Sections

വ്യത്യസ്തവും ആരോഗ്യകരവുമായ ബിസിനസ് തുടങ്ങിയ ഷെറിന്‍ മുന്നേറുന്നത് വലിയ ലക്ഷ്യവുമായി

Wednesday, Jun 08, 2022
Reported By Ambu Senan
sherin

ബിസിനസ് തുടങ്ങിയ കഥയും വിശേഷങ്ങളും ഷെറിന്‍ പങ്ക് വെയ്ക്കുന്നു

കോളേജിലെ അഡ്മിനിസ്‌ട്രേഷനില്‍ ഉണ്ടായിരുന്ന ജോലി മതിയാക്കി ബിസിനസിലേക്ക് ഇറങ്ങാന്‍ തീരുമാനിക്കുമ്പോള്‍ ഷെറിന് വലിയ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പണം സമ്പാദിക്കുക എന്നതിലുപരി സമൂഹത്തിന് ആരോഗ്യപരമായ ഒട്ടും ഹാനികരമല്ലാത്ത ഒരു ബിസിനസ് എന്നതായിരുന്നു ഷെറിന്റെ സ്വപനം. അത് വഴി ആരോഗ്യമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുക. നിരവധി പഠനത്തിന് ശേഷം എറണാകുളം സ്വദേശിയായ ഷെറിന്‍ പഴമയെ കൂട്ടുപിടിച്ചു കാസ്റ്റ് അയണ്‍ കുക്ക് വെയര്‍, മണ്‍പാത്രങ്ങള്‍, കല്ലുകൊണ്ടുള്ള പാത്രങ്ങള്‍ എന്നിവയുടെ ബിസിനസാണ് ഷെറിന്‍ ആരംഭിച്ചത്. 

പണ്ട് കാലത്ത് ഈ വക പാത്രങ്ങള്‍ സാധാരണമായിരുന്നു. അന്നൊക്കെ ഇന്ന് കാണുന്ന പോലെ 'ജീവിത ശൈലി' രോഗങ്ങള്‍ ഇല്ലായിരുന്നു. ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന പത്രങ്ങള്‍, ഭക്ഷണങ്ങള്‍ മറ്റ് വസ്തുക്കള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. അതിനെല്ലാം ഒരു പരിധിവരെ പരിഹാരമാണ് നമ്മുടെ പൂര്‍വികരുടെ കാലം തൊട്ട് ഉപയോഗിച്ചിരുന്ന ഈ പാത്രങ്ങള്‍. ഇവയുടെ കൂടുതല്‍ ഉപയോഗങ്ങളും ബിസിനസ് തുടങ്ങിയ കഥയും വിശേഷങ്ങളും ഷെറിന്‍ പങ്ക് വെയ്ക്കുന്നു   


എങ്ങനെയാണു ഈ ബിസിനസ് ആരംഭിക്കുന്നത്?

കഴിഞ്ഞ 14 വര്‍ഷം ഞാന്‍ ബംഗളൂരുവിലായിരുന്നു. കുറച്ചു നാള്‍ ഞാന്‍ അവിടെയൊരു എന്‍ജിനിയറിങ് കോളേജില്‍ വൈസ് പ്രസിഡന്റ് അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്നു. ആ ജോലിയില്‍ ഒരു മടുപ്പ് തോന്നിയപ്പോള്‍ അത് ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു. നേരത്തെ തന്നെ ബിസിനസ് എനിക്ക് താല്പര്യമുള്ള മേഖലയായിരുന്നു. അതിനായി നിരവധി ബിസിനസിനെപ്പറ്റി പഠിച്ചു. എന്നാല്‍ സമൂഹത്തിന് ഉപകാരമുള്ള ആരോഗ്യകരമായ ഒരു ബിസിനസ് എന്നത് ഞാന്‍ നേരത്തെ ഉറപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ നല്ല പോലെ പഠിച്ച ശേഷമാണ് ഈ കാസ്റ്റ് അയണ്‍ കുക്ക് വെയര്‍ ബിസിനസിലേക്ക് ഇറങ്ങുന്നത്.

സ്ത്രീകള്‍ അധികം തെരെഞ്ഞെടുക്കാത്ത ഈ ബിസിനസ് ചെയ്യാന്‍ കാരണം?

ഞാന്‍ പറഞ്ഞല്ലോ, ആരോഗ്യകരമായ ബിസിനസ് ആയിരിക്കണം ചെയ്യേണ്ടതെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അത് കൊണ്ട് തന്നെ സ്ത്രീകള്‍ പൊതുവെ ചിന്തിക്കുന്ന ബൗട്ടിക്ക്, കോസ്‌മെറ്റിക് മേഖലയിലേക്ക് ഞാന്‍ നോക്കിയില്ല. കുടുംബത്തിന് ഏറ്റവും നല്ലത് കൊടുക്കണം എന്ന ചിന്ത ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് സ്ത്രീകള്‍ക്കാണല്ലോ. അങ്ങനെ എന്റെ കുടുംബത്തിന് മാത്രമല്ല എന്റെ പ്രിയപ്പെട്ടവര്‍ക്കും എന്റെ ചുറ്റുപാടും ജീവിക്കുന്നവര്‍ക്കും ഗുണമുണ്ടാകുന്ന ഒരു വസ്തുവാണ് ഈ കാസ്റ്റ് അയണ്‍ കുക്ക് വെയര്‍. പിന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചപ്പോള്‍ ചെറിയ മുതല്‍മുടക്കില്‍ ആരംഭിക്കാനാണ് ഞാന്‍ പദ്ധതിയിട്ടതും ആരംഭിച്ചതും. ശരിയായ രീതിയില്‍ പ്ലാന്‍ ചെയ്തത് കൊണ്ട് കുറഞ്ഞ മുതല്‍മുടക്കില്‍ ലഭ്യമായ എല്ലാ ഉത്പന്നങ്ങളും എല്ലാം വെറൈറ്റിയും ഞാന്‍ എടുത്തു. അങ്ങനെ പതിയെ ഞാന്‍ ആരംഭിച്ചു. തുടക്കം മുതല്‍ തന്നെ നല്ല രീതിയിലുള്ള റെസ്‌പോണ്‍സ് ലഭിച്ചു. 

ഈ ഉത്പന്നങ്ങളുടെ ഗുണമേന്മകള്‍, സാധ്യതകള്‍ എന്തൊക്കെയാണ്?

ഞാന്‍ ആദ്യം ഈ ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി. ഞാന്‍ അത് ഉപയോഗിച്ചപ്പോള്‍ ആണ് എനിക്ക് മനസിലായത് സമാനമായ ഉത്പന്നങ്ങളെ കഴിഞ്ഞും മികച്ച ഒരു അനുഭവമാണ് എനിക്ക് കിട്ടിയത്. ഭക്ഷണത്തിന്റെ രുചിയില്‍ ആയാലും ഗുണത്തില്‍ ആയാലും കാസ്റ്റ് അയണ്‍ കുക്ക് വെയര്‍ ഉത്പന്നങ്ങള്‍ മികച്ചു നിന്നു. എന്ത് കൊണ്ട് ഞാന്‍ ഇത് നേരത്തെ ചിന്തിച്ചില്ല എന്ന് വരെ ഓര്‍ത്തു ഞാന്‍. കാരണം കാസറ്റ് അയണ്‍, മണ്‍ പാത്രങ്ങള്‍, കല്ലുകൊണ്ടുള്ള പാത്രങ്ങള്‍ എന്നിവയുടെ ഉപയോഗങ്ങള്‍ പഠിക്കുകയും അത് പരീക്ഷിച്ചു നോക്കി അതിന്റെ ഫലങ്ങളില്‍ പൂര്‍ണ സംതൃപ്തി വന്ന ശേഷമാണ് ഞാന്‍ ഈ ബിസിനസിലേക്ക് കടന്നത്. ഇതില്‍ യാതൊരു തരത്തിലുള്ള വിഷാംശങ്ങള്‍ ഇല്ലായെന്നതാണ് ഏറ്റവും വലിയ ഗുണം. നമ്മുടെ ശരീരത്തിന് 1 ശതമാനം പോലും ഈ ഉത്പന്നങ്ങള്‍ കൊണ്ട് ഹാനിയുണ്ടാവില്ല. ഒരു കാസ്റ്റ് അയണ്‍ ഉത്പന്നം വാങ്ങിയാല്‍ അത് ലൈഫ് ടൈം ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയപോലെയാണ്. കുറഞ്ഞത് 75 വര്‍ഷം ആണ് ഇതിന്റെ കാലാവധിയായി ഞാന്‍ വാങ്ങുന്ന നിര്‍മാതാവ് പറയുന്നത്. ഞാന്‍ എന്റെ ഉപയോക്താക്കള്‍ക്ക് അത്രയും വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും 25 വര്‍ഷം ഞാന്‍ ഗ്യാരണ്ടി കൊടുക്കും. ഇതിന്റെ ഗുണം മനസിലാക്കിയ നിരവധി പേര് ഇപ്പോള്‍ കാസ്റ്റ് അയണ്‍ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അവര്‍ക്ക് ഇത് എങ്ങനെ ഉപയോഗിക്കണം, മെയിന്റൈന്‍ ചെയ്യണം എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. എന്നാലും കുറെ പേരെ പറഞ്ഞു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. എന്നും തിരക്കേറിയ ജീവിതത്തിലൂടെ ഓടുന്നവര്‍ക്ക് അടുക്കളയില്‍ ഉപയോഗിക്കാന്‍ അവര്‍ക്ക് എളുപ്പം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ആണ്. അവരിലേക്ക് ഇത് എത്തിപ്പെടാന്‍ ഇത്തിരി പ്രയാസമുണ്ട്. എന്നാല്‍ സമയമെടുത്തു ഞാന്‍ പലരെയും പറഞ്ഞു മനസിലാക്കാറുണ്ട്.

എങ്ങനെയാണു ഉപയോക്താക്കളെ കണ്ടെത്തുന്നത്? അവരില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എങ്ങനെ ഉണ്ട്?

ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക് വഴിയാണ് ഞാന്‍ ആദ്യമൊക്കെ ഉപയോക്താക്കളെ കണ്ടെത്തിയിരുന്നത്. ഫേസ്ബുക്കില്‍ സ്ത്രീകളുടെ ചില കൂട്ടായ്മകള്‍ ഉണ്ട്. അവിടുന്ന് മികച്ച സപ്പോര്‍ട്ട് ആണ് എനിക്ക് ലഭിച്ചത്. പിന്നെ ഞാന്‍ എക്‌സിബിഷന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഞാന്‍ ആദ്യം എക്‌സിബിഷനില്‍ പങ്കെടുത്തത് തിരുവനന്തപുരത്താണ്. അത് കഴിഞ്ഞു എറണാകുളത്ത് എക്‌സിബിഷന്‍ നടത്തി. പിന്നെ ഞങ്ങളുടെ ഫ്‌ലാറ്റില്‍ നടത്തി. ഈ മൂന്ന് എക്‌സിബിഷന്‍ നടത്തിയതോടെ ഞാന്‍ അത്യാവശ്യം നല്ല റീച്ച് ആയി.

സോഷ്യല്‍ മീഡിയ ബിസിനസിനെ എങ്ങനെ സഹായിക്കുന്നു?

എനിക്കറിയാവുന്ന അല്ലെങ്കില്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയകള്‍ ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം, വാട്‌സാപ് എന്നിവയാണ്. അവ ഞാന്‍ കൃത്യമായി ഞാന്‍ ഉപയോഗിക്കുന്നുണ്ട്. ആദ്യമൊക്കെ സ്റ്റോക്ക് ഞാന്‍ എന്റെ ഫ്‌ലാറ്റില്‍ കൊണ്ട് വെച്ചിട്ട് ഞാന്‍ തന്നെ ഫോട്ടോയെടുത്ത് ഇടുമായിരുന്നു. അന്നെനിക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ ഫോട്ടോഷൂട്ട് കാര്യങ്ങള്‍ ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ഞാനൊരു ബിസിനസ് മീറ്റില്‍ പങ്കെടുത്തപ്പോഴാണ് എനിക്ക് മനസിലായത് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഉണ്ടെന്നും നമുക്ക് ഒരു വെബ്‌സൈറ്റ് ഒക്കെ ഉണ്ടാക്കി കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താന്‍ സാധിക്കുമെന്നും. അങ്ങനെ അവിടെ വെച്ച് ഒരുപാട് പേര് എന്നെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനായി സമീപിച്ചു. പക്ഷെ അവരെല്ലാം വലിയ വലിയ തുകകളാണ് പറഞ്ഞത്. അങ്ങനെ ഇരിക്കുമ്പോഴാണ് ഞാന്‍ ഒരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സിനെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ ഞാനത് പഠിച്ചു. ഇപ്പോള്‍ ഞാന്‍ തന്നെയാണ് എന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ മാനേജ് ചെയ്യുന്നത്. പിന്നെ വെബ്‌സൈറ്റ് വര്‍ക്ക് തുടങ്ങിയിട്ടുണ്ട്. ഉടനെ അത് ലോഞ്ച് ചെയ്യും. 

 

പിന്നെ ഏറ്റവും സന്തോഷം എന്നത് ചെറിയ മുതല്‍മുടക്കില്‍ ഞാന്‍ ആരംഭിച്ച ബിസിനസ് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു. അതിനെ എനിക്ക് ഇനിയും ഉയര്‍ത്തണം. പിന്നെ സ്റ്റാര്‍വിങ് എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി 
നടത്തിയ വനിതാ സംരംഭകരുടെ മികച്ച ഉത്പന്നങ്ങളെ തെരെഞ്ഞെടുക്കുന്ന ചടങ്ങില്‍ എനിക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. ആരോഗ്യപരമായ രീതിയിലുള്ള കുക്ക്വെയര്‍ ബിസിനസില്‍ വ്യത്യസ്തമായി നില്‍ക്കുന്നതിന് കോര്‍പറേറ്റ് എക്സ്ലന്‍സ് അവാര്‍ഡും ലഭിച്ചു.  
 
ഇപ്പോള്‍ എന്റെ ഭൂരിഭാഗം ഉപയോക്താക്കളും ഒരു പ്രീമിയം ലെവല്‍ കസ്റ്റമേഴ്‌സ് ആണ്. അത് ഒരു മിഡില്‍ ക്ലാസും പിന്നെ താഴേക്ക് വരണമെന്നും ഉണ്ട്. പക്ഷെ നല്ല വെല്ലുവിളിയുണ്ട്. അതൊക്കെ അതിജീവിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഇപ്പോള്‍ ഭര്‍ത്താവും 2 മക്കളുമൊത്ത് എറണാകുളത്ത് കാക്കനാടാണ് താമസം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.