- Trending Now:
ഐഐഎസ്സി ബെംഗളൂരു, ഐഐടി ബോംബെ, ഐഐടി മദ്രാസ്, ഐഐടി ഡൽഹി, ഐഐടി ഖരഗ്പൂർ, ഐഐടി ഗുവാഹത്തി എന്നിവയുമായി സഹകരിച്ച് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MEITY) 2025 മാർച്ച് 27 ന് ബെംഗളൂരുവിലെ ഐഐഎസ്സിയിലെ നാഷണൽ സയൻസ് സെമിനാർ കോംപ്ലക്സിൽ രാജ്യത്തെ പ്രഥമ നാനോ ഇലക്ട്രോണിക്സ് റോഡ്ഷോ വിജയകരമായി സംഘടിപ്പിച്ചു. MEITY സെക്രട്ടറി ശ്രീ എസ് കൃഷ്ണനും, അഡീഷണൽ സെക്രട്ടറി ശ്രീ അഭിഷേക് സിങ്ങും ചേർന്ന് റോഡ്ഷോ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ സ്വാശ്രയ സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി . റോഡ്ഷോയിൽ രാജ്യത്തുടനീളമുള്ള ആറ് അത്യാധുനിക നാനോഇലക്ട്രോണിക്സ് കേന്ദ്രങ്ങളുടെ പിന്തുണയോടെ 100-ലധികം ബൗദ്ധിക സ്വത്തുക്കൾ (ഐപികൾ), 50-ലധികം നൂതന സാങ്കേതികവിദ്യകൾ, 35-ലധികം മികച്ച സ്റ്റാർട്ടപ്പുകളുടെ നൂതനാശയങ്ങൾ എന്നിവ പ്രദർശിപ്പിച്ചു.
ആത്മനിർഭർ ഭാരതത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണ നൽകുന്ന സമ്മേളനം, ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ സാങ്കേതിക നേതൃത്വത്തെ എടുത്തുകാണിച്ചു. ഐഐഎസ്സിയിലും ഐഐടികളിലും കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സ്ഥാപിച്ച നാനോ സെന്ററുകളിലെ അത്യാധുനിക ഗവേഷണവും നൂതനാശയങ്ങളും ഇതിന് സഹായകരമായി.700-ലധികം വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ എന്നിവർക്ക് ഇന്ത്യയുടെ നാനോഇലക്ട്രോണിക്സ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ അടിസ്ഥാനമാക്കിയുള്ള സഹകരണ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു വേദിയായി റോഡ്ഷോ പ്രവർത്തിച്ചു.
85,000 പ്രൊഫഷണലുകളുടെ സെമികണ്ടക്ടർ- സജ്ജമായ തൊഴിൽ സേനയെ സൃഷ്ടിക്കുന്നതിനായി നൂതനാശയങ്ങളും നൈപുണ്യ വികസനവും വളർത്തിയെടുക്കുന്നതിൽ ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ നാനോ സെന്ററുകൾ നിർണായക പങ്ക് വഹിക്കുന്നതായി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, സെക്രട്ടറി ശ്രീ എസ്. കൃഷ്ണൻ പറഞ്ഞു. 'ലോകത്തിലെ ഏറ്റവും വിപുലമായ സബ്സിഡി, ഗ്രാന്റ് പദ്ധതികളിൽ ഒന്നായ ഇന്ത്യ സെമികണ്ടക്ടർ ദൗത്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വിവിധ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിലാണ് മന്ത്രാലയത്തിന്റെ പ്രധാന ശ്രദ്ധ. പ്രധാന സെമികണ്ടക്ടർ സൗകര്യങ്ങളിലെ നിക്ഷേപങ്ങളുടെ ഏകദേശം 70-75% നികുതിദായകരുടെ പണത്തിൽ നിന്നാണ് വരുന്നതെന്നതിനാൽ, ഓരോ ഇന്ത്യക്കാരനും ഈ ദൗത്യത്തിൽ പങ്കാളിയാണ്. വാസ്തവത്തിൽ, സെമികണ്ടക്ടർ രൂപകൽപ്പന മേഖലയിലെ തൊഴിലാളികളുടെ 20% ഇന്ത്യയിലാണ്. ഗവൺമെന്റും വ്യവസായവും അക്കാദമിക് മേഖലയും ചേർന്ന കൂട്ടായ ഉത്തരവാദിത്വമാണ് അതിന്റെ വിജയം ഉറപ്പാക്കുന്നത്.' അദ്ദേഹം കൂട്ടിച്ചേർത്തു.'നിലവിൽ 45-50 ബില്യൺ ഡോളറായ ഇന്ത്യയുടെ സെമികണ്ടക്ടർ ആവശ്യകത 2030 ആകുമ്പോഴേക്കും 100-110 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.' അദ്ദേഹം പറഞ്ഞു.
റോഡ്ഷോയുടെ കാഴ്ചപ്പാടിനെയും പ്രാധാന്യത്തെയും കുറിച്ച് MEITY അഡീഷണൽ സെക്രട്ടറി ശ്രീ അഭിഷേക് സിംഗ് വ്യക്തമാക്കി. സാങ്കേതികവിദ്യ നമ്മുടെയെല്ലാം ജീവിതത്തിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുന്ന വിപ്ലവത്തെയും സാങ്കേതികവിദ്യയുടെ ലോകം എങ്ങനെ ചുരുങ്ങിക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ''ഇന്ത്യ എഐ ദൗത്യത്തിന് കീഴിൽ, INUP പ്രോഗ്രാമിലൂടെയും മറ്റ് സംരംഭങ്ങളിലൂടെയും, സ്റ്റാർട്ടപ്പുകൾ, സംരംഭകർ, ഗവേഷകർ എന്നിവർ യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഇന്ത്യയെ അത്യാധുനിക സാങ്കേതികവിദ്യയുടെ മുൻനിരയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഐഐഎസ്സി, ഐഐടി ബോംബെ, ഐഐടി ഡൽഹി തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രധാന ശ്രമങ്ങളുമായി ചേർന്ന്കൊണ്ട് ഈ വിപ്ലവത്തിൽ ഇന്ത്യയെ ആഗോളതലത്തിൽ മുൻനിരയിൽ സ്ഥാപിക്കാൻ ഞങ്ങൾ പരിശ്രമിക്കുകയാണ് .'വ്യവസായ-അക്കാദമിക സഹകരണത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഐഎസ്സിയിലും ഐഐടികളിലും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സ്ഥാപിച്ച നാനോ സെന്ററുകൾ ഡീപ്-ടെക് മത്സരത്തിൽ ഇന്ത്യയുടെ മുൻനിരയെ നയിക്കുന്നു. കൂടാതെ മികച്ച സാങ്കേതികവിദ്യകളും തന്ത്രപരമായ പുരോഗതിയും വളർത്തിയെടുക്കുന്നു. ബെംഗളൂരുവിലെ ഐഐഎസ്സിയിൽ നടന്ന നാനോ ഇലക്ട്രോണിക്സ് റോഡ്ഷോയിൽ, നാനോ സെന്ററുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ 48 അത്യാധുനിക സാങ്കേതിക പ്രദർശനങ്ങൾ അവതരിപ്പിച്ചു. ഗവേഷണത്തെ യഥാർത്ഥ ലോക ആപ്ലിക്കേഷനുകളുമായി ബന്ധിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണങ്ങൾ ആയിരുന്നു അക്കാദമിക് ഹബ്ബുകൾ നടത്തിയ ഈ പ്രദർശനം.
അക്കാദമിക മേഖലയും വ്യവസായവും തമ്മിൽ 4 ധാരണാപത്രങ്ങളിൽ ഒപ്പുവയ്ക്കുന്നതിനും പങ്കാളിത്തത്തിനും സാങ്കേതിക പുരോഗതിക്കും വഴിയൊരുക്കുന്നതിനും ഈ പരിപാടി സഹായകമായി. കെഎഎസ് ടെക്നോളജീസും ആന്റിഗണി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള ഐഐഎസ്സിയുടെ ധാരണപത്രം , ഇന്ത്യ ഇലക്ട്രോണിക്സ് & സെമികണ്ടക്ടർ അസോസിയേഷനുമായി (ഐഇഎസ്എ) സെന്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് സൃഷ്ടിച്ച ധാരണപത്രം, പ്രൈമറി ഹെൽത്ത്ടെക് പ്രൈവറ്റ് ലിമിറ്റഡുമായി മദ്നാനി കെമിസ്റ്റ് നോവടെക് എൽഎൽപിയുടെ ധാരണപത്രം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ടാറ്റ ഇലക്ട്രോണിക്സിലെ എസ്വിപി ഉത്പാൽ ഷാ; മൈക്രോണിലെ ആനന്ദ് രാമമൂർത്തി; ഐഐഎസ്സി ഡയറക്ടർ ഗോവിന്ദൻ രംഗരാജൻ; ഐഐടി ബോംബെയിലെ ജുസർ വാസി, ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ; ലാം റിസർച്ച് ഇന്ത്യാ മേധാവി ഡോ.രംഗേഷ് രാഘവൻ, ബിറ്റ്സ് പിലാനി വൈസ് ചാൻസിലർ വി.രാമഗോപാൽ റാവു; അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സിഇഒ ഡോ. ശിവകുമാർ കല്യാണരാമൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.