- Trending Now:
കൊച്ചി: മലയണ്ണാൻ മുതൽ പുള്ളിപ്പുലി വരെ, മുടിയേറ്റ് മുതൽ വള്ളം കളി വരെ. ഇൻഫോപാർക്കിൽ ഒരുക്കിയിട്ടുള്ള ഐടി ജീവനക്കാരുടെ ഫോട്ടോഗ്രാഫി പ്രദർശനം കൗതുകങ്ങളുടെയും പ്രൊഫഷണലിസത്തിൻറെയും ദൃശ്യാനുഭവമാണ്. തമ്പ് നെയിൽ 2024 എന്ന ഫോട്ടോഗ്രാഫി പ്രദർശനം നൂറുകണക്കിന് കാഴ്ചക്കാരെയാണ് ആകർഷിക്കുന്നത്.
ഇൻഫോപാർക്കും ഇൻഫോപാർക്ക് ഫോട്ടോഗ്രാഫി ക്ലബും(ഐപിസി) ചേർന്നാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിൻറെ പ്രകൃതി ഭംഗി മുതൽ സാംസ്ക്കാരി പൈതൃകവും നിത്യജീവിതവുമെല്ലാം ഈ പ്രദർശനത്തിൻറെ ഭാഗമായി മാറി.
ആനകളും പാമ്പുകളും പൊന്മാനുമൊക്കെ നിറഞ്ഞതാണ് പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഫോട്ടോകൾ. മുടിയേറ്റ്, തെയ്യം, അനുഷ്ഠാന കലകൾ എന്നിവ പൈതൃകത്തോട് ചേർന്നു നിൽക്കുന്നു. വള്ളംകളിയും ഉത്സവങ്ങളുമെല്ലാം എന്നും ക്യാമറകളുടെ ഇഷ്ടവിഷയങ്ങളാണ്. ഏറ്റവും പറ്റിയ മുഹൂർത്തത്തെ ക്യാമറയിലാക്കാൻ നടത്തിയ പരിശ്രമം ഫോട്ടോപ്രദർശനത്തിൻറെ മിഴിവ് കൂട്ടുന്നു.
പതിവ് ഫോട്ടോകൾക്കപ്പുറം വേറിട്ട കാഴ്ചപ്പാടും ഈ ഫോട്ടോഗ്രാഫി പ്രദർശനത്തിൻറെ മുഖമുദ്രയാണ്. ഉത്തരധ്രുവത്തിലെ തിളങ്ങുന്ന വാൽനക്ഷത്രവും മനസിനെ മഥിക്കുന്ന ചില മതജീവതത്തിൻറെ ഏടുകളും പ്രദർശനത്തെ വ്യത്യസ്തമാക്കുന്നു. സങ്കീർണതയെ പ്രതീകാത്മകമാക്കിയുള്ള ഉറുമ്പുകളുടെ ജീവിതവും നവീന കാഴ്ചപ്പാടിൻറെ ഉദാഹരണമാണ്.
ഇൻഫോപാർക്കിലെ ഫോട്ടോഗ്രാഫി ക്ലബ് നടത്തുന്ന പ്രദർശനം
ഇത്തരമൊരു ഫോട്ടോപ്രദർശനം സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഐപിസിയുടെ സ്ഥാപകയായ എയ്ഞ്ജൽ എച് ഫെർണാണ്ടസ് പറഞ്ഞു. ക്ലബിൻറെ തുടക്കം മുതൽ തന്നെ ഫോട്ടോഗ്രാഫി വർക്ക് ഷോപ്പുകളും പ്രദർശനങ്ങൾ കാണാനുള്ള അവസരവും ഒരുക്കിയിരുന്നു. ഐപിസി ആദ്യമായാണ് ഇത്തരം പ്രദർശനം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.