Sections

ഇന്ത്യയിലെ വസ്ത്ര നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്...

Friday, May 06, 2022
Reported By admin
industry

നമ്മുടെ നാട്ടില്‍ നിന്ന് കയറ്റി അയക്കുന്ന പഞ്ഞി തന്നെ വലിയ തുക മുടക്കി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥ ശോചനീയമാണ്

 

ആഭ്യന്തരവിപണിയില്‍ പഞ്ഞി കിട്ടാത്ത അവസ്ഥ വരുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് വസ്ത്ര നിര്‍മാണ മേഖലയില്‍ ആണ്. പ്രധാന അസംസ്‌കൃത വസ്തുവായ പരുത്തിനൂല്‍ കിട്ടാത്ത അവസ്ഥ വരുന്നതുകൊണ്ട് വസ്ത്ര നിര്‍മ്മാണ മേഖലയ്‌ക്കൊപ്പം കയറ്റുമതി മേഖലയും പ്രതിസന്ധിയുടെ വക്കിലാണ്. നിലവില്‍ ആഭ്യന്തരവിപണിയില്‍ പഞ്ഞിക്കും പരുത്തി നൂലിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് കയറ്റി അയക്കുന്ന പഞ്ഞിയും പരുത്തി നൂലും ഇരട്ടി വില നല്‍കി ഇറക്കുമതി ചെയ്തു ഉപയോഗിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയില്‍. രണ്ടു വര്‍ഷമായി പഞ്ഞിയുടെ ദൗര്‍ലഭ്യം മൂലം പഞ്ഞിനൂല്‍ കിട്ടാതെ വരികയും, ഇതിന് വലിയ തുക നൂല്‍ മില്ലുടമകള്‍ നല്‍കേണ്ടി വരികയും ചെയ്യുന്നു.

സ്റ്റോക്കുള്ള പഞ്ഞി ഉപയോഗിച്ച് നൂല്‍ നിര്‍മിക്കുകയോ പഞ്ഞി ഇറക്കുമതി ചെയ്യുകയുമാണ് മില്ലുടമകളുടെ മുന്നിലുള്ള പോംവഴി. ഇറക്കുമതി ചെലവേറിയതിനാല്‍ തീരുവ കുറയ്ക്കണമെന്നാവശ്യപ്പെട്ട് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അതിനെതുടര്‍ന്ന് പഞ്ഞി ഇറക്കുമതിക്കുള്ള 11 ശതമാനം തീരുവ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ എടുത്തുകളഞ്ഞത് വസ്ത്ര നിര്‍മാതാക്കള്‍ക്കും, മില്ല് ഉടമകള്‍ക്കും അല്പം ആശ്വാസം പകരുന്ന കാര്യമാണ്. എന്നാല്‍ എല്ലാ മാസവും നൂല്‍ വില വര്‍ധിപ്പിക്കുന്നത് ഇവരെ പ്രതിസന്ധിയിലാക്കുന്നു. നമ്മുടെ നാട്ടില്‍ നിന്ന് കയറ്റി അയക്കുന്ന പഞ്ഞി തന്നെ വലിയ തുക മുടക്കി വാങ്ങി ഉപയോഗിക്കുന്ന അവസ്ഥ ശോചനീയമാണ്. 

രാജ്യത്ത് പഞ്ഞിയുടെ ലഭ്യത സാധാരണനിലയില്‍ എത്തുന്ന സീസണ്‍ ആരംഭിക്കാന്‍ ഇനിയും ആറു മാസം കാത്തിരിക്കണം. അപ്പോഴേക്കും ഈ മേഖല തകര്‍ച്ചയുടെ വക്കില്‍ ആകും. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി എന്തെങ്കിലും നടപടികള്‍ എടുക്കണം എന്നാണ് വസ്ത്ര നിര്‍മ്മാണ മേഖലയില്‍ ഉള്ളവര്‍ അഭിപ്രായപ്പെടുന്നത്. ഇതുകൂടാതെ പ്രത്യക്ഷമായും പരോക്ഷമായും 8 ലക്ഷത്തിന് മേലെ ആളുകള്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്.

ഇവരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാതൊരു വക നടപടികളും കൈക്കൊള്ളുന്നില്ല. ഈ മേഖലയുടെ തകര്‍ച്ച കടുത്ത തൊഴിലില്ലായ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ മാസം 16 മുതല്‍ 21 വരെ വസ്ത്ര നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍ ചേര്‍ന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.