- Trending Now:
കൊച്ചി: സംസ്ഥാനത്തിൻറെ ഐടി കയറ്റുമതിയിൽ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇൻഫോപാർക്ക്. കഴിഞ്ഞസാമ്പത്തിക വർഷത്തിൽ ഇൻഫോപാർക്കിൽ നിന്നുള്ള ഐടി കയറ്റുമതി 24.28 ശതമാനം വർധിച്ചു. 2023-24 വർഷത്തെ കയറ്റുമതി വരുമാനം 11,000 കോടി കടന്ന് 11,417 കോടി രൂപയിലെത്തി.
എട്ടു വർഷങ്ങൾക്ക് മുമ്പ് 2016-17 സാമ്പത്തിക വർഷത്തിൽ 3000 കോടി രൂപയായിരുന്നു ഇൻഫോപാർക്കിൽ നിന്നുള്ള ഐടി ഉത്പന്ന കയറ്റുമതിയുടെ മൂല്യം. അന്ന് 328 കമ്പനികളും 32,800 ജീവനക്കാരും 70 ലക്ഷം ബിൽട്ട് അപ് സ്ഥലവുമായിരുന്നു ഇൻഫോപാർക്കിനുണ്ടായിരുന്നത്. എന്നാൽ എട്ടു വർഷത്തിനിപ്പുറം 582 കമ്പനികളിലായി 70,000 ലേറെ ജീവനക്കാരും 92.62 ലക്ഷം ചതുരശ്രയടി ബിൽട്ട് അപ് സ്ഥലവുമാണ് ഇൻഫോപാർക്കിലുള്ളത്.
കൊവിഡ് പ്രതിസന്ധി മൂലം ലോകമെമ്പാടും യുദ്ധകാലാടിസ്ഥാനത്തിൽ നടന്ന ഡിജിറ്റലൈസേഷൻ അവസരങ്ങൾ പൂർണമായും ഉപയോഗപ്പെടുത്താൻ ഇൻഫോപാർക്കിലെ കമ്പനികൾക്കായി എന്ന് സിഇഒ സുശാന്ത് കുറുന്തിൽ ചൂണ്ടിക്കാട്ടി. ഇതു മൂലം കമ്പനികളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. എട്ടു വർഷം കൊണ്ട് ഇരട്ടിയിലധികം തൊഴിലവസരങ്ങളാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്.
കൊവിഡ് പ്രതിസന്ധി മൂലം നൂതന ഉത്പന്നങ്ങൾ വികസിപ്പിച്ചെടുക്കാൻ കമ്പനികൾ പരമാവധി പരിശ്രമിച്ചു. ഇക്കാലയളവിൽ ഐടി കമ്പനികളിലെ ഡിമാൻറും ഏറെ കൂടുതലായിരുന്നു. മാറുന്ന സാങ്കേതികവിദ്യയ്ക്കനുസരിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനും അവസരത്തിനൊത്തുയരുന്നതിനും ഇൻഫോപാർക്കിലെ ഐടി ആവാസവ്യവസ്ഥ കാണിച്ച താത്പര്യം ഈ നേട്ടത്തിനു പിന്നിലുണ്ടെന്നും സുശാന്ത് കുറുന്തിൽ പറഞ്ഞു.
കൊവിഡ് കാലത്ത് ഇൻഫോപാർക്ക് മികച്ച നേട്ടമാണ് ഐടി കയറ്റുമതിയിൽ രേഖപ്പെടുത്തിയിരുന്നത്. 2020-21 ൽ 6,310 കോടി രൂപ(21.35 ശതമാനം), 2021-22 ൽ 8,500 കോടി രൂപ(34.7 ശതമാനം) 2022-23 ൽ 9,186 കോടി രൂപ(8.07 ശതമാനം), എന്നിങ്ങനെയായിരുന്നു നിരക്ക്.
കാക്കനാടുള്ള ഇൻഫോപാർക്ക് ഫേസ് ഒന്ന്, ഫേസ് രണ്ട് എന്നിവ കൂടാതെ കൊരട്ടിയിൽ ഇൻഫോപാർക്ക് തൃശൂർ, ആലപ്പുഴ ജില്ലയിൽ ഇൻഫോപാർക്ക് ചേർത്തല എന്നീ കാമ്പസുകളുണ്ട്. 87.46 ലക്ഷം ചതുരശ്രയടി സ്ഥലമാണ് ഇൻഫോപാർക്ക് ഫേസ് ഒന്നിലും രണ്ടിലും കൂടിയുള്ളത്. 67,000 നടുത്ത് ഐടി ജീവനക്കാരാണ് ഇവിടെയുള്ളത്. ഫേസ് ഒന്നിലും രണ്ടിലുമായി 503 കമ്പനികളാണുള്ളത്. കൊരട്ടി കാമ്പസിൽ 58 കമ്പനികളും 2000 ൽപ്പരം ജീവനക്കാരുമാണുള്ളത്. ചേർത്തല കാമ്പസിൽ 21 കമ്പനികളും 300 ൽപരം ഐടി ജീവനക്കാരുമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.