- Trending Now:
ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുകയാണ്
കഴിഞ്ഞ ദിവസം അപ്രതീക്ഷിതവും ഏകപക്ഷീയവുമായാണ് വമ്പന്‍ സൈനിക ശക്തിയായ റഷ്യ, മുന്‍ സോവിയറ്റ് റിപ്പബ്ളിക്കായ ഉക്രൈനെതിരേ സൈനിക നടപടിക്ക് മുതിര്‍ന്നത്. കിഴക്കന്‍ ഉക്രൈനിലെ വിമതരും റഷ്യന്‍ അനുകൂലികളുമായവര്‍ക്ക് പിന്തുണയേകുന്നതിന്റെ ഭാഗമായിട്ടായിരുന്നു റഷ്യന്‍ സേനയുടെ ആക്രമണം. അതേസമയം, ഉക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയാണ് അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും പ്രതികരിച്ചത്. റഷ്യയിലേക്കുള്ള കയറ്റുമതിയില്‍ അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തി. 21-ആം നൂറ്റാണ്ടില്‍ ഹൈടെക് സമ്പദ് വ്യവസ്ഥയില്‍ മത്സരിക്കാനുള്ള റഷ്യയുടെ ശേഷിയെ തടസപ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അറിയിച്ചു.
ഇന്ത്യക്ക് അവസരം
ഇതോടെ മറ്റൊരു പ്രതിസന്ധി കൂടി ഇന്ത്യക്ക് അവസരം തുറന്നിടുകയാണ്. റഷ്യക്കെതിരായ ഉപരോധത്തോടൊപ്പം കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷം മേഖലയിലെ വിതരണ ശൃംഖലയേയും തകരാറിലാക്കുന്നതാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഗുണകരമാകുന്നത്. തദ്ദേശീയരായ സ്റ്റീല്‍, കോപ്പര്‍, അലുമിനിയം നിര്‍മാതാക്കള്‍ക്കും എന്‍ജിനീയറിംഗ് ഗുഡ്സ്, സ്പെഷ്യാല്‍റ്റി കെമിക്കല്‍ ഉത്പന്നങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്കും കൂടുതല്‍ ബിസിനസ് സാധ്യതകളാണ് തുറന്നിടുന്നത്. യുദ്ധവും ഉപരോധവും തീര്‍ക്കുന്ന വിതരണ മേഖലയിലെ അനിശ്ചിതത്വമാണ് യൂറോപ്യന്‍ വികസിത രാജ്യങ്ങള്‍ക്ക് ഇന്ത്യ ഉള്‍പ്പെടെയുള്ള ആസിയാന്‍ (ASEAN) രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
അതുപോലെ റഷ്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം തദ്ദേശീയരായ നിക്കല്‍, അലുമിനിയം, സ്റ്റീല്‍, കോപ്പര്‍ തുടങ്ങിയ മെറ്റല്‍ ഉത്പാദക കമ്പനികള്‍ക്ക് നേട്ടമാകും. എന്നാല്‍ ദീര്‍ഘനാള്‍ റഷ്യന്‍- ഉക്രൈന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ പണപ്പെരുപ്പം വീണ്ടും ഭീഷണിയാവാനുള്ള സാധ്യതകളുമുണ്ട്. ഇത് അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനായി കേന്ദ്ര ബാങ്കുകള്‍ക്ക് സമ്മര്‍ദം സൃഷ്ടിക്കാവുന്ന ഘടകവുമാകും. എങ്കിലും പലിശ നിരക്ക് വര്‍ധന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് താത്കാലിക തിരിച്ചടി മാത്രമാണെന്നും ദീര്‍ഘകാലയളവില്‍ അടിസ്ഥാനപരമായി വളര്‍ച്ച കൈവരിച്ച് മുന്നേറുമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി.
വിപണി
ഇതിനിടെ, റഷ്യ- ഉക്രൈന്‍ സംഘര്‍ഷം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും വിപണികള്‍ കരകയറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഏഴ് ദിവസങ്ങള്‍ക്ക് ശേഷം വിപണി നേട്ടത്തില്‍ വ്യാപാരം പുരോഗമിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ സംഘര്‍ഷവും അതിന്റെ അനന്തര ഫലങ്ങളെയും ഉള്‍ക്കൊള്ളാനായിരിക്കും വിപണി ഇനി ശ്രമിക്കുക. കടുപ്പമേറിയ വാര്‍ത്തകളോ സംഘര്‍ഷം പുതിയ തലത്തിലേക്ക് വ്യാപിക്കുന്നില്ലെങ്കിലോ വിപണി താളം കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കും. ഇതിനിടെ, ഏതെങ്കിലും വിധത്തിലുള്ള വെടിനിര്‍ത്തലോ സമാധാന ഉടമ്പടിയോ പ്രഖ്യാപിച്ചാല്‍ വിപണിയില്‍ ആശ്വാസ റാലിയും പ്രതീക്ഷിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.