- Trending Now:
സെക്കന്റുകള്‍ മാത്രമുള്ള ചെറിയ വീഡിയോകളിലൂടെ മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന ഒരു ചെറുപ്പക്കാരന്‍.പെണ്ണായി മാറാനും അച്ഛനാകാനും കൂട്ടുക്കാരനാകാനും ഒന്നും ഒരു മേക്കപ്പും ആവശ്യമില്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന യാദവ് കൃഷ്ണ നമുക്കൊക്കെ ഇന്ന് ഒരു ആശ്വാസമാണ്.തിരക്കിട്ട ജീവിത ഓട്ടത്തിനിടയ്ക്ക് ഒന്ന് മനസു തുറന്ന് ചിരിക്കാന്‍ ഈ ചെറുപ്പക്കാരന്‍ കുറച്ചൊന്നുമല്ല സഹായിക്കുന്നത്.
കമ്പ്വൂട്ടര്‍ എന്‍ജീനിയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ഇടുക്കി തൊടുപുഴ സ്വദേശിയാണ് യാദവ് കൃഷ്ണ.തന്റെ ചാനലിന് അദ്ദേഹം നല്‍കിയിരിക്കുന്ന പേര് യാദവ് മോക്കോ എന്നാണ്.ഇപ്പോള്‍ പലര്‍ക്കും ആളെ പിടികിട്ടിക്കാണും.എന്താണ് യാദവ് മോക്കോയുടെ ഈ എന്റര്‍ടെയ്നിംഗ് ക്യാപ്സൂള്‍ വീഡിയോകള്‍ക്ക് പിന്നിലെ മാജിക് എന്ന് നമുക്ക് യാദവിനോട് തന്നെ ചോദിക്കാം....
കോമഡി വൈന്‍സ് ആണല്ലോ ചെയ്യുന്നെ. എങ്ങനെയാണ് ഈ കണ്ടന്റുകള്‍ ചെയ്യാം എന്ന് തീരുമാനിച്ചത് ?
കോമഡി വൈന്‍സ് തന്നെ ചെയ്യണം എന്ന് നേരത്തെ പ്ലാന്‍ ചെയ്ത് വീഡിയോകള്‍ ചെയ്യുന്നതല്ല.ഞാന്‍ പണ്ട് ടിക്ക് ടോക്കില്‍ വീഡിയോകള്‍ ചെയ്തിരുന്നു.എന്താ പറയാ..അന്ന് ഞാനൊരു ടിക്ക് ടോക്കര്‍ ആയിരുന്നു ,ടെക്സ്റ്റ് ഒക്കെ ചേര്‍ത്തായിരുന്നു അന്ന് വീഡിയോകള്‍ ചെയ്തിരുന്നത് കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നെഗറ്റീവ് കമന്റും ഹേറ്റേഴ്സും കാരണം സംഗതി നിര്‍ത്തിവെയ്ക്കേണ്ടി വന്നു.പിന്നെ ഒരു ബ്രേക്ക് വന്നു.പക്ഷെ വീഡിയോകള്‍ക്കിടയിലുള്ള ഞാനറിയാതെ ചെയ്തിരുന്ന ഫണ്ണിയായിട്ടുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയതോടെയാണ് എനിക്ക് ഈ ടൈപ്പ് വീഡിയോസ് ചെയ്യാന്‍ കഴിയും എന്ന ഐഡിയയും ആത്മവിശ്വാസവും ഒക്കെ തോന്നിതുടങ്ങുന്നത്.അങ്ങനെ ഒരു ഓളത്തിന് ചെയ്ത് തുടങ്ങിയതാണ് അല്ലാതെ നേരത്തെ ഇത്തരത്തിലുള്ള പദ്ധതികളൊന്നും ഉണ്ടായിട്ടേയില്ല.
2020 മെയില്‍ ആണ് യൂട്യൂബില്‍ താങ്കള്‍ ചാനല്‍ സ്റ്റാര്‍ട്ട് ചെയ്യുന്നത്.കോവിഡ് തന്നെയാണോ അതിനു പിന്നിലെ കാരണം ?
ഫോളോവേഴ്സും റീച്ചും ഒക്കെ കൂടാന്‍ കോവിഡ് ഒരുപാട് സഹായിച്ചിട്ടുണ്ട്.പക്ഷെ ഞാനൊരിക്കലും കോവിഡ് കാലത്ത് വെറുതെ ഇരിക്കുവല്ലേ എന്നാല്‍ പിന്നെ ചാനല്‍ തുടങ്ങിക്കളയാം എന്ന ചിന്തയില്‍ ഇത് തുടങ്ങിയ ആളല്ല.2020 മെയില്‍ ആണ് യാദവ് മോക്കോ യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്.പക്ഷെ അതിനു മുന്‍പും എനിക്ക് ചാനലുണ്ടായിരുന്നു.റിയാക്ഷന്‍,ബ്യൂട്ടിടിപ്സ് തുടങ്ങി എന്നെക്കൊണ്ട് എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതൊക്കെ ചെയ്തു നോക്കിയിട്ടുണ്ട്.അതൊന്നും റിച്ചായിട്ടില്ല,ആരും കണ്ടിട്ടു പോലുമുണ്ടാകില്ല പില്‍ക്കാലത്ത് ഞാന്‍ തന്നെ ഹൈഡ് ചെയ്തും ഡിലീറ്റാക്കിയും എല്ലാം കളഞ്ഞു.2021ല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ സമയത്താണ് സ്ഥിരമായി ഞാന്‍ ചാനലില്‍ കണ്ടന്റ് ഇട്ടു തുടങ്ങുന്നത്.ഇടയ്ക്ക് ഓരോ വീഡിയോ ഇടും കൂടുതലും പഴയ ടിക്ക് ടോക്ക് വീഡിയോകള്‍ തന്നെയായിരുന്നു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകളെ ചിരിപ്പിക്കണം,അതുപോലെ ഉദ്ദേശിച്ച കാര്യം മുഴുവനായി പ്രേക്ഷകര്‍ക്ക് മനസിലാക്കാനും സാധിക്കണം.എത്രമാത്രം ശ്രമകരമാണ് ഇത്തരം വീഡിയോകള്‍ക്കായുള്ള പിന്നാമ്പുറ ജോലികള്‍ ?
ചോദ്യം കേള്‍ക്കുമ്പോഴാണ് ഇത്ര ഭീകരമായി തോന്നുന്നത്.ഞാന്‍ ശരിക്കും ഇതൊന്നും ഇത്രയ്ക്ക് ആലോചിച്ച് കൂട്ടാറില്ല.എന്റെ മനസില്‍ വരുന്ന ഒരു ത്രെഡോ കണ്ടന്റോ ആണ് വീഡിയോ ആക്കി മാറ്റുന്നത്.പലതും ട്രോളുകളിലൂടെയോ,ആരെങ്കിലും പറയുന്നതോ അല്ലെങ്കില്‍ എനിക്ക് തന്നെ മനസില്‍ തോന്നിയതോ ഒക്കെയാകാം.കുറച്ച് സമയം കിട്ടിയാല്‍ മനസില്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഫണ്ണിയായി തന്നെ ആലോചിക്കാലോ.എപ്പോഴും, കിട്ടുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ എന്നെ തന്നെ അങ്ങ് പ്രതിഷ്ഠിക്കും.അത്തരം അവസരങ്ങളില്‍ ഞാന്‍ എങ്ങനെ റിയാക്ട് ചെയ്യും, എന്ത് ചെയ്യും തുടങ്ങിയ കാര്യങ്ങള്‍ ഇമാജിനേറ്റ് ചെയ്താണ് വീഡിയോകളുണ്ടാക്കുന്നത്.ഞാന്‍ എങ്ങനെ ചിന്തിക്കുന്നോ,എനിക്ക് എങ്ങനെയാണോ ഇഷ്ടപ്പെടുന്നത് ആ രീതിയില്‍ തന്നെയാണ് എല്ലാ വീഡിയോകളും ചെയ്യുന്നത്.അല്ലാതെ ആളുകള്‍ക്ക് അത് മനസിലാക്കോ,അവരെ ചിരിപ്പിക്കോ തുടങ്ങിയ വലിയ കാര്യങ്ങളിലേക്ക് ഒന്നും എന്റെ കുഞ്ഞ് തല പോകാറേയില്ല.
ആളുകളെ വളരെ രസകരമായി ഒബ്‌സര്‍വ് ചെയ്യുന്ന ആളാണ് എന്ന് പറഞ്ഞാല്‍ ? പല വീഡിയോകളിലും ഇത്തരം ചില കാര്യങ്ങള്‍ കാണാം
ഒബ്‌സര്‍വേഷന്‍ ങ്ഹാ...ചെറിയ ചെറിയ ഡീറ്റെയ്‌ലിംഗ് ഒക്കെ ഞാന്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്.കസിന്‍സ് ഒക്കെ വരുന്ന വീഡിയോയില്‍ അവരുടെ മൈനൂട്ട് ആയിട്ടുള്ള കാര്യങ്ങളൊക്കെ ഞാന്‍ പകര്‍ത്താറുണ്ട്.അവര് ശ്രദ്ധിച്ചില്ലെങ്കിലും ഞാന്‍ അതൊക്കെ കാണിച്ചു കൊടുക്കും.കൂടുതലും ഞാന്‍ എങ്ങനെയാണോ എന്റെ റിയല്‍ലൈഫില്‍ ചിന്തിക്കുന്നത് അല്ലെങ്കില്‍ എനിക്കെന്താണോ ആവശ്യം അതാണ് ഞാന്‍ എപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നത്.അങ്ങനെയാകുമ്പോ കാണുന്നയാളിനും വേഗത്തില്‍ കണക്ട് ആകും.പിന്നെ വീഡിയോ ചെയ്യുന്ന സമയത്ത് രസംകയറി എക്‌സ്ട്രാ ചില ഫണ്‍ കാര്യങ്ങളൊക്കെ വരാറുണ്ട്.അതൊന്നും പ്രീ പ്ലാനിഗിലൂടെ ഉണ്ടാകുന്നതല്ല നമ്മള്‍ ഇഷ്ടപ്പെട്ടു ചെയ്യുമ്പോള്‍ തനിയെ രൂപപ്പെട്ടു വരുന്നതാണ് അതൊക്കെ.
യാദവ് മോക്കോ എന്നുള്ള രസകരമായ പേരിന് പിന്നില്‍ ?
YADAV MOKO ശരിക്കും രസകരമായ പേരാണെന്നത് എനിക്ക് തോന്നിയിട്ടില്ല. പേരിലേക്ക് സഞ്ചരിച്ചാല്‍ ഒരുപാടൊന്നും പറയാനില്ല.പത്ത് കഴിഞ്ഞിട്ടുണ്ടാകും ആ സമയത്ത് ഞാന്‍ തന്നെ എനിക്കിട്ടൊരു പേരാണ് അത്.കേള്‍ക്കുമ്പോള്‍ ഇതെന്ത് എന്ന് തോന്നാം.പക്ഷെ നമ്മുടെയൊര്രെ സ്വപ്‌നത്തില്‍,ജീവിതത്തിലെ ലക്ഷ്യങ്ങളെ കുറിച്ചുള്ള ചിന്തകളിലൊക്കെ നമ്മളെ സ്വയം ഇമാജിന്‍ ചെയ്യാറുണ്ട്, അതുപോലെ ഞാന്‍ എന്നെ അത്തരം ചിന്തകളില്‍ യാദവ് മോക്കോ എന്ന പേരിലാണ് സങ്കല്‍പ്പിച്ചിരുന്നത്.കേള്‍ക്കുമ്പോള്‍ ഇച്ചിരി കോംപ്ലിക്കേറ്റഡ് ആയി തോന്നും.സിംപിളായി പറഞ്ഞാല്‍ ജസ്റ്റിന്‍ ബീബര്‍,ക്രിസ്റ്റ്യാനോ റൊണാള്‍ഡോ,ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഒക്കെ പോലെ ക്യാച്ചിയായ ഒരു പേര് എനിക്കും വേണം എന്ന് തോന്നി.
ഞാന്‍ എനിക്ക് ഒരുപാട് പേരുകളിട്ടിട്ടുണ്ട്..പക്ഷെ യാദവ് മോക്കോ എന്ന പേരിനോട് പ്രത്യേക ഇഷ്ടം തോന്നി അതിലേക്ക് തന്നെ മനസിനെ പിടിച്ചുനിര്‍ത്തി..എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ പ്രശസ്തനാകുമെന്ന് പണ്ടെ എനിക്ക് ഉറപ്പുണ്ടായിരുന്നു(ഒരുപാട് ഫെയിമസ് ആയി എന്നല്ലാട്ടോ) പക്ഷെ അങ്ങനെയൊരു സന്ദര്‍ഭത്തില്‍ എന്നെ മോട്ടിവേറ്റ് ചെയ്യിപ്പിക്കുന്ന, ഊര്‍ജ്ജമേകുന്ന ഒരു പേര് എനിക്ക് വേണം എന്നുണ്ടായിരുന്നു.ആ പേരില്‍ ഞാന്‍ അറിയപ്പെടണം,എന്റെ വര്‍ക്കുകള്‍ അറിയപ്പെടണം.ആ പേര് ഞാന്‍ തന്നെ ഉരുവിടുമ്പോള്‍ എനിക്ക് മോട്ടിവേറ്റഡ് ആകണം,ചാടിവീണ് ജോലി ചെയ്യാന്‍ കഴിയണം.അങ്ങനെ....അങ്ങനെ എന്റെ ഒരുപാട് സ്വപ്‌നങ്ങളുടെ ആകെ തുകയാണ് യാദവ് മോക്കോ !
ഒരു വീഡിയോയ്ക്ക് വേണ്ടിയുള്ള സ്‌ക്രിപ്റ്റ് ക്യാമറ,കോസ്റ്റ്യും തുടങ്ങിയ കാര്യങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്യാറുണ്ടോ ?
എല്ലാ വീഡിയോകള്‍ക്കും വേണ്ടിയില്ല,പക്ഷെ ചില വീഡിയോകളില്‍ പ്രത്യേകം ഒരുക്കങ്ങള്‍ നടത്തേണ്ടി വരാറുണ്ട്.ഈ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ഡ്രസ്സ് ആണ് വേണ്ടത്,അത് ഇങ്ങനെയായിരിക്കണം എന്നൊക്കെ ആലോചിക്കാറുണ്ട്.കഴിവതും വീഡിയോകളില്‍ ആവര്‍ത്തിച്ച് ഒരെ ഡ്രസ് ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.ഒട്ടുമിക്ക വീഡിയോ കണ്ടന്റുകളും പെട്ടെന്ന് മനസിലേക്ക് വരുന്നതാണ്.ഒരുപാട് കിടന്ന തലപുകയ്‌ക്കേണ്ടി വരുന്ന സംഗതികളൊന്നുമല്ല.
ഇന്‍സ്റ്റഗ്രാം,യൂട്യൂബ്,ഫെയ്സ്ബുക്ക് വഴി കിട്ടുന്ന റീച്ചിനും ലൈക്കിനും അപ്പുറം യാദവ് മോക്കോയുടെ വീഡിയോകള്‍ എന്താണ് ഒരു പ്രേക്ഷകനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ?
ലൈക്കിനും റീച്ചിനും അപ്പുറം വേറൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.അത് വെറുതെ കിട്ടുന്നത് അല്ലല്ലോ.നമ്മള്‍ ചെയ്ത ഒരു വര്‍ക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു അവരുടെ ഇഷ്ടം ലൈക്കായി കിട്ടുന്നു.ആ ഇഷ്ടം റീച്ചുണ്ടാക്കുന്നു.ആളുകള്‍ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നത് തന്നെയല്ലേ വലിയ കാര്യം.അത് എനിക്കും എന്റെ വര്‍ക്കിനും കിട്ടുന്ന ഇഷ്ടം അതുതന്നെയാണ് കൂടുതല്‍ കൂടുതല്‍ വീഡിയോകള്‍ ചെയ്യാനായി എന്നെ സഹായിക്കുന്നതും.തല്‍ക്കാലം റീച്ചും ലൈക്കും കമന്റുമൊക്കെ മാത്രമെ ഞാന്‍ ആഗ്രഹിക്കുന്നുള്ളു.
സുഹൃത്തുക്കളുടെ സഹകരണമൊക്കെ ? ഇത്തരത്തില്‍ വൈന്‍സ് ചെയ്യാം എന്ന് അവരോട് ആദ്യമായി പറഞ്ഞപ്പോള്‍ ഉണ്ടായ പ്രതികരണം എന്തായിരുന്നു ?
ഞാന്‍ കുറച്ച് ഇന്‍ട്രോവെര്‍ട്ട് ക്യാരക്ടറുള്ള ആളാണ്.അതുപോലെ സ്വന്തമായി തീരുമാനങ്ങളെടുക്കുന്ന സ്വഭാവക്കാരനാണ്.എന്ന് കരുതി ആരെയും അനുസരിക്കാത്ത,ആളുകളെ വേദനിപ്പിക്കുന്ന നിഷേധി എന്നര്‍ത്ഥമില്ല.പക്ഷെ ഞാന്‍ എന്റെ കാര്യങ്ങളൊന്നും ഞാന്‍ ആരോടും ഷെയര്‍ ചെയ്ത് തീരുമാനങ്ങളെടുക്കാറില്ല പണ്ട് മുതലേ ഞാന്‍ ഇങ്ങനെയാണ്.ഇപ്പോ തന്നെ വൈന്‍സ് ചെയ്ത് തുടങ്ങിയതിനു ശേഷമാണ് എന്റെ വീട്ടിലും കൂട്ടുക്കാരും എന്തിന് ഞാന്‍ പോലും എനിക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞത്.
ഒന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും അപരിചിതരായ ആളുകള്‍ നമ്മളെ അംഗീകരിച്ചു തുടങ്ങുമ്പോഴാണ് പലപ്പോഴും കുടുംബക്കാരും സുഹൃത്തുക്കളും ഒക്കെ സപ്പോട്ട് ചെയ്ത് തുടങ്ങുക.എന്റെ വിശ്വാസം അനുസരിച്ച് നമുക്ക് എ്ന്താണോ ചെയ്യാനുള്ളത് അത് ചെയ്തു തുടങ്ങുക അതിനു വേണ്ടി ആരുടെയും അഭിപ്രായവും സഹകരണവും കാത്ത് സമയം നഷ്ടപ്പെടുത്തരുത്.
ഇത്രയധികം ആളുകളെ എന്‍ഗേജ്ഡ് ആക്കുന്ന ഒരാള്‍ക്കുള്ളില്‍ സിനിമ മോഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിലെന്തെങ്കിലും സ്വപ്നം കാണുന്നുണ്ടോ ?
ഹാ...ഹാ...ഒരിക്കലുമില്ല, സിനിമ ചെയ്യണം,നടനാകണം അങ്ങനെ ഒരു മോഹവും എനിക്ക് ഇപ്പോഴില്ല.മറ്റൊരുപാട് സ്വപ്‌നങ്ങളുണ്ട്താനും.സിനിമയില്‍ അഭിനയിക്കണം എന്നാഗ്രഹത്തിന്റെ പുറത്തല്ല ഞാന്‍ വീഡിയോകള്‍ ചെയ്യുന്നത്. അതൊരിക്കലും ഡ്രീമായി കരുതിയിട്ടുമില്ല.പിന്നെ എന്നെങ്കിലും ഒരുസിനിമയിലേക്ക് അവസരം വന്നാല്‍ ഞാന്‍ അതുറപ്പായും ഉപയോഗിക്കുകയും എക്‌സ്‌പ്ലോര്‍ ചെയ്യുകയും ചെയ്യും.അതിനപ്പുറം സിനിമയിലേക്ക് തള്ളിവിടുന്ന മോഹങ്ങള്‍ എനിക്ക് ഇല്ലേയില്ല.
വീട്ടില്‍ നിങ്ങളുടെ വീഡിയോ ആദ്യമായി കണ്ട നിമിഷം ഓര്‍മ്മയുണ്ടോ ? ഫാമിലിയെ കുറിച്ച് ?
അച്ഛന്‍ പൊലീസില്‍ ആയിരുന്നു ഇപ്പോള്‍ റിട്ടയര്‍മെന്റിലാണ്.അമ്മ വീട്ടമ്മയാണ് പിന്നെയുള്ളത് അനിയത്തി പത്താംക്ലാസില്‍ പഠിക്കുന്നു.വീട്ടില്‍ യാദവ് മോക്കോ ചാനലില്‍ ആദ്യത്തെ വീഡിയോ വന്നിട്ട് അങ്ങനെ പ്രത്യേകിച്ച് എന്റെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന സംഭവങ്ങളൊന്നും ഇല്ല.കാരണം ഞാന്‍ ഒരു നിമിഷത്തില്‍ വീഡിയോ ചെയ്തു തുടങ്ങിയ ആളല്ല.പണ്ട് മുതലേ ചെയ്തുകൊണ്ടിരിക്കുന്ന ആളാണ്..ഈ വീഡിയോസ് ഇപ്പോള്‍ ചെയ്തു തുടങ്ങി എന്നെയുള്ളു.വീട്ടുകാര്‍ക്ക് ഞാന്‍ വീഡിയോകള്‍ എന്തൊക്കൊയോ കൂറേക്കാലമായി ചെയ്യുന്നുണ്ടെന്ന് അറിയാം പിന്നെ അവരങ്ങനെ കമന്റ് ചെയ്തിട്ടൊന്നുമില്ല.ബന്ധുക്കളൊക്കെ വീഡിയോ കണ്ടിട്ട് കുറച്ച് എക്‌സൈറ്റഡ് ആയിട്ടുണ്ട്.ഇങ്ങനെയൊക്കെ ഇവന്‍ ചെയ്യുമോ എന്നായിരുന്നു പലര്‍ക്കും അതിശയം.
ഒരു വീഡിയോ ചെയ്തു അത് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്തു.അതുകൊണ്ട് കാര്യമില്ലല്ലോ ? എത്രത്തോളം കഠിനാധ്വാനം വേണ്ടി വന്നിട്ടുണ്ട് വീഡിയോ ഒന്ന് ക്ലിക്കാക്കി എടുക്കാന്‍ ?
കഠിനാധ്വാനം.....എന്ന് പറഞ്ഞാല്‍ ചത്ത് കിടന്നു ചെയ്യുന്നു എന്നല്ല.പക്ഷെ വീഡിയോ ക്രിയേഷന്‍ എനിക്ക് ഒരുതരം ഭ്രാന്ത് തന്നെയായിരുന്നു.അത്രയ്ക്കും വീഡിയോസ് ചെയ്തിട്ടുണ്ട്.പല തരത്തിലുള്ള വീഡിയോകളും ചെയ്തിട്ടുണ്ടായിരുന്നു അതൊന്നും ക്ലിക്കായിട്ടൊന്നുമില്ല.പക്ഷെ എന്ന് മുതല്‍ ഞാന്‍ മറ്റാരെയും നോക്കാണ്ട് എനിക്ക് ഇഷ്ടമായ രീതിയില്‍ വീഡിയോ ചെയ്തു തുടങ്ങിയോ അന്ന് മുതലാണ് റീച്ച് ഉണ്ടായി തുടങ്ങിയത്.
ഏകദേശം ഇതു പോലെ തന്നെയായിരുന്നു ടിക്ക് ടോക്കിലും.പക്ഷെ യൂട്യൂബ് പോലെയല്ല ടിക്ക് ടോക്കില്‍ പെട്ടെന്ന് റീച്ചുണ്ടാക്കാന്‍ സാധിച്ചു.ഇഷ്ടപ്പെട്ട് വീഡിയോ ചെയ്ത് കഴിയുമ്പോഴാണ് റീച്ചുണ്ടായിട്ടുള്ളത് അതൊരിക്കലും എത്രവീഡിയോ ചെയ്താലും കഷ്ടപ്പാടെന്ന് പറയാന്‍ സാധിക്കില്ല നമുക്ക് താല്‍പര്യത്തോടെ ചെയ്യുന്നതാണ്.
മറ്റുള്ളവരുടേത് നോക്കി എപ്പോഴും ചെയ്യാന്‍ നമുക്ക് തോന്നും അതെളുപ്പവുമാണ്.പക്ഷെ സ്വന്തമായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും എന്ന് തിരിച്ചറിഞ്ഞ് അതിനുവേണ്ടി വര്‍ക്ക് ചെയ്ത് പുറത്തിറക്കാനും അത് റീച്ചിലേക്ക് എത്തിക്കാനും കഴിയുന്നതാണ് ശരിക്കുമുള്ള കഠിനാധ്വാനം.അവിടെ അപ്പോഴും നടക്കുന്നത്് മെന്റര്‍ ഹാര്‍ഡ് വര്‍ക്ക് മാത്രമാണ്.അതിന് ഞാന്‍ തയ്യാറായി.കുറച്ച് സമയമെടുത്താലും എനിക്ക് അത്യാവശ്യം റീച്ച് നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തു.ദിവസേന രണ്ട് വീഡിയോ ഒക്കെയാണ് അപ്ലോഡ് ചെയ്തിരുന്നെ,ചില ദിവസങ്ങളില്‍ വീഡിയോ ചെയ്യാന്‍ തോന്നില്ല ഇത്തരത്തില്‍ പലതരം സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകേണ്ടി വരുന്നതും ചെറിയ കഠിനാധ്വാനം തന്നെയാണ്.
ഒരു ബ്രാന്‍ഡായി അറിയപ്പെടാന്‍ സാധ്യത മുന്നിലുണ്ട്.ഇതല്ലാതെ മറ്റെന്തെങ്കിലും ഫ്യൂച്ചര്‍ പ്ലാന്‍ ഉണ്ടോ ?
പറയാന്‍ എനിക്ക് ഒരുപാട് പദ്ധതികളൊക്കെ അണിയറയിലുണ്ട്.പ്രത്യേകിച്ച് എന്റര്‍ടെയ്‌നിംഗ് ഷോ ബിസിനസിലൊക്കെ വലിയ താല്‍പര്യമുണ്ട്.പതിയെ പതിയെ ഒരു വളര്‍ച്ചയാണ് എനിക്ക് ആവശ്യം. ഒറ്റയടിക്ക് കുതിച്ച് കയറിയാല്‍ അതുപോലെ ഒറ്റയടിക്ക് താഴേക്ക് പതിക്കും എന്നാണ് എന്റെ വിശ്വാസം അതുകൊണ്ട് ഇംപ്രൂവ് ചെയ്ത് പതിയെയുള്ള വളര്‍ച്ച മതി എനിക്ക്.
വലിയ പദ്ധതികളൊരുക്കി അതിലേക്ക് വേണ്ടി മനസിനെ പാകപ്പെടുത്താന്‍ എനിക്ക് സാധിക്കില്ല.ഷോര്‍ട്ട് ടൈമിലേക്ക് ഗോളുകള്‍ ഉണ്ടാക്കി അതിലേക്ക് സഞ്ചരിക്കുന്നതാണ് എന്റെ രീതി.ബാക്കി തീരുമാനങ്ങളൊക്കെ മുന്നോട്ടുള്ള സാഹചര്യത്തെ അനുസരിച്ച് മാറിക്കൊണ്ടിരിക്കും.
ഏതെങ്കിലും യൂട്യൂബര്‍,ഇന്‍ഫ്ളുവന്‍സര്‍ ആരെയെങ്കിലും ഫോളോ ചെയ്യുന്നുണ്ടോ ?
നിരവധി യൂട്യൂബേഴ്‌സിനെയും ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ഒക്കെ ഫോളോ ചെയ്തിരുന്നു.അവരുടെ കണ്ടന്റുകളുടേത് പോലെ ചെയ്യാനൊക്കെ പലവിധ ശ്രമങ്ങള്‍ നടത്തിയിരുന്നു.പക്ഷെ നിലവില്‍ ആരെയും ഫോളോ ചെയ്യുന്നില്ല.എന്നിരുന്നാലും ഇങ്ങനെയൊരു ചോദ്യം വരുമ്പോള്‍....മനസിലേക്ക് വരുന്ന പേര് പ്യൂഡിപൈ ആണ്.ലോകത്തില്‍ തന്നെ ഒരുസമയത്ത് ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്ന സ്വീഡിഷ് യൂട്യൂബര്‍ ആണ്.പുള്ളിയുടെ വളര്‍ച്ചയും ഒരുപാട് സമയമടെുത്ത് തന്നെയായിരുന്നു ആളെ എനിക്ക് വലിയ ഇഷ്ടമാണ്.എല്ലാ ദിവസവും വീഡിയോ കണ്ടന്റ് അപ്ലോഡ് ചെയ്യുന്ന പ്യൂഡിപൈയുടെ രീതികളൊക്കെ വല്ലാതെ മോട്ടിവേറ്റ് ചെയ്തിരുന്നു.
പിന്നെ അഖില്‍ എന്‍ആര്‍ഡി...പുള്ളിയെ മല്ലൂസിനൊക്കെ നന്നായി അറിയാം.ആളും നല്ലൊന്നാന്തരം മോട്ടിവേഷന്‍ ആണ്. വീഡിയോ ചെയ്യാന്‍ ഇഷ്മായിരുന്നിട്ടും ഒന്നും ചെയ്യാന്‍ സാധിക്കാതെ ഒരു ബ്രേക്ക് ഡൗണ്‍ സമയം എനിക്കുണ്ടായിരുന്നു.കോമഡിയില്‍ ഇന്നത്തെ എന്റെ ലെവലിലാണ് അന്ന് അഖില്‍ എന്‍ആര്‍ഡി.ഞാന്‍ അന്ന് ഒന്നും അല്ല.പക്ഷെ അന്നത്തെ സാഹചര്യത്തില്‍ എനിക്ക് ഒരുപാട് മോട്ടിവേഷന്‍ നല്‍കാന്‍ അഖില്‍ എന്‍ആര്‍ഡിക്ക് കഴിഞ്ഞിട്ടുണ്ട്.ഇവര്‍ രണ്ടാളും തന്നെയാണ് എനിക്ക് മനസിലേക്ക് ഓടിയെത്തുന്ന രണ്ട് പ്രിയപ്പെട്ട യൂട്യൂബേഴ്‌സ്
ഓരോ ദിവസവും മലയാളി യൂട്യൂബര്‍മാരുടെ എണ്ണം കൂടി കൂടി വരുകയാണ്.ശക്തമായ മത്സരം നിലനില്‍ക്കുന്നതായി തോന്നുന്നുണ്ടോ ?
ഇല്ല,..യൂട്യൂബേഴ്‌സിന്റെ ഇടയില്‍ അത്തരത്തിലൊരു മത്സരം നടക്കുന്നതായി തോന്നിയിട്ടില്ല.പക്ഷെ എണ്ണം കൂടുന്നുണ്ട്.അത് വളരെ നല്ലതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.നമ്മുടെ നാട്ടില്‍ മലയാളികള്‍ക്കിടയില്‍ യൂട്യൂബ് എന്ന മാധ്യമത്തിന്റെ വളര്‍ച്ചയുടെ ലക്ഷണമാണ് കൂടിവരുന്ന ചാനലുകളും സബ്‌സ്‌ക്രൈബര്‍ കൗണ്ടും ഒക്കെ.നമ്മള്‍ നമ്മുടെ സ്‌കില്‍ ഫോക്കസ് ചെയ്ത് മികച്ച രീതിയില്‍ അവതരിപ്പിച്ചാല്‍ അത് കാണാന്‍ ആളുകളുണ്ടാകും..ചാനലുകള്‍ കൂടുന്നത് ഈ രംഗത്തെ ഉയര്‍ച്ചയുടെ സൂചനയാണ് എന്നതില്‍ മാറ്റമില്ല.എപ്പോഴും വ്യൂവേഴ്‌സിന്റെ കൗണ്ട് ആണ് ഒരു വീഡിയോ ക്രിയേറ്റര്‍ ഫോക്കസ് ചെയ്യേണ്ടത് അല്ലാതെ യൂട്യൂബേഴ്‌സിന്റെ എണ്ണമോ അവരുടെ വളര്‍ച്ചയോ നോക്കേണ്ടതില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
സ്വന്തം സ്വഭാവത്തെയും രീതികളെയും എങ്ങനെ നോക്കി കാണുന്നു ?
എനിക്ക് എന്നെ ഒരുപാട് ഇഷ്ടമാണ്.ഞാന്‍ ഏറ്റവും കൂടുതല്‍ സമയം ഇന്‍വെസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നതും എന്നില്‍ തന്നെയാണ് ഒരുപക്ഷെ ഇന്‍ട്രോവെര്‍ട്ട് ആയതുകൊണ്ടാകാം.എനിക്ക് എന്തൊക്കെ പറ്റും ?,ഞാന്‍ എങ്ങനെയാണ്?, എന്തൊക്കെ ആകാന്‍ സാധിക്കും ? അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ വ്യക്തമായ ഉത്തരം എനിക്കുണ്ട്.എനിക്ക് മാത്രമല്ല ഇതുപോലുള്ള സ്വഭാവമുള്ള എല്ലാവര്‍ക്കും അങ്ങനെ തന്നെയാകും.
വലിയ വലിയ ആളുകളൊക്കെ പറയുന്നത് കേട്ടിട്ടില്ലേ,നമ്മള്‍ നമ്മളെ തന്നെ ഒരുപാട് ഫോക്കസ് ചെയ്യണം എന്ന്.ഞാന്‍ ഇന്‍ട്രോവെര്‍ട്ട് ആയതുകൊണ്ട് എനിക്ക് അതിന് ഒരുപാട് സമയം കിട്ടും.അതുകൊണ്ട് തന്നെയാണ് എനിക്ക് എന്റെ കഴിവുകള്‍ ഒക്കെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചതും.
ഇന്‍ട്രോവെര്‍ട്ട് ക്യാരക്ടര്‍ ഒബ്‌സര്‍വേഷന്‍ സ്വഭാവത്തിന് ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് പറഞ്ഞാല്‍ ?
നൂറ് ശതമാനം അതെ എന്ന് പറയാം. ഇത്തരത്തിലുള്ള സ്വഭാവക്കാരില്‍ പുറത്തെ കറക്കം,ആഘോഷം തുടങ്ങിയ കാര്യങ്ങളൊക്കെ ചുരുങ്ങും.അവര്‍ കൂടുതലും ചുറ്റുപാടിലേക്ക് കൂടുതല്‍ ശ്രദ്ധിക്കും.ഞാനും അങ്ങനെയാണ് ചെറിയ ചെറിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കാനും അത് നിരീക്ഷിക്കാനും സമയം കിട്ടും അതില്‍ സന്തോഷവും ലഭിക്കും.എന്റെ വളര്‍ച്ചയില്‍ എനിക്ക് ഈ ക്യാരക്ടര്‍ അനുഗ്രഹമായി തന്നെയാണ് തോന്നിയിട്ടുള്ളത്.
യൂട്യൂബിന്റെ ഭാവി കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ എങ്ങനെ നോക്കികാണുന്നു.ഇതൊരു വരുമാന മേഖലയായി ഉറച്ച് വിശ്വസിക്കാമോ ?
യൂട്യൂബിന്റെ ഭാവി വളരെ നല്ലതാകാം...പക്ഷെ ടിക്ക് ടോക്കിനെ പോലെ ഒരു നാള്‍ പെട്ടെന്ന് വിലക്കു വന്നാലോ..ഗൂഗിളിനെ പോലെ വലിയൊരു സംരംഭത്തെ പെട്ടെന്ന് പൂട്ടിക്കാന്‍ സാധിച്ചില്ലെങ്കിലും യൂട്യൂബിന് വിലക്ക് വരാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല.അങ്ങനെയൊന്നും സംഭവിച്ചില്ലെങ്കില്‍ ഇതൊരു ശക്തമായ പ്ലാറ്റ്‌ഫോമായി തന്നെ നിലനില്‍ക്കും.
എല്ലാവര്‍ക്കും യൂട്യൂബില്‍ നില്‍ക്കാനും വരുമാനമുണ്ടാക്കാനും സാധിക്കുമെന്ന് പറയാന്‍ സാധിക്കില്ല.സ്‌കില്‍ ഉപയോഗിച്ച് അത് വിജയിപ്പിക്കും വരെ വിടാതെ തുടരാന്‍ സാധിച്ചാല്‍ യൂട്യൂബില്‍ നിന്ന് അര്‍ഹതപ്പെട്ട വരുമാനം ലഭിക്കും.ഒരു വര്‍ഷം വീഡിയോ ഇട്ടിട്ട് ഒന്നും കിട്ടിയില്ലെന്ന് ആക്ഷേപിച്ച് നിര്‍ത്തി പോയി പരാതി പറഞ്ഞിട്ട് കാര്യമില്ല.സമയമെടുക്കും എന്ന് തിരിച്ചറിഞ്ഞ് കഠിനാധ്വാനം നടത്താന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് യൂട്യൂബ് മികച്ച വരുമാന സ്രോതസ്സായി മാറുന്നത്.എന്റെ കാര്യം തന്നെ നോക്കു..എനിക്ക് ഒരുപാട് സമയെടുത്തു.കോമഡി ട്രാക്കില്‍ നിമിഷ നേരം കൊണ്ട് ആളുകളെ കൈയ്യിലെടുക്കാന്‍ സാധിക്കുന്നവരുണ്ട്.ഞാനൊക്കെ സമയമെടുത്താണ് വീഡിയോകള്‍ക്ക് റീച്ചുണ്ടാക്കി എടുത്തത്.
"എനിക്ക് ഒന്നെ പറയാനുള്ളു..നമ്മളെ പോലെ നമുക്ക് മാത്രമെ ആകാന്‍ സാധിക്കു.അതുകൊണ്ട് നമ്മുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കുക,നമുക്കായി ഇന്‍വെസ്റ്റ് ചെയ്യുക,ഒരു സെക്കന്റില്‍ മരണം സംഭവിക്കാം ഒന്നും നാളത്തേക്ക് മാറ്റിവെയ്ക്കാതെ നമ്മുടെ സ്വപ്‌നങ്ങളും കഴിവുകളും മടിക്കാതെ എക്‌സപ്ലോര്‍ ചെയ്യുക ഇതൊക്കെയാണ് എന്റെ വിശ്വാസങ്ങള്‍.ഏറ്റവും പ്രധാനം കഠിനാധ്വാനത്തെ ചെറിയ വര്‍ക്കായി കരുതരുത്.മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് തലവെയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.നമുക്ക് ചെയ്യാന്‍ കഴിയുന്നത് നടപ്പിലാക്കി നോക്കു..നെഗറ്റീവ് പറഞ്ഞവര്‍ തന്നെ നമ്മെ നോക്കി കൈയ്യടിച്ചോളും അത്ര ചെറുതാണ് ലോകം"....യാദവിന്റെ ചെറിയ ജീവിതാനുഭവങ്ങള്‍ എത്ര വലിയ കാര്യങ്ങളാണ് നമുക്ക് പറഞ്ഞു തരുന്നത്.വ്യക്തമായ ചിന്തയും ബോധവും വ്യക്തിത്വവുമുള്ള യാദവ് കൃഷ്ണയുടെ വീഡിയോകള്‍ക്ക് പക്ഷെ യാദവിന്റെ മറ്റൊരു മുഖമാണ് യാദവ് മോക്കോ എന്ന മുഖം !!!
യൂട്യൂബ് : https://www.youtube.com/channel/UCeRKth3iQejgL05hMSScFJw
ഇന്‍സ്റ്റഗ്രാം : https://www.instagram.com/yadavmoko/?hl=en
ഫെയ്‌സ്ബുക്ക് : https://www.facebook.com/yadavmoko
Story highlights: Yadav Moko is a malayali youtuber who can make COMEDY VINE VIDEOS.He always do some funny instances happening around him
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.