുണ്ടായിട്ടില്ല.എല്ലാ കണ്ടന്റുകളും അത്തരത്തില്‍ ഫണ്ണാക്കി മാറ്റാന്‍ കഴിയാറില്ല പക്ഷെ കഴിയുന്ന പരമാവധി യാത്രകളൊക്കെ എല്ലാരും കൂടി ചേര്‍ന്ന് രസകരമാക്കി മാറ്റുന്നു.
വേ്ളാഗ് തുടങ്ങുമ്പോള്‍ ഉണ്ടായ പ്രതീക്ഷ ?
വ്ളോഗിംഗ് തുടങ്ങുമ്പോള്‍ മറ്റ് പ്രതീക്ഷികളൊന്നും ഉണ്ടായിരുന്നില്ല.ഇത്രയധികം ആളുകളുള്ള ഒരു ടീമുള്ളതുകൊണ്ട് തന്നെ ക്രിയേറ്റീവായുള്ള മുന്‍പ് പറഞ്ഞതു പോലെ ഷോര്‍ട്ട്ഫിലിം,വെബ്സീരീസ് കണ്ടന്റുകള്‍ ചെയ്യാനായിരുന്നു ആഗ്രഹം.അത് നടക്കാതെ വന്നപ്പോള്‍ വ്ളോഗിംഗ് തുടങ്ങി.ഇടയ്ക്ക് കണ്ടന്റുകള്‍ മാറ്റി മാറ്റി നോക്കി.സ്പെഷ്യല്‍ സ്റ്റോറികളും,വ്ളോഗുകളും ഒക്കെ കൂട്ടത്തില്‍ ഹിറ്റായി മാറി.ആളുകള്‍ വലിയ രീതിയില്‍ റെസ്പോണ്ട് ചെയ്യാനും അഭിനന്ദിക്കാനും തുടങ്ങിയതോടെ വ്യത്യസ്ത രീതിയിലുള്ള കണ്ടന്റുകള്‍ അപ്ലോഡ് ചെയ്യാന്‍ തുടങ്ങി.പള്ളി പെരുന്നാളിനും ഉത്സവ പറമ്പുകളിലും ഒക്കെ വില്‍ക്കുന്ന കോലുമിഠായി അതെങ്ങനെ ഉണ്ടാക്കുന്നു എന്നൊരു വീഡിയോ ചെയ്തിരുന്നു.വലിയ റെസ്പോണ്‍സാണ് ഞങ്ങള്‍ക്ക് ലഭിച്ചത്
ഫാമിലി,ഫ്രണ്ട്സ് തുടങ്ങിയവരുടെ പ്രതികരണം എങ്ങനെയായിരുന്നു ?
കസിന്‍സ് എല്ലാരും കൂടി ചെയ്യുന്നു എന്നുള്ളതുകൊണ്ട് തന്നെ വീട്ടുകാരും കൂട്ടുക്കാരും ഒക്കെ കട്ട സപ്പോര്‍ട്ടാണ്.നല്ലത് പറയും അതുപോലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാറുണ്ട്.അബദ്ധങ്ങളുടെ പേരിലുണ്ടാകുന്ന കമന്റുകള്‍ വരെ രസകരമായ രീതിയില്‍ ഗ്രൂപ്പിലൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്.
ഗ്രീന്‍ മാങ്കോയ്ക്കൊപ്പം ഒന്ന് രണ്ട് ചാനല്‍ കൂടിയുണ്ട്.അതൊക്കെ ആക്ടീവായി വരുന്നതെയുള്ളു.വ്ളോഗ് എന്ന രീതിയിലാണ് മെയിന്‍ ചാനല്‍ പ്രവര്‍ത്തിക്കുന്നത്.നേരത്തെ പറഞ്ഞതുപോലെ എല്ലാം കൂടി അവിയല്‍ പരുവത്തില്‍ അപ്ലോഡ് ചെയ്താല്‍ പ്രേക്ഷകര്‍ക്ക് തന്നെ ആശക്കുഴപ്പം ഉണ്ടാകും അതുകൊണ്ട് വ്യത്യസ്ത വിഷയങ്ങള്‍ക്ക് വെവ്വേറെ ചാനലുകള്‍ ഉപയോഗിക്കാം എന്ന ചിന്തകളെ തുടര്‍ന്നാണ് പുതിയ രണ്ട് മൂന്ന് ചാനലുകള്‍ കൂടി അവതരിപ്പിച്ചിട്ടുള്ളത്.ഭക്ഷണം,ഇന്റര്‍വ്യു,ക്രിയേറ്റീവ് കണ്ടന്റ് എന്നിങ്ങനെ മൂന്ന് മേഖലകളില്‍ കൂടി ഗ്രീന്‍മാങ്കോ പുതിയ ചാനലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
വരുമാനം എന്ന രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടോ ?
നിത്യവും നമ്മള്‍ കണ്ടുവരുന്ന പല സാധനങ്ങളും ആ രൂപത്തിലേക്ക് നമുക്ക് മുന്നിലെത്തുന്നത് പിന്നില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്നറിയാന്‍ ആളുകള്‍ക്ക് ആകാംഷയുണ്ട്.അതുകൊണ്ട് തന്നെ മേക്കിംഗ് വീഡിയോകള്‍ വളരെ ജനപ്രീതി നേടുന്നു.അടുത്തകാലത്ത് ഗ്രീന്‍ മാങ്കോ ചെയ്ത കോഴിക്കോട് ബേപ്പൂരിലെ ഉരു നിര്‍മ്മാണം മികച്ച ഉദാഹരണം.വിദേശ രാജ്യങ്ങളിലേക്ക് ഒക്കെ കയറ്റി അയയ്ക്കുന്ന ഉരു നിര്‍മ്മാണം എങ്ങനെയാണെന്ന വീഡിയോ,ക്ഷേത്രങ്ങളില്‍ കല്ലില്‍ കൊത്തിയ വിഗ്രഹങ്ങള്‍ എങ്ങനെ നിര്‍മ്മിക്കുന്നു ? കോണ്‍ക്രീറ്റ് കമ്പികള്‍ നിര്‍മ്മിക്കുന്ന കാഴ്ച തുടങ്ങി കോലുമിഠായി പോലുള്ള ചെറിയ ചെറിയ കാര്യങ്ങളുടെ മേക്കിംഗ് വരെ ആണ് ഇപ്പോള്‍ ഗ്രീന്‍ മാങ്കോ ശ്രദ്ധിക്കുന്നത്.
ഫെയ്സ്ബുക്ക്,യൂട്യൂബ് ഇതിലൂടെയാണ് പ്രധാനമായും വരുമാനം.അതിലൂടെ മുന്നോട്ട് പോകാനും സാധിക്കും.പക്ഷെ നമ്മള്‍ എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്നതിനെ അനുസരിച്ചാണ് ഈ വരുമാനത്തിന്റെ സാധ്യത.പെട്ടെന്ന് ഒറ്റയടിക്ക് മാറ്റാന്‍ സാധിക്കില്ലെങ്കിലും ഞങ്ങള്‍ കഴിയുന്ന രീതിയില്‍ ഓരോ ദിവസവും മികച്ചതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകായണ്.ഗ്രീന്‍ മാംഗോ എന്ന ബ്രാന്‍ഡിലുള്ള മറ്റ് ചാനലുകള്‍ കൂടി ആരംഭിച്ചതു പോലും അതിന്റെ തുടക്കമാണ്.വലിയ യൂട്യുബേഴ്സിനെ പോലെ വരുമാനം ഒന്നുമില്ല.എന്നിരുന്നാലും അത്യാവശ്യം ഓടിപ്പോകാനുള്ള വരുമാനമൊക്കെ ഇപ്പോള്‍ ഗ്രീന്‍ മാംഗോയ്ക്കുണ്ട്.
ഗ്രീന്‍ മാങ്കോയുടെ ഭാവി എന്താണ് ?
ഗ്രീന്‍ മാംഗോ എന്ന ടൈറ്റിലില്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ വീഡിയോകള്‍ ചെയ്യുന്നത്.ഗ്രീന്‍ മാംഗോയെ ഒരു മികച്ച ബ്രാന്‍ഡാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളിലാണ് ഞങ്ങള്‍.ഗ്രീന്‍ മാംഗോയുടേതായി ഗ്രീന്‍മാംഗോ ടേസ്റ്റി എന്ന പേരിലൊരു ഫുഡ് ചാനലുണ്ട്.കുക്കിംഗ് ചെയ്യുന്ന ഒരു സുഹൃത്തുണ്ട്.അയാളുടെ വീഡിയോകളാണ് ആ ചാനലിലൂടെ അപ്ലോഡ് ചെയ്യുന്നത്.ഇന്റര്‍വ്യൂസിന് വേണ്ടി ഗ്രീന്‍മാംഗോ ടോക്ക് എന്നൊരു ചാനല്‍ തുടങ്ങിയിട്ടുണ്ട്.അതിലൂടെ നവമാധ്യമരംഗത്തെ താരങ്ങളും സിനിമ താരങ്ങളും ഒക്കെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്ന തരത്തിലുള്ള ഇന്റര്‍വ്യുകളാണ് അവതരിപ്പിക്കുന്നത്.പിന്നെ ഒരു ചാനല്‍ ഗ്രീന്‍ മാംഗോ ഫ്രഷ്.ശരിക്കും ഇതാണ് ഞങ്ങളുടെ ഫോക്കസ് ഏരിയ.ഞങ്ങളുടെ സ്വപ്നം പോലെ ക്രിയേറ്റീവ് കണ്ടന്റുകള്‍ക്ക് മാത്രം വേണ്ടിയുള്ള പ്ലാറ്റ്ഫോമാകും ഗ്രീന്‍ മാംഗോ ഫ്രഷ് അതിന്റെ പണിപ്പുരയിലാണ്.മിക്കവാറും ഇന്‍സ്റ്റഗ്രമില്‍ ലോഞ്ച് ചെയ്ത് പിന്നീട് യൂട്യൂബിലേക്ക് വരുന്ന രീതിയിലാകും ഏകദേശം തയ്യാറെടുപ്പുകളൊക്കെ നടത്തിവരുന്നു.
എഡിറ്റിംഗ് ക്യാമറ തുടങ്ങി എല്ലാ കാര്യങ്ങളും ഞങ്ങള്‍ തന്നെ ചെയ്യുന്നത് കൊണ്ട്.ആ വഴിയൊന്നും പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നില്ല.ഓരോ വീഡിയോയിലും പരമാവധി അടിപൊളിയാക്കാനുള്ള പരിശ്രമം ഞങ്ങള്‍ ഓരോരുത്തരുടെയും ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്.
ഒരുപാട് സ്വപ്‌നങ്ങളുമായി ഈ കസിന്‍സ് പ്രേക്ഷകരിലേക്ക് ഒരുപാട് കാഴ്ചകള്‍ സമ്മാനിച്ച് തങ്ങളുടെ യാത്ര തുടരുകയാണ്.ഗ്രീന്‍ മാംഗോ മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയ ബ്രാന്‍ഡായിമാറും എന്ന പ്രതീക്ഷയോടെ ....
ഗ്രീന്‍ മാംഗോ ഫെയ്‌സ്ബുക്ക് : https://www.facebook.com/greenmangoentertainment
ഗ്രീന്‍ മാംഗോ യൂട്യൂബ് : https://www.youtube.com/green%20mango%20entertainments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.