- Trending Now:
കഴിഞ്ഞ വർഷം ജപ്പാനെ മറികടന്ന് വാഹന വിൽപ്പനയിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്ക് എത്തിയതായി റിപ്പോർട്ട്. പ്രാരംഭ കണക്കുകൾ അനുസരിച്ച് കഴിഞ്ഞവർഷം ഇന്ത്യയിലെ വാഹന വിൽപ്പന 42.50 ലക്ഷമാണ്. ഇതുവരെ ആഗോള വാഹന വിൽപ്പനയിൽ മൂന്നാം സ്ഥാനത്തായിരുന്ന ജപ്പാന്റേത് ഇക്കാലയളവിൽ 42 ലക്ഷമാണെന്ന് നിക്കി ഏഷ്യയുടെ കണക്ക് വ്യക്തമാക്കുന്നു.
കഴിഞ്ഞവർഷം ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ മാത്രം ഇന്ത്യയിൽ 41.30 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാന്യുഫാക്ചേഴ്സിന്റെ കണക്കുകൾ പറയുന്നു. മാരുതി സുസുക്കിയുടെ ഡിസംബറിലെ വാഹന വിൽപ്പനയുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയതോടെ, വിൽപ്പന 42.50 ലക്ഷമായി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ വിൽപ്പന കണക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും നിക്കി ഏഷ്യ പറയുന്നു. നാലാം പാദത്തിലെ വാണിജ്യ വാഹനങ്ങളുടെ കണക്കും വർഷാന്ത്യ കണക്കുകൾ ഇനിയും പുറത്തുവിടാനുള്ള ടാറ്റയുടേത് അടക്കമുള്ള മറ്റു ചില വാഹന നിർമ്മാതാക്കളുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തുന്നതോടെ, വിൽപ്പന കണക്ക് ഉയരുമെന്നാണ് നിക്കി ഏഷ്യ പ്രതീക്ഷിക്കുന്നത്.
2018ൽ 44 ലക്ഷമായിരുന്നു ഇന്ത്യയുടെ വാഹന വിൽപ്പന. 2019ൽ വായ്പാ പ്രതിസന്ധിയെ തുടർന്ന് വിൽപ്പന 40 ലക്ഷത്തിൽ താഴെ എത്തി. 2020ൽ കോവിഡ് വാഹനവിൽപ്പനയെ ബാധിച്ചു. 30ലക്ഷത്തിൽ താഴെ പോയി. 2021ൽ രാജ്യത്തെ വാഹന വിപണിവീണ്ടും തിരിച്ചുവരവിന്റെ പാതയിലാണെന്ന് സൂചന നൽകി 40 ലക്ഷം കടന്നു. നിലവിൽ വാഹനവിൽപ്പനയിൽ ആഗോള തലത്തിൽ ചൈനയാണ് മുന്നിൽ. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.