- Trending Now:
നമ്മളൊക്കെ കുട്ടിക്കാലത്ത് ഒരു ചെറിയ ചിത്രമെങ്കിലും വരച്ചിട്ടുണ്ടാകും.പക്ഷെ അതൊക്കെ എപ്പോഴോ ജീവിതത്തില്‍ വെച്ചുകെട്ടി മറ്റേതൊക്കെയോ മേഖലകളിലേക്ക് പിന്മാറി ചിന്തിച്ചു പോയവര്‍ കുറവല്ല.എന്നാല്‍ തന്റെ ജന്മസിദ്ധമായ വരയ്ക്കാനുള്ള കഴിവിനെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത ഷമ്മി സുനിൽ നമുക്ക് വലിയ പ്രചോദനമമാണ്.അവര്‍ വരയ്ക്കുന്ന ചിത്രങ്ങളിലൊക്കെ വല്ലാത്ത മാജിക് ആസ്വാദകരിലുണ്ടാക്കും എന്ന് പറയുന്നതില്‍ തെറ്റില്ല.ഷമ്മിയുടെ വിശേഷങ്ങള്‍ നമുക്ക് അറിയാം...
ഭര്‍ത്താവിന്റെ ജോലി സംബന്ധമായി പത്ത് പതിനഞ്ച് കൊല്ലം ഉത്തരേന്ത്യയില്‍ പലയിടത്തുമായിരുന്നു ഷമ്മി.പക്ഷെ കുട്ടിക്കാലം തൊട്ടെ സ്വന്തമായുള്ള ചിത്രരചന കൈവിട്ടുകളയാന്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും അവര്‍ തയ്യാറായിരുന്നില്ല.ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ ഒഴിവു സമയം കളയാനായി മാത്രം ചിത്രരചനയിലേക്ക് കടന്നയാളല്ല കുടുംബിനി കൂടിയായ ഷമ്മി.ഇഷ്ടമുള്ള കഴിവിനെ പരിപോഷിപ്പിക്കാന്‍ ഈ കാലയളവില്‍ ഷമ്മി ഫൈന്‍ ആര്‍ട്‌സില്‍ ഒരു സീനിയര്‍ ഡിപ്ലോമ കോഴ്‌സ് ചെയ്തതൊഴിവാക്കിയാല്‍ മറ്റേതെങ്കിലും കോഴ്‌സുകളിലൂടെയോ മറ്റോ പഠിച്ചെടുത്തതല്ല അവര്‍ ഈ മനോഹരമായ കല.
ഇന്ന് മ്യൂറല്‍ പെയിന്റിംഗുകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഷമ്മി.അവരുടെ ചിത്രങ്ങളില്‍ നിറങ്ങള്‍ കഥ പറയുന്നു.ഒറ്റ നോട്ടത്തില്‍ ആരെയും ആകര്‍ഷിക്കുന്ന കൃത്യതയും നിറക്കൂട്ടുകളും.
വര്‍ണ്ണങ്ങള്‍ നിറഞ്ഞ ജീവിതം ?
എന്റെ പേര് ഷമ്മി ഞാന്‍ ഒരു ചിത്രരചന അധ്യാപികയായി ജോലി ചെയ്യുന്നു.തിരുവനന്തപുരത്ത് ആണ് കഴിഞ്ഞ 7 വര്‍ഷത്തിലേറെയായി താമസിക്കുന്നത്.കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റിനു കീഴിലുള്ള കലാപീഠം സ്‌കൂളില്‍ ചിത്രരചന അധ്യാപികയായി ജോലി ചെയ്യുന്നു.ഒരിക്കലും ചിത്രരചന പഠിച്ചെടുത്തതല്ല.ജന്മനാ വരയ്ക്കാനുള്ള കഴിവുണ്ടായിരുന്നു അത് സ്വയം സമയം നല്‍കി പരിശീലിച്ച് ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.ചിത്രരചന തന്നെയാണ് ഏറ്റവും ഇഷ്ടം അതില്‍ തന്നെ മ്യൂറല്‍ പെയിന്റിങ്ങിനോട് പ്രത്യേക താല്‍പര്യമുണ്ട്.മ്യൂറല്‍ പെയിന്റിംഗിനോളം തന്നെ ഓയില്‍ പെയിന്റിംഗിനും മോഡേണ്‍ പെയിന്റിംഗിനും ഒക്കെ ആവശ്യക്കാരുണ്ട്.
വരുമാന മാര്‍ഗ്ഗമായി ചിത്രരചന മാറ്റാന്‍ കഴിയുമോ ?
എനിക്ക് ഒരിക്കലും അത്തരം ഒരു ചിന്താഗതിയില്ല.ഞാന്‍ ബിസിനസ് മൈന്‍ഡോടെ ചിത്രരചനയോ അധ്യാപനമോ നോക്കി കാണുന്നില്ല അതുകൊണ്ട് തന്നെ തുച്ഛമായ തുക ആണ് കുട്ടികളെ പഠിപ്പിക്കാനായി വാങ്ങുന്നത്. പെയിന്റിംഗുകള്‍ ആവശ്യക്കാര്‍ക്ക് ചെയ്തു നല്‍കാറുണ്ട്. ബിസിനസിനായി കാട്ടിക്കൂട്ടി ചെയ്തു കൊടുക്കുന്ന ശീലമില്ല.ബിസിനസിന് അപ്പുറം വലിയ സന്തോഷം വരയ്ക്കുമ്പോള്‍ ലഭിക്കുന്നുണ്ട്.
ജീവിതത്തിലെ പ്രധാന വഴിത്തിരിവ് ?
2007ലാണ് ജീവിതത്തിലേക്ക് ആധി നിറച്ച് ബ്രസ്റ്റ് ക്യാന്‍സര്‍ കണ്ടെത്തുന്നത്.വളരെ അധികം വിഷമത്തോടെയാണ് ആ നാളുകള്‍ കടന്നു പോയതെങ്കിലും വല്ലാത്ത ആത്മവിശ്വസവും കരുത്തും കാരണം രോഗത്തെ അതിജീവിച്ചു.2010ലാണ് സജീവമായി വീണ്ടും ചിത്രരചന അധ്യാപികയായി മാറുന്നത്.രോഗത്തെ കുറിച്ചുള്ള ഭീതിയും, വിഷമവും,രോഗം മാറിയ ശേഷമുള്ള പ്രശ്‌നങ്ങളും ഒക്കെ മറക്കാനും സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് മടങ്ങി വരാനും എന്നെ സഹായിച്ചത് ബ്രഷും ചായക്കൂട്ടുകളും തന്നെയാണ്.
കൂട്ടത്തില്‍ പ്രിയം മ്യൂറല്‍ പെയിന്റിംഗുകളോട് ആണല്ലോ ? ഡിമാന്റ് കൂടുതലായതു കൊണ്ടാണോ ?
മ്യൂറല്‍ പെയിന്റിംഗിനു വില കുറച്ച് കൂടുതലാണ്.എന്ന് കരുതി മറ്റുള്ളവയ്ക്ക് കുറവുകളുണ്ടെന്നല്ല.എല്ലാതരം പെയിന്റിംഗുകള്‍ക്കും അതിന്റേതായ ബുദ്ധിമുട്ടുകളും പ്രത്യേകതകളും ഉണ്ട്.മ്യൂറല്‍ പെയിന്റുകള്‍ പക്ഷെ ഒറ്റയിരുപ്പില്‍ തീര്‍ക്കാനാകില്ല.നല്ല ക്ഷമ ആവശ്യമായി വരും.ഡീറ്റെയിലിംഗും സമയവും എടുത്താണ് ചെയ്തു തീര്‍ക്കുന്നത്.ഒരു ചെറിയ പെയിന്റിംഗിനു പോലും ഒരു മാസം സമയമെടുത്തേക്കാം.അതുകൊണ്ട് തന്നെ മ്യൂറല്‍ പെയിന്റിംഗിന് വില ഉയര്‍ന്ന് നില്‍ക്കുന്നു.ഇപ്പോള്‍ ഞാന്‍ ഒരു വര്‍ക്കിലാണ്.ഗീതോപദേശം ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.
കുടുംബത്തിന്റെ സപ്പോര്‍ട്ട് ?
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഇപ്പോള്‍ ക്ലാസുകള്‍ വീണ്ടും നേരിട്ട് തന്നെ നടത്തി തുടങ്ങിയിട്ടുണ്ട്.വീട്ടില്‍ ഭര്‍ത്താവും രണ്ട് മക്കളും ഉണ്ട്.മൂത്തയാള്‍ ഇന്‍ഫോസിസില്‍ ജോലിചെയ്യുന്നു മകള്‍ പ്ലസ് വണ്ണിന് പഠിക്കുന്നു.ഭര്‍ത്താവിന്റെ സപ്പോര്‍ട്ട് തന്നെയാണ് വലിയ കരുത്ത്.കൂടുതല്‍ പഠിക്കാനും വളരാനും മക്കളും കുടുംബം ഒന്നാകെ സഹായിക്കുന്നു.
ഇന്നത്തെ കാലത്ത് പ്രാധാന്യം ചിത്രരചന പോലുള്ള വിഷയങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് തോന്നാറുണ്ടോ ?
ഇപ്പോഴത്തെ കുട്ടികള്‍ക്ക് ചിത്രരചന അത്യാവശ്യമാണ്.സ്‌കൂള്‍ വര്‍ക്കുകള്‍ക്കും പ്രൊജക്ടുകള്‍ക്കും ഒക്കെ ചിത്രരചന ആവശ്യമാണ്.അതുകൊണ്ട് തന്നെ മുന്നോട്ടുള്ള പഠനങ്ങളിലും ഫാഷന്‍ഡിസൈനിംഗും,ഗ്രാഫിക് ഡിസൈനിംഗും ഡിജൈറ്റല്‍ തൊഴിലുകളിലും ഒക്കെ ചിത്രരചന മാറ്റിവെയ്ക്കാനാകില്ല.ചെറുപ്പത്തിലെ പരിശീലിക്കുന്നത്.ഭാവിയില്‍ കുട്ടികള്‍ക്ക് മുതല്‍ക്കൂട്ടാകും എന്നാണ് എന്റെ അഭിപ്രായം.
ഷമ്മിയുടെ ക്യാന്‍വാസില്‍ നിറങ്ങളൊഴുകി കൊണ്ടെയിരിക്കുന്നു.അതിന്റെ ചൂടേറ്റ് നിറക്കൂട്ടുകളുടെ ലോകത്തേക്ക് നടക്കാന്‍ നിറയെ കുട്ടികളും.അധ്യാപികയായി തന്നെ ഇനിയും അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഷമ്മി തന്റെ കഴിവുകള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷമ്മി: 9061482360
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.