Sections

കെ സ്റ്റോർ പദ്ധതിക്ക് 14ന് തുടക്കം

Thursday, May 11, 2023
Reported By Admin
K Store

ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും


കെ സ്റ്റോർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മെയ് 14ന് തൃശൂരിൽ നിർവഹിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ പത്ര സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ റേഷൻ കടകളിലെ ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

നിലവിലുള്ള റേഷൻകടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കുക എന്നതാണ് 'കെ-സ്റ്റോർ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ 108 റേഷൻകടകളെ കെ-സ്റ്റോറുകളായി മാറ്റും. കെ സ്റ്റോർ പദ്ധതി നടപ്പാക്കുവാൻ തയ്യാറായി നിലവിൽ 850 ഓളം റേഷൻ വ്യാപാരികൾ മുന്നോട്ടുവന്നിട്ടുണ്ട്. ബാങ്കിംഗ് ഓൺലൈൻ സേവനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലെ റേഷൻ കടകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നതെന്നും മന്ത്രി ജി ആർ അനിൽ അറിയിച്ചു.

10,000 രൂപ വരെ ഇടപാട് നടത്താൻ കഴിയുന്ന മിനി ബാങ്കിംഗ് സംവിധാനം, ഇലക്ട്രിസിറ്റി ബിൽ, വാട്ടർ ബിൽ ഉൾപ്പെടെയുള്ള യൂട്ടിലിറ്റി പേയ്മെന്റുകൾ, മിതമായ നിരക്കിൽ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചകവാതക കണക്ഷൻ, ശബരി,മിൽമ ഉൽപ്പന്നങ്ങൾ എന്നിവ കെ സ്റ്റോറുകളിൽ ലഭിക്കും. കൂടാതെ ഘട്ടം ഘട്ടമായി കൂടുതൽ സേവനങ്ങളും ഉൽപ്പന്നങ്ങളും കെ സ്റ്റോറിലൂടെ നൽകുവാൻ ഉദ്ദേശിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ഇ-പോസും ത്രാസും തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ത്രാസിലെ തൂക്കത്തിന്റെ അളവ് ബില്ലിൽ കൃത്യമായി രേഖപ്പെടുത്തുവാനും അതിലൂടെ തൂക്കത്തിലെ കൃത്യത ഉറപ്പുവരുത്താനും കഴിയും. 60 കിലോ വരെ തൂക്കാൻ കഴിയുന്ന ത്രാസാണ് റേഷൻകടകളിൽ സ്ഥാപിക്കുന്നത്. എൻ ഇ എസ് എ ഗോഡൗണുകളിൽ നിന്നും വരുന്ന സ്റ്റോക്കുകളുടെ തൂക്കം ഉറപ്പുവരുത്താനും ഇതിലൂടെ കഴിയുന്നു. ഏകദേശം 32 കോടി രൂപ ചെലവുവരുന്ന ഈ പദ്ധതി ഘട്ടംഘട്ടമായിട്ടാണ് നടപ്പിലാക്കുന്നത്.

റേഷൻ കടകളിലെത്തി ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റാൻ കഴിയാത്ത ജനവിഭാഗങ്ങൾക്ക് റേഷൻ എത്തിച്ചു നൽകുന്ന 'ഒപ്പം' പദ്ധതി പ്രകാരം 139 ആദിവാസി ഊരുകളിൽ ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്നുണ്ട്. സംസ്ഥാനത്തെ 50 താലൂക്കുകളിൽ പദ്ധതി വിജകരമായി നടന്നു വരുന്നു. മെയ് 20 ഓടുകൂടി സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും പദ്ധതി പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.

റേഷൻകടകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങൾ കൂടുതൽ പോഷക സമൃദ്ധമാക്കുന്നതിന് 'ഡൈവേഴ്സിഫിക്കേഷൻ ഓഫ് ഫുഡ് ബാസ്ക്കറ്റ് പദ്ധതി' നടപ്പിലാക്കാൻ സർക്കാർ ശ്രമിച്ചുവരുന്നു. 2022-23 വർഷം ഐക്യരാഷ്ട്ര സഭ 'International Year of Millets' ആയി പ്രഖ്യാപിച്ച സാഹചര്യത്തിലും ചെറുധാന്യങ്ങളുടെ പോഷകഗുണത്തെ സംബന്ധിച്ച് ജനങ്ങളെ ബോധവാൻ മാരാക്കുന്നതിനുമായി ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട റേഷൻ ഡിപ്പോകൾ വഴി മുൻഗണന ഗുണഭോക്താക്കൾക്ക് റാഗി വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. ആദ്യഘട്ടത്തിൽ ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ ആദിവാസി മലയോര മേഖലയിലെ ഏകദേശം 948 റേഷൻകടകളിലെ കാർഡുടമകൾക്കും മറ്റിടങ്ങളിൽ ഒരു പഞ്ചായത്തിലെ ഒരു റേഷൻകടയിലൂടെയും എഫ്.സി.ഐ വഴി ലഭ്യമാകുന്ന റാഗി പ്രോസസ് ചെയ്ത് പൊടിയാക്കി ഒരു കിലോഗ്രാം പായ്ക്കറ്റാക്കി വിതരണം ചെയ്യുന്ന നടപടി അന്തിമ ഘട്ടത്തിലാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മൂന്നാം 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി റാഗിപ്പൊടി വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം അയ്യൻകാളി ഹാളിൽ മെയ് 18ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രി നിർവ്വഹിക്കും. ചെറുധാന്യങ്ങളുടെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അയ്യൻ കാളി ഹാളിൽ രാവിലെ 9.30 മുതൽ 3.30 വരെ ചെറുധാന്യങ്ങളുടെ പ്രദർശന മേളയും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.