Sections

ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്  കേരള കൗൺസിൽ രൂപീകരിച്ചു 

Thursday, Apr 17, 2025
Reported By Admin
Indian Chamber of Commerce Expands to Kerala; Kerala Council Formed

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗൺസിൽ രൂപീകരിച്ചു. കൊച്ചി ചോയിസ് മറീനയിൽ നടന്ന പ്രഥമയോഗത്തിൽ കേരള കൗൺസിൽ ഭാരവാഹികളും പ്രമുഖ വ്യവസായികളും സംരംഭകരും പങ്കെടുത്തു. 1925-ൽബിർള ഗ്രൂപ്പ് സ്ഥാപകൻ ജി.ഡി. ബിർള കൊൽക്കത്തയിൽ ആരംഭം കുറിച്ചതാണ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്. ഐസിസിയുടെ മുൻപ്രസിഡന്റും നാഫാ ക്യാപിറ്റൽ എംഡിയുമായ അമേയ പ്രഭുവിന്റെയും നിലവിലെ പ്രസിഡന്റും ജിൻഡാൽ സ്റ്റെയിൻലെസ് എംഡിയുമായ അഭ്യുദയ് ജിൻഡാലിന്റെയും നേതൃത്വത്തിൽ ദേശിയ-അന്തർദേശിയതലത്തിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് സംഘടന കാഴ്ച്ചവെച്ചത്. നിലവിൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിലും 27-ൽപ്പരം വിദേശരാജ്യങ്ങളിലും ഐസിസിയുടെ ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് രാജ്യത്തെ ബിസിനസ് മേഖലയുടെ മുന്നേറ്റത്തിനും ലോകമെമ്പാടുമുള്ള പ്രവാസി സമൂഹത്തിന്റെ വ്യാപാരവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. ദേശിയതലത്തിൽ പ്രവർത്തിക്കുന്ന പോലെ കേരളത്തിലും സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുത്ത വ്യവസായ മേഖലകളിൽ സെക്ടറൽ കമ്മിറ്റികൾ രൂപീകരിക്കുകയും ഭരണപരമായ ഇടപെടലുകൾ,പഠന-ബോധവത്കരണ പരിപാടികൾ, നെറ്റ്വർക്കിങ്, വ്യാപാര സംഗമങ്ങൾ എന്നിവയിലൂടെ കേരളത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് സംഘടനയുടെ ലക്ഷ്യം.

ഐസിസിയുടെ ദേശിയ-അന്തർദേശിയ ശൃഖലയുടെ പിന്തുണ സംസ്ഥാനത്തെ ബിസിനസ് സമൂഹത്തിന് കൂടുതൽ ശക്തിപകരുമെന്ന് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് അഭ്യുദയ് ജിൻഡാൽ പറഞ്ഞു. കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിലൂടെ ഇവിടുത്തെ ബിസിനസുകാർക്ക് അന്താരാഷ്ട്ര വ്യാപാര പ്രതിനിധി സംഘങ്ങളിൽ പങ്കെടുക്കാനും അവരുമായി കൂടിക്കാഴ്ച്ച നടത്തുവാനും അവസരം ലഭിക്കും.കൂടാതെ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായുള്ള ചർച്ചകളിൽ ഭാഗമാകുവാനും രാജ്യത്തെ വലിയ ബിസിനസ് കൂട്ടായ്മയുടെ കൂടുതൽ അടുത്ത് പ്രവർത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ മറ്റു ചേംബർ ഓഫ് കൊമേഴ്സുകളിൽ നിന്ന് ഐസിസി സംഘടനയുടെ പങ്കാളിത്തം കൊണ്ടും ആഗോള സാന്നിധ്യം കൊണ്ടും വളരെ വ്യത്യസ്തമാണെന്ന് ഐസിസി കേരള കൗൺസിൽ സ്ഥാപക ചെയർമാൻ വിനയ് ജെയിംസ് കൈനടി പറഞ്ഞു. കേരളത്തിലെ ബിസിനസ് സമൂഹത്തിന്റെ വളർച്ചയ്ക്ക് ഐസിസിയുടെ പിന്തുണ ഏറെ ഗുണകരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കേരളത്തിലെ വ്യവസായികൾക്കും സംരംഭകർക്കും ലോകമെമ്പാടുമുള്ള ബിസിനസുകാരുമായി സഹകരണം ഉറപ്പാക്കുവാനും പുതിയ സാധ്യതകൾ കണ്ടെത്തുവാനും ഐസിസിയിലൂടെ സാധിക്കും. ഇന്ത്യയിലുടനീളമുള്ള ബിസിനസ് സമൂഹവുമായി ഒത്ത് ചേർന്ന് പ്രവർത്തിക്കുവാനും ഇതിലൂടെ കഴിയും'- പുതിയ സംരംഭത്തെ സ്വാഗതം ചെയ്ത ബേബി മറൈൻ ഗ്രൂപ്പ് സിഇഒ ജേക്കബ് ബാബു പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.