- Trending Now:
വര്‍ഷങ്ങളോളം മറ്റൊരു നാട്ടില്‍ നഴ്സിംഗ് പ്രൊഫഷനായി സ്വീകരിച്ച ജിന്‍സി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ആ ജോലിയ്ക്ക് പകരം എന്തെന്ന ചിന്ത വല്ലാതെ അലട്ടിയിരുന്നിരിക്കണം.സ്വന്തം പാഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകാന്‍ തീരുമാനിച്ച ജിന്‍സിക്കു മുന്നില്‍ മറ്റ് പ്രതിസന്ധികളൊക്കെ ഒന്നുമല്ലാതായി.രുചിയൂറുന്ന കേക്കുകളും ജീവനുള്ള ടെറാറിയവുമായി സംരംഭക ലോകത്തേക്ക് കടന്നു വന്ന ജിന്‍സി വര്‍ഗ്ഗീസ് മൂന്ന് കുഞ്ഞുങ്ങളുടെ അമ്മകൂടിയാണ്.
കേക്കുകള്‍...പിന്നെ ഇതുമായി ഒരു ബന്ധവുമില്ലാത്ത ടെറാറിയം.പ്രൊഫഷന്‍ ആണെങ്കില്‍ നഴ്‌സ്. വൈവിധ്യങ്ങള്‍ നിറഞ്ഞ ജീവിതം ആണല്ലോ ജിന്‍സിയുടേത് ഇതൊക്കെ എങ്ങനെയാണ് ഒരെ സമയം മുന്നോട്ട് കൊണ്ടുപോകുന്നത് ?
പ്രൊഫഷണലി ഞാന്‍ ഒരു നഴ്സാണ്.ജീവിതത്തില്‍ വളരെ ഇഷ്ടത്തോട് കൂടി ഞാന്‍ ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് കേക്ക്സും ടെറാറിയവും.നഴ്സായി സൗദി അറേബ്യയില്‍ ഏകദേശം പതിനൊന്ന് വര്‍ഷക്കാലം ജോലി ചെയ്ത ആളാണ് ഞാന്‍.അതിനൊപ്പം തന്നെ ആറ് വര്‍ഷമായി കസ്റ്റമൈസ്ഡ് കേക്ക്സും ചെയ്യുന്നുണ്ടായിരുന്നു.ഒരു വര്‍ഷം മുമ്പാണ് ചില ആരോഗ്യ പ്രശ്നങ്ങള്‍ കാരണം എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത്.അതിനു ശേഷം ആണ് നാട്ടിലേക്ക് മടങ്ങുന്നത്.ഇവിടെ വന്നതില്‍പ്പിന്നെ കേക്ക് ബേക്കിംഗ് തുടങ്ങി ഒപ്പം എന്റെ മറ്റൊരു പാഷനായ ടെറാറിയം മേക്കിംഗും കൂടെക്കൂട്ടി.ഒരുപാട് ഇഷ്ടത്തോട് കൂടിയുള്ള രണ്ട് കാര്യങ്ങളായതു കൊണ്ടാകണം എനിക്ക് ഇതു പ്രോപ്പറായി ബുദ്ധിമുട്ടില്ലാതെ തന്നെ മാനേജ് ചെയ്യാന്‍ പറ്റുന്നത്.
ഷുഗര്‍ സ്റ്റുഡിയോയുടെ പ്രത്യേകത എന്താണ് ? ഡെലിവറി ഒക്കെ എങ്ങനെയാണ് ? ഓര്‍ഡറുകള്‍ സ്വീകരിക്കുന്ന രീതി ?
ഷുഗര്‍സ്റ്റുഡിയോയുടെ ഏറ്റവും വലിയ പ്രത്യേകത മൗത്ത് പബ്ലിസിറ്റിയാണ്.ഞാന്‍ പ്രധാനമായും ഡിസൈനര്‍ കേക്ക്സ് ആണ് ചെയ്യുന്നത്.അതില്‍ തന്നെ വെഡ്ഡിംഗ്,എന്‍ഗേജ്മെന്റ് ,ബാപ്തിസം,ബര്‍ത്ത്ഡേയ്സ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള കേക്ക്സ് ആണ് കൂടുതലും ചെയ്യുന്നത്.സാധാരണ ക്ലയിന്റ്സ് ഇവിടെത്തി കളക്ട് ചെയ്യുകയാണ് പതിവ്.നേരിട്ട് എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നമ്മള്‍ ഡെലിവറി ചെയ്തു നല്‍കാറുണ്ട്.സോഷ്യല്‍ മീഡിയ വഴിയാണ് ഓര്‍ഡറുകള്‍ ഒക്കെ സ്വീകരിക്കുന്നത്.തുടക്കത്തില്‍ പറഞ്ഞല്ലോ മൗത്ത് പബ്ലിസിറ്റി തന്നെയാണ് ഷുഗര്‍ സ്റ്റുഡിയോയെ മുന്നോട്ട് നയിക്കുന്നത്.ഒരിക്കല്‍ ക്ലയിന്റായി എത്തുന്നവര്‍ പാസ് ചെയ്യുന്ന റിവ്യു ആണ് പുതിയ ആളുകളെ ഇവിടേക്ക് എത്തിക്കുന്നത്.അതുകൊണ്ട് തന്നെ സോഷ്യല്‍മീഡിയ ഓര്‍ഡറുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
നഴ്‌സിന്റെ കുപ്പായത്തില്‍ നിന്ന് സംരംഭക? എങ്ങനെയായിരുന്നു ജോലി ഉപേക്ഷിച്ച് പുതിയൊരു സംരംഭത്തിലേക്ക് കടക്കാനുണ്ടായ സാഹചര്യം ?
വര്‍ഷങ്ങള്‍ ഒരുപാട് സൗദിയിലാണ് ചെലവിട്ടത്.ആരോഗ്യപരമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ പലരും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ചേക്കേറിയപ്പോഴും ഞാന്‍ നാട്ടിലേക്ക് മടങ്ങാന്‍ ആണ് തീരുമാനിച്ചത്. ഇവിടെയെത്തി എന്റെ പാഷന്‍ എന്താണെന്ന് തിരിച്ചറിഞ്ഞ് അതില്‍ എന്തെങ്കിലും ചെയ്യണം എന്നുറപ്പിച്ചാണ് ജോലി ഉപേക്ഷിക്കുന്നതും.നാട്ടിലെത്തിയപ്പോള്‍ ഹോബിയായി മാത്രം കണ്ടിരുന്ന ടെറാറിയം നിര്‍മ്മാണം 'വില്‍പ്പന' എന്ന രീതിയിലേക്ക് വളര്‍ത്താന്‍ സാധിച്ചു.
ചെയ്യുന്ന എന്തിലും ക്രിയേറ്റിവിറ്റി വേണം, പിന്നെ ആത്മവിശ്വാസവും ക്ഷമയും ഇതൊക്കെയാണ് ഒരു സംരംഭം ഒക്കെ തുടങ്ങുമ്പോള്‍ അത്യാവശ്യം.എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങുന്നത് പോലെയല്ല ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഹോബിയോ പാഷനോ ബിസിനസാക്കി മാറ്റുന്നത്.
സൗദിയില്‍ മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് എത്തുമ്പോള്‍ എന്തായിരുന്നു മനസില്‍ ?
സൗദിയില്‍ ആരോഗ്യമന്ത്രാലയത്തിനു കീഴിലായിരുന്നു ജോലി.മികച്ച ശമ്പളമുള്ള ആ ജോലി ഉപേക്ഷിച്ച് 2021ല്‍ നാട്ടിലേക്ക് വരുമ്പോള്‍ പലതരം ആശങ്കകള്‍ ഉണ്ടായിരുന്നു.ഭാവിയെ കുറിച്ചൊക്കെ ഒരുപാട് ആലോചിച്ചു.ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളൊക്കെ യൂറോപ്പിലേക്ക് മാറിയപ്പോഴും വല്ലാത്ത ആശയക്കുഴപ്പം എന്റെയുള്ളിലുണ്ടായിരുന്നു.നാട്ടിലെത്തി ഞാന്‍ എന്റെ പാഷനില്‍ തുടര്‍ന്നാല്‍ വേണ്ടത്ര അംഗീകാരം കിട്ടുമോ എന്ന ഭീതി വല്ലാതെ ചുറ്റിച്ചു.പക്ഷെ അതിനെയൊക്കെ അതിജീവിക്കാന്‍ എനിക്ക് ധൈര്യം തന്നവരില്‍ പ്രധാനപ്പെട്ടയാള്‍ എന്റെ ഭര്‍ത്താവ് ആണ്.'നിന്നെ കൊണ്ട് സാധിക്കും' എന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിന്റെ വാക്കുകളില്‍ കണ്ടിരുന്നു.നാട്ടില്‍ വന്ന് ഞാന്‍ കേക്ക്സ് ഉണ്ടാക്കി തുടങ്ങിയപ്പോഴേ
പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലുള്ള അംഗീകാരം ലഭിച്ചു തുടങ്ങിയത് വലിയൊരു കാര്യം തന്നെയായിരുന്നു.
കുടുംബത്തെ കുറിച്ച് ?
മമ്മിയും, ഭര്‍ത്താവ് ജുബിന്‍ ജേക്കബും, മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന ചെറിയ കുടുംബമാണ് എന്റേത്.പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്ക്കടുത്ത് വെണ്ണിക്കുളം ആണ് സ്വദേശം.
ഷുഗര്‍ സ്റ്റുഡിയോ അത്യാവശ്യം അറിയപ്പെടുന്ന സംരംഭം തന്നെയാണ് ബേക്കിംഗിലേക്ക് താല്‍പര്യം തോന്നി തുടങ്ങിയത് ?
ബേക്കിംഗ് പണ്ടുമുതലെ താല്‍പര്യമുള്ള മേഖലയാണെന്ന് പറയാന്‍ കഴിയില്ല.ആറ് വര്‍ഷം മുന്‍പാണ് ഞാനീ രംഗത്തേക്ക് എത്തുന്നത്.ബേക്കിംഗ് ഒന്നും വശമില്ലെങ്കിലും നന്നായി കുക്ക് ചെയ്യാനൊക്കെ അറിയാമായിരുന്നു.പലതരം വിഭവങ്ങള്‍ പരീക്ഷിക്കാനും അത് മറ്റുള്ളവര്‍ക്ക് വിളമ്പി നല്‍കാനും അവര്‍ ആസ്വദിച്ച് കഴിക്കുന്നതില്‍ ഏറെ സന്തോഷിക്കാനും കഴിയുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍.എന്റെ ആദ്യത്തെ കുഞ്ഞുണ്ടായി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയതിനു പിന്നാലെ ഭര്‍ത്താവും മോളും കൂടി നാട്ടില്‍ നിന്ന് വിസിറ്റിന് സൗദിയിലേക്ക് എത്തിയിരുന്നു.ആറ് മാസം കഴിഞ്ഞ് അവര്‍ തിരികെ നാട്ടിലേക്ക് പോയത് എന്നെ ഒരുപാട് മാനസികമായി വിഷമിപ്പിച്ചിരുന്നു.മോളേ അകന്നു നില്‍ക്കാനുള്ള ബുദ്ധിമുട്ടായിരുന്നു ഭീകരം. ആ സമയത്താണ് ബേക്കിംഗിനോട് എനിക്ക് താല്‍പര്യം തുടങ്ങുന്നത്.പരീക്ഷണങ്ങളായിരുന്നു എല്ലാം പലതും ഫ്ളോപ്പായി, പിന്നെ സുഹൃത്തുക്കള്‍ക്കൊക്കെ ചെയ്തു കൊടുക്കാന്‍ തുടങ്ങി.ക്രീമും ഫില്ലിംഗും ഒക്കെ വെച്ച് പലരീതിയില്‍ ചെയ്തു തുടങ്ങി അത്യാവശ്യം ഓകെ ആയപ്പോഴേക്കും സുഹൃത്തുക്കള്‍ ഓര്‍ഡര്‍ തരാന്‍ തുടങ്ങി.
ബര്‍ത്ത്ഡേ പോലുള്ള ചെറിയ ചെറിയ ആഘോഷങ്ങള്‍ക്ക് അവര്‍ എന്റെ കേക്ക്സിനായി എത്തി തുടങ്ങി. ഞാന്‍ എന്റെ ഫസ്റ്റ് കേക്ക് ചെയ്തു കൊടുക്കുന്നത് സുഹൃത്തിന്റെ മകന്റെ ബര്‍ത്ത്ഡേയ്ക്ക് വേണ്ടിയാണ്.അവിടുന്നാണ് എന്റെ ബേക്കിംഗ് ലൈഫ് തുടങ്ങുന്നത്. ആറ്,ഏഴ് വര്‍ഷം മുന്‍പ് യൂട്യൂബ് ഒന്നും അത്ര പ്രശസ്തമായിരുന്നില്ല.അതുകൊണ്ട് തന്നെ നമുക്ക് ഉണ്ടാകുന്ന സംശയങ്ങള്‍ തീര്‍ക്കാനോ,പഠിക്കാനോ വേറെ മാര്‍ഗ്ഗങ്ങളൊന്നും മുന്നിലുണ്ടായിരുന്നില്ല.റിസര്‍ച്ച് ചെയ്തു പഠിച്ചാണ് ബേക്കിംഗിലെ പിഴവുകള്‍ ഒക്കെ തിരുത്തിയിരുന്നത്.ഇതുമായി ബന്ധപ്പെട്ട ഒരു കോഴ്സ് പോലും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.
കേക്കുകളുടെ മധുരമുള്ള ലോകത്തോടൊപ്പം ടെറാറിയം അതിലേക്ക് എങ്ങെയെത്തി ?
ടെറാറിയം അതുപോലെ ആകസ്മികമായി ഞാന്‍ മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങിയ സംഗതിയാണ്.ശരിക്കും പറഞ്ഞാല്‍ രണ്ട് വര്‍ഷം മുന്‍പ് നമ്മുടെ ആദ്യ ലോക്ക്ഡൗണിന്റെ സമയത്ത് ഞാന്‍ മൂന്നാമത്തെ കുഞ്ഞിന്റെ ഡെലിവറിക്ക് വേണ്ടി നാട്ടിലേക്ക് എത്തിയിരുന്നു.ഡെലിവറി കഴിഞ്ഞ് ആറ് മാസം പിന്നെ നാട്ടില്‍ തന്നെ തുടരേണ്ടി വന്നു.സാധാരണ ഞാന്‍ വെക്കേഷന് വരുമ്പോള്‍ ബേക്കിംഗ് ടൂള്‍സ് ഒക്കെ കൊണ്ടുവരാറുണ്ട്.പക്ഷെ ആ സമയത്ത് പ്രസവത്തിനായി മാത്രം എത്തിയതു കൊണ്ട് ഞാനതൊന്നും കൈയ്യില്‍ കരുതിയിരുന്നില്ല.
മാനസികമായി ബുദ്ധിമുട്ടുകള്‍ ഒക്കെ അനുഭവപ്പെട്ടിരുന്ന സമയമായിരുന്നു അത്.മൂന്ന് കുഞ്ഞുങ്ങളുമായി തിരക്കും ബഹളവും.അതിനിടയ്ക്ക് എനിക്ക് എന്റേതായ ഒരു സ്പെയ്സ് കണ്ടെത്താനായിട്ടാണ് പ്ലാന്റ്സിന്റെ ലോകത്ത് ഒരു പരീക്ഷണം നടത്താന്‍ തീരുമാനിക്കുന്നത്.ചെടികളെ ഒരുപാട് സ്നേഹിക്കുന്ന ഞാന്‍ ആ ലോകത്ത് എന്ത് ഇന്നൊവേറ്റീവായി ചെയ്യാം എന്ന തെരച്ചിലുകള്‍ക്കൊടുവിലാണ് ടെറാറിയത്തില്‍ വന്നെത്തുന്നത്.ആങ്ങനെ ആ പണി തുടങ്ങി.
ആദ്യമായി ചെയ്യുന്നത് മൊസേറിയം ആണ്.ടെറാറിയത്തില്‍ മോസ് വെച്ച് ചെയ്യുന്നതാണ് മൊസേറിയം.അത് ചെയ്ത് രണ്ട്മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് തിരികെ ജോലിക്ക് കയറാന്‍ സമയമായതോടെ ഞാന്‍ തിരികെ പോയി. വീട്ടിലുള്ളവര്‍ക്ക് ടെറാറിയം പുതിയ അനുഭവമായിരുന്നു.പരിപാലനമൊന്നും അറിയാത്തതു കൊണ്ട് തന്നെ അവര്‍ക്ക് അത് സംരക്ഷിക്കാനും കഴിഞ്ഞില്ല.ആദ്യത്തെ ടെറാറിയം അങ്ങനെ ചീഞ്ഞുപോയി.പക്ഷെ എനിക്ക് അതിനു ശേഷം ടെറാറിയം ചെയ്യാനുള്ള ആവേശം കൂടുകയാണ് ഉണ്ടായത്.പിന്നെ ചെറിയ കണ്ടയ്നറുകളും ട്രോപ്പിക്കല്‍ പ്ലാന്റ്സും ഒക്കെ അവിടെ കിട്ടുന്നതിനനുസരിച്ച് സംഘടിപ്പിച്ച് വീണ്ടും ചെയ്തു തുടങ്ങി.
ടെറാറിയം വെസ്റ്റേണ്‍ രാജ്യങ്ങളില്‍ വളരെ ജനപ്രിയമായവയാണ് പക്ഷെ മലയാളികള്‍ക്കിടയില്‍ അത്ര സുപരിചിതമല്ല.എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്കയുണ്ടായിരുന്നുവോ ?
ടെറാറിയം ഈ പറഞ്ഞത് പോലെ പാശ്ചാത്യരാജ്യങ്ങളിലാണ് കൂടുതലും ചെയ്തു കണ്ടിട്ടുള്ളത്.നമ്മുടെ നാട്ടില്‍ ആളുകള്‍ ഈ സംഗതി അറിഞ്ഞും കേട്ടും ഒക്കെ വരുന്നതെയുള്ളു.പൊതുവെ എന്റെ ഒരഭിപ്രായത്തില്‍ നാട്ടില്‍ പുതുതായി തുടങ്ങുന്ന പല ഇന്നൊവേറ്റീവായിട്ടുള്ള സംരംഭങ്ങള്‍ക്കും മികച്ച അംഗീകാരം കിട്ടിയിട്ടുണ്ട്.പ്രത്യേകിച്ച് കോവിഡ് കാലത്ത്.
ആളുകള്‍ ലോക്ക്ഡൗണും കോവിഡിനുമിടയില്‍ വലഞ്ഞ നാളുകളില്‍ വലിയ തോതില്‍ ചെടികളെ സ്നേഹിക്കാനും പരിപാലിക്കാനും ഒക്കെ സമയം നല്‍കിതുടങ്ങിയത് വലിയ മാറ്റം തന്നെയായിരുന്നു.അതുകൊണ്ട് തന്നെ ടെറാറിയങ്ങള്‍ക്കും അംഗീകാരം കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.നാട്ടില്‍ വന്നതിന് ശേഷം ഒരുപാട് ടെറാറിയംസ് വിറ്റുപോയിട്ടുണ്ട്.അതുകൊണ്ട് നമുക്ക് അതിന്റെ കൃത്യമായ സര്‍വൈവല്‍ റേറ്റ് അറിയാന്‍ സാധിക്കും.അതുവെച്ചു നോക്കുകയാണെങ്കില്‍ അധികം വൈകാതെ തന്നെ ടെറാറിയം നമ്മുടെ നാട്ടിലും ട്രെന്‍ഡായി മാറും.ഒരുപാട് പേര്‍ എന്നെ പോലെ ഈ രംഗത്തേക്ക് കടന്നുവരും.
ശരിക്കും എന്താണ് ടെറാറിയം? ഇവയുടെ പരിപാലനം, തയ്യാറാക്കല്‍ എന്നിവ എത്രത്തോളം കഠിനാധ്വാനമുള്ള ജോലിയാണ് ?
കുപ്പിക്കുള്ളിലെ പൂന്തോട്ടം എന്നാണ് ഒറ്റ വാക്കില്‍ ടെറാറിയം അറിയപ്പെടുന്നത്.ടെറാറിയം രണ്ട് തരത്തിലുണ്ട് ഓപ്പണ്‍ ടെറാറിയം,ക്ലോസ്ഡ് ടെറാറിയം.ഞാന്‍ ക്ലോസ്ഡ് ആണ് ചെയ്യുന്നത്.പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ അടച്ച കുപ്പിക്കുളില്‍ ചെടികള്‍ പിടിപ്പിക്കുന്നു.'സെല്‍ഫ് സസ്റ്റെയ്നിംഗ് ഇക്കോ സിസ്റ്റം' ആണ് ഇത്.പുറമെ നിന്ന് വായുവോ,ജലമോ,ബാഷ്പമോ ഒന്നും ആവശ്യമില്ലാതെ സ്വന്തമായി അതിജീവിക്കാന്‍ കഴിയുന്ന ഇക്കോസിസ്റ്റം ക്രിയേറ്റ് ചെയ്യുകയാണ് ടെറാറിയങ്ങളിലൂടെ സാധ്യമാക്കുന്നത്.നിര്‍മ്മാണ സമയത്ത് ചെടി നടുമ്പോള്‍ ചേര്‍ക്കുന്ന വെള്ളം കണ്ടന്‍സേഷന്‍ വഴി മുകളിലേക്ക് പോയി ബാഷ്പ രൂപത്തില്‍ അവിടെ തങ്ങിനിന്ന് പിന്നെ അത് വീണ്ടും തിരികെ മണ്ണിലേക്ക് എത്തുന്നു.ചുരുക്കി പറഞ്ഞാല്‍ ഒരു റെയിന്‍ സൈക്കില്‍ അവിടെ രൂപപ്പെടുന്നു. സീറോ മെയിന്റനസ് ആണ് ടെറാറിയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ഒരിക്കല്‍ നട്ടാല്‍ പിന്നെ വെള്ളംപോലും ഒഴിക്കാന്‍ തുറക്കേണ്ടതില്ല യാതൊരുതരത്തിലുള്ള പരിപാലനവും ഇതിന് ആവശ്യമില്ല.ടെറാറിയം നിര്‍മ്മിക്കുന്നത് അത്ര വലിയ പണിയല്ല പക്ഷെ ചെടികള്‍ അവിടെ പിടിച്ച് പുതിയ അന്തരീക്ഷത്തില്‍ അതിജീവിച്ച് തുടങ്ങുന്നത് വരെ സ്ഥിരമായി നിരീക്ഷണം ആവശ്യമായി വരുന്നുണ്ട്.
ചില്ലുഭരണികളില്‍ കല്ലുകളും മാര്‍ബിള്‍ കഷ്ണങ്ങളും ചാര്‍ക്കോളും ചകിരിച്ചോറും മണ്ണും ഒക്കെ നിരത്തി സുഷിരങ്ങളുള്ള കടലാസ് കൊണ്ട് കൃത്യമായി വേര്‍തിരിച്ച് ചെടികള്‍ നടുന്നു.ഇതിനൊപ്പം ക്രാഫ്റ്റുകളും ചെറുജീവികളും ഒക്കെ ചേര്‍ക്കാം.ഗ്ലാസ് ക്ലീനാക്കി കഴിയുന്നതോടെ പണി തീരും.പക്ഷെ ചെടികള്‍ പച്ചപിടിച്ചു എന്ന് ഉറപ്പാകാതെ നമുക്ക് ടെറാറിയം പൂര്‍ത്തിയായി എന്നവകാശപ്പെടാനാകില്ല.
ടെറാറിയത്തിനായി ചെടികളും,അതിലേക്കുള്ള സൂക്ഷമ ജീവികളും ഒക്കെ ശേഖരിക്കുന്നത് എങ്ങനെയാണ് ?
ഫേണ്‍സ്,മോസ് തുടങ്ങിയ ഉഷ്ണമേഖല സസ്യങ്ങളാണ് ടെറാറിയങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം.പക്ഷെ ഞാന്‍ ഇപ്പോള്‍ ചെടികളുടെ കാര്യത്തിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. സ്പ്രിംഗ്‌ടെയില്‍സ്,ഐസോപോഡ്‌സ് തുടങ്ങിയ ചെറുജീവികളെയും നിക്ഷേപിക്കാറുണ്ട്.പ്രധാനമായും ടെറാറിയത്തിനുള്ള ചെടികള്‍ നഴ്സറികളില്‍ നിന്നാണ് കളക്ട് ചെയ്യുന്നത്.പിന്നെ ചിലതൊക്കെ ഞാന്‍ തന്നെ പ്രൊപ്പഗേറ്റ് ചെയ്തെടുക്കാറുണ്ട്.പിന്നെ ചുറ്റുപാടും ഹ്യുമിഡിറ്റി ഇഷ്ടപ്പെടുന്ന പ്ലാന്റ്സ് ധാരാളം ഉണ്ട് അവ ഉപയോഗിച്ചും ചെയ്യാറുണ്ട്. ഇതിനു വേണ്ടി ആവശ്യമായിട്ടുള്ള സൂക്ഷമ ജീവികളൊക്കെ എന്റെ വീട്ടുപറമ്പില്‍ നിന്നാണ് കണ്ടെത്തുന്നത്.അതിനെയെടുത്ത് കള്‍ച്ചറ് ചെയ്തെടുക്കാറാണ് പതിവ്.ഓണ്‍ലൈനിലും ജീവികളൊക്കെ വാങ്ങാന്‍ സാധിക്കും കേട്ടോ...
കേക്ക്‌സ് & ടെറാറിയം ഇവയുടെ വില്‍പ്പന എങ്ങനെയാണ് ? സോഷ്യല്‍മീഡിയ സ്വാധീനിക്കുന്നുണ്ടോ ?
പ്രധാനമായും സോഷ്യല്‍മീഡിയ വഴിയാണ് ഓര്‍ഡറുകള്‍ കിട്ടുന്നത്.കേക്ക്സിന് ഷുഗര്‍ സ്റ്റുഡിയോ എന്നും ടെറാറിയം മൈക്രോഫോറസ്റ്റ് ഡോട്ട് ഇന്ത്യ എന്ന പേരിലും ഇന്‍സ്റ്റയിലും ഫെയ്സ്ബുക്കിലും പേജുകളുണ്ട്, അതുവഴിയും അല്ലാതെ സുഹൃത്തുക്കള്‍ വഴിയും മൗത്ത് പബ്ലിസിറ്റിയിലൂടെയും ഓര്‍ഡറുകള്‍ ലഭിക്കാറുണ്ട്.എന്റെ ബിസിനസില്‍ സോഷ്യല്‍മീഡിയയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. മൂന്ന് മാസംവരെയൊക്കെ സമയമെടുത്താണ് ടെറാറയിം നിര്‍മ്മിക്കുന്നത്.കേരളത്തിനുള്ളില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിറ്റുപോയി.
ജിന്‍സി എന്താണ് ഭാവിയിലേക്കായി പ്ലാന്‍ ചെയ്യുന്നത് ?
ഭാവിയിലേക്ക് ഈ രണ്ട് മേഖലയില്‍ നിന്നു മാറിയുള്ള ചിന്തകളൊന്നുമില്ല.ടെറാറിയവും കേക്ക്സിലും ഒക്കെ കുറച്ചുകൂടി ക്രിയേറ്റീവായി മാറണം എന്നുണ്ട്.കേക്ക്സ് ഇപ്പോള്‍ ത്രീഡി ചെയ്യുന്നുണ്ട്. ഇനി ഗ്രാവിറ്റി ഡിഫൈനിംഗായിട്ടുള്ള സ്ട്രക്ച്ചറല്‍ കേക്ക്സും കുറച്ചുകൂടി കോംപ്ലിക്കേറ്റഡ് ആയിട്ടുമുള്ള കേക്കുകള്‍ കൂടി ചെയ്തു തുടങ്ങണം എന്നുണ്ട്.അതുപോലെ തന്നെ ടെറാറിയത്തിന്റെ കാര്യത്തിലും പുതിയ പരീക്ഷണങ്ങളും പലൂഡേറിയം,വിവേറിയം,മെഗാടാങ്കില്‍ ടെറാറിയം സെറ്റ് ചെയ്യുക തുടങ്ങിയ പലതും ചെയ്യാന്‍ ആഗ്രഹമുണ്ട്.
ഇത്തരം കഴിവുകളൊക്കെ ഉള്ളിലുണ്ടെന്നും ഇതൊക്കെ സാധ്യമാകുമെന്നുമുള്ള ആത്മവിശ്വാസം എപ്പോഴാണ് തോന്നിതുടങ്ങിയത് ?
എന്നില്‍ ഇത്തരം കഴിവുകളുണ്ടെന്ന് കണ്ടുപിടിച്ചതൊക്കെ ഒരു പക്ഷെ സുഹൃത്തുക്കളായിരിക്കണം,അവരെപ്പോഴും പറയാറുണ്ട് ഞാന്‍ വേറിട്ട് ചിന്തിക്കുന്ന വ്യക്തിയാണെന്നും ഒരുപാട് ക്രിയേറ്റീവാണെന്നും.കേക്ക്സ് ആയിക്കോട്ടെ,ടെറാറിയം ആയിക്കോട്ടെ മറ്റെന്തും ആകട്ടെ നമ്മള്‍ ചെയ്തു തുടങ്ങുമ്പോള്‍ കുറവുകളും പരാജയങ്ങളും ഒക്കെ ഉണ്ടാകും.പക്ഷെ അവിടുന്ന് ഇതിലുള്ള ആഗ്രഹം കാരണം ഇംപ്രൂവ് ചെയ്യാന്‍ അതിയായി പരിശ്രമിക്കും.അതുചിലപ്പോള്‍ മാസങ്ങള്‍ നീളാം....വര്‍ഷങ്ങള്‍ നീളാം, ഈ യാത്ര ചെന്ന് നില്‍ക്കുന്ന പോയിന്റിലായിരിക്കാം നമ്മള്‍ ഈ രംഗത്ത് പ്രൊഫഷണല്‍ ആയി മാറുന്നത്.തുടക്കം മുതല്‍ നമ്മള്‍ ഒന്ന് മികച്ചതായി വരുന്ന പോയിന്റില്‍ വരെ സഹായമായി സോഷ്യല്‍മീഡിയ കൂടെയുണ്ടാകും.ചെയ്യുന്ന വര്‍ക്കുകളൊക്കെ അപ്ലോഡ് ചെയ്യുമ്പോള്‍ വെറുതെ ആരും നല്ലതെന്ന് പറയില്ല.അതിലെന്തെങ്കിലും റിസല്‍ട്ട് നല്ലത് തന്നെയായിരിക്കണം.
ഇതിനൊക്കെ പുറമെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന രീതി ഒക്കെ നമ്മളില്‍ ആത്മവിശ്വാസം വളര്‍ത്തും.ഞാന്‍ ഇപ്പോള്‍ കേക്ക്സിലും ടെറാറിയത്തിലുമൊക്കെ അത്യാവശ്യം നന്നായി ചെയ്യുമെങ്കിലും ഇനിയും മികച്ചതാക്കണമെന്ന ആഗ്രഹവും കഠിനാധ്വാനവും എന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്.
പ്രധാനമായും നിലവില്‍ ബിസിനസില്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകള്‍ ?
കേക്കുകളുടെ കാര്യത്തില്‍ കുറച്ച് ആയാസം കുറവാണെന്ന് പറയാം.ഒത്തിരി സമയം പക്ഷെ ചെലവാക്കേണ്ടിവരും.അത്യാവശ്യം ഒരു ഹെവി കേക്കിന്റെ വര്‍ക്കൊക്കെ വന്നാല്‍ രാപകലില്ലാതെ ഉറക്കമുളച്ച് അത് പൂര്‍ത്തിയാക്കേണ്ടിവരും.അത്രയും ഡെഡിക്കേഷനുള്ളതു കൊണ്ട് തന്നെ നൂറ് ശതമാനം റിസല്‍ട്ടും കിട്ടാറുണ്ട്.
ടെറാറിയത്തില്‍ ഒരുപാട് വെല്ലുവിളികളുണ്ടാകാറുണ്ട്.പ്രധാനമായിട്ടും പറയാനുള്ളത് മഴക്കാലമാണ്.മഴ സീസണില്‍ സൂര്യപ്രകാശം കിട്ടാത്തതിനാല്‍ കുറെ ചെടികളൊക്കെ നശിച്ചു പോകും,അതുപോലെ തന്നെ വളരെ ചൂടുള്ള സമയത്ത് അമിതമായ സൂര്യപ്രകാശം കാരണം ചെടികള്‍ നശിച്ചു പോകാറുണ്ട്.ഫംഗസ് ആക്രമണവും വലിയ ഭീഷണിയാണ്.ഒരു ചെടിയില്‍ വന്നാല്‍ തന്നെ ആ ഇക്കോസിസ്റ്റം മുഴുവന്‍ നശിപ്പിക്കാന്‍ ഫംഗസുകള്‍ക്ക് സാധിക്കും.ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളുള്ളതുകാരണം ടെറാറിയം നിര്‍മ്മാണത്തിന്റെ ആദ്യ നാളുകളില്‍ സൂക്ഷമായ നിരീക്ഷണം തന്നെ നല്‍കിയേ മതിയാകൂ.ചെടിഒപ്പം തന്നെ വേണം.ഇതൊക്കെയാണ് എനിക്ക് നേരിട്ടുള്ള ചെറിയ ബുദ്ധിമുട്ടുകള്‍.
ഇത്തരത്തില്‍ സ്വന്തം പാഷനും താല്‍പര്യങ്ങളും തേടി പോകാന്‍ മടിച്ചു നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട് അവരോട് എന്താണ് പറയാനുള്ളത് ?
നമ്മള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക,പണം സമ്പാദിക്കുക എന്നത് നിസാരമായ അല്ലെങ്കില്‍ ചെറിയ കാര്യമല്ല, പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ ആയ ശേഷം ജോലി ഉപേക്ഷിക്കേണ്ടി വന്ന ഒരുപാട് അമ്മമാരുണ്ട്.അവര്‍ക്കൊക്കെ എന്തെങ്കിലും ഒരു ക്രിയേറ്റിവിറ്റിയുണ്ടാകും അല്ലെങ്കില്‍ ഒരുപാട് ഹോബീസ് ഉണ്ടാകും.അതില്‍ തന്നെ സംരംഭമാക്കാന്‍ കഴിയുന്ന ഒരു ഹോബിയുണ്ടാകാം.അതെന്തെന്ന് കണ്ടുപിടിച്ച് തുടക്കമിടുക എന്നതാണ് പ്രധാനം.പിന്നെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികളും കുറ്റപ്പെടുത്തലുകളുമൊക്കെയുണ്ടാകും.വീട്ടുകാര്‍ പോലും നിരുത്സാഹപ്പെടുത്തിയേക്കാം.അതിലൊന്നും തളരാതെ കൂടുതല്‍ കരുത്തോടെ മികച്ച കഠിനാധ്വാനവും അര്‍പ്പണ ബോധത്തിലും മുന്നോട്ടു പോകുക.പാഷനും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ വിജയിക്കുക തന്നെ ചെയ്യും.നമ്മളെ കൊണ്ടെ ഇതിനു കഴിയുള്ളു എന്ന് ഉറച്ച് ചിന്തിച്ച് വേണം എന്തും ആരംഭിക്കാന്‍.നമുക്ക് നമ്മളിലുള്ള വിശ്വാസമാണ് ഏറ്റവും അത്യാവശ്യം പിന്നെ കഠിനാധ്വാനവും ക്ഷമയും .ക്രിയേറ്റീവ് അല്ലെങ്കില്‍ പോലും ആത്മവിശ്വാസമുണ്ടെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം.
വേദനയ്ക്കും രോഗത്തിനു കാവല്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്ന മാലാഖയുടെ കുപ്പായം അഴിച്ച് രുചി കൊണ്ട് മാജിക് തീര്‍ത്തും പച്ചപ്പ് സംരക്ഷിച്ചും പുതിയ വഴി തെളിയിക്കുകയാണ് ജിന്‍സി.ഒപ്പം കരുത്തേകാന്‍ ഭര്‍ത്താവും കുഞ്ഞുങ്ങളും കുടുംബവുമുണ്ട്.കേക്കുകളില്‍ നിന്ന് ടെറാറിയത്തിലെ കുഞ്ഞന്‍ ചെടികള്‍ക്ക് പരിപാലനം നല്‍കാന്‍ ഒരു നഴ്‌സിനെ പോലെ ഓടിനടക്കുന്ന ജിന്‍സി ടെറാറിയം നിര്‍മ്മാണത്തില്‍ വിദേശികളെ കവച്ചുവെയ്ക്കുന്നു....ഒപ്പം ജീവിതത്തില്‍ കേക്കുകളുമായി മാജിക് തീര്‍ക്കുന്നു...അത്ഭുതമാണ് ഈ പെണ്ണൊരുത്തി.....
മൈക്രോഫോറസ്റ്റ് ഡോട്ട് ഇന്ത്യ : https://www.instagram.com/microforest.india/?hl=en
ഷുഗര്‍ സ്റ്റുഡിയോ : https://www.facebook.com/SugarStudioJins/
Story highlights: Interview with Jincy Varghese, a native of Pathanamthitta and a terrarium expert, and cake baker
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.