- Trending Now:
രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാം ആയി ആലുവ സ്റ്റേറ്റ് സീഡ് ഫാം. ആലുവ തുരുത്തിൽ കൃഷി വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് സീഡ് ഫാമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഫാം പ്രഖ്യാപന ശിലാഫലകം മുഖ്യമന്ത്രി അനാഛാദനം ചെയ്തു. നെല്ലും താറാവും കൃഷി രീതിയാണ് ഫാമിൽ നടത്തുന്നത്. കാസർകോട് കുള്ളൻ പശുക്കൾ, കുട്ടനാടൻ താറാവ്, മലബാറി ആടുകൾ എന്നിവയ്ക്ക് പുറമെ നാടൻ നെല്ലിനമായ രക്തശാലി മുതൽ കുമോൾ റൈസ് വരെ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഫാമിന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി നേരിൽകണ്ട് വിലയിരുത്തി. കൃഷിമന്ത്രി പി. പ്രസാദ്, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ മുഖ്യമന്ത്രിയ്ക്കൊപ്പം ഫാം സന്ദർശിച്ചു.
ആലുവയിലെ മാതൃക പിൻപറ്റി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും കാർബൺ ന്യൂട്രൽ മാതൃക പിൻപറ്റുന്ന കൃഷി ത്തോട്ടങ്ങളും ഹരിത പോഷക ഗ്രാമങ്ങളും സൃഷ്ടിക്കും. കാർബൺ വികിരണത്തിലുണ്ടായ ഗണ്യമായ കുറവാണ് ആലുവയിലെ സംസ്ഥാന വിത്തുൽപ്പാദന കേന്ദ്രത്തെ ന്യൂട്രൽ പദവിയിലെത്തിച്ചത്. കാർബൺ ന്യൂട്രൽ എന്ന ആശയം കൃഷി മേഖലയിൽ മാത്രം ഒതുങ്ങാതെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇതിനായി പരിശ്രമിച്ച കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ട്രീ ബാങ്കിംഗ് പദ്ധതിയും സർക്കാരിന്റെ പരിഗണനയിലുണ്ട്. അമ്പതിൽ കുറയാതെ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ച് രണ്ടുവർഷം പരിപാലിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകും. 2050 ഓടെ സംസ്ഥാനം നെറ്റ് സീറോ കാർബൺ എമിഷനിൽ എത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. രാജ്യത്തെ തന്നെ ആദ്യത്തെ സൗരോർജ ബോട്ടായ ആദിത്യ നീറ്റിലിറക്കിയത് കേരളത്തിലാണ്. ആദിത്യ അരലക്ഷം കിലോമീറ്റർ സഞ്ചരിച്ചത് വഴി 500 ടൺ കാർബൺ ബഹിർഗമനം കുറയ്ക്കാൻ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
ഫാമിലെത്തിയ മുഖ്യമന്ത്രിയ്ക്ക് പോഷക സമൃദ്ധമായ രക്തശാലി അരി കൊണ്ട് പാകം ചെയ്ത പായസമാണ് നൽകിയത്. ലൈവ് റൈസ് മ്യൂസിയമാണ് ഫാമിന്റെ മറ്റൊരു പ്രത്യേകത. പെരിയാറിന്റെ തീരത്ത് തിരുവിതാംകൂർ രാജാക്കന്മാരാണ് ഫാം ആരംഭിച്ചത്. ചടങ്ങിന്റെ ഭാഗമായി ഫാമിൽ മുഖ്യമന്ത്രി മാംഗോസ്റ്റിൻ തൈ നട്ടു. മന്ത്രി പി. പ്രസാദ് മിറാക്കിൾ ഫ്രൂട്ടിന്റെ തൈയും മന്ത്രി പി. രാജീവ് പേരത്തൈയും നട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.