Sections

ഇരുപതാം വർഷത്തിൽ പുതിയ ലോഗോയുമായി ഇൻഫോപാർക്ക്

Thursday, Aug 22, 2024
Reported By Admin
InfoPark New Logo

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും ചടുലമായ ഐടി ആവാസവ്യവസ്ഥയുടെ നെടുംതൂണായ ഇൻഫോപാർക്കിൻറെ പുതിയ ലോഗോ നിലവിൽ വന്നു. പ്രവർത്തനം തുടങ്ങി ഈ നവംബറിൽ 20 വർഷങ്ങൾ പൂർത്തിയാക്കാനിരിക്കെയാണ് പുതിയ ലോഗോ ഇൻഫോപാർക്ക് അവതരിപ്പിക്കുന്നത്.

വയലറ്റ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതിയ ലോഗോ. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെയും ഇൻഫോപാർക്കിൻറെയും സക്രിയമായ വളർച്ചയെ കാണിക്കുന്നതാണ് ലോഗോയുടെ ഡിസൈൻ. 20-ാം വർഷത്തിലെത്തി നിൽക്കുമ്പോൾ ഇൻഫോപാർക്കിൻറെ ശോഭനമായ ഭാവിയെയും ഐടി വ്യവസായത്തിലുള്ള ശക്തമായ സാന്നിദ്ധ്യത്തെയും ഇത് പ്രതിനിധാനം ചെയ്യുന്നു. പെൻ റോസ് ട്രയാംഗിളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട പുതിയ ലോഗോ മൂന്ന് ബീമുകൾ ചേർന്ന് അതിരറിയാത്ത ത്രികോണമായി മാറുകയാണ്.

ഐടി നിർമ്മാണ മേഖലയിലെ റിയൽ എസ്റ്റേറ്റ് സേവനങ്ങൾക്കപ്പുറം ഐടി ആവാസവ്യവസ്ഥയായി ഇൻഫോപാർക്ക് മാറുന്നതിൻറെ സൂചകമാണ് പുതിയ ലോഗോയെന്ന് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇൻസ്പയർ (പ്രചോദനം), കോളാബൊറേറ്റ് (സഹകരണം), ഇനോവേറ്റ് (നൂതനത്വം) എന്നീ ടാഗ് ലൈനും പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇൻഫോപാർക്കിൻറെ എല്ലാ രേഖകളിലും ബുധനാഴ്ച മുതൽ പുതിയ ലോഗോ ഉപയോഗിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി കാക്കനാടുള്ള ഇൻഫോപാർക്ക് ഫേസ് ഒന്നും രണ്ടും എന്നിവ കൂടാതെ കൊരട്ടിയിൽ ഇൻഫോപാർക്ക് തൃശൂർ, ആലപ്പുഴ ജില്ലയിൽ ഇൻഫോപാർക്ക് ചേർത്തല എന്നീ കാമ്പസുകളുണ്ട്. മൊത്തമായി 92 .4 ലക്ഷം ചതുരശ്രയടി സ്ഥലമാണുള്ളത്. 70,000 നടുത്ത് ഐടി ജീവനക്കാർ ഇവിടെ ഏതാണ്ട് 582 കമ്പനികളിലായി ജോലി ചെയ്യുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.