Sections

സെക്കന്റിനുള്ളില്‍ വീഡിയോ വരെ ഡൗണ്‍ലോഡ് ചെയ്യാം; 5ജി ലേലം ആരംഭിച്ചു

Tuesday, Jul 26, 2022
Reported By admin
telecom

ഇന്ത്യയില്‍ തുടക്കത്തില്‍ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക


5 ജി ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനായി 5 ജി സ്‌പെക്ട്രം ലേലം ഇന്ന് ആരംഭിച്ചു. വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, രാജ്യത്തെ പ്രമുഖ ടെലികോം വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ ലേലത്തില്‍ പങ്കെടുക്കും. അദാനിയുടെ കടന്നുവരവ് ലേലത്തിന്റെ പ്രധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്. 

4 ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി.  72 ഗിഗാഹെര്‍ഡ്‌സ് ആണ് 20 വര്‍ഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് ലേലം നേടുന്നവര്‍ക്ക് സ്പെക്ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തിലേക്കായിരിക്കും ലഭിക്കുക.  ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച് ലേലപ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.

ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. സ്പെക്ട്രത്തിന് മുന്‍കൂര്‍ പണം അടയ്ക്കേണ്ട. 20 തവണയായി അടയ്ക്കാം. 10 വര്‍ഷം കഴിയുമ്പോള്‍ ആവശ്യമെങ്കില്‍ സ്പെക്ട്രം മടക്കിനല്‍കാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തില്‍ ബാധ്യതയുണ്ടാവില്ല. നിലവില്‍ നാല് കമ്പനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്. 

ഇന്ത്യയില്‍ തുടക്കത്തില്‍ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. തുടക്കത്തില്‍ കേരളമില്ല. ലേലപ്രക്രിയയും മറ്റു നടപടികളും പ്രതീക്ഷിച്ച നിലയില്‍ പുരോഗമിച്ചാല്‍ സെപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങും. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.