Sections

ക്രിപ്‌റ്റോകറന്‍സിയില്‍ സുപ്രധാന തീരുമാനം പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും; നിരോധനം ഏര്‍പ്പെടുത്തിയേക്കില്ല

Saturday, Dec 04, 2021
Reported By Admin
crypto currency

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തില്‍ വരും
 

മുംബൈ: ക്രിപ്‌റ്റോകറന്‍സി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കും. നിര്‍ദിഷ്ട നിയമപ്രകാരം ക്രിപ്‌റ്റോകറന്‍സിയെ ക്രിപ്‌റ്റോ-അസറ്റ്(ആസ്തി)ആയി പുനര്‍നാമകരണം ചെയ്ത് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെല്ലാം ഇതോടെ സെബിയുടെ നിയന്ത്രണത്തില്‍ വരും. സെബി രജിസ്‌ട്രേഡ് പ്ലാറ്റ്‌ഫോമിലൂടെയും എക്‌സ്‌ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 20 കോടി രൂപവരെ പിഴയും തടവും നേരിടേണ്ടി വന്നേക്കാം.

നിലവില്‍ ക്രിപ്‌റ്റോ ഇടപാട് നടത്തുന്ന എക്‌സ്‌ചേഞ്ചുകള്‍ക്ക് സെബിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിശ്ചിത സമയം അനുവദിക്കും. സെബിയുടെ നിയന്ത്രണം വരുന്നതോടെ ഇടപാടുകള്‍ സുതാര്യമാകുകയും ദിനംപ്രതിയെന്നോണം പുതിയതായി വരുന്ന ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമുകള്‍ക്ക് തടയിടനുമാകും.

നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ആഗോളതലത്തിലുള്ള കെവൈസി മാനദണ്ഡങ്ങള്‍, നിക്ഷേപക സംരക്ഷണ സംവിധാനം, നികുതി വ്യവസ്ഥകള്‍ തുടങ്ങിയവ രൂപപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുകയെന്നത് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ ക്രിപ്‌റ്റോക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ആഗോളതലത്തില്‍പ്പോലും റെഗുലേറ്ററി സംവിധാനമില്ല. എല്ലാ ഇടപാടുകളും എക്‌സ്‌ചേഞ്ചുകളിലൂടെ മാത്രമാണ്. അതുകൊണ്ടു തന്നെ എല്ലാ ഇടപാടുകളും ഓരോ വാലറ്റും സൂക്ഷിക്കാന്‍ കേന്ദ്രീകൃത ഡീമാറ്റ് സംവിധാനം ഒരുക്കേണ്ടി വന്നേക്കാം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന് പിഎംഎല്‍എ നിയമത്തിലെ വ്യവസ്ഥകളും ബാധകമാക്കേണ്ടി വരും.

ക്രിപ്‌റ്റോയെ ആസ്തിയായി പരിഗണിക്കുന്നതോടൊപ്പം റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയുമായി സാമ്യമില്ലെന്ന് ഉറപ്പാക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ബില്ലുമായും ബന്ധമുണ്ടാവില്ല. ഇപ്പോള്‍ നടക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ മൂന്നാം ആഴ്ച പുതുക്കിയ ബില്ല് അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.