Sections

മെറ്റയുടെ അപ്രതീക്ഷിച്ച പിരിച്ചു വിടലില്‍ ഞെട്ടി; മക്കളുടെ ചിത്രം പങ്കുവെച്ച് വൈകാരിക കുറിപ്പുമായി ഇന്ത്യക്കാരന്‍

Sunday, Nov 13, 2022
Reported By admin
meta

ഇതോടെ അമേരിക്കയില്‍ നിന്ന് രാജുവിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും


ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സാപ്പുമെല്ലാം അടങ്ങുന്ന മാര്‍ക് സക്കര്‍ബര്‍ഗിന്റെ മെറ്റ കഴിഞ്ഞ ദിവസമാണ് 11000 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതില്‍ ഇന്ത്യാക്കാരടക്കം പല രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. അമേരിക്കയില്‍ പിരിച്ചുവിടപ്പെട്ട രാജു കദം എന്ന ഇന്ത്യാക്കാരന്‍ ലിങ്ക്ഡ്ഇന്‍ എന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്ന ഒരു കുറിപ്പ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്.

മെറ്റയുടെ ടെക്‌നിക്കല്‍ ടീമിലായിരുന്നു രാജു കദമിന് ജോലി. കമ്പനിയില്‍ കൂട്ടപിരിച്ചുവിടല്‍ ഉണ്ടാകുമെന്ന് കേട്ടപ്പോഴും താന്‍ അതില്‍ ഉള്‍പ്പെടില്ലെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു രാജുവിന്. എല്ലാ പാദവാര്‍ഷികങ്ങളിലും അതിഗംഭീര പ്രകടനം കാഴ്ചവെച്ച തന്നെ കമ്പനി പുറത്താക്കില്ലെന്നത് ആത്മാര്‍ത്ഥമായി തൊഴില്‍ ചെയ്തതിന് കിട്ടുന്ന അംഗീകാരമാകുമെന്ന് കരുതി അദ്ദേഹം. എന്നാല്‍ സംഭവിച്ചത് നേരെ മറിച്ചാണ്. ഒന്‍പത് മാസം മുന്‍പ് ജോലിക്ക് ചേര്‍ന്ന രാജുവിനെ ഒറ്റ നോട്ടീസില്‍ മെറ്റയില്‍ നിന്ന് സക്കര്‍ബര്‍ഗ് പുറത്താക്കി.

ഇതോടെ അമേരിക്കയില്‍ നിന്ന് രാജുവിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. അല്ലെങ്കില്‍ അമേരിക്കയില്‍ തന്നെ മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് കയറണം. മക്കളുമൊത്ത് അമേരിക്ക വിടാതിരിക്കാന്‍ ആരെങ്കിലും സഹായിക്കണം എന്ന് അഭ്യര്‍ത്ഥിച്ചാണ് രാജുവിന്റെ കുറിപ്പ്. മക്കളായ അര്‍ജുന്റെയും യാഷിന്റെയും ചിത്രവും രാജു പങ്കുവെച്ചിട്ടുണ്ട്.

മെറ്റയിലെ സഹപ്രവര്‍ത്തകരോടും തന്റെ ലിങ്ക്ഡ്ഇന്‍ കണക്ഷനിലുള്ളവരോടുമാണ് രാജുവിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ 16 വര്‍ഷമായി രാജു അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. മെച്ചപ്പെട്ട ശമ്പളവും കൂടുതല്‍ മികച്ച ജീവിതവും മക്കളുടെ ഭാവിയും അങ്ങിനെ വലിയ പ്രതീക്ഷകളായിരുന്നു ഒന്‍പത് മാസം മുന്‍പ് മെറ്റയിലെ ജീവനക്കാരനാകുമ്പോള്‍ രാജുവിന്റെ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 16 വര്‍ഷത്തിനിടയില്‍ ആദ്യമായി ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട സാഹചര്യത്തില്‍, മക്കളുമായി പകച്ച് നില്‍ക്കുകയാണ് രാജു കദം.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.