Sections

അമേരിക്കൻ മൾട്ടിനാഷണൽ കമ്പനിയായ സ്റ്റാർബക്ക്‌സിൻെ തലപ്പത്തും ഇന്ത്യൻ വംശജൻ

Tuesday, Mar 21, 2023
Reported By admin
ceo

കമ്പനിയെ വളർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു


അമേരിക്കൻ മൾട്ടിനാഷണൽ കോഫിഹൗസ് ശൃംഖലയായ സ്റ്റാർബക്ക്സിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ .ലക്ഷ്മൺ നരസിംഹൻ ആണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റത്. 2022 ഒക്ടോബർ ഒന്ന് മുതൽ സ്റ്റാർബക്ക്സിന്റെ ഭാഗമായിരുന്ന നരസിംഹൻ കമ്പനി മേധാവിയായ ഹാവഡ് ഷൽറ്റ്സ് സ്ഥാനം ഒഴിയുന്നതിനെ തുടർന്നാണ് കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. സ്റ്റാർബക്സിന്റെ ഡയറക്ടർ ബോർഡിലും ലക്ഷ്മൺ നരസിംഹൻ ഉണ്ടാകും.

ആഗോള ഉപഭോക്തൃ ബ്രാൻഡുകളെ നയിക്കുന്നതിൽ നരസിംഹന് ഏകദേശം 30 വർഷത്തെ പരിചയം ഉണ്ട്. കോർപ്പറേറ്റ് രംഗത്തെ പ്രവർത്തന വൈദഗ്ധ്യവും ബ്രാൻഡുകൾ വികസിപ്പിക്കുന്നതിൽ പ്രാവീണ്യവുമുള്ള ഇദ്ദേഹം ബഹുരാഷ്ട്ര കമ്പനിയായ റെക്കിറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. കമ്പനിയെ വളർച്ചയിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

ലക്ഷ്മൺ നരസിംഹൻ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റെ ആഴമേറിയ അനുഭവപരിചയം സ്റ്റാർബക്സിന്റെ വളർച്ച വേഗത്തിലാക്കുമെന്നായിരുന്നു സ്റ്റാർബക്സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മേധാവി മെലഡി ഹോബ്സൺ പ്രതികരിച്ചത്. ബ്രാൻഡ് കെട്ടിപ്പൊക്കുന്നയാൾ, ഇന്നവേഷൻ ചാമ്പ്യൻ, പ്രവർത്തനമികവുള്ള ലീഡർ എന്നീ നിലയിൽ മികവ് തെളിയിച്ചയാളാണ് നരസിംഹൻ എന്നാണ് ഹോബ്സൺന്റെ സാക്ഷ്യപത്രം.

റെക്കിറ്റിന്റെ ഇ-കൊമേഴ്സ് ബിസിനസ് വളർത്താൻ അദ്ദേഹം സഹായിച്ചിരുന്നു. പെപ്സികോയിലും വിവിധ എക്സിക്യൂട്ടീവ് പദവികൾ വഹിച്ചിട്ടുണ്ട്. കമ്പനിയുടെ ഗ്ലോബൽ ചീഫ് കൊമേഴ്സ്യൽ ഓഫീസർ ആയും പെപ്സികോയുടെ ലാറ്റിനമേരിക്ക, യൂറോപ്പ് സിഇഒ തുടങ്ങിയ റോളുകളിലും സേവനമനുഷ്ഠിച്ചു.

നരസിംഹൻ മുമ്പ് മക്കെൻസി ആൻഡ് കമ്പനിയിൽ 19 വർഷം ജോലി ചെയ്തിരുന്നു. യുഎസ്, ഇന്ത്യ, ഏഷ്യ എന്നിവിടങ്ങളിലെ കൺസ്യൂമർ ഗുഡ്സ്, റീട്ടെയിൽ, ഹെൽത്ത്കെയർ മേഖലകളിലെ വിവിധ റോളുകൾ ഏറ്റെടുത്തിട്ടുണ്ട്. പൂനെ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ, യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജർമ്മൻ, ഇൻറർനാഷണൽ സ്റ്റഡീസിൽ ആണ് ഉന്നത ബിരുദം നേടിയത്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും നേടിയിട്ടുണ്ട്. ആറ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.