Sections

സിഎസ്‌ഐആർ -എൻഐഐഎസ്ടി സുവർണ്ണ ജൂബിലി ആഘോഷങ്ങൾ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു

Friday, Oct 18, 2024
Reported By Admin
 Dr. Jitendra Singh at CSIR-NIIST Golden Jubilee inauguration in Thiruvananthapuram

ഇന്ത്യയെ ആഗോള ജൈവ ഉൽപ്പാദന കേന്ദ്രമാക്കി മാറ്റുക ലക്ഷ്യം: കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ്


ശാസ്ത്രസാങ്കേതിക വിദ്യാധിഷ്ഠിത ആഗോള ജൈവ ഉൽപ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സിഎസ്ഐആർ-എൻഐഐഎസ്ടി കാമ്പസിൽ സിഎസ്ഐആർ-എൻഐഐഎസ്ടി സുവർണ ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബയോകെമിക്കൽ നിർമ്മാണ മേഖലയെ കുറിച്ച് രാജ്യത്തിന് ആഗോള കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്നും ഇതിനായി ആഗോള നയങ്ങൾ ആവിഷ്കരിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്ത സ്വയം പ്രവർത്തിക്കുന്ന ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററിനെ കുറിച്ച് പറയവേ, കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ സംരംഭങ്ങളിലും സുസ്ഥിരതയും ഇ-മാലിന്യ സംസ്കരണവും പ്രധാനമാണെന്ന് ഡോ ജിതേന്ദ്ര സിംഗ് ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പുകളിലൂടെ നൂതനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും സംസ്കാരം വളർത്തിയെടുക്കുന്നത് കേന്ദ്ര ഗവൺമെന്റിന്റെ പ്രധാന മുൻഗണനയാണെന്നും ഡോ ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.

കേന്ദ്ര ഗവണ്മെന്റ് പൊതു സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും, ഈ സമീപനം സിഎസ്ഐആർ പിന്തുടരണമെന്നും കേന്ദ്ര സഹമന്ത്രി ആഹ്വാനം ചെയ്തു. പൊതു സമൂഹത്തിന് ഉപയോഗപ്രദമായ പുതിയ കണ്ടുപിടുത്തങ്ങൾ കൊണ്ടുവരാനും കേന്ദ്രസഹമന്ത്രി ആവശ്യപ്പെട്ടു.

പരിപാടിയുടെ ഭാഗമായി സിഎസ്ഐആർ -എൻഐഐഎസ്ടി സുവർണ്ണ ജൂബിലി ഇയർ ബുക്കും, സ്റ്റാമ്പും കേന്ദ്രസഹമന്ത്രി പ്രകാശനം ചെയ്തു. ആയുർവേദ ഗവേഷണത്തിനായുള്ള മികവിന്റെ കേന്ദ്രത്തിന്റെ (സെന്റർ ഓഫ് എക്സലൻസ് ഇൻ ആയുർവേദ റിസർച്ച്) തറക്കല്ലിടലും, സെന്റർ ഓഫ് എക്സലൻസ് ഇൻ പെർഫോമൻസ് കെമിക്കൽസ് ആൻഡ് സസ്റ്റൈനബിൾ പോളിമെഴ്സിന്റെ ഉദ്ഘാടനവും കേന്ദ്ര സഹമന്ത്രി നിർവഹിച്ചു.

പരിപാടിയുടെ ഭാഗമായി സിഎസ്ഐആർ-എൻഐഐഎസ്ടിയുടെ കഴിഞ്ഞ അൻപതു വർഷത്തെ നേട്ടങ്ങൾ ഡയറക്ടർ ഡോ.സി.ആനന്ദരാമകൃഷ്ണൻ അവതരിപ്പിച്ചു. എൻഐഐഎസ്ടിയും വിവിധ സ്ഥാപനങ്ങളും തമ്മിലുള്ള ധാരണാപത്ര കൈമാറ്റത്തിനും,സാങ്കേതിക വിദ്യാ കൈമാറ്റത്തിനും, കേന്ദ്രമന്ത്രി സാക്ഷ്യം വഹിച്ചു.

എൻഐഐഎസ്ടി കാമ്പസിലെ എക്സിബിഷൻ ഏരിയ (എൻഐഐഎസ്ടി ഷോകേസ്), ഗോൾഡ് ടെസ്റ്റിംഗ്, ഹാൾമാർക്ക് സൗകര്യം, സ്റ്റാർട്ടപ്പ് എക്സ്പോ എന്നിവയും കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. ഏക് പേട് മാ കെ നാമിന്റെ ഭാഗമായി കാമ്പസിൽ കേന്ദ്ര സഹമന്ത്രി വൃക്ഷത്തൈയും നട്ടു.

സിഎസ്ഐആർ -എൻഐഐഎസ്ടി ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്രസിങ്ങിന് ഉപഹാരം നൽകി ആദരിച്ചു .ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ഡയറക്ടർ സഞ്ജയ് ബിഹാരി വിശിഷ്ടാതിഥിയായി. സിഎസ്ഐആർ -എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിഎസ്ഐആർ-എൻഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ.കെ.വി.രാധാകൃഷ്ണൻ, സിഎസ്ഐആർ.-എൻഐഐഎസ്ടിയിലെ ചീഫ് സയന്റിസ്റ്റ് ഡോ.പി.നിഷി എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.