Sections

ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം 

Sunday, Dec 04, 2022
Reported By admin
india

ഇന്ത്യയുടെ റാങ്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിസിഎ പ്രതിജ്ഞബദ്ധമായിരിക്കും


ആഗോള വ്യോമയാന സുരക്ഷാ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടം. നാല് വര്‍ഷം മുമ്പ് റാങ്കിംഗില്‍ 102-ാം സ്ഥാനത്തായിരുന്നു ഇന്ത്യ, അവിടെ നിന്നും 48-ാം സ്ഥാനത്തേക്ക് ഇന്ത്യ എത്തിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) ശനിയാഴ്ച അറിയിച്ചു.

പ്രധാന സുരക്ഷാ ഘടകങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ രാജ്യത്തിന്റെ സ്‌കോര്‍ 85.49% ആയി മെച്ചപ്പെട്ടു. ഇത് ചൈന (49), ഇസ്രായേല്‍ (50), തുര്‍ക്കി (54) എന്നിവയെക്കാള്‍ മുന്നിലാണ് എന്നും ഡിജിസിഎ അറിയിച്ചു. 2018 യൂണിവേഴ്‌സല്‍ സേഫ്റ്റി ഓവര്‍സൈറ്റ് ഓഡിറ്റ് പ്രോഗ്രാമില്‍ ഇന്ത്യയുടെ സ്‌കോര്‍ 69.95% ആയിരുന്നു.

''പുതിയതായി എത്തിയ റാങ്കിംഗ് നിലനിര്‍ത്തുക എന്നത് വെല്ലുവിളിയാണ്. ഇന്ത്യയുടെ റാങ്കിംഗ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ഡിജിസിഎ പ്രതിജ്ഞബദ്ധമായിരിക്കും എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു, ''ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

ഫലത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉയര്‍ന്ന റാങ്കിംഗ് അര്‍ത്ഥമാക്കുന്നത് രാജ്യം വ്യോമ സുരക്ഷാ പ്രക്രിയകള്‍ മെച്ചപ്പെടുത്തി എന്നാണ്. അഭ്യന്തര സര്‍വീസുകളില്‍  മികച്ച വ്യോമയാന സുരക്ഷ, പുതിയ സേവനങ്ങള്‍ക്കുള്ള അനുമതികള്‍ എളുപ്പത്തില്‍ ലഭിക്കുന്നതും, വിദേശ വിപണികളില്‍ വേഗത്തില്‍ വികസിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കുന്നതിലേക്ക് വഴി വയ്ക്കുന്നു. 

നവംബര്‍ 9 മുതല്‍ 16 വരെ യുഎന്‍ ഏജന്‍സി ഓഡിറ്റ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് എന്നാണ് വിവരം. വിമാന അപകടം, അന്വേഷണം, എയര്‍ നാവിഗേഷന്‍ എന്നീ രണ്ട് മേഖലകള്‍ ഐസിഎഒ ഓഡിറ്റ് ചെയ്തിട്ടില്ലെന്ന് ഡിജിസിഎ ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ പറഞ്ഞു. 

''നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍, സംഘം ഡല്‍ഹി വിമാനത്താവളം, സ്പൈസ് ജെറ്റ്, ചാര്‍ട്ടര്‍ ഓപ്പറേറ്റര്‍, എയര്‍ ട്രാഫിക് കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍ നാവിഗേഷന്‍, നിരീക്ഷണം എന്നിവയും സന്ദര്‍ശിച്ചു,'' അരുണ്‍ കുമാര്‍ പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.