Sections

'നോ' പറയേണ്ടിടത്ത് 'നോ' പറയേണ്ടതിന്റെ പ്രാധാന്യം; എങ്ങനെ ആത്മവിശ്വാസത്തോടെ പറയാം

Friday, Sep 27, 2024
Reported By Soumya
Person confidently saying

നോ എന്നത് വളരെ ചെറുതും എന്നാൽ അത്രയധികം പ്രാധാന്യമുള്ളതുമായ ഒരു വാക്കാണ്. പക്ഷേ അവശ്യസമയത്ത് ഇത് പറയാൻ സാധിക്കാത്തവരാണ് നമ്മളിൽ കുറച്ചു പേരെങ്കിലും.എന്തായിരിക്കും നോ പറയാനുള്ള ഈ ബുദ്ധിമുട്ടിന് പിന്നിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? വേണം എന്ന് പറയുന്നത് പോലെ എളുപ്പമല്ലേ വേണ്ട എന്ന് പറയുന്നതും? എന്നാലിതത്ര എളുപ്പമല്ലെന്നാണ് മാനസികാരോഗ്യ വിദഗ്ധരടക്കം അറിയിക്കുന്നത്. നോ പറയുന്നത് അത്ര എളുപ്പല്ലാതെ വരുന്നതിന് പിന്നിൽ ചില ചെറിയ വലിയ കാരണങ്ങളുമുണ്ട്. കുറ്റബോധം തോന്നാതെ വേണ്ട അല്ലെങ്കിൽ പറ്റില്ല എന്നൊക്കെ എങ്ങനെ പറയാം എന്നതിന് ആദ്യം ഈ കാരണങ്ങൾ അറിഞ്ഞിരിക്കണം.

  • നോ എന്നത് ധിക്കാരത്തിന്റെ മറ്റൊരു വാക്കാണ് പലർക്കും. എന്തെങ്കിലും കാര്യത്തിൽ കുട്ടികൾ നോ പറഞ്ഞാൽ അത് അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ മുതിർന്നവർക്ക് കഴിയാറില്ല. നോ പറയുന്നതിന്റെ ഭവിഷ്യത്തുകൾ ഭീകരമാകുന്നതിനാൽ കുട്ടികൾ പതുക്കെ നോ പറയേണ്ടിടത്ത് യെസ് പറഞ്ഞു തുടങ്ങും. അല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിലവർ മൗനം പാലിക്കും. ഇത്തരം അനുഭവങ്ങൾ കുട്ടികളുടെ പ്രതികരണശേഷി പാടേ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇത് ചിലപ്പോൾ അവരുടെ ഭാവിജീവിതത്തെ കാര്യമായി ബാധിച്ചേക്കാം.
  • ഇംപോസ്റ്റർ സിൻഡ്രോം എന്നൊരു സംഗതിയുണ്ട്. സ്വന്തം കഴിവിൽ തീരെ വിശ്വാസമില്ലാതെ വരുന്ന അവസ്ഥയാണിത്. ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യാൻ പ്രാപ്തരാണോ എന്ന തോന്നൽ ഇംപോസ്റ്റർ സിൻഡ്രോം ഉള്ളവരിൽ നിരന്തരമുണ്ടാകും. തന്നേക്കാൾ കേമരാണ് മറ്റുള്ളവർ എന്ന ഈ തോന്നൽ സ്വാഭാവികമായും നോ പറയുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കും. തന്നെയുമല്ല മറ്റുള്ളവർ പറയുന്നതെന്തും നാം സമ്മതിച്ചു കൊടുക്കുകയും ചെയ്യും.
  • മനുഷ്യനൊരു സമൂഹജീവിയാണെന്നതാണ് നോ പറയാൻ ബുദ്ധിമുട്ടുന്നതിന്റെ മറ്റൊരു കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സാമൂഹികബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാക്കാൻ ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നില്ല. ഇതിന് നോ പറയാതിരിക്കുകയാണ് ഇവർ തിരഞ്ഞെടുക്കുന്ന രീതി. സമാധാനപ്രിയരും ഇക്കൂട്ടത്തിൽ ഉൾപ്പെടും.

നോ എങ്ങനെ പറയാം

  • കുറച്ച് മോട്ടിവേഷൻ കിട്ടിയാൽ പെട്ടന്ന് പോയി പറയാനാവുമെങ്കിലും പിന്നീട് അതേക്കുറിച്ചോർത്ത് ദുഖിക്കാതിരിക്കാൻ കുറച്ച് സമയമെടുത്ത് നോ പറഞ്ഞ് പരിശ്രമിക്കണം. ചെറിയ കാര്യങ്ങളിൽ പറഞ്ഞു തുടങ്ങി പിന്നീട് മടിയില്ലാതെ നോ പറയാൻ പറ്റുന്നത് വരെ ഇത് തുടരണം.
  • എത്രത്തോളം വ്യക്തമായി കാരണം പറയുന്നുവോ അത്രത്തോളം സ്വീകാര്യമായിരിക്കും നോ. എന്തുകൊണ്ടത് വേണ്ട എന്നതിന് കൃത്യമായ ഉത്തരം നിങ്ങൾക്ക് തന്നെ നൽകാനായില്ലെങ്കിൽ മറ്റുള്ളവർക്കത് അംഗീകരിക്കാൻ സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് കാരണം എത്ര ചെറുതാണെങ്കിലും വ്യക്തവും കൃത്യവുമായിരിക്കണം.
  • ഒറ്റയടിക്ക് പരുഷമായി നോ പറയുന്നത് പറയുന്നവർക്കും കേട്ടിരിക്കുന്നവർക്കും അരോചകമായി തോന്നാം. മുന്നോട്ട് വയ്ക്കുന്ന ടാസ്കുകൾ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ അറിയിക്കുന്നതിനും വേണ്ടാത്തത് വേണ്ട എന്ന് പറയുന്നതിനുമൊക്കെ കുറച്ച് ബഹുമാനം കൊടുക്കാം. ജോലി ചെയ്യാൻ തന്നെ തിരഞ്ഞെടുത്തതിന് നന്ദി പറഞ്ഞതിന് ശേഷം അത് നിരസിക്കുന്നതാണ് മര്യാദ.
  • എന്തുകൊണ്ട് ഒരു കാര്യം ചെയ്യാനാവില്ല, അല്ലെങ്കിൽ നിങ്ങൾക്കത് വേണ്ട എന്നതിന് ആർക്ക് മുന്നിലും പരിധിയിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമില്ല. നീട്ടിവലിക്കാതെ ആവശ്യമുള്ള കാര്യം മാത്രം പറഞ്ഞാൽ മതിയാവും.
  • സീക്കിംഗ് ഹെൽപ് എന്നത് ഒരു മോശം കാര്യമല്ല. നോ പറയാൻ നിങ്ങൾക്ക് സഹായം വേണമെന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധനയോ ഇക്കാര്യത്തിൽ മികച്ചതാണെന്ന് നിങ്ങൾക്ക് തോന്നുന്നവരെയോ സമീപിക്കുക. ഇതിനൊരിക്കലും മടി വേണ്ട.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.