Sections

കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യം

Tuesday, Oct 29, 2024
Reported By Soumya
Child sleeping peacefully in a dimly lit room, emphasizing the importance of sleep for health and gr

ഓരോ പ്രായത്തിലും ഉറക്കത്തിന്റെ അളവും ആവശ്യകതയും വ്യത്യസ്തമാണ്. ചെറിയ കുട്ടികൾ കൂടുതൽ ഉറങ്ങുന്നു. പ്രായമായവർ കുറച്ചും. പ്രായം കൂടിവരുമ്പോൾ ഉറക്കത്തിന്റെ സമയം കുറഞ്ഞു വരുന്നതായി കാണാം. കുട്ടികളുടെ ഉറക്കം അവരുടെ ശാരീരിക വളർച്ചയുമായും ബന്ധപ്പെട്ടിരിക്കുന്നു. മൂന്ന് മാസം വരെയുള്ള കുഞ്ഞുങ്ങൾ മിനിമം 18 മുതൽ 19 മണിക്കൂർ വരെ ദിവസം ഉറങ്ങിയിരിക്കണം. നാല് മുതൽ 11 മാസം വരെയുള്ളവർക്ക് 16-18 മണിക്കൂർ, ഒരു വയസിനും രണ്ട് വയസിനുമിടയിൽ 15-16 മണിക്കൂർ, രണ്ട് വയസിനും മൂന്ന് വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണെങ്കിൽ 11 മുതൽ 14 മണിക്കൂർ, മൂന്ന് വയസ് മുതൽ അഞ്ച് വയസുവരയുള്ള കുട്ടികളാണെങ്കിൽ 11 മുതൽ 13 മണിക്കൂർ, ആറ് വയസുമുതൽ 13 വയസ് വരെ ഒമ്പത് മുതൽ 11 മണിക്കൂർ, കൗമാര പ്രായക്കാരാണെങ്കിൽ എട്ട് മണിക്കൂർ മുതൽ 10 മണിക്കൂർ. ഇങ്ങനെയാണ് കുട്ടികളുടെ ഉറക്കവുമായി ബന്ധപ്പെട്ട് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ നൽകുന്ന കണക്ക്. കുട്ടികളിലെ ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ അറിയാം.

  • കുട്ടി തന്റെ ഒരു ദിവസത്തെ കാര്യം മുഴുവൻ ഉറക്കത്തിനിടെ തലച്ചോറിൽ ശേഖരിച്ച് വെക്കുന്നുവെന്നാണ് കുട്ടികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അത് കൊണ്ട് തന്നെ അവരുടെ പഠനവും ഉറക്കവും ഏറെ ബന്ധപ്പെട്ടിരിക്കുന്നവയുമാണ്. കുട്ടികൾക്ക് സ്കൂളിലെ ദൈനം ദിന കാര്യങ്ങളിൽ നല്ല ശ്രദ്ധയുണ്ടാവാനും പഠനത്തിൽ മികവ് കാണിക്കാനും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്.
  • പകൽ നന്നായി ഉറങ്ങിയ ശേഷം പലപ്പോഴും രാത്രി ഉറക്കമുണർന്ന് രക്ഷിതാക്കളെ കുഴപ്പത്തിലാക്കുന്നത് സാധാരണ സംഭവമാണ്. ഇതിൽ പലപ്പോഴും രക്ഷിതാക്കൾ ടെൻഷനിലുമായിരിക്കും. പല കുട്ടികളും അഞ്ച് വയസോട് കൂടി പകലുറക്കത്തിൽ നിന്ന് പിൻവാങ്ങുന്നത് കാണാം. അങ്ങനെയുള്ളവർക്ക് രാത്രി നേരത്തെയുള്ള ഉറക്കം ഉറപ്പാക്കുകയെന്നത് രക്ഷിതാക്കളുടെ ചുമതലയാണ്. കുഞ്ഞുകുട്ടികൾക്കാണെങ്കിൽ നല്ല ഉറക്കം ലഭിക്കാൻ രക്ഷിതാക്കളുടെ സഹായം കൂടിയേ തീരു.
  • മറ്റ് അനാവശ്യ ശബ്ദങ്ങൾ ഇല്ലാത്ത മുറി തന്നെ ഉറക്കത്തിന് വേണ്ടി തിരഞ്ഞെടുക്കാം. കുട്ടികളെ ചെറിയ ചൂട് വെള്ളത്തിൽ അൽപം എണ്ണ തേച്ച് കുളിപ്പിക്കാം. ആവശ്യത്തിനുള്ള വായു മുറിയിൽ ഉറപ്പാക്കുക എന്നതാണ് മറ്റൊരു കാര്യം. അരണ്ട വെളിച്ചത്തിലുള്ള മുറി, ഉറക്കം തടസ്സപ്പെടുത്തുന്ന രീതിയിൽ മറ്റ് ശബ്ദങ്ങളുടെ മുറിയിലേക്കുള്ള പ്രവേശം ഇല്ലാതാക്കുക എന്നിവയും ഉറപ്പാക്കേണ്ടതുണ്ട്. കിടക്ക ഉറക്കത്തിന് മാത്രമുള്ളതായി മാറ്റിവെക്കുക. കളിപ്പാട്ടങ്ങൾക്കും, വീഡിയോ ഗെയിംസുകൾക്കും, ടാബ്ലറ്റിനും വേറെ സ്ഥാനവും നൽകാം. വൃത്തിയുള്ള ബെഡ് ഷീറ്റുകൾക്കും തലയണ കവറുകൾക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. എല്ലായ്പ്പോഴും പുതുമ തോന്നിക്കുന്ന തരത്തിലുള്ള ബെഡ്റൂം സ്പ്രേകൾക്കും ഉറക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണയെങ്കിലും ബെഡ്ഷീറ്റുകളും തലയണ കവറുകളും അലക്കുന്നതും നല്ല ഉറക്കം പ്രധാനം ചെയ്യും.
  • രക്ഷിതാക്കളിൽ നിന്നും മാറി മറ്റ് മുറിയിലാണ് കൗമാരക്കാർ ഉറങ്ങുന്നതെങ്കിൽ ഉറങ്ങുന്നുണ്ടോയെന്ന കാര്യം രക്ഷിതാക്കൾ ഉറപ്പാക്കേണ്ടതുണ്ട്. മൊബൈൽ ഫോൺ, ടാബ്ലെറ്റ്, ലാപ്ടോപ് എന്നിവ കിടക്കയിൽ നിന്നും മാറ്റിവെക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ ഉറങ്ങാൻ അനുവദിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം.
  • കൂർക്കം വലി, ശ്വാസമെടുക്കുന്നതിലെ പ്രശ്നം, ഉറക്കത്തിലെ സംസാരം, ഉറക്കത്തിനിടെ എഴുന്നേറ്റ് നടക്കൽ ഇങ്ങനെ തുടങ്ങുന്നു പലരുടെയും ഉറക്കത്തിലെ പ്രശ്നം. രക്ഷിതാക്കൾ ഇതിനെ കാര്യമായി കണക്കാക്കുന്നില്ലെങ്കിലും ഇങ്ങനെയുള്ള കുട്ടികളെ ചികിത്സയ്ക്ക് വിധേയരാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ തുടർച്ചയായുള്ള തലവേദനയ്ക്കും, വിഷാദത്തിനും, ഹൃദ്രോഗ പ്രശ്നങ്ങൾക്കും കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
  • രോഗമുള്ള അവസരങ്ങളിലാണ് കുഞ്ഞുങ്ങൾ കൂടുതലായി ഉറങ്ങുന്നത്. പഠിക്കുന്ന പ്രായത്തിൽ, കുട്ടികളിലും കൗമാരക്കാരിലും ഇത് സ്ഥിരം പരാതിയാണ്. മനസ്സിന്റെ ഒരു ചെറിയ മടി ഇതിലുണ്ടെന്നു നമുക്കെല്ലാം അറിയാവുന്നതാണ്. പഠിക്കാൻ പുസ്തകമെടുത്താലേ ഉറക്കം വരൂ. അല്ലാത്തപ്പോൾ ഇല്ല. ഇതു സാരമുള്ള പ്രശ്നമല്ല.രാവിലെ ഉറക്കമുണർന്നശേഷം എഴുന്നേൽക്കാൻ മടിച്ചു കിടക്കും, വീണ്ടും ഉറങ്ങിപ്പോകും. കൗമാരക്കാരിൽ വലിയവരുമായി താരതമ്യപ്പെടുത്തിയാൽ (അങ്ങനെയാണല്ലോ സാധാരണയായി ചെയ്യാറുള്ളത്) ഉറക്കം അൽപം കൂടുതലാണ്. ശാരീരികക്ഷീണംകൊണ്ട് ഉറക്കക്കൂടുതൽ ഉണ്ടാകാം.സമീകൃതമല്ലാത്ത ഭക്ഷണംകൊണ്ട് ക്ഷീണമുണ്ടാകാം. ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്ത് അതും വളരെ സാധാരണം. അതുകൊണ്ട് ഉറക്കക്കൂടുതലുള്ള കുട്ടിയെ ഒരു പരിശോധനയ്ക്ക് വിധേയനാക്കുന്നതു തന്നെയാണ് നല്ലത്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.