Sections

വീഗൻ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ

Tuesday, Feb 04, 2025
Reported By Admin
India's First Coconut Milk-Based Vegan Ice Cream Launched by Wäst

  • തേങ്ങാപ്പാലിൽ നിന്നുള്ള വീഗൻ ഐസ്ഡ്ക്രീം ഇന്ത്യയിൽ ആദ്യം

കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാൽ ഉപയോഗിച്ചു നിർമ്മിക്കുന്ന വീഗൻ ഐസ്ഡ്ക്രീം വിപണിയിലിറക്കി വെസ്റ്റ. കൊച്ചിയിൽ ഹോട്ടൽ താജ് വിവാന്തയിൽ നടന്ന ചടങ്ങിൽ ബ്രാൻഡ് അംബാസിഡർ കല്യാണി പ്രിയദർശനാണ് ഉത്പന്നം പുറത്തിറക്കിയത്.
ജന്തുജന്യ ഘടകങ്ങളായ പാലും മറ്റു ഉത്പന്നങ്ങളും ഒഴിവാക്കി സസ്യാധിഷ്ഠിത പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നതാണ് വീഗൻ ഐസ്ഡ്ക്രീം. മുംബെ, തമിഴ്നാട് എന്നിവടങ്ങളിൽ വീഗൻ ഐസ്ഡ് ക്രീം നിർമ്മിക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് തേങ്ങാപ്പാൽ ഉപയോഗിച്ച് നിർമ്മിക്കുന്നത്. വെസ്റ്റ കൊക്കോ പാം എന്ന പേരിൽ പുറത്തിറക്കിയ ഐസ്ഡ് ക്രീം വിവിധ രുചികളിൽ ലഭ്യമാണ്.

'കഴിഞ്ഞ ആറ് പതിറ്റാണ്ടായി കേരളത്തിൽ പാലുൽപ്പന്നങ്ങളും കാലിത്തീറ്റയും നിർമ്മിക്കുന്ന കെ.എസ്.ഇ ലിമിറ്റഡിന്റെ ഐസ്ക്രീം ബ്രാൻഡാണ് വെസ്റ്റ. സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷ്യ ഉത്പന്നം വിപണിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡൻ ഐസ്ഡ്ക്രീം പുറത്തിറക്കിയതെന്ന് കെ.എസ്.ഇ ചെയർമാൻ ടോം ജോസ് പറഞ്ഞു. കൊച്ചി, തിരുവനന്തപുരം, തൃശൂർ മേഖലകളിൽ കമ്പനിയുടെ റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ടീം നടത്തിയ സർവെയിൽ പങ്കെടുത്ത 90 % ആളുകളും ആരോഗ്യവും പരിസ്ഥിതി പരവുമായ കാരണങ്ങളാൽ വീഗൻ ഐസ്ഡ് ക്രീം ലഭ്യമായാൽ ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിച്ചവരാണ്. ഇത്തരത്തിൽ ആധുനിക ഉപഭോക്തൃ മൂല്യങ്ങൾ പരിഗണിച്ചാണ് വീഗൻ ഐസ്ഡ് ക്രീം വിപണിയിൽ എത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

'സർവെയിൽ 60 ശതമാനത്തിന് മുകളിൽ ആളുകൾ ലാക്ടോസ് ഇൻടോളറൻസ് മൂലം ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയിരുന്നു. പാലിലും പാലുത്പന്നങ്ങളിലുമുള്ള ലാക്ടോസ് ശരീരത്തിന് ഫലപ്രദമായി ദഹിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണിത്.ഈ സാഹചര്യത്തിലാണ് ഐസ്ക്രീം പ്രേമികൾക്കായി ലാക്ടോസ് രഹിത ഉത്പന്നം നിർമ്മിക്കാൻ തീരുമാനിച്ചത് ' - കെ.എസ്.ഇ മാനേജിങ് ഡയറക്ടർ എം പി ജാക്സൺ പറഞ്ഞു.
പശുവിൻ പാൽ അലർജിയുള്ളവർക്കും ലാക്ടോസ് ഇൻടോളറൻസ് ഉള്ളവർക്കും അനുയോജ്യമാണ് പൂർണമായും തേങ്ങാപാൽ ഉപയോഗിച്ചുള്ള വീഗൻ ഐസ്ഡ്ക്രീമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കിയാണ് ഓരോ തവണയും പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതെന്ന് കെ.എസ്.ഇ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് പറഞ്ഞു.
പ്രകൃതിദത്തമായ സുഗന്ധങ്ങളും നിറങ്ങളും മാത്രമാണ് അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നത്.തമിഴ്നാട്ടിലെ തളിയത്ത്, തൃശ്ശൂരിലെ കോനിക്കര, കോഴിക്കോട് കാക്കഞ്ചേരി, കോട്ടയത്തെ വേദഗിരി എന്നിവിടങ്ങളിലാണ് വെസ്റ്റയുടെ ഉൽപ്പാദന യൂണിറ്റുകൾ പ്രവർത്തിക്കുന്നതെന്നും പോൾ ഫ്രാൻസിസ് പറഞ്ഞു.

ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് പേരുകേട്ട ഇന്ത്യയിലെ ഏറ്റവും വലിയ കാലിത്തീറ്റ നിർമ്മാതാക്കളിൽ ഒന്നാണ് കെ.എസ്.ഇ. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള പാലുൽപ്പന്നങ്ങൾ ആണ് കെ.എസ്.ഇ തയ്യാറാക്കുന്നത്. മികച്ച ഗുണനിലവാരമുള്ള തീറ്റകൾ കർഷകർക്ക് ലഭ്യമാക്കുന്നതിലൂടെ കന്നുകാലികളിൽ നിന്നും ഗുണമേന്മയുള്ളതും രുചികരവുമായ പാൽ ലഭ്യമാകുന്നു. ഈ പാൽ കമ്പനി തന്നെ കർഷകരിൽ നിന്ന് സംഭരിക്കുകയും വെസ്റ്റ ഉൾപ്പെടെയുള്ള കേരളത്തിലെ മികച്ച പാലുൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. വെസ്റ്റ ബ്രാൻഡുകളുടെതായി ഉപഭോകതാക്കൾക്ക് ലഭിക്കുന്ന ഐസ്ക്രീം ഉൾപ്പെടെയുള്ള എല്ലാ പാലുൽപ്പന്നങ്ങളും കർഷകരിൽ നിന്നും ശേഖരിക്കുന്ന ഗുണമേന്മയുള്ള പാലിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലും വ്യാപിച്ചു കിടക്കുന്ന കെ എസ് ഇ കാലിത്തീറ്റ കർണാടകയിലേക്കും വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ അടുത്ത പദ്ധതി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.