Sections

ഇന്ത്യ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമായത് സഹകരണ മാതൃകയിലൂടെ: മിൽമ ചെയർമാൻ കെഎസ് മണി

Friday, Oct 25, 2024
Reported By Admin
Milma Chairman KS Mani speaking at World Dairy Summit 2024 about India's dairy cooperative growth

പാരീസിൽ നടന്ന ലോക ക്ഷീര ഉച്ചകോടിയിൽ മിൽമ ചെയർമാൻ ഇന്ത്യൻ ക്ഷീരകർഷകരെ പ്രതിനിധീകരിച്ച് സംസാരിച്ചു


കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ പാൽ ഉൽപ്പാദക രാജ്യമാക്കി ഇന്ത്യയെ മാറ്റിയതിൽ ക്ഷീരമേഖലയിലെ സഹകരണ മാതൃക വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് മിൽമ ചെയർമാൻ കെഎസ് മണി. ക്ഷീരമേഖല നേരിടുന്ന ആഗോള വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുന്നതിൽ സുസ്ഥിര സമ്പ്രദായങ്ങൾ നടപ്പാക്കുന്നത് നിർണായകമാണെന്നും പാരീസിൽ നടന്ന ലോക ക്ഷീര ഉച്ചകോടി-2024 ൽ കെഎസ് മണി ചൂണ്ടിക്കാട്ടി.

ഇൻറർനാഷണൽ ഡയറി ഫെഡറേഷൻ (ഐഡിഎഫ്) ആണ് ഒക്ടോബർ 15-18 വരെ ഉച്ചകോടി സംഘടിപ്പിച്ചത്. നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ഓഫ് ഇന്ത്യ (എൻസിഡിഎഫ്ഐ) ഡയറക്ടറായ കെഎസ് മണി സമ്മേളനത്തിൽ ഇന്ത്യൻ ക്ഷീരകർഷകരുടെ ഏക പ്രതിനിധി കൂടിയാണ്. നാഷണൽ ഡയറി ഡവലപ്മെൻറ ബോർഡ് (എൻഡിഡിബി)ചെയർമാൻ മീനേഷ് സി ഷാ സമ്മേളനത്തിൽ പങ്കെടുത്തു.

ഇന്ത്യൻ ക്ഷീരമേഖലയ്ക്ക് കൂടുതൽ വളർച്ചയ്ക്കും വിജയത്തിനുമുള്ള അവസരങ്ങൾ ഉണ്ടെന്ന് ഉച്ചകോടിയുടെ മുന്നോടിയായി നടന്ന കർഷകരുടെ വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ ക്ഷീര മേഖലയെക്കുറിച്ച് സംസാരിച്ച കെഎസ് മണി പറഞ്ഞു. മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടെ രാജ്യത്തിൻറെ ക്ഷീരമേഖലയിൽ വലിയ കയറ്റുമതി സാധ്യതയാണുള്ളത്. ക്ഷീര സംസ്കരണം, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് ഫണ്ട് (ഡിഐഡിഎഫ്) പോലുള്ള സർക്കാർ പദ്ധതികളിലൂടെ മൂല്യവർധിത പാലുൽപ്പന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കാനും തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ പുതിയ വിപണികളിലേക്ക് എത്താനുമാകും.

രാജ്യത്തെ ക്ഷീരമേഖലയുടെ 80 ശതമാനത്തോളം വരുന്ന ചെറുകിട ക്ഷീരകർഷകർ ജോലിഭാരം കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന് കെഎസ് മണി പറഞ്ഞു. വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ തൊഴിലാളി ക്ഷാമം വലിയ പ്രശ്നമല്ലെങ്കിലും ക്ഷീരമേഖലയുടെ വളർച്ച നിലനിർത്താൻ യുവകർഷകരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കേണ്ടത് പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ ക്ഷീരമേഖലയ്ക്കും വെല്ലുവിളികൾ ഉയർത്തുന്നുണ്ടെങ്കിലും ചെറുകിട കർഷകർ ഇതു പരിഹരിക്കാൻ സുസ്ഥിര രീതികൾ സ്വീകരിച്ചുവരുന്നു. വൈക്കോൽ ഉൾപ്പെടെയുള്ള കാർഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയിൽ പ്രധാനമായും കാലിത്തീറ്റയായി ഉപയോഗിക്കുന്നത്. പാഴ്വസ്തുക്കൾ പ്രയോജനപ്പെടുത്താനും മാലിന്യങ്ങൾ കുറയ്ക്കാനും ഇതുവഴി സാധിക്കുന്നു.

536.76 ദശലക്ഷം കന്നുകാലികളുള്ള ഇന്ത്യയുടെ പാൽ ഉൽപ്പാദനം പ്രതിവർഷം 231 ദശലക്ഷം മെട്രിക് ടൺ ആണെന്ന് മണി ചൂണ്ടിക്കാട്ടി. ഇത് ആഗോള ഉൽപാദനത്തിൻറെ 24-25 ശതമാനമാണ്. ഇന്ത്യയുടെ പ്രതിശീർഷ പാൽ ലഭ്യതയായ 459 ഗ്രാം ലോക ശരാശരിയായ 322 ഗ്രാമിനേക്കാൾ കൂടുതലാണ്. ഇത് ചെറുകിട ക്ഷീരകർഷകർ മുന്നോട്ടുനയിക്കുന്ന ഇന്ത്യയിലെ ക്ഷീരമേഖലയുടെ കാര്യക്ഷമതയാണ് കാണിക്കുന്നത്. മറ്റു രാജ്യങ്ങളിൽ വൻകിട ഡയറി ഫാമുകളെ കേന്ദ്രീകരിച്ചാണ് ക്ഷീരവ്യവസായം നിലനിൽക്കുന്നത്. അതേസമയം ഇന്ത്യയിലെ ക്ഷീരമേഖലയെ നിലനിർത്തുന്നത് ചെറുകിട ക്ഷീരകർഷകരാണ്. രാജ്യത്തെ ക്ഷീരമേഖല ദശലക്ഷക്കണക്കിന് ആളുകൾക്ക് ഉപജീവനമാർഗത്തിൻറെ നിർണായക സ്രോതസ്സുമാണ്.

28 സംസ്ഥാന ക്ഷീര ഫെഡറേഷനുകളും 240 ജില്ലാ സഹകരണ യൂണിയനുകളുമാണ് ഇന്ത്യയിലുള്ളത്. ഇത് ചെറുകിട കർഷകർക്ക് പാലിന് ന്യായമായ വില ലഭിക്കുന്നത് ഉറപ്പാക്കുകയും ചൂഷണം ഒഴിവാക്കുകയും സുസ്ഥിര വളർച്ചയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തിൽ പാൽ ഉൽപാദനത്തിൽ ആറ് ശതമാനം വാർഷിക വളർച്ചയാണ് ഇന്ത്യ നേടിയത്. ഈ കാലയളവിലെ ആഗോള നിരക്ക് രണ്ട് ശതമാനമാണ്.

ഇന്ത്യയുടെ ക്ഷീര സഹകരണ ശൃംഖല 230,000 ഗ്രാമങ്ങളിലായി 80 ദശലക്ഷം കർഷകരെ ഉൾക്കൊള്ളുകയും അവർക്ക് തുല്യമായ വരുമാന വിതരണം ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് മണി പറഞ്ഞു. ഇന്ത്യയിലെ ക്ഷീരമേഖലയിൽ 35% സഹകരണ സംഘങ്ങളിൽ സ്തീകൾ സജീവമായി പ്രവർത്തിക്കുന്നു. ഗ്രാമീണ തലത്തിൽ സ്ത്രീകൾ നയിക്കുന്ന 48,000 ക്ഷീര സഹകരണ സംഘങ്ങളുണ്ട്. ഇത് സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനം, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, പ്രകൃതിവിഭവങ്ങളുടെ ശോഷണം തുടങ്ങി ക്ഷീരമേഖല നേരിടുന്ന നിർണായക വെല്ലുവിളികൾ ലോക ക്ഷീര ഉച്ചകോടിയിൽ ചർച്ചയായി. ക്ഷീരമേഖലയിലെ ജീവനക്കാരുടെ കുറവ് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ പരിഹരിക്കാം, കാലാവസ്ഥാ വ്യതിയാനം ക്ഷീര മേഖലയെ എങ്ങനെ ബാധിക്കുന്നു, ക്ഷീര മേഖലയിലെ സാധ്യതകളും വെല്ലുവിളികളും തുടങ്ങിയ വിഷയങ്ങളിലൂന്നിക്കൊണ്ടുള്ള പ്രഭാഷണങ്ങളാണ് സമ്മേളനത്തിൽ നടന്നത്.

ഡയറി ഫാർമേഴ്സ് മീറ്റിൽ 58 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിലെ ക്ഷീര മേഖലയെക്കുറിച്ചുള്ള പ്രഭാഷണത്തിന് യോഗത്തിൽ അഭിനന്ദനം ലഭിച്ചു. ലോക രാജ്യങ്ങളിലെ ക്ഷീര മേഖലാ പ്രതിനിധികൾ, സ്വകാര്യ കമ്പനികൾ, സഹകരണ മേഖല പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.