- Trending Now:
പറഞ്ഞു പഴകിയ വിഷയങ്ങള്‍ ഉപേക്ഷിക്കുമ്പോളല്ല, പറഞ്ഞു പഴകിയ സാമൂഹ്യ പ്രശ്‌നങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് വ്യത്യസ്ത തലത്തില്‍ അവതരിപ്പിക്കുമ്പോഴാണ് സിനിമ എന്ന മാധ്യമം ജനങ്ങള്‍ ഏറ്റെടുക്കുന്നത്
ആശയവും അറിവും മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു മാധ്യമമാണ് സിനിമ. കാലത്തിനനുസരിച്ച് രൂപവും ഭാവവും മാറുന്ന സിനിമ മനുഷ്യന്റെ മാറ്റങ്ങളെ പ്രകടമാക്കുന്ന ഒന്നു കൂടിയാണ്. വിനോദം എന്ന തലത്തില്‍ നിന്ന് എത്രയോ മുകളിലാണ് ജനങ്ങളുടെ മനസില്‍ ഇപ്പോള്‍ സിനിമയുടെ സ്ഥാനം. അത് സിനിമാ പ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയും ചിന്താധാരയെ വരച്ചു കാണിക്കുന്നു. സാമൂഹ്യ പ്രശ്‌നങ്ങള്‍ സിനിമയാകുന്നതും സിനിമ സമൂഹത്തെ മാറ്റിമറിക്കുന്നതും ഇപ്പോള്‍ നമുക്കൊരു പുതുമയല്ല.
പറഞ്ഞു പഴകിയ വിഷയങ്ങള്‍ ഉപേക്ഷിക്കുമ്പോളല്ല, പറഞ്ഞു പഴകിയ സാമൂഹ്യ പ്രശ്‌നങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ച് വ്യത്യസ്ത തലത്തില്‍ അവതരിപ്പിക്കുമ്പോഴാണ് സിനിമ എന്ന മാധ്യമം ജനങ്ങള്‍ ഏറ്റെടുക്കുന്നത്. അത്തരത്തിലുള്ള സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു സിനിമയാണ് കാടകലം. പച്ചയായ മനുഷ്യരുടെ ജീവിതം പറഞ്ഞ് നിരവധി പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോഴും പല സിനിമാ പ്രദര്‍ശനങ്ങളിലും കാടകലം ചര്‍ച്ചാവിഷയതുമായിരുന്നു. കാടകലം എന്ന സിനിമയുടെ തിരക്കഥാകൃത്തായ ജിന്റോ തോമസുമായി ദി ലോക്കല്‍ ഇക്കണോമി സബ് എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം.
കാടകലം എന്ന ദൃശ്യാനുഭവത്തിന്റെ എഴുത്ത്
വളരെ അവിചാരിതമായാണ് ഞാന്‍ തിരക്കഥാകൃത്ത് എന്ന മേഖലയിലേക്ക് പ്രവേശിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട പല മേഖലകളിലും പ്രവര്‍ത്തിക്കുന്ന ഞാന്‍ പ്രധാനമായും അസിസ്റ്റന്റ് ഡയറക്ടര്‍, അസോസിയേറ്റ് ഡയറക്റ്റര്‍ ആയാണ് ജോലി ചെയ്യുന്നത്. സംവിധായകനായ സഖില്‍ രവീന്ദ്രനാണ് എന്നോട് കാടകലത്തിന്റെ ആശയത്തെ കുറിച്ച് ആദ്യമായി അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പരിചയത്തിലുള്ള ഒരാളുടെ ജീവിതവുമായി ബന്ധപ്പെടുത്തിയാണ് കഥ രൂപപ്പെട്ടത്. പിന്നീട് ഞാനും സഖില്‍ രവീന്ദ്രനും ചേര്‍ന്ന് അതിനെ തിരക്കഥാ രൂപത്തില്‍ സൃഷ്ടിക്കുകയായിരുന്നു. എഴുത്തിനോട് ഇഷ്ടമുണ്ടായിരുന്ന എനിക്ക് അതൊരു വ്യത്യസ്ത അനുഭവവും പുത്തന്‍ പ്രതീക്ഷയുമായി മാറി.
അറിവില്ലായ്മയില്‍ നിന്ന് നേടിയെടുത്തത്
കോഴിക്കോടിലെ ചക്കിട്ടപ്പാറയിലാണ് എന്റെ സ്വദേശം. ചെറുപ്പക്കാലത്ത് സിനിമയെ കുറിച്ച് വലിയ ധാരണയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അതിനാല്‍ കിട്ടുന്ന തിരക്കഥാ പുസ്തകങ്ങള്‍ ഒക്കെ ഞാന്‍ ഹൃദിഷ്ടമാക്കിയിരുന്നു. പ്ലസ്ടു പഠനം കഴിഞ്ഞാണ് സിനിമയെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങിയത്. തുടര്‍ന്നാണ് സിനിമ പഠിക്കാനായി ഞാന്‍ എറണാകുളത്തേക്ക് എത്തിച്ചേര്‍ന്നത്. കൊച്ചി ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷമാണ് സിനിമയെ കുറിച്ച് കുറച്ചെങ്കിലും അറിവ് ലഭിച്ചത്. കൂടാതെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കളും, അധ്യാപകരുമായുള്ള ഇടപെടല്‍ എന്നില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. അങ്ങനെയാണ് ഇന്നുള്ള എന്നിലേക്ക് എത്താന്‍ സാധിച്ചത്.
സിനിമയോടുള്ള അതിയായ ആഗ്രഹം
പഠന കാലത്ത് നാടകങ്ങള്‍ കളിച്ചും അവ കണ്ടും എന്റെ മനസില്‍ അഭിനയവും സിനിമയും വേരുറച്ചിരുന്നു. ആ അതിയായ ആഗ്രഹം തന്നെയാണ് ഒന്നുമറിയാത്ത ഒരു പയ്യന് കൊച്ചിയിലേക്ക് വണ്ടികയറാനുള്ള ധൈര്യം നല്‍കിയത്. ഇപ്പോഴും സിനിമയോട് അടങ്ങാത്ത ആഗ്രഹമുണ്ട്, എന്റെ മനസില്‍. അതുകൊണ്ട് തന്നെയാണ് സിനിമാ മേഖലയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഭാഗമാകാന്‍ ശ്രമിക്കുന്നത്. നിലവിലെ ട്രെന്‍സ് അനുസരിച്ച് വെബ് സീരിസുകളിലും പരസ്യ മേഖലയിലും എന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
പ്രതിസന്ധികളോടുള്ള പോരാട്ടം
എല്ലാ മേഖലയിലും വിജയം നേടണമെങ്കില്‍ പ്രതിസന്ധികള്‍ തരണം ചെയ്‌തേ മതിയാകൂ. എന്നാല്‍ സിനിമയെ പോലുള്ള കലാ മേഖലകളില്‍ വിജയം നേടണമെങ്കില്‍ വളരെയധികം ക്ഷമയും അദ്ധ്വാനവും അറിയുവാനുള്ള അതിയായ ആഗ്രഹവും സമര്‍പ്പണ മനോഭാവവും ആവശ്യമാണ്. ആഗ്രഹത്തോടെയും കഴിവുകളോടെയും സിനിമാ മേഖലയിലേക്ക് പ്രവേശിക്കുന്നവര്‍ക്കും തുടക്കത്തില്‍ തന്നെ പ്രതീക്ഷിക്കുന്ന ഫലം ലഭിച്ചുവെന്നു വരില്ല. നിരന്തര ശ്രമവും ആത്മവിശ്വാസവും ക്ഷമയും കൈവിടാതെ പ്രതിസന്ധികളോട് പോരാടുന്നവര്‍ക്ക് മാത്രമേ വിജയം കരസ്ഥമാക്കാന്‍ സാധിക്കുകയുള്ളൂ. എനിക്ക് തുടക്കത്തില്‍ വരുമാനമൊന്നും ലഭിച്ചിരുന്നില്ല, എന്നാല്‍ ലക്ഷ്യം എന്നെ കൈ പിടിച്ചുയര്‍ത്തി. അതിനാല്‍ ഇപ്പോഴും ആത്മവിശ്വാസത്തോടെ നിരന്തരം പരിശ്രമിക്കുന്നു.
സിനിമ മേഖലയും കുടുംബവും
സിനിമാ മേഖലയുമായി ഒരുതരത്തിലും ബന്ധമില്ലാത്തവ കുടുംബമാണ് എന്റേത്. എന്നാല്‍ സിനിമയോടുള്ള എന്റെ ആഗ്രഹത്തിന് വീട്ടുകാര്‍ എതിര് നിന്നിരുന്നില്ല. അച്ഛന്‍ തോമസും അമ്മ മോളിയും എനിക്ക് പിന്തുണ നല്‍കി. ചേട്ടന്‍ ജിനോയും ഭാര്യ ജോതിസും അനിയന്‍ ജിബിനും ഇപ്പോഴും എനിക്ക് പ്രോല്‍സാഹനം നല്‍കുന്നുണ്ട്.
മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന കാലഘട്ടം
മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കാലഘട്ടം വളരെയധികം തയ്യാറായിരിക്കുന്നു. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമയും പ്രേക്ഷകരും വലിയൊരു പ്രതീക്ഷയാണ്. എല്ലാ തരത്തിലുള്ള സിനിമകളുടെയും അഭിപ്രായങ്ങളും നിരൂപണങ്ങളും പ്രേക്ഷകരില്‍ നിന്നില്‍ ലഭിച്ചു തുടങ്ങിയതോടെ സിനിമ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. കൂടാതെ സിനിമയില്‍ നടത്തുന്ന പുത്തന്‍ പരീക്ഷണങ്ങളെ അതേ അര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്കും കഴിഞ്ഞു വരുന്നുണ്ട്. തിരക്കേറിയ ജീവിതത്തില്‍ പോലും സിനിമകള്‍ക്കായി സമയം കണ്ടെത്തുന്ന സമൂഹവും, പ്രേക്ഷകര്‍ക്ക് പ്രാധാന്യം നല്‍കുന്ന സിനിമാ പ്രവര്‍ത്തകരും ദിനംപ്രതി മാറ്റങ്ങള്‍ മനസിലാക്കുന്നു. ഇത് പുത്തന്‍ ഉണര്‍വും പ്രോല്‍സാഹവുമാണ് ഈ മേഖലയ്ക്ക് നല്‍കുന്നത്.
മലയാള സിനിമയുടെ വളര്‍ച്ച
മലയാള സിനിമയുടെ വളര്‍ച്ച ഇന്ന് ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്. അതിന് പ്രധാന കാരണം ഒടിടി റിലീസുകളാണ്. മലയാളത്തിലെ മികച്ച സിനിമകള്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന് സാധിക്കുന്നുണ്ട്. കൂടാതെ വ്യത്യസ്തവും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്നതുമായ സിനിമകള്‍ വിവിധ പ്രദര്‍ശന വേദികളില്‍ ഇടംപിടിക്കുന്നുണ്ട്. ആര്‍ട്ട് സിനിമകളെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കാന്‍ സിനിമാ പ്രവര്‍ത്തകര്‍ തയ്യാറായതോടെ അത്തരം സിനിമകള്‍ക്കും പ്രേക്ഷക പിന്തുണ വലിയ രീതിയില്‍ ലഭിച്ചു തുടങ്ങി. ഇത് മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക വിജയത്തിനും പ്രോല്‍സാഹനം നല്‍കി.
കേരളത്തില്‍ ഏറെ പ്രസക്തമായ വിഷയത്തെ സിനിമയെന്ന വലിയൊരു മാധ്യമത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കാടകലം എന്ന ചലച്ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ലോക ശ്രദ്ധ ആര്‍ജിക്കുന്ന തരത്തില്‍ മലയാള സിനിമയെ ഉയര്‍ത്തി കൊണ്ടു വരാന്‍ ഇത്തരം സിനിമകള്‍ക്ക് കഴിയും. എല്ലാ മേഖലയെയും സസൂക്ഷം നിരീക്ഷിച്ച് മികച്ച വിഷയങ്ങള്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതിന് സിനിമ പ്രാധാന്യം നല്‍കി വരുന്നു. കൂടാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ലോകത്തോട് വിളിച്ചു പറയാന്‍ സിനിമാ പ്രവര്‍ത്തകരും ധൈര്യം കാണിക്കുന്നുണ്ട്.
പ്രേക്ഷകരില്‍ നിന്നുള്ള പിന്തുണയുടെ അടിസ്ഥാനത്തിലാണ് സിനിമാ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ട് പോകുന്നത്. മലയാള സിനിമയെ പ്രശസ്തിയുടെ കൊടിമുടിലെത്തിക്കാനും പുത്തന്‍ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വയ്ക്കാനും ജനങ്ങളുടെ പ്രോല്‍സാഹം കൂടിയേ തീരൂ. അവയൊക്കെ തന്നെയാണ് ജിന്റോ തോമസിനെ പോലെയുള്ള സിനിമാ പ്രവര്‍ത്തകരുടെ പ്രതീക്ഷ....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.