- Trending Now:
തിരുവല്ലക്കാരിയായ ബോള്‍ഡും മോഡേണുമായ ഒരു പെണ്‍കുട്ടി, തന്റെ കരിയറൊക്കെ വിട്ട് പുതിയൊരു പാഷന്‍ കണ്ടെത്തി അതില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുന്നു.ലക്ഷ്മി രാജന്‍ പല പെണ്‍കുട്ടികള്‍ക്കും മികച്ചൊരു വഴികാട്ടിയാണ്.തനിക്ക് ഒന്നുമറിയാത്തൊരു മേഖലയില്‍ താല്‍പര്യം കണ്ടെത്തി ആ രംഗത്ത് പ്രശസ്തയാകാന്‍ സമയവും അധ്വാനവും നടത്താന്‍ തയ്യാറായതിന്റെ ഫലമാണ് നിങ്ങളില്‍ പലര്‍ക്കും സുപരിചിതമായ 'CAKE MY DAY'.
പേര് സൂചിപ്പിക്കുന്നത് പോലെ 'കേക്ക് മൈ ഡേ' കേക്കുകളുടെ മാത്രം ലോകമാണ്.പല നിറത്തിലും രൂപത്തിലുമുള്ള ഫ്രഷ്‌നെസ്സ് നിറഞ്ഞു നില്‍ക്കുന്ന ഹോം മെയ്ഡ് കേക്കുകളുടെ വിശാലമായ ലോകം.അവിടെ നമുക്ക് അത്ര പരിചയമില്ലാത്ത പുതു രുചികളുണ്ട്,നിറങ്ങളുണ്ട്,രൂപങ്ങളുണ്ട്.കേക്കുകളുടെ പതിവ് ചേരുവകളും ലുക്കും പ്രതീക്ഷിച്ച് ലക്ഷ്മിയുടെ 'കേക്ക് മൈ ഡേ'യിലേക്ക് ആരും പോകേണ്ട.നമുക്ക് 'കേക്ക് മൈ ഡേ'യുടെ വിശേഷങ്ങള്‍ ലക്ഷ്മിയിലൂടെ തന്നെ അറിയാം...
എന്റെ പേര് ലക്ഷ്മി രാജന്‍,ഞാന്‍ തിരുവല്ലയിലാണ് താമസിക്കുന്നത്.ഭര്‍ത്താവ് ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആണ് ഇപ്പോള്‍ യുകെയില്‍ ഉപരിപഠനത്തിലാണ്.ആറ് വയസ്സുള്ള മകളുണ്ട്, യുകെജിയില്‍ പഠിക്കുന്നു.ഇതൊക്കെയാണ് എന്റെ കുടുംബ വിശേഷങ്ങള്‍.
കസ്റ്റമൈസ്ഡ് ഡിസൈന്‍ കേക്കാണ് പ്രധാനമായും ചെയ്യുന്നത്.അതോടൊപ്പം ഫംങ്ഷനുകള്‍ക്കായി ഡെസേര്‍ട്ട് ടേബിള്‍ വരെ സെറ്റ് ചെയ്ത് കൊടുക്കാറുണ്ട്.തീമിനനുസരിച്ച് കേക്കിന്റെ കൂടെ കപ്പ്‌കേക്ക്‌സ്,ബ്രൗണീസ്,ഡോനട്ട്‌സ്,മൂസ് കപ്പ്‌സ് കേക്ക്‌സ് തുടങ്ങി ഒരുവിധം എല്ലാം തയ്യാറാക്കി അറേഞ്ച് ചെയ്ത് നല്‍കുന്നുണ്ട്.30ലേറെ ഫ്‌ളേവറുകളിലുള്ള കേക്കുകള്‍ ഞാന്‍ ചെയ്യുന്നുണ്ട്.ഇതിനു പുറമെ ക്ലയിന്റ്‌സ് ആവശ്യപ്പെട്ടാല്‍ അതും ചെയ്തു നല്‍കാറുണ്ട്.ഇതാണ് ശരിക്കും കേക്ക് മൈ ഡേയുടെ ഏറ്റവും വലിയ പ്രത്യേകത.
എങ്ങനെയാണ് കേക്കുകള്‍ പുറത്ത് ചെയ്ത് കൊടുക്കാം എന്നെ ഐഡിയയിലേക്ക് എത്തുന്നത് ?
ആദ്യമായിട്ട് ഞാനുണ്ടാക്കിയ കേക്കൊക്കെ സത്യം പറഞ്ഞാല്‍ വളരെ മോശമായിരുന്നു.കാണുമ്പോള്‍ നമുക്ക് ഈസിയായി തോന്നുമെങ്കിലും കേക്ക് അത്ര സിംപിളാണെന്ന് പറയാനാകില്ല.തുടക്കത്തിലൊക്കെ യൂട്യൂബില്‍ നിന്നൊരു റസിപ്പി എടുത്ത് പരീക്ഷിച്ചു നോക്കും, അതാണെങ്കിലോ വായില്‍ വെക്കാന്‍ പോലും കൊള്ളില്ല.പിന്നെ കുറേയേറെ ട്രൈ ചെയ്തു.ഉണ്ടാക്കുന്നതിലേറെയും ഞാന്‍ കഴിച്ചു,കുറെ ഭര്‍ത്താവിനെ കൊണ്ട് കഴിപ്പിച്ചു,കുറെ കളഞ്ഞു പിന്നെ...പിന്നെ അയല്‍പക്കത്തും സുഹൃത്തുക്കള്‍ക്കും ഒക്കെ കൊടുത്ത് തീര്‍ത്തു ഇതൊക്കെയായിരുന്നു ആദ്യകാലങ്ങളിലെ കലാപരിപാടികള്‍.ഒരു വിധം കേക്ക് ശരിയായി എന്ന് എനിക്ക് ഉറപ്പായപ്പോള്‍ പുറത്ത് കൊടുത്തു നോക്കാം എന്ന് കരുതി.എന്റെ ഭര്‍ത്താവിനൊപ്പം ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്തിരുന്ന സുഹൃത്തുക്കള്‍ക്ക് കൊടുത്തു. കാശിനൊന്നുമല്ല അവര് കഴിച്ചിട്ട് അഭിപ്രായം അറിയുകയായിരുന്നു ലക്ഷ്യം.കൊള്ളാലോ എന്നൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴാണ് എന്നാല്‍ ശരി നമുക്ക് ഈ പണി തുടരാം എന്ന് ബോധ്യം വന്നത്.അങ്ങനെ ഭര്‍ത്താവ് വഴി ഓഫീസിലെ പരിപാടികള്‍ക്കും സുഹൃത്തുക്കളുടെ ആഘോഷങ്ങളിലുമൊക്കെയായി ചെറിയ ഓര്‍ഡറുകളില്‍ ഞാന്‍ കേക്ക് ഉണ്ടാക്കി തുടങ്ങി.പതിയെ പതിയെ അതങ്ങ് വലിയ രീതിയില്‍ വ്യാപിച്ചു എന്ന് പറയാം.
കേക്ക് മൈ ഡേ എന്ന പേര് എങ്ങനെ വന്നു ?
ആദ്യത്തെ ഒരു മാസം പ്രത്യേകിച്ച് പേരൊന്നും ഇല്ലാതെയാണ് ഞാന്‍ കേക്കുകള്‍ വില്‍പ്പന നടത്തിയതൊക്കെ.പിന്നെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമപ്പുറം കുറച്ചു പേരെങ്കിലും അറിയണമല്ലോ എന്ന് തോന്നി.ഒരു ഇന്‍സ്റ്റഗ്രാം,ഫെയ്‌സ്ബുക്ക് പേജ് തുടങ്ങാന്‍ തീരുമാനിച്ചു.അപ്പോഴും കൃത്യമായൊരു പേര് കിട്ടുന്നുണ്ടായിരുന്നില്ല.ഒരുപാട് എഴുതി,കൂട്ടത്തില്‍ കൃത്യമായതും മീനിംഗുള്ളതുമായ പേരായി എനിക്ക് തോന്നിയത് 'CAKE MY DAY' ആയിരുന്നു.എല്ലാ ആഘോഷങ്ങളിലും നമ്മളൊന്നും കേക്ക് വാങ്ങാറില്ല.കുഞ്ഞിന്റെ പിറന്നാള്‍,വെഡ്ഡിംഗ് ആനിവേഴ്‌സറി,വിവാഹം പോലുള്ള വളരെ സ്‌പെഷ്യലായ ആഘോഷങ്ങളില്‍ മാത്രമാണ് കേക്ക് മുറിക്കുന്നത്.ജീവിതത്തില്‍ അത്രയും പ്രാധാന്യമുള്ള സെലിബ്രേഷനുകളില്‍ എല്ലാവരുടെയും ശ്രദ്ധയും കേക്കിലായിരിക്കും.അത് കൊള്ളില്ലെങ്കില്‍ സെലിബ്രേഷന്‍ പോലും നിറംമങ്ങിയതാകും.ഇതൊക്കെ മനസില്‍ വെച്ചാണ് ഒരു 'കേക്ക് ആസ്വദിച്ച് അതിലൂടെ ആഘോഷം മനോഹരമാക്കാം' എന്ന ആശയത്തിലൂന്നി ഞാന്‍ 'കേക്ക് മൈ ഡേ' എന്ന പേര് തെരഞ്ഞെടുക്കുന്നത്.
എന്താണ് കേക്ക് മൈ ഡേയെ വ്യത്യസ്തമാക്കുന്നത് ?
കേക്ക് മൈ ഡേയില്‍ ഞാന്‍ കൂടുതലായും ഉണ്ടാക്കുന്നത് തീം കേക്ക്‌സ് ആണ്.സാധാരണ ഒരു കടയില്‍ പോയാല്‍ നമുക്ക് കിട്ടുന്ന കാറ്റലോഗില്‍ തീം കേക്ക്‌സ് എന്ന് പറഞ്ഞ് കാണുന്നതൊക്കെ ഫോണ്ടന്റ് കേക്ക്‌സ് ആയിരിക്കും.വിപ്പ് ക്രീമില്‍ ഫോണ്ടന്റ് കേക്കുള്‍ ചെയ്യാന്‍ കടകളിലൊന്നും ആരും തയ്യാറാകില്ല.പിന്നെ ഫോണ്ടന്റ് കേക്കുകള്‍ വിലയേറിയതാണ് പലര്‍ക്കും താങ്ങാവുന്നതല്ല.സാധാരണ ആളുകള്‍ ഒരു തീം കേക്കിനായി എത്തുമ്പോള്‍ ഫോണ്ടന്റ് കേക്കുകള്‍ തന്നാല്‍ അത്രയും വില നല്‍കാന്‍ സാധിക്കുമോ?പതിനായിരവും പതിനയ്യായിരവും രൂപയൊക്കെ നല്‍കി ആളുകള്‍ ഫോണ്ടന്റ് കേക്കുകള്‍ വാങ്ങി മുറിക്കുമ്പോള്‍ ഫോണ്ടന്റ് അതെപടി നീക്കം ചെയ്ത് മാറ്റുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്, ഇത്രയധികം പണം നല്‍കി വാങ്ങിയിട്ട് അത് നമ്മള്‍ തന്നെ പാഴാക്കി കളയുന്നത് എനിക്ക് ഒരിക്കലും ശരിയായി തോന്നിയിട്ടില്ല.
അതുകൊണ്ട് തന്നെ ഞാന്‍ ലുക്കിനൊപ്പം ടേസ്റ്റിലും കൂടുതല്‍ ശ്രദ്ധ നല്‍കുന്നു.എന്റെ കൈയ്യില്‍ നിന്ന് വാങ്ങുന്ന കേക്ക് മുഴുവന്‍ ആളുകള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നതായിരിക്കണം എന്ന നിര്‍ബന്ധമുണ്ട്.വിപ്പ് ക്രീം ബേയ്‌സ്ഡ് ഫോണ്ടന്റ് കേക്കുകള്‍ ആണ് എന്റെ സ്‌പെഷ്യല്‍.എന്റെ കൈയ്യില്‍ നിന്ന് വാങ്ങുമ്പോള്‍ ലുക്ക് ഒരിക്കലും കണ്ട് കൊള്ളില്ലെന്ന് വിലയിരുത്തരുത് അതുകൊണ്ട് എല്ലായിപ്പോഴും ഫിനിഷ് ലുക്കില്‍ നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട്.ഒപ്പം മികച്ച ഗുണമേന്മയുള്ള സാധനങ്ങള്‍ ഉപയോഗിച്ച് മാത്രമെ തയ്യാറാക്കാറുള്ളു.വെറുതെ എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ലല്ലോ.കസ്റ്റമേഴ്‌സ് വാങ്ങിയിട്ട് അവരത് കഴിച്ച ശേഷം വീണ്ടും കേക്കിനായി എന്റെയടുത്ത് എത്തണം ഈ ഒരുകാര്യം മുന്നില്‍വെച്ചാണ് എപ്പോഴും കേക്കുകള്‍ തയ്യാറാക്കുന്നത്.
ഇതൊരു ഹോബിയായി ചെയ്യുന്നതാണോ ?
അല്ല എന്ന് പറയുന്നതാകും ശരി.ഞാന്‍ 'കേക്ക് മൈ ഡേ' ഒരു ഹോബിയുടെ പുറത്ത് ചെയ്യുന്നതല്ല.മീഡിയയുമായി ബന്ധപ്പെട്ടാണ് ഞാന്‍ എന്റെ ഡിഗ്രിയും പിജിയും ഒക്കെ ചെയ്തത്.ഗ്രാഫിക് ഡിസൈനിംഗിലായിരുന്നു സ്‌പെഷ്യലൈസേഷന്‍.പഠനം കഴിഞ്ഞ് ഏകദേശം നാല് വര്‍ഷത്തോളം ഞാന്‍ ജോലി ചെയ്തിരുന്നു.അത് കഴിഞ്ഞ് 2015ല്‍ ഗര്‍ഭകാലത്തെ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ഒക്കെ കാരണം എനിക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നു.കുഞ്ഞ് ജനിച്ച ശേഷം വീണ്ടും ജോലിയില്‍ പ്രവേശിക്കാം എന്നൊക്കെയായിരുന്നു പ്ലാനിംഗ് എങ്കിലും അതൊന്നും നടന്നില്ല.ശരിക്കു പറഞ്ഞാല്‍ ഒരു വര്‍ഷത്തോളം ഞാന്‍ വീട്ടില്‍ വെറുതെയിരുന്നു.ഈ അവസരത്തിലാണ് എന്റെ സഹോദരന്‍ നിനക്ക് ഹോം ബേക്കിംഗ് ആരംഭിച്ചു കൂടെ എന്ന് ചോദിക്കുന്നത്.
ഞാന്‍ എന്റെ മകളുടെ ആദ്യ പിറന്നാളിന് കേക്ക് ഒരു ഹോം ബേക്കറുടെ കൈയ്യില്‍ നിന്നാണ് വാങ്ങുന്നത്.അന്നത്തെ സെര്‍ച്ചിംഗ് ഒക്കെ കണ്ടാണ് ബ്രദര്‍ എന്നോട് ഹോം ബേക്കിംഗ് ട്രൈ ചെയ്യാന്‍ ആവശ്യപ്പെടുന്നത്.കുക്കിംഗ് ഒട്ടും താല്‍പര്യമില്ലാത്ത ഞാന്‍ എങ്ങനെ ബേക്കിംഗ് ചെയ്യും എന്നതായിരുന്നു എന്നെ വലച്ചത്.ചിന്തകള്‍ തുടരുന്നതിനിടയിലാണ് ബ്രദര്‍ തന്നെ ഒരു വീഡിയോ ലിങ്ക് എനിക്ക് അയച്ചു തരുന്നത്.കുക്കിംഗ് ഇഷ്ടമേയല്ലാത്ത ഞാന്‍ ആ വീഡിയോ കണ്ട് ശരിക്കും ത്രില്ലടിച്ചു.ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നത് ശരിക്കും എന്നെ വണ്ടറടിപ്പിച്ചു.കുഞ്ഞുള്ളതു കൊണ്ട് രാത്രിയിലെ ഉറക്കം ഒക്കെ ഒരു വഴിയാണ്.രാത്രി മുഴുവന്‍ ഇരുന്ന് ഒരുപാട് കേക്ക് മേക്കിംഗ് വീഡിയോകള്‍ കണ്ടു അതില്‍ തന്നെ എനിക്ക് ഏറ്റവും സിംപിളായി തോന്നിയ ഒരു ചോക്ലേറ്റ് കേക്കുണ്ടാക്കി നോക്കാം എന്ന് തീരുമാനിച്ചു.അത് ശരിക്കും പൊട്ടിപാളീസായി.ഭര്‍ത്താവ് എല്ലാത്തിനു വലിയ സഹായം ആയിരുന്നു ആവശ്യമായ സാധനങ്ങളൊക്കെ കൃത്യം അളവില്‍ ചേര്‍ത്ത് പിന്നെയും കേക്കുണ്ടാക്കി.ലുക്ക് അത്ര നന്നായില്ലെങ്കിലും ടേസ്റ്റ് ഒക്കെ ഒരുവിധം ഒകെയായിരുന്നു.പിന്നെയും വീഡിയോസ് കണ്ടും ബുക്ക്-ഓണ്‍ലൈന്‍ ലേഖനങ്ങളൊക്കെ വായിച്ചുമാണ് ഞാന്‍ കേക്ക് ബേക്ക് ചെയ്യാന്‍ പഠിക്കുന്നത്.ഒരു കോഴ്‌സ് പോലും ചെയ്തിട്ടില്ല.ഒരു പക്ഷെ എന്റെയുള്ളില്‍ മറഞ്ഞിരുന്ന ഒരു കഴിവായിരുന്നിരിക്കണം ബേക്കിംഗ്,സമയവും സന്ദര്‍ഭവും വന്നപ്പോള്‍ അതെനിക്ക് തിരിച്ചറിയാനായി.
ബേക്ക് ചെയ്യുമ്പോള്‍ ഞാനൊരുപാട് സന്തോഷവതിയാണ് ഒപ്പം എന്റെ കേക്ക് വാങ്ങിയവരൊക്കെ കഴിച്ചിട്ട് 'ലക്ഷ്മി കേക്ക് സൂപ്പറായിട്ടുണ്ട്' എന്നൊക്കെ പറയുമ്പോള്‍ വല്ലാത്തൊരു അനുഭൂതിയാണ്.ഇന്ന് ഇതെനിക്ക് എന്റെ പാഷനാണ്,വെറുതെയൊരു ഹോബിക്ക് പുറത്ത് ചെയ്യുന്നതൊന്നുമല്ല.ഞാന്‍ വളരെ ഇഷ്ടത്തോടെ ചെയ്യുന്നതാണ്,അതും നൂറുശതമാനം സംതൃപ്തിയോടെ.
സോഷ്യല്‍മീഡിയയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ആണോ കൂടുതല്‍ ? പൊതുവെ എങ്ങനെ പോകുന്നു ഇപ്പോള്‍ ബിസിനസ് ?
സോഷ്യല്‍മീഡിയ വഴിയാണ് ഓര്‍ഡറുകള്‍ കൂടുതലും.ഗൂഗിള്‍ ബിസിനസ് പേജും ഒരു ഇന്‍സ്റ്റാ-ഫെയ്‌സ്ബുക്ക് പേജും ഉണ്ട്.പക്ഷെ ഞാന്‍ എഫ്ബിയില്‍ അത്ര ആക്ടീവല്ല.എനിക്ക് തോന്നുന്നു ഫെയ്‌സ്ബുക്കിനെക്കാള്‍ കൂടുതല്‍ എന്റെ ബിസിനസ് ഗൂഗിള്‍ പേജ് വഴി വളരുന്നുണ്ട്.ഇന്‍സ്റ്റ പേജിലൂടെയും ഓര്‍ഡറുകള്‍ കിട്ടാറുണ്ട്.പക്ഷെ ഇതിനൊക്കെ പുറമെ ആളുകള്‍ പറഞ്ഞും റെക്കമന്‍ഡ് ചെയ്തും ഒക്കെ മൗത്ത് പബ്ലസിറ്റി കാരണം കിട്ടുന്ന ഓര്‍ഡറുകളും ഉണ്ട്.
ബിസിനസ് ഒക്കെ ഇപ്പോള്‍ നന്നായിട്ടു തന്നെ പോകുന്നുണ്ട്.ഞാന്‍ ഹാപ്പിയാണ്,ബിസിയാണ് ,നന്നായിട്ട് ഓര്‍ഡറുകള്‍ കിട്ടുന്നുണ്ട്.എന്റെ ലൈഫില്‍ ഗ്രാഫിക് ഡിസൈനര്‍ എന്നറിയപ്പെടാന്‍ തന്നെയായിരുന്നു ആഗ്രഹം.ഒരിക്കലും അതിനു മുകളില്‍ മറ്റെന്തെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമെന്നോ,അതില്‍ എനിക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കുമെന്നോ കരുതിയിരുന്നില്ല.ഒരു പക്ഷെ ഞാന്‍ ബേക്കിംഗ് തുടങ്ങിയിരുന്നില്ലെങ്കില്‍ ഓഫീസില്‍ വലിയ സ്‌ട്രെസ്സിലൊക്കെ ഇരുന്ന് ഇപ്പോഴും ജോലി ചെയ്യേണ്ടി വന്നേനെ.എന്ന് കരുതി ബേക്കിംഗ് ഈസി ജോബല്ല.സ്‌ട്രെസ്സുണ്ട് പക്ഷെ നമ്മള്‍ ഇഷ്ടപ്പെട്ട് ചെയ്യുമ്പോള്‍ അതിലുണ്ടാകുന്ന സമ്മര്‍ദ്ദം പോലും വേഗം മറികടക്കാന്‍ കഴിയും.
ഒരു ഓര്‍ഡര്‍ കിട്ടുമ്പോളള്‍ ഡിസൈന്‍,കളര്‍ തീം,ഫ്ളേവറുകള്‍ അടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള വലിയൊരു പ്രീപ്രൊഡക്ഷന്‍ ജോലി തന്നെ വേണ്ടി വരാറില്ലെ ?
ഒരു കേക്കിന് ആവശ്യമായ ഫ്‌ളേവേഴ്‌സ് ആണേലും,സോസ് ആണേലും,ഫില്ലിംഗ് ആണേലും ഒക്കെ ഹോം മെയ്ഡ് ആണ് കംപ്ലീറ്റ് ഹോം മെയ്ഡ് കേക്കാണ് ഞാനുണ്ടാക്കുന്നത്.ഒരു സിംപിള്‍ കേക്ക് ബേക്ക് ചെയ്‌തെടുക്കാന്‍ തന്നെ കുറഞ്ഞത് എട്ട് മണിക്കൂര്‍ വേണ്ടിവരും.സ്‌പെഷ്യല്‍ കേക്കുകള്‍ക്കായി ഒരുപാട് മണിക്കൂറുകളെടുക്കും.കേക്കിനു വേണ്ടിയുള്ള പ്ലാനിംഗ്,സ്‌കെച്ച്,തീം ഡിസൈന്‍ ചെയ്യുന്നത്,കളര്‍ സെലക്ട് ചെയ്യുന്നത് ഇതിനൊപ്പം ക്ലയിന്റ്‌സിനെ ഡീല്‍ ചെയ്യണം.ഇതൊക്കെ ഞാന്‍ തന്നെ ഒറ്റയ്ക്കാണ് ചെയ്യുന്നത്.ഞായറഴ്ചയടക്കം ഞാന്‍ ദിവസവും അഞ്ച് കേക്ക് എടുക്കാറുണ്ട്.പക്ഷെ വിവാഹ കേക്കുപോലുള്ള ഹെവി ഓര്‍ഡര്‍ കിട്ടിയാല്‍ ഞാന്‍ അന്ന് മറ്റൊന്നും എടുക്കാറില്ല.
സാധാരണ കാണുന്ന കേക്കുകളില്‍ നിന്നും വളരെ വ്യത്യസ്തമായ തീമും കളറുകളും ആണ് കേക്ക് മൈ ഡേയില്‍ കാണാന്‍ സാധിക്കുന്നത്.ഇത് ക്രിയേറ്റീവ് തിങ്കിംഗിന്റെ ഭാഗമായി ഉണ്ടാകുന്നതാണോ ?
അതെ,എല്ലാം ക്രിയേറ്റീവ് ചിന്തികളുടെ ഭാഗമായി തന്നെ ഉണ്ടാകുന്നതാണ്.പൊതുവെ കസ്റ്റമേഴ്‌സ് എത്തുമ്പോള്‍ അവരുടെ ബഡ്ജറ്റ് പറയും ഉദാഹരണത്തിന് 5000 രൂപയാണ് ബഡ്ജറ്റ് ജംഗിള്‍ തീം കേക്കാണ് വേണ്ടത്.പക്ഷെ ഇന്‍സ്റ്റയിലും മറ്റിടങ്ങളിലും ഒക്കെ എപ്പോഴും കാണുന്ന ടൈപ്പ് വേണ്ട വ്യത്യസ്തമായ രീതിയില്‍ ചെയ്തു തരണം എന്ന് പറയുന്ന കസ്റ്റമേഴ്‌സുണ്ട്.അത്തരക്കാര്‍ക്ക് വേണ്ടി ഞാന്‍ തന്നെ ഒരു സ്‌കെച്ച് തയ്യാറാക്കി അയച്ച് അവരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം പണി തുടങ്ങും.ചിലര്‍ റഫറന്‍സ് ചിത്രങ്ങളുമായിട്ടൊക്കെയാകും വരുന്നത് അത് തന്നെ വേണമെന്ന് പറയും.പക്ഷെ ക്ലൈയിന്റ്‌സില്‍ ഫ്രീഡം തരുന്നവരുണ്ട് കേട്ടോ,നമ്മുടെ ഇഷ്ടത്തിന് ചെയ്യാന്‍ എല്ലാ സ്വതന്ത്ര്യവും തരും അപ്പോഴാകും വളരെ വ്യത്യസ്തങ്ങളായ കേക്കുകള്‍ ചെയ്യാന്‍ സാധിക്കുന്നത്.എന്നിരുന്നാലും ക്ലൈയിന്റ്‌സിന്റെ തൃപ്തിയാണ് എനിക്ക് പ്രധാനം അവര്‍ ആവശ്യപ്പെടുന്നത് പോലെ ചെയ്തു കൊടുക്കും.
ആളൊരു ഗ്രാഫിക് ഡിസൈനര്‍ ആണ് ? ആ കരിയര്‍ ബേക്കിംഗില്‍ ഏതെങ്കിലും വിധത്തില്‍ സഹായിച്ചിട്ടുണ്ടോ ?
ഗ്രാഫിക് ഡിസൈനര്‍ ആണ്,എന്റെ ആ കരിയര്‍ ശരിക്കും ബേക്കിംഗില്‍ ഒരുപാട് ഹെല്‍പ് ചെയ്തിട്ടുണ്ട്, ചെയ്യുന്നുണ്ട്.പ്രത്യേകിച്ച് നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും പൊസിഷന്‍ ക്രമീകരിക്കുമ്പോഴും ഒക്കെ.ഒരു ക്ലയിന്റ് വന്ന് ഈ കളര്‍ വേണം,ഇങ്ങനെയിരിക്കണം എന്നൊക്കെ പറയുമ്പോള്‍ അത് വിഷ്വലൈസ് ചെയ്യാനും സെക്ച്ച് രൂപത്തിലേക്ക് എത്തിക്കാനും ഒക്കെ ഗ്രാഫിക് ഡിസൈനിംഗ് പഠിച്ചത് സഹായിക്കുന്നു.എന്നെ ഡിസൈനിംഗ് പഠിപ്പിച്ച അധ്യാപകരു പോലും കേക്കിലേക്ക് ഞാന്‍ പഠിച്ചത് പ്രാവര്‍ത്തികമാക്കുന്നുണ്ടെന്ന് പറഞ്ഞ് അഭിനന്ദിക്കാറുണ്ട്.
കുടുംബത്തിന്റെ സപ്പോര്‍ട്ട് ?
സഹോദരനാണ് എന്റെ പില്ലര്‍ എന്ന് വേണമെങ്കില്‍ പറയാം.എനിക്ക് തുടക്കത്തില്‍ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു.ഞാന്‍ ഇതു ചെയ്താല്‍ ശരിയാകുമോ,ബേക്കിംഗ് എന്താണെന്ന് പോലും അറിയില്ല,കേക്കിന്റെ ബേസ് പോലും പുറത്ത് നിന്ന് വാങ്ങിക്കാമെന്ന് തിരിച്ചറിയുന്നത് വൈകിയാണ്.ആദ്യമൊക്കെ തെര്‍മോക്കോളില്‍ ഞാന്‍ ഇതൊക്കെ ഉണ്ടാക്കി എടുക്കുമായിരുന്നു.അത്രയ്ക്ക് സീറോ ആയ എന്നെ ശരിക്കും കൃത്യസമയത്ത് മോട്ടിവേറ്റ് ചെയ്യിപ്പിച്ച് ധൈര്യം തന്നത് കുടുംബം തന്നെയാണ്.ഇവിടം വരെയെങ്കിലും ഞാനെത്തിയതിന് പിന്നില്‍ സുഹൃത്തുക്കളും കുടുംബവും ഒക്കെയാണ്.ഓഫീസില്‍ ഒരു ബോസിന്റെ കീഴില്‍ പണിയെടുക്കുന്നതിനെക്കാള്‍ സന്തോഷത്തോടെ എല്ലാവരുടെയും അഭിനന്ദനവും അതോടൊപ്പം വിമര്‍ശനവും ഒക്കെ കേള്‍ക്കാനും അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളാനുമൊക്കെ കഴിയുന്നുണ്ട്.
കേക്ക് മൈ ഡേയുടെ ഫ്യൂച്ചര്‍ പ്ലാനുകള്‍ എന്താണ് ?
ഹ..ഹാ..ഹാ ഇപ്പോള്‍ ഈ ഒഴുക്കിനനുസരിച്ച് പോകട്ടെ,തല്‍ക്കാലം മറ്റ് പ്ലാനുകളൊന്നുമില്ല.മികച്ച കേക്കുള്‍ നല്ല ഗുണനിലവാരത്തിലുള്ളത് തയ്യാറാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമെയുള്ളു.തിരുവല്ലയ്ക്ക് പുറമെയും ഞാന്‍ കേക്ക് ഡെലിവറി ചെയ്യുന്നുണ്ട്.അതിനായി ഡെലിവറി പാര്‍ട്ട്ണറും എനിക്കുണ്ട്,എവിടെ വേണമെങ്കിലും കേക്കുകള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ട്.
ആലുവ,പത്തനംതിട്ട,കൊട്ടാരക്കര തുടങ്ങി പലയിടത്തും ഡെലിവറി ചെയ്തിട്ടുണ്ട്.ചില കേക്കുകള്‍ പ്രത്യേകിച്ച് ഡ്രൈ കേക്കുകള്‍ ബാംഗ്ലൂരിലും ഖത്തറിലും വരെ കൊറിയര്‍ ചെയ്തിട്ടുണ്ട്.പരമാവധി എത്തിക്കാവുന്നിടത്തൊക്കെ എന്റെ കേക്കുകള്‍ എത്തിക്കുക എന്നതിലേക്കായാണ് എന്റെ പരിശ്രമം മുഴുവന്‍.
കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെ പോലും ഞെട്ടിക്കുന്ന ഡിസൈനുകളും വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന രുചിക്കൂട്ടുകളുമായി തന്റെ കേക്ക് മൈ ഡേയിലൂടെ മാജിക് തുടരുകയാണ് ലക്ഷ്മി...
ഫെയ്‌സ്ബുക്ക് : https://www.facebook.com/cakemyday.lakshmi
ഇന്‍സ്റ്റഗ്രാം : https://www.instagram.com/cakemyday_9/?hl=en
Story highlights: Want to start your own cake business? In this blog post Lakshmi Rajan, owner of Cake My Day, shares her tips on running a successful baking business.Here are some of the key things she recommends when starting a new cake business.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.