Sections

റഷ്യയിലേക്കും യുക്രൈയ്‌നിലേക്കുമുള്ള തേയില കാപ്പി കയറ്റുമതി അവതാളത്തില്‍

Monday, Feb 28, 2022
Reported By admin
export

ഏപ്രിലിനും ജനുവരിയ്ക്കും ഇടയില്‍ 6604 മെട്രിക് ടണ്‍ കാപ്പി ഇന്ത്യ യുക്രൈനിലേക്ക് കയറ്റുമതിചെയ്തിട്ടുണ്ട്

 

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളിലെയും തുറമുഖങ്ങള്‍ സുരക്ഷിതമല്ലെന്ന് വന്നതോടെ ഇന്ത്യയില്‍ നിന്ന് അവിടേക്കുള്ള തേയില,കാപ്പി കയറ്റുമതി പൂര്‍ണമായും നിലച്ചു.യുക്രൈനിലെ ഒഡേസ തുറമുഖത്തേക്കും റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബെര്‍ഗ് ഉള്‍പ്പെടെയുള്ളവയിലേക്കും ചരക്ക് ബുക്ക് ചെയ്യുന്നത് ഷിപ്പിംഗ് കമ്പനികള്‍ നിര്‍ത്തലാക്കി.

യുക്രൈന്‍ ജനതയ്ക്ക് ചായയോട് വലിയ താല്‍പര്യമാണ്.എന്നാല്‍ കാപ്പി ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും യുക്രൈനാണ്.ഇക്കഴിഞ്ഞ ഏപ്രിലിനും ജനുവരിയ്ക്കും ഇടയില്‍ 6604 മെട്രിക് ടണ്‍ കാപ്പി ഇന്ത്യ യുക്രൈനിലേക്ക് കയറ്റുമതിചെയ്തിട്ടുണ്ട്.ഇതില്‍ പ്രധാന പങ്കും ഉത്പാദിപ്പിച്ചിരിക്കുന്നത് കേരളത്തിലാണ്.ഈ കാലയളവില്‍ റഷ്യയിലേക്ക് 23.519 മെട്രിക് ടണ്‍ കാപ്പിയാണ് ഇന്ത്യ കയറ്റി അയച്ചത്.തേയിലയുടെ കാര്യത്തില്‍ റഷ്യയിലേക്കാണ് ഇന്ത്യ കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.ഇന്ത്യയില്‍ നിന്ന് തേയില വാങ്ങുന്നതില്‍ രണ്ടാം സ്ഥാനത്താണ് റഷ്യ.അതുകൊണ്ട് തന്നെ റഷ്യന്‍ തുറമുഖത്തുള്ള ചരക്കു നീക്കം ദീര്‍ഘകാല അടിസ്ഥാനത്തില്‍ മുടങ്ങുന്നത് ഇന്ത്യയെ സാമ്പത്തികമായി ഞെരുക്കത്തിലാക്കിയേക്കാം.ഇന്ത്യ കഴിഞ്ഞ 11 മാസം കൊണ്ട് 308.9 ലക്ഷം കിലോ തേയില റഷ്യയിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്.അതായത് 558 കോടിരൂപയുടെ ചരക്ക്.

ഇന്ത്യയുടെ തേയില കയറ്റുമതി ലക്ഷ്യങ്ങളില്‍ വലിയ സ്ഥാനമുള്ള രാജ്യമാണ് ഇറാനെങ്കിലും അവിടെ നിന്ന് പണം ലഭിക്കുന്നതിന് ബുദ്ധിമുട്ടുകള്‍ ഏറെയാണ് അതുകൊണ്ട് തന്നെ റഷ്യയിലേക്കുള്ള കയറ്റുമതിയാണ് രാജ്യത്തിന് ഏറെ അഭികാമ്യം.യുദ്ധം അവസാനിച്ചാലും യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന സ്ഥിതിക്ക് റഷ്യയില്‍ നിന്നുള്ള പണമടവു പ്രശ്‌നമാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു.

റഷ്യ-യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട റബ്ബര്‍ വിപണിയില്‍ രാജ്യാന്തര തലത്തില്‍ വില കുത്തനെ ഉയരുകയാണ്.ആര്‍എസ്എസ് നാലാം ഗ്രേഡിന്റെയും അഞ്ചാം ഗ്രേഡിന്റെയും വില ഒരാഴ്ചയ്ക്കിടെ വര്‍ദ്ധിച്ചത് 475 രൂപയാണ്.ഇതു മാത്രമല്ല കുരുമുളക് വിപണിയിലും വിലക്കയറ്റം ദൃശ്യമാണ്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.