- Trending Now:
പോഷകസമൃദ്ധമായ പച്ചമുളകില്‍ നിന്ന് ധാരാളം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്
പണ്ട് മുതല്‍ക്കേതന്നെ മുളകുകളുടെ ഗുണങ്ങള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇവയെ വെച്ച് ഒരു ബിസിനസ് ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? വിദേശത്ത് വരെ ഇവയ്ക്ക് വിപണി ഉണ്ട്. അതിനാല്‍ വിപണിയില്‍ എല്ലാകാലത്തും ഡിമാന്‍ഡുള്ള മുളക് കൊണ്ടാട്ടം, ചില്ലി സോസ്, ഉപ്പിലിട്ട കാന്താരി തുടങ്ങിയവ അതില്‍ പ്രധാനമാണ്. പോഷകസമൃദ്ധമായ പച്ചമുളകില്‍ നിന്ന് ധാരാളം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കാന്താരിമുളക്. കാന്താരിമുളക് ഉപയോഗിച്ച് ധാരാളം ചെയ്യാന്‍ സാധിക്കുന്ന മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളെ പരിചയപ്പെടാം.
ഉപ്പിലിട്ട കാന്താരി
കാന്താരി കഴുകി നല്ലപോലെ വൃത്തിയാക്കി തുണിയില്‍ കിഴി കെട്ടി തിളച്ചവെള്ളത്തില്‍ ഏകദേശം മൂന്ന് മിനിറ്റ് മുക്കിവയ്ക്കുക. ഉടനെതന്നെ തണുത്ത വെള്ളത്തില്‍ മുക്കി തണുപ്പിക്കുക. ഒരു കിലോയ്ക്ക് 750 മില്ലി വെള്ളം തിളപ്പിച്ച് 250 മില്ലി വിനാഗിരിയും 80 ഗ്രാം ഉപ്പ് ചേര്‍ത്ത് സംരക്ഷക ലായനി തയ്യാറാക്കുക. ചൂടു വെള്ളത്തില്‍ മുക്കിയെടുത്ത കാന്താരി ഗ്ലാസ് ബോട്ടില്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് കവറുകളില്‍ പകുതിയോളം നിറച്ച ശേഷം അതിലേയ്ക്ക് ലായനി പകരുക. ഇതിന് സൂക്ഷിപ്പ് ഗുണം കൂട്ടാന്‍ ഒരു ലിറ്റര്‍ ലായനിയില്‍ 250 മില്ലിഗ്രാം പൊട്ടാസ്യം മെറ്റ ബൈ സള്‍ഫേറ്റ് സംരക്ഷക വസ്തുവായി ചേര്‍ക്കാവുന്നതാണ്. വെള്ളത്തില്‍ മുക്കി പരുവപ്പെടുത്തിയ ശേഷം പച്ചമുളക് ഡ്രൈയറില്‍ വച്ച് ഉണക്കി ദീര്‍ഘകാലം പച്ച കാന്താരി പോലെ ഉപയോഗിക്കാം
മുളക് കൊണ്ടാട്ടം
മുക്കാല്‍ഭാഗം വിളഞ്ഞ മുളക് വൃത്തിയായി കഴുകി കൊണ്ടാട്ടം നിര്‍മ്മിക്കാം. ഇതിന്റെ ഞെടുപ്പ് അടര്‍ത്തി എടുക്കാതെ സ്റ്റീല്‍ കത്തി ഉപയോഗിച്ച് ആദ്യം വരയുക. വെള്ളം തിളപ്പിച്ച് ലിറ്ററിന് 80 ഗ്രാം എന്ന തോതില്‍ ഉപ്പ് ചേര്‍ത്ത് ലയിപ്പിച്ചു വരഞ്ഞു വെച്ച മുളക് ഏകദേശം 6 മിനിറ്റ് മുക്കി വയ്ക്കുക. എരിവ് കുറവുള്ളതും തോടിന് കട്ടിയുള്ളതുമായ പച്ചമുളക് തുടര്‍ന്ന് ഉപ്പു ചേര്‍ന്ന മിശ്രിതത്തില്‍ ഏകദേശം 12 മണിക്കൂര്‍ ഇടുക. ഒരു കിലോ മുളക് എടുത്താല്‍ അര ലിറ്റര്‍ തൈര്, 250 ഗ്രാം ഉപ്പും എന്ന തോതില്‍ എടുക്കാം.
പിറ്റേന്ന് തൈര് ഇട്ടുവച്ച മുളക് വെയിലത്തു വച്ച് ഉണക്കി എടുക്കാം. ഏകദേശം ഏഴ് മണിക്കൂര്‍ ഉണക്കുക. വീണ്ടും ബാക്കിയുള്ള മോരില്‍ ഇത് 12 മണിക്കൂര്‍ ഇടുക. പിറ്റേന്ന് വീണ്ടും ഉണക്കുക. തൈര് മുഴുവന്‍ ആഗിരണം ചെയ്യുന്നതുവരെ ഈ പ്രക്രിയ തുടരണം. ജലാംശം പൂര്‍ണമായും നീക്കിയ ശേഷം മാത്രം പാക്കറ്റിലാക്കി വിപണിയിലേക്ക് എത്തിക്കുക. പാക്കിങ്ങ് തിയ്യതി എഴുതാന്‍ മറക്കരുത്.
കാന്താരി സിറപ്പ്
മുളക് നല്ലപോലെ വൃത്തിയാക്കി അതിന്റെ ഞെടുപ്പ് പോകാതെ കഴുകി ഏകദേശം 3 മിനിറ്റ് ആവിയില്‍ വേവിക്കുക. ഇതിന്റെ ഈര്‍പ്പം മാറ്റുക. ജലാംശം തീരെയില്ലാത്ത ഗ്യാസ് ബോട്ടിലുകളില്‍ പകുതി ഭാഗത്തോളം കാന്താരിമുളക് നിറയ്ക്കുക. തുടര്‍ന്ന് കാന്താരി മുങ്ങതക്കവിധം തേന്‍ നിറയ്ക്കുക. ഇത് നന്നായി അടച്ച് സൂക്ഷിക്കുക. ഏകദേശം രണ്ടാഴ്ചയ്ക്കുശേഷം ഇത് ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.
കാന്താരി, നെല്ലിക്ക, ചെറുനാരങ്ങ എന്നിവ പ്രധാന ചേരുവകള്‍ അയച്ചിരുന്ന ശീതളപാനീയങ്ങള്‍ക്കും, കാന്താരി മുളക് അരച്ച ചേര്‍ക്കുന്ന അരി മാവിനും പപ്പട വറ്റലുകള്‍ക്കും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിച്ചു ആദായം ഒരുക്കുന്നതാണ്. നാവിലൂറും രുചിയോടെ കഴിക്കാന്‍ കഴിയുന്നതും അതിനോടൊപ്പം കൊളസ്‌ട്രോള്‍ നില കുറയ്ക്കാനും സാധിക്കുന്നതു കൊണ്ട് കാന്താരി മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാരും ഏറെയുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.